റിലയന്‍സുമായുള്ള കോടികളുടെ വൈദ്യുതി കരാര്‍ പുതുക്കിയ മുന്‍ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനം; കരാറിന്റെ മറവിലെ‍ റിലയന്‍സിന്റെ കൊള്ളയ്ക്ക് അറുതിയാകുന്

സംസ്ഥാനം വൈദ്യുതി വാങ്ങാതിരുന്നിട്ടും കൊച്ചിയിലെ ബിഎസ്ഇഎസ് താപവൈദ്യുതി നിലയത്തിന് 87.83 കോടി രൂപ വെറുതേ നല്‍കി കരാര്‍ പുതുക്കിയ ഉത്തരവ് അന്ന് വിവാദമായിരുന്നു. ഈ ക്രമക്കേടാണ് മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത്. വര്‍ഷങ്ങളായി വൈദ്യുതി വാങ്ങിയിട്ടില്ലെങ്കിലും റിലയന്‍സിന്റെ വൈദ്യുതി നിലയത്തിന് കരാര്‍ പുതുക്കി നല്‍കാനാണ് യുഡിഎഫ്സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടത്.

റിലയന്‍സുമായുള്ള കോടികളുടെ വൈദ്യുതി കരാര്‍ പുതുക്കിയ മുന്‍ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനം; കരാറിന്റെ മറവിലെ‍ റിലയന്‍സിന്റെ കൊള്ളയ്ക്ക് അറുതിയാകുന്

കോര്‍പ്പറേറ്റ് ഭീമന്‍ റിലയന്‍സ് വൈദ്യുത കരാറിന്റെ മറവില്‍ സംസ്ഥാനത്ത് നടത്തിവരുന്ന കൊള്ളയ്ക്ക് അവസാനമകുന്നു. വൈദ്യുതി വാങ്ങാതിരുന്നിട്ടും റിലയന്‍സുമായുള്ള കോടികളുടെ വൈദ്യുതി കരാര്‍ പുതുക്കിയ യുഡിഎഫ് സര്‍ക്കാരിന്റ ഉത്തരവ് പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതോടെയാണ് റിലയന്‍സിന്റെ കൊള്ളയ്ക്ക് അവസാനമാകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2017-ലെ ആവശ്യത്തിലേക്കായി റിലയന്‍സ് വൈദ്യുതി വേണ്ടിവരുമെന്ന നിലപാടെടുത്തിരുന്ന വൈദ്യുതി ബോര്‍ഡ് പ്രസ്തത നിലപാട് തിരുത്തി റിലയന്‍സില്‍ നിന്നു വൈദ്യുതി വാങ്ങാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് അറിയിക്കുകയായിരുന്നു.


സംസ്ഥാനം വൈദ്യുതി വാങ്ങാതിരുന്നിട്ടും കൊച്ചിയിലെ ബിഎസ്ഇഎസ് താപവൈദ്യുതി നിലയത്തിന് 87.83 കോടി രൂപ വെറുതേ നല്‍കി കരാര്‍ പുതുക്കിയ ഉത്തരവ് അന്ന് വിവാദമായിരുന്നു. ഈ ക്രമക്കേടാണ് മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത്. വര്‍ഷങ്ങളായി വൈദ്യുതി വാങ്ങിയിട്ടില്ലെങ്കിലും റിലയന്‍സിന്റെ വൈദ്യുതി നിലയത്തിന് കരാര്‍ പുതുക്കി നല്‍കാനാണ് യുഡിഎഫ്സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടത്. റിലയന്‍സ് വൈദ്യുതി നിലയവുമായി 2015 ഒക്ടോബറില്‍ അവസാനിച്ച കരാര്‍ പുതുക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷ റെഗുലേറ്ററി കമ്മിഷന്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ ഇടപെട്ട് ഏകപക്ഷീയമായി കരാര്‍ പുതുക്കുകയാണുണ്ടായത്.

2013 മുതല്‍ സംസ്ഥാനം ഇവിടെനിന്ന് നിന്നു വൈദ്യുതി വാങ്ങിയിട്ടില്ല. റിലയന്‍സ് വൈദ്യുതിയുടെ താങ്ങാനാകാത്ത വിലയാണ് കാരണം. വൈദ്യുതി വാങ്ങിയാലുമില്ലെങ്കിലും കരാറനുസരിച്ച് ഓരോ വര്‍ഷവും ഫിക്സഡ് കോസ്റ്റ് ഇനത്തില്‍ 228 കോടി രൂപ വരെ കമ്പനിക്ക് വെറുതേ നല്‍കുകയായിരുന്നു. 2015 വരെ ഈ നില തുടര്‍ന്നു. 2015 ഒക്ടോബറില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ബന്ധം അവസാനിപ്പിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനമെങ്കിലും സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് 2015 ഒക്ടോബറില്‍ ബോര്‍ഡ് നിലപാട് തിരുത്തുകയാണുണ്ടായത്.

ഈ സാഹചര്യത്തില്‍ റിലയന്‍സിന്റെ ബിഎസ്ഇഎസ് താപവൈദ്യുതി വേണ്ടെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞ് വേണ്ടിവരുമെന്ന നിലപാടാണ് അന്ന് സര്‍ക്കാരിന്റെ സമ്മര്‍ദ്ദ ഫലമായി വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചത്. റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പിനായി മാറ്റിവച്ചെങ്കിലും 2015 നവംബര്‍ മുതല്‍ 2017 നവംബര്‍ വരെ രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടി 2016 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വന്‍ വിവാദത്തിലേക്കാണ് വഴിവെച്ചത്. കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും ഫിക്സഡ് കോസ്റ്റ് ഇനത്തില്‍ ആദ്യവര്‍ഷം 43.06 കോടിയും രണ്ടാം വര്‍ഷം 44.77 കോടിയും നല്‍കേണ്ടിവരുന്നതായിരുന്നു പ്രസ്തുത കരാര്‍.

സംസ്ഥാനത്തിന് മറ്റു കമ്പനികളുമായി ദീര്‍ഘകാല കരാറുള്ളതിനാല്‍ വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകില്ലെന്നും 2015 നവംബര്‍ മുതല്‍ 2017 നവംബര്‍ വരെ റിലയന്‍സ് കമ്പനി വൈദ്യുതി വേണ്ടിവരില്ലെന്നും കെഎസ്ഇബി തന്നെ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ അത് ചെവിക്കൊണ്ടിരുന്നില്ല. ഒരുപക്ഷേ വെദ്യുതി ആവശ്യം വന്നാലും 2017 ല്‍ മതിയെന്നാണു ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചത്. എന്നിട്ടും ഈ രണ്ടു വര്‍ഷത്തേക്കു കൂടി ഫിക്സ്ഡ് കോസ്റ്റ് നല്‍കാന്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം വരുന്നതിന് മുമ്പേ സര്‍ക്കാര്‍ ധൃതി പിടിച്ച് ഇറക്കിയ ഉത്തരവിലൂടെ റിലയന്‍സിനു വെറുതേ കിട്ടുന്നത് 87.83 കോടി രൂപയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം റെഗുലേറ്ററി കമ്മിഷനാണെന്നു കേന്ദ്ര വൈദ്യുതി നിയമം വ്യക്തമാക്കുന്നുണ്ടെങ്കിലും ആ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ ഉത്തരവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പില്‍ സര്‍ക്കാര്‍ രപതിനിധി അറിയിച്ചതോടെ റിലയന്‍സ് വൈദ്യുതി വേണ്ടിവരുമെന്ന മുന്‍ നിലപാട് ബോര്‍ഡ് മാറ്റുകയായിരുന്നു. ദീര്‍ഘകാല കരാറുള്ളതിനാല്‍ രണ്ടു വര്‍ഷം കഴിഞ്ഞാലും റിലയന്‍സിന്റെ വൈദ്യുതി കൂടാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഇക്കാര്യം തെളിവെടുപ്പില്‍ റെഗുലേറ്ററി കമ്മിഷനെ അറിയിക്കുമെന്നും ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.