മാമ്പഴത്തെക്കുറിച്ചു പറയാൻ മാമ്പഴമാവണോ?

പ്രതികരിക്കാനുള്ള അവകാശം ചിലരിൽ നിക്ഷിപ്തമാകുകയാണോ? പ്രതികരിക്കുന്ന രീതിയിൽ പോലും മാർക്കിടാൻ ചിലർ തയ്യാറായി നിൽപ്പുണ്ടോ? വിഷയങ്ങൾ ഉന്നയിക്കപ്പെടുകയും ചർച്ച നടക്കുകയുമല്ലേ, പ്രധാനം?

മാമ്പഴത്തെക്കുറിച്ചു പറയാൻ മാമ്പഴമാവണോ?

ലിജിൽ പി എസ്

ചില ഓൺലൈൻ ജീവികളുടെ അഭിപ്രായത്തിൽ പ്രതികരിക്കാൻ അവകാശമുള്ളത് അവർക്ക് മാത്രമാണ്.. പ്രതികരിക്കേണ്ടത് അവരുടെ രീതിയിലാകണം.. അവർ ഇടപട്ടാലേ അത് പ്രതികരണാകൂ.. ദളിത് സമരങ്ങളുടെ യഥാർത്ഥ ഉടമസ്ഥാവകാശം ഞങ്ങൾക്കാണെന്നെല്ലാം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.. സഹതാപം എന്നു പറയാനേ പറ്റുകയുള്ളൂ..

ചായം തേച്ചിട്ട് വീട്ടിലിരുന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തി അഭിപ്രായം പറയുകയല്ല ജയ എന്ന കലാകാരി ചെയ്തത്.. പെൺകുട്ടികൾ മൊബൈലും കുത്തിപ്പിടിച്ച് അരാഷ്ട്രീയത വിളമ്പി , ക്യാരീ ബാഗും തൂക്കി, നിറമുള്ള വേഷവിധാനങ്ങൾ ധരിച്ച് വെറുതെ തെക്കോട്ടും വടക്കോട്ടും പടിഞ്ഞാറോട്ടും കിഴക്കോട്ടും വർത്തമാനം പറഞ്ഞ് നടക്കാനിറങ്ങുന്ന കാലത്ത് , ജയ തൻറെ ശരീരത്തെ മാധ്യമമാക്കി ചിലതിന്നും ഇവിടെയുണ്ട്, മാറാൻ കൂട്ടാക്കാത്ത മനോഭാവങ്ങളുണ്ട് എന്നെല്ലാം സമൂഹത്തോട് കലഹിച്ചുകൊണ്ടു തന്നെ രേഖപ്പെടുത്തുകയാണ്.. അതും ഒരു സമരമാണ്.. സമരങ്ങളുടെ രീതി എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന രീതിയിലാകാൻ യാതൊരു വഴിയുമില്ല...


ലോകത്തിൻറെ നാനാതലങ്ങളിലുള്ള മനുഷ്യരെ ചൂണ്ടിക്കാട്ടി അതിങ്ങനെയല്ലേ, ഇതിങ്ങനെയല്ലേ എന്ന് പറയുക എന്നത് കൊണ്ട് ചർച്ചയാണുദ്ധേശിക്കുന്നതെങ്കിൽ വളരെയധികം സന്തോഷം..

പ്രധാനം, പ്രശ്നം ദളിത് എന്നത് കറുപ്പാണോ..? ഇവിടെ വിവേചനമില്ലേ എന്നതാണ്.. യഥാർത്ഥത്തിൽ ദളിത് എന്നാൽ എന്താണ്.. അടിച്ചമർത്തലിനും, ചൂഷണത്തിനും, വിവേചനത്തിനും, വിഭജനത്തിനും , പ്രാധിനിത്യമില്ലായ്മയ്ക്കും ഇരയായവർ.. ഒരു സമൂഹത്തിലെ തൊഴിൽ ഇടങ്ങളിൽ ചിലതെല്ലാം ഈ വർഗ്ഗമാണ് ചെയ്യേണ്ടതെന്ന് മുദ്രകുത്തപ്പെട്ടവർ അവരാണ് ദളിത് എന്ന് വിളിക്കപ്പെടുന്നവർ. .നിങ്ങളിങ്ങനെയൊക്കെ ജീവിച്ചാ മതി, നിങ്ങളിതൊക്കെ ഉപയോഗിച്ചാമതി എന്ന് ലേബൽ ചെയ്യപ്പെടുന്നവർ...

തീർച്ചയായും ജീവിത രീതികൾ, വർത്തമാനങ്ങൾ, വേഷങ്ങൾ എന്നിവയിലെല്ലാം മനുഷ്യർ വിവേചനബുദ്ധി ഉപയോഗിക്കുന്നുണ്ട്.. .. കേരളത്തിൽ വിവേചനമില്ല എന്ന് നടിക്കുന്ന ധാരാളം ആളുകളുണ്ട്.. അവർക്കെല്ലാം ഇതൊരു ചർച്ചാവിഷയമായി തോന്നാറില്ല. അവർ ചർച്ചയ്ക്കെടുക്കുന്നത് മാധ്യമങ്ങൾ വിളമ്പുന്നതാണ്..

കലയുടെ മാധ്യമം ഇന്നതാകണം എന്ന് നിഷ്കർഷിക്കപ്പെട്ടിട്ടില്ല.. ഇവിടെ ജയ എന്ന കലാകാരിയിൽ നിങ്ങൾ കാണാതെ പോകുന്നതൊന്നുണ്ട്. സ്വന്തം ശരീരം ഒരു മാധ്യമമായി അവർ ഉപയോഗിച്ചു എന്നതാണ്... ജയ ജനിച്ചത് ഇന്ത്യൻ വൈറ്റെന്ന നേർത്ത മഞ്ഞ നിറത്തിലാണ്.. കറുത്തനിറക്കാർക്ക് അവരുടെ തൊലിയുടെ നിറത്തെ പ്രകൃതിയാൽ കിട്ടിയതുപോലെ പോലെ ജയക്കും കിട്ടി.. ജയയുടെ മാധ്യമം ശരീരമായിരുന്നു, അതൊരു കലാകാരിയുടെ മാധ്യമമാണ്.. ഒരു പക്ഷേ അവർ അത് ക്യാൻവാസിൽ വരച്ച് ഒരു എക്സിബിഷനും നടത്തി കൂട്ടിക്കാണിച്ചിരുന്നുവെങ്കിൽ നിങ്ങളിൽ കുറേപർ ഹായ് വണ്ടർഫുൾ എന്ന് പറഞ്ഞ് കയ്യടിച്ചേനെ...

ദളിത് എന്ന വിളിക്കപ്പെടുന്നത് കറുത്തയാളുകളെ മാത്രമാണ് എന്ന് അവർ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനുള്ള തിരിച്ചറിവ് ആ കലാകാരിക്കുണ്ട്.. ഇന്ത്യയുടെ ജാതിചരിത്രം പരിശോധിച്ചാൽ ദളിതും കറുപ്പും ബന്ധമില്ലെന്ന് തീർത്ത് പറയാനും പറ്റില്ല.. ഇന്നത്തെ സാഹചര്യത്തിൽ രോഹിത് വെമുലയിൽ തൊട്ട് കത്തിപ്പടർന്ന ജയ് ഭീം വിളികളിൽ മനുഷ്യരായ് പിറന്നതുകൊണ്ട് മാത്രം വിവേചിച്ചുകളഞ്ഞവരെക്കുറിച്ചാണ് സംസാരിക്കേണ്ടത്.. അവിടെ കറുപ്പിനെക്കുറിച്ചും സംസാരിക്കട്ടെ.. കാരണം കറുപ്പിന് വിവേചനത്തിൻറെ നൂറ്റാണ്ടഴക് ഉണ്ടല്ലോ...

ജയ എന്ന കലാകാരി ഒരു കഥ പറയുകയാണ്.. അവർ ഒരു കഥയാണ് രചിച്ചത്. ആ കഥ ഒരു ചെറുകഥയാണ്.. വലിയ കഥകളിലേക്കും നീണ്ടകഥകളിലേക്കും ആ ചെറുകഥ നയിക്കട്ടെ.. ആ കഥയ്ക്കു പ്രശസ്തി വന്നപ്പോ ആ കലാകാരിയും പബ്ലിക്കലി അറിയപ്പെടുന്ന വ്യക്തിത്വമായി.. പ്രശസ്തിയുടെ അളവെടുക്കാനും അതിൻറെ ഉദ്ധേശശുദ്ധിയിൽ ചോദ്യചെയ്യാനും എല്ലാവർക്കും അവകാശമുണ്ട്.. ആ അവകാശത്തിൽ മുൻധാരണകളും, അടച്ചാക്ഷേപങ്ങളും, പുച്ഛങ്ങളും ഒഴിവാക്കുക.. എന്നിട്ട് നമുക്കെല്ലാവർക്കും ചേർന്നിരുന്ന് കറുപ്പല്ലാത്ത ദളിതുണ്ടന്നും, ദളിതിനെ കറുപ്പായി മാർക്കറ്റ് ചെയ്യുന്നുണ്ടോ എന്നൊക്ക ചർച്ചചെയ്യാം..

മതവും, ജാതിയും, സമുദായവും ഇല്ലാത്ത മനുഷ്യവർഗ്ഗത്തെ സ്വപ്നം കാണാൻ ഇമ്മാതിരിയുള്ള എല്ലാ ചർച്ചകളും പ്രേരകമാകട്ടെ... വഴിവക്കിലും, ചായക്കടയിലും, ക്ലബിലും, വായനശാലയിലും, ബസ്റ്റോപ്പിലും, ആൽത്തറയിലും, വഴിയമ്പലങ്ങളിലും, കൂത്തമ്പലങ്ങളിലും ,തുടങ്ങി, കാട്ടിലും, മേട്ടിലും നടന്നിരുന്ന നൊസ്റ്റാൾജിക്ക് സംവാദങ്ങൾ സമയത്തെ വെല്ലുന്ന ഈ പരുവത്തിലെങ്കിലും ചർച്ചിക്കുന്നുണ്ടല്ലോ.. ചർച്ചകൾ ഉണ്ടാകുന്നു എന്നതാണ് വലിയ കാര്യം.. അത്തരം ചർച്ചകൾ സൃഷ്ടിക്കുക എന്നതാണ് കലയുടെ ദൌത്യം...

ജയ ഒരു കഥ പറഞ്ഞു.. ആ കലാകാരി മറ്റൊരു കഥ വീണ്ടു പറയും.. എല്ലാ കഥയ്ക്കും ഒരേ രീതി തന്നെ വേണമെന്നില്ലല്ലോ.. കഥയുടെ തുടർച്ചയില്ലാ എന്ന് വിഷമം ഉള്ളവർക്ക് അതേറ്റെടുക്കാം, ചർച്ചചെയ്യാം, വേണമെങ്കിൽ ചർദ്ധിക്കാം..