രാജഗോപാലിന്റെ വോട്ടും സംവരണത്തിന്റെ ചൊരുക്കും

ശ്രീരാമകൃഷ്ണനിൽ ശ്രീത്വമുള്ള മുഖം കാണുന്ന, രാമനെ കാണുന്ന, കൃഷ്ണനെ കാണുന്ന രാജഗോപാൽ വി പി സജീന്ദ്രനിൽ കണ്ടത് രാവണനേയോ കംസനേയോ ആവുമോ? എന്തായിരുന്നിരിക്കണം സജീന്ദ്രനിൽ രാജഗോപാൽ കണ്ടെത്തിയ ന്യൂനത? ഗോപിനാഥ് മുണ്ടെയും പ്രമോദ് മഹാജനും തമ്മിലുള്ളതു കുടുംബബന്ധമല്ല എന്ന് ഒരു ദുരന്തമുഖത്തുവച്ചു ടെലിവിഷനിൽ പറയാൻ തോന്നിപ്പിച്ച അതേ കുറവു തന്നെയായിരിക്കില്ലേ അതും? കുന്നത്തുനാട് ഒരു സംവരണമണ്ഡലമാണല്ലോ; വി പി സജീന്ദ്രൻ അവിടുത്തെ എംഎൽഎയും!

രാജഗോപാലിന്റെ വോട്ടും സംവരണത്തിന്റെ ചൊരുക്കും

നേമത്ത് സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഎമ്മിന്റെ വി ശിവൻകുട്ടിയെ തറപറ്റിച്ച് ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ എംഎൽഎ ആയി ജയിച്ചുവന്ന ഒ രാജഗോപാലിന്റെ സഭയിലെ കന്നിവോട്ട് എൽഡിഎഫ് പ്രതിനിധിയായി സ്പീക്കർ സ്ഥാനത്തേക്കു മത്സരിച്ച സിപിഎം അംഗവും പൊന്നാനി എംഎൽഎയുമായ പി ശ്രീരാമകൃഷ്ണന്. വോട്ടുവീണതിനു പിന്നാലെ എൽഡിഎഫ് - ബിജെപി രഹസ്യബാന്ധവും പുറത്തുവന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫും ബിജെപിയും തമ്മിലുള്ള രഹസ്യബാന്ധവത്തിനു കണ്ടെത്തിയ തെളിവു ഗംഭീരം. ആ ബുദ്ധി വച്ച് അദ്ദേഹത്തിന്റെ തല കൂടുതൽ വെയിലുകൊള്ളിക്കരുത് എന്നൊരപേക്ഷയേ നാരദനുള്ളൂ.


താൻ വോട്ടുചെയ്തയാൾ സ്പീക്കറായതിൽ അഭിമാനമുണ്ടെന്ന് ഒ രാജഗോപാൽ പറയുമ്പോൾ അതിൽ അവിശ്വാസം തോന്നേണ്ടതില്ല. രാജഗോപാലിനെ സംബന്ധിച്ച് ആ അഭിമാനബോധം കക്ഷിരാഷ്ട്രീയമല്ല. അതിന്റെ ആന്തരാർത്ഥം പരിശോധിക്കാൻ അധികദൂരമൊന്നും സഞ്ചരിക്കേണ്ടതുമില്ല.

ന്യൂഡൽഹിയിൽ 2014 ജൂൺ 3ന് ഒരു വാഹനാപകടത്തെ തുടർന്ന് 64-ാം വയസ്സിൽ ഗോപിനാഥ് മുണ്ടെ മരിക്കുമ്പോൾ അദ്ദേഹം നരേന്ദ്ര മോദി മന്ത്രിസഭയിൽ ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രിയായി ചുമതലയേറ്റിട്ട് ഒരാഴ്ച ആയതേയുണ്ടായിരുന്നുള്ളൂ. മരണവാർത്ത റിപ്പോർട്ട് ചെയ്ത ചാനലുകൾ ബിജെപി നേതാക്കളുടെ ബൈറ്റുകൾക്കായി പരക്കം പാഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ വാർത്താവതാരകൻ ടെലിഫോണിൽ ഒ രാജഗോപാലിന്റെയടുത്ത് ഒരു ചോദ്യമെറിഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ദുരന്തം തുടർക്കഥയാവുകയാണോ എന്നതായിരുന്നു ചോദ്യം. ഗോപിനാഥ് മുണ്ടെയുടെ ഭാര്യാസഹോദരൻ പ്രമോദ് മഹാജന്റെ കുടുംബത്തിലുണ്ടായ കഷ്ടനഷ്ടങ്ങളായിരുന്നു ചോദ്യകർത്താവിന്റെ മനസ്സിൽ. അതിനോട് രാജഗോപാൽ പ്രതികരിച്ചത് സകലരേയും അമ്പരപ്പിച്ചു. “അവരെങ്ങനെയാണ് ഒരേ കുടുബമാകുന്നത്? പ്രമോദ് മഹാജന്റെ സഹോദരിയാണ് ഗോപിനാഥ് മുണ്ടെയുടെ ഭാര്യ എന്നതു ശരിയാണ്. എന്നാൽ മഹാജൻ ബ്രാഹ്മണനാണ്. മുണ്ടെ പിന്നാക്കജാതിക്കാരനും,” പ്രൈംടൈം ടെലിവിഷനിൽ രാജഗോപാൽ തന്റെ മനസ്സിലുള്ളതു തുറന്നടിച്ചു.

[embed]https://www.youtube.com/watch?v=mTajYsp13kg[/embed]

ബിജെപി നേതാവ് പ്രമോദ് മഹാജൻ 2006 മെയ് 03ന് സഹോദരന്റെ വെടിയേറ്റു മരിച്ചിരുന്നു. മെയ് 31ന് അദ്ദേഹത്തിന്റെ മകൻ രാഹുൽ മഹാജൻ മയക്കുമരുന്ന് അമിതമായി കുത്തിവച്ച് അത്യാസന്നനിലയിൽ ആശുപത്രിയിൽ ആയി ഒപ്പം മയക്കുമരുന്നുപയോഗിച്ച പേഴ്സണൽ സെക്രട്ടറി ബിബേക് മൊയ്ത്ര ജൂൺ 03ന് മരണമടഞ്ഞു. ഏതായാലും സ്വന്തം പാർട്ടിയിലെ സീനിയർ നേതാക്കളും ജാമാതാക്കളുമായിരുന്ന രണ്ടുപേരെ ജാതിയുടെ പേരിൽ വേർതിരിച്ചുനിർത്തിയ ആ രാജഗോപാൽ ലോജിക് അറിയാവുന്നവർക്കാർക്കും ശ്രീരാമകൃഷ്ണനു വോട്ടു ചെയ്തതിലുള്ള അദ്ദേഹത്തിന്റെ ന്യായവാദങ്ങളിൽ സംശയമുണ്ടാവില്ല.

സ്പീക്കർ തെരഞ്ഞെടുപ്പിനു ശേഷം പി ശ്രീരാമകൃഷ്ണനെ അനുമോദിച്ചുകൊണ്ടു രാജഗോപാൽ പറഞ്ഞതിങ്ങനെയാണ്. “ശ്രീത്വമുള്ള മുഖമാണ് അങ്ങയുടേത്. ശ്രീരാമന്‍ ധാര്‍മ്മികതയുടെ ആള്‍രൂപമാണല്ലോ. കൃഷ്ണനും അങ്ങയുടെ പേരിലുണ്ട്. അങ്ങനെ എല്ലാ നന്മയും ഉള്ള പേരാണല്ലോ അങ്ങേയ്ക്കുള്ളത്.” ഇത് കൃത്യമായ രാഷ്ട്രീയമാണ്. എന്നാൽ കക്ഷിരാഷ്ട്രീയമല്ലതാനും. മതവും ജാതിയും മുഖ്യാസനമലങ്കരിക്കുന്ന ആ രാഷ്ട്രീയം ഇന്നുമുതൽ കേരള നിയമസഭയിൽ കേട്ടുതുടങ്ങുകയാണ്.

എന്തുകൊണ്ടു പ്രതിപക്ഷത്തിനു വോട്ടുചെയ്തില്ല എന്ന ചോദ്യത്തിന് രാജഗോപാൽ പറഞ്ഞ മറുപടി, യുഡിഎഫ് തന്റെ വോട്ടുവേണ്ട എന്നു പറഞ്ഞിരുന്നു എന്നാണ്. എൽഡിഎഫ് ഏതായാലും രാജഗോപാലിനോടു വോട്ടാവശ്യപ്പെട്ടിരുന്നുമില്ല. എന്നിട്ടും എന്തുകൊണ്ടാണ്, രാജഗോപാൽ തന്നെ നിയമസഭ കയറ്റാതിരിക്കാൻ അഹോരാത്രം പണിപ്പെട്ട എൽഡിഎഫിനു വോട്ടുകൊടുത്തത്? ശ്രീരാമകൃഷ്ണനിൽ ശ്രീത്വമുള്ള മുഖം കാണുന്ന, രാമനെ കാണുന്ന, കൃഷ്ണനെ കാണുന്ന രാജഗോപാൽ വി പി സജീന്ദ്രനിൽ കണ്ടത് രാവണനേയോ കംസനേയോ ആവുമോ? എന്തായിരുന്നിരിക്കണം സജീന്ദ്രനിൽ രാജഗോപാൽ കണ്ടെത്തിയ ന്യൂനത?  ഗോപിനാഥ് മുണ്ടെയും പ്രമോദ് മഹാജനും തമ്മിലുള്ളതു കുടുംബബന്ധമല്ല എന്ന് ഒരു ദുരന്തമുഖത്തുവച്ചു ടെലിവിഷനിൽ പറയാൻ തോന്നിപ്പിച്ച അതേ കുറവു തന്നെയായിരിക്കില്ലേ അതും? കുന്നത്തുനാട് ഒരു സംവരണമണ്ഡലമാണല്ലോ; വി പി സജീന്ദ്രൻ അവിടുത്തെ എംഎൽഎയും!

ഏതായാലും രാജേട്ടൻ പറയുന്നതുകേട്ട് ശ്രീരാമകൃഷ്ണൻ ഭാര്യയെ വഴിയിൽ തള്ളാനോ സ്ത്രീകളുടെ വസ്ത്രം കവരാനോ ചെല്ലരുതെന്നും അതൊക്കെ ഇക്കാലത്ത് ക്രിമിനൽ കേസിനു വഴിവയ്ക്കുമെന്നും ഏതോ വിരുതൻ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നതു കണ്ടു.

തിരികെ പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിലേക്ക്. “സഭയിൽ യുഡിഎഫിന് ബിജെപിയുടെ വോട്ടുവേണ്ട,” എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. സഭയിലെ കാര്യമാണു പറയുന്നത്. പുറത്തിറങ്ങി അതുപറയാനാവില്ല. ആർഎസ്എസിന്റെ വോട്ടുവേണ്ട എന്നെങ്ങാനും തെരഞ്ഞെടുപ്പിനു മുമ്പു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിനു പ്രതിപക്ഷനേതാവാകാൻ അവസരം ഒക്കില്ലായിരുന്നു. പി പ്രസാദ് നിയമസഭയിലിരുന്നേനെ. നേമത്തും രാജഗോപാൽ കയറിപ്പറ്റില്ലായിരുന്നു. തേരാളി പറഞ്ഞതുപോലെ സംഭവാമി യുഗേ യുഗേ… വോട്ടു സംഘടിപ്പിച്ചതിന്റെ പാട് നമുക്കറിയാം.

വാൽക്കഷ്ണം : ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ബിജെപി അംഗം അനുകൂലമായി വോട്ടുചെയ്തു എന്ന ഒറ്റക്കാരണത്താൽ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുകയും തൊട്ടുപിന്നാലെ രാജിവച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പതിവ് എൽഡിഎഫ് സംസ്ഥാനത്തെ ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പരീക്ഷിച്ചിരുന്നു. ഇവിടിപ്പോൾ എന്തുചെയ്യും എന്നാണ് നാരദൻ ഉറ്റുനോക്കുന്നത്.  മറ്റൊന്നുകൂടിയുണ്ട്. യുഡിഎഫ് പാളയത്തിൽ നിന്ന് എൽഡിഎഫിന് വോട്ടുചെയ്ത ആ സഗൗരവ എംഎൽഎ ആരായിരിക്കും? മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗിയെ കണ്ടെത്താനാകുമോ?

യാരദ്? വാര്യംപള്ളിയിലെ മീനാക്ഷിയല്യോ?