പരിയാരം നഴ്സിങ് കോളേജിലും റാഗിങ് ആഘോഷം; പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് മാലിന്യം തേയ്ച്ചു

മെന്‍സ് ഹോസ്റ്റലിനരികിലുള്ള കൂറ്റന്‍ മാവില്‍ ഒരുവിദ്യാര്‍ഥിയെ കെട്ടിയിട്ട നിലയില്‍ സുധാകരന്‍ കാണുകയായിരുന്നു. ചെറിയ തോര്‍ത്ത് മാത്രം ധരിച്ച മെലിഞ്ഞ ഒരു വിദ്യാര്‍ഥിയെ കാലിലും അരയ്ക്കും ഉടല്‍ഭാഗത്തും തുണികൊണ്ട് മരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് ഭക്ഷണമാലിന്യവും മലിനജലവും തേയ്ക്കുകയായിരുന്നു മറ്റ് വിദ്യാര്‍ത്ഥികള്‍.

പരിയാരം നഴ്സിങ് കോളേജിലും റാഗിങ് ആഘോഷം; പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് മാലിന്യം തേയ്ച്ചു

പരിയാരം നഴ്സിങ് കോളേജില്‍ ക്രൂര റാഗിങ്. പിറന്നാള്‍ ആഘോഷത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികള്‍ റാഗിങിനിരയാക്കിയത്. റാഗിങിന് സാക്ഷിയായ ഗ്രാമപഞ്ചായത്ത് അംഗം പരാതിയുമായി പൊലീസില്‍ എത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത്.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപ്പഞ്ചായത്തംഗവും പരിയാരത്തെ ഓട്ടോ തൊഴിലാളിയുമായ ടി.വി. സുധാകരന്‍ ഹോസ്റ്റലില്‍ ആളെയിറക്കി തിരികെ വരുമ്പോഴാണ് റാഗിങിന് സാക്ഷിയായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മെന്‍സ് ഹോസ്റ്റലിനരികിലുള്ള കൂറ്റന്‍ മാവില്‍ ഒരുവിദ്യാര്‍ഥിയെ കെട്ടിയിട്ട നിലയില്‍ സുധാകരന്‍ കാണുകയായിരുന്നു. ചെറിയ തോര്‍ത്ത് മാത്രം ധരിച്ച മെലിഞ്ഞ ഒരു വിദ്യാര്‍ഥിയെ കാലിലും അരയ്ക്കും ഉടല്‍ഭാഗത്തും തുണികൊണ്ട് മരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് ഭക്ഷണമാലിന്യവും മലിനജലവും തേയ്ക്കുകയായിരുന്നു മറ്റ് വിദ്യാര്‍ത്ഥികള്‍. റാഗിങിനിരയായ വിദ്യാര്‍ത്ഥി ആ സമയം അവശനിലയിലായിരുന്നു.


നാല് വിദ്യാര്‍ത്ഥികളാണ് റാഗിങ് ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു. സംഭവം കണ്ട് ഓട്ടോയില്‍നിന്നിറങ്ങി സുധാകരന്‍ ഇക്കാര്യം ചോദ്യം ചെയ്തു. കെട്ടിയിടപ്പെട്ട വിദ്യാര്‍ത്ഥിയുടെ കെട്ടഴിച്ച് വിടാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ സുധാകരനോട് തട്ടിക്കയറുകയായിരുന്നു. കെട്ടിയിടപ്പെട്ട വിദ്യാര്‍ഥിക്ക് പ്രശ്നമില്ലെങ്കില്‍ തനിക്കെന്താണ് കാര്യം എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ ചോദിച്ചത്. തുടര്‍ന്ന് സുധാകരന്‍ ഓട്ടോസ്റ്റാന്റിലെത്തി സുഹൃത്തുക്കളുമായി എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

നഴ്‌സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായത്. പഞ്ചായത്തംഗം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിയാരം പോലീസ് റാഗിങ്ങിനിരയായ വിദ്യാര്‍ഥിയെയും നേതൃത്വം നല്കിയ നാലു വിദ്യാര്‍ഥികളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. റാഗിങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളിന്റെ ഭാഗമായി അയാളുടെ സമ്മതത്തോടെയാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്ന് നാലു വിദ്യാര്‍ഥികളും പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി പരാതി നല്‍കിയില്ലെങ്കില്‍ താന്‍ സ്വമേധയാ പോലീസില്‍ പരാതി നല്‍കുമെന്ന് സുധാകരന്‍ അറിയിച്ചു.