സ്വപ്‌നം കണ്ടിറങ്ങി വന്ന പാട്ടുകൾ

എഴുപതുകളും എൺപതുകളും ഹിന്ദി സിനിമാരംഗം സംഗീതസാന്ദ്രമാകുന്നതു കണ്ടു- ആർ.ഡി. ബർമന്റെ മാന്ത്രിക സ്പർശമായിരുന്നു അതിനുപിന്നിൽ. വി ആർ ഹരിപ്രസാദ് എഴുതുന്നു.

സ്വപ്‌നം കണ്ടിറങ്ങി വന്ന പാട്ടുകൾ

വി.ആർ. ഹരിപ്രസാദ്

1942 എ ലവ് സ്റ്റോറി എന്ന സിനിമ മുതൽ ആർ.ഡി. ബർമനെ പിന്നോട്ടു കേട്ടുതുടങ്ങിയ ചുരുക്കം ചിലരെങ്കിലുമുണ്ടാകും പുതിയ തലമുറയിൽ. അത് അദ്ദേഹത്തിന്റെ അവസാന സിനിമയായിരുന്നു. ആ സിനിമ പുറത്തിറങ്ങുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. എക് ലഡ്കീ കോ ദേഖാ തോ എന്ന പാട്ട് കുമാർ സാനുവിന്റെ ശബ്ദത്തിൽ കേട്ടപ്പോഴാണ് പുതുതലമുറക്കാരിൽ ചിലർ ആർ.ഡി. ബർമനെ അറിയുന്നത്. അങ്ങനെ അവർ തിരിഞ്ഞുനടന്നു- 1994ൽ ഇറങ്ങിയ

1942 എ ലവ് സ്റ്റോറിയിൽനിന്ന് 1960കൾ മുതലുള്ള സിനിമകളിലേക്ക്. കുമാർ സാനുവിൽനിന്ന് കിഷോർ കുമാറിലേക്കും ലതാ മങ്കേഷ്‌കറിലേക്കും ആഷാ ഭോസ്ലേയിലേക്കും. ഒരു ചെറുനദിയിലൂടെയൊഴുകി മഹാ സമുദ്രത്തിൽ ചെന്നെത്തുന്നതുപോലെ, പാട്ടുകളുടെ പാരാവാരത്തിലേക്ക്!!

സച്ചിൻ ദേവ് ബർമൻ എന്ന സംഗീത ശാന്തസമുദ്രത്തിൽനിന്നാണ് രാഹുൽ ദേവ് ബർമൻ എന്ന ആർ.ഡി. ബർമന്റെ വരവ്. ചിതറിത്തെറിക്കുന്ന തിരമാലകളെപ്പോലെ പുതുമയുള്ളതായിരുന്നു മകൻ ബർമന്റെ ഈണങ്ങൾ. വെസ്റ്റേൺ, ലാറ്റിൻ, ഓറിയന്റൽ, അറബിക്, ബംഗാളി ഫോക് തുടങ്ങി സംഗീതത്തിന്റെ നാനാരൂപങ്ങൾ ആർ.ഡി. ബർമന്റെ സംഗീതത്തെ സ്വാധീനിച്ചു. അതേസമയം അദ്ദേഹത്തിന്റെ സ്റ്റൈൽ അനുകരിക്കാൻ പ്രയാസമായിരുന്നു.

സ്വപ്‌നങ്ങളിൽ പോലും സംഗീതത്തെക്കുറിച്ചു ചിന്തിച്ച ഒരാൾ- അതായിരുന്നു ആർ.ഡി. ബർമൻ. ഒരു പാട്ട് മുഴുവനായി സ്വപ്‌നംകണ്ടുകൊണ്ട് ഈണമിട്ടതാണെന്ന് അദ്ദേഹം പറയാറുണ്ട്. ഹരേ രാമ ഹരേ കൃഷ്ണ (1971)യിലെ
കാഞ്ചീ രേ കാഞ്ചീ രേ
എന്ന പാട്ടാണത്. എന്തു ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അതിനിടയിൽ സംഗീതം ഒഴുകിവരും അദ്ദേഹത്തിലേക്ക്. ഉടനെ അല്പനേരം എഴുനേറ്റുനിൽക്കും. പിന്നെ നേരെ അറേഞ്ചർ ബബ്ലൂ ചക്രവർത്തിയെ വിളിച്ചു പറയും- ഇവിടെ ഈ സംഗീതം വയ്ക്കു.., ഇവിടെ നിശബ്ദതയിരിക്കട്ടെ... ഒരു പാട്ട് ജന്മമെടുക്കുകയായി! തും ബിൻ ജാവൂ കഹാം (പ്യാർ കാ മൗസം), ദുനിയാ മേ ലോഗോം കോ (അപ്‌നാ ദേശ്) എന്നീ പാട്ടുകളും സ്വപ്‌നംകണ്ടിറങ്ങിവന്നവയത്രേ.

പഞ്ചം എന്നുകേൾക്കുമ്പോൾ ഹൃദയത്തോട് ഏറെ അടുത്തൊരാൾ എന്ന തോന്നലാണുണ്ടാകുക. അത് ആർ.ഡി. ബർമന്റെ വിളിപ്പേരാണ്. ഇഷ്ടമുള്ളവരെല്ലാം വിളിച്ചിരുന്ന പേര്. എങ്ങനെയാവും അദ്ദേഹത്തിന് ആ പേരുവന്നത്? വിശ്വസനീയമായ ഒരു കഥയുണ്ട് ആ പേരിനു പിന്നിൽ. എപ്പോൾ കരഞ്ഞാലും കുഞ്ഞു ബർമനിൽനിന്ന് പഞ്ചമ സ്വരം (പ) മാത്രമാണ് വന്നിരുന്നതത്രേ. പാ എന്നു പാടുന്നതുപോലുള്ള കരച്ചിൽ. അപ്പോൾ പഞ്ചം എന്നതിനേക്കാൾ മികച്ച വിളിപ്പേര് വേറേതുകിട്ടാൻ!. ആ പേരിട്ടത് വിഖ്യാത നടൻ അശോക് കുമാറാണെന്നും പറയുന്നു. കുഞ്ഞു ബർമനെ കാണാൻ അശോക് കുമാർ എത്തിയപ്പോൾ അവൻ പാ പാ എന്നു തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നത്രേ. കരച്ചിലിന്റെ ഭാഗമായോ അല്ലാതെയോ!

സ്വരമുള്ളതും ഇല്ലാത്തതുമായ കരച്ചിലുകൾ ജനലക്ഷങ്ങളിൽ ബാക്കിവച്ചാണ് ആർ.ഡി ബർമൻ എന്ന ഇതിഹാസം വിടവാങ്ങിയത്. 'പഞ്ചം പോയി. പക്ഷേ, അദ്ദേഹം സൃഷ്ടിച്ച ഊർജ്ജം പ്രപഞ്ചത്തിൽനിന്ന് ഒരിക്കലും നഷ്ടമാകുന്നില്ല. അത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക്.. ഒരു സംഗീതകാരനിൽനിന്ന് മറ്റൊരു സംഗീതകാരനിലേക്ക്, ഒരാരാധകനിൽനിന്ന് മറ്റൊരു ആരാധകനിലേക്ക്, ഒരു പിൻഗാമിയിൽനിന്ന് മറ്റൊരു പിൻഗാമിയിലേക്ക്, ഒരു റീമിക്‌സറിൽനിന്ന് മറ്റൊരു റീമിക്‌സറിലേക്ക്, ഒരു നൂറ്റാണ്ടിൽനിന്ന് മറ്റൊന്നിലേക്ക് രൂപമാറ്റം നടത്തിക്കൊണ്ടേയിരിക്കുന്നു... പഞ്ചം ജീവിച്ചുകൊണ്ടേയിരിക്കും'.
(ആർ.ഡി. ബർമൻ- ദ മാൻ, ദ മ്യൂസിക്)

ഛോട്ടേ നവാബ് എന്ന ചിത്രത്തിൽ മത്‌വാലി ആംഖോംവാലേ എന്നൊരു പാട്ടുവന്നു. അന്നുവരെയുള്ള പാട്ടുകൾ നോക്കുമ്പോൾ അസാധാരണമായ ഒന്ന്. 41 സെക്കൻഡ് ദൈർഘ്യമുള്ള മുഹമ്മദ് റഫിയുടെ അറബിക് സ്റ്റൈൽ ഹൈ-പിച്ച് ഹമ്മിംഗ് മാത്രം കേട്ടാലറിയാം അതിന്റെ അനന്യത. സ്വതന്ത്ര സംഗീതസംവിധായകൻ എന്ന നിലയിൽ ആർ.ഡി ബർമന്റെ ആദ്യ സിനിമയായിരുന്നു അത്. അദ്ദേഹത്തിന്റെ കാലടികൊണ്ടുള്ള താളവും കൈയടികളുംപോലും ആ പാട്ടിലുണ്ടായിരുന്നു. അന്നുവരെ പിതാവ് എസ്.ഡി. ബർമന്റെ വലംകൈയായിരുന്നു രാഹുൽ.

[caption id="attachment_27627" align="aligncenter" width="638"]ആർ ഡി ബർമാൻ, കിഷോർ കുമാർ, ദേവ് ആനന്ദ്, യാഷ് ചോപ്ര എന്നിവരോടൊപ്പം.
ആർ ഡി ബർമാൻ, കിഷോർ കുമാർ, ദേവ് ആനന്ദ്, യാഷ് ചോപ്ര എന്നിവരോടൊപ്പം.[/caption]

1939 ജൂൺ 27ന് കോൽക്കത്തയിലാണ് ആർ.ഡി. ബർമൻ ജനിച്ചത്. ഒമ്പതാം വയസിൽ തന്നെ രാഹുൽ സ്വന്തമായി ഒരു പാട്ടിന് ഈണമിട്ടു. ഏ മേരേ ടോപീ പലട്ട് കേ ആ എന്ന ആ പാട്ട് എസ്.ഡി. ബർമൻ ഫൺടൂഷ് എന്ന സിനിമയിൽ ഉപയോഗിച്ചു. പ്യാസാ എന്ന ചിത്രത്തിലെ സർ ജോ തേരാ ചക്രായേ എന്ന പാട്ടിന്റെ ഈണവും രാഹുലിന്റേതായിരുന്നു.
പിതാവിന്റെ ഓർക്കസ്ട്രയിൽ ഹാർമോണിക്ക പ്ലെയർ ആയിരുന്നു രാഹുൽ ദേവ് ബർമൻ. ബംഗാളിൽനിന്ന് മുംബൈയിൽ എത്തി സരോദും തബലയും അദ്ദേഹം പഠിച്ചു. സലിൽ ചൗധരിയെയും അദ്ദേഹം ഗുരുവായി കണക്കാക്കിയിരുന്നു.1966ൽ പുറത്തിറങ്ങിയ തീസ്‌രീ മൻസിൽ ആയിരുന്നു ആർ.ഡി. ബർമന്റെ ആദ്യ ഹിറ്റ്. മുഹമ്മദ് റഫിയും ആഷാ ഭോസ്ലേയും ശബ്ദം നൽകിയ ആറു പാട്ടുകൾ. ആജാ ആജാ മേ ഹൂ പ്യാർ തേരാ, ഓ മേരേ സോനാ രേ, ദീവാനാ മുജ്‌സാ നഹീ, ഓ ഹസീനാ സുൽഫോംവാലീ
തുടങ്ങിയ പാട്ടുകൾ ഇന്നും ചുണ്ടുകളും ഹൃദയങ്ങളും വിട്ടിട്ടില്ല. 70കളോടെ ആർ.ഡി. ബർമൻ പ്രശസ്തിയിലേക്കു കുതിച്ചുയർന്നു. രാജേഷ് ഖന്ന ചിത്രങ്ങളിലെ കിഷോർ കുമാർ പാട്ടുകൾ ഹിന്ദി സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. കട്ടി പതംഗ് എന്ന ചിത്രമായിരുന്നു 32 സിനിമകൾ ഉൾപ്പെട്ട ആ പരമ്പരയിൽ ആദ്യത്തേത്. യേ ശാം മസ്താനീ, യേ ജോ മൊഹബ്ബത് ഹേ തുടങ്ങിയ പാട്ടുകൾ ഞൊടിയിടയിലാണ് ഹിറ്റുകളായത്. 71ൽ ഹരേ രാമ ഹരേ കൃഷ്ണയ്ക്കുവേണ്ടി ഒരുക്കിയ ദം മാരോ ദം അതിന്റെ പൂർണരൂപത്തിൽ സിനിമയിൽ ഉൾപ്പെടുത്താൻ ദേവ് ആനന്ദ് മടിച്ചു. പാട്ടിന്റെ തിളക്കത്തിൽ സിനിമ മങ്ങിപ്പോകുമോ എന്നായിരുന്നു ദേവ് ആനന്ദിന്റെ പേടി!. ആഷാ ഭോസ്ലേയാണ് ആ ഗാനം ആലപിച്ചത്. അതേവർഷം
അമർപ്രേം
എന്ന ചിത്രത്തിൽ ലതാ മങ്കേഷ്‌കർ ശബ്ദം നൽകിയ രേനാ ഭീതി ജായേ എന്ന പാട്ട് ഹിന്ദി സിനിമയിലെ ക്ലാസിക്കൽ മ്യൂസിക് ജെം ആയാണ് കണക്കാക്കപ്പെടുന്നത്. 77ലെ ഹം കിസീസേ കം നഹീ എന്ന ചിത്രത്തിനുവേണ്ടി പഞ്ചം ഒരുക്കിയ
ക്യാ ഹുവാ തേരാ വാദാ
എന്ന പാട്ട് മുഹമ്മദ് റഫിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്തു.

എഴുപതുകളും എൺപതുകളും ഹിന്ദി സിനിമാരംഗം സംഗീതസാന്ദ്രമാകുന്നതു കണ്ടു- ആർ.ഡി. ബർമന്റെ മാന്ത്രിക സ്പർശമായിരുന്നു അതിനുപിന്നിൽ. പാട്ടുകളുടെ കണക്കെടുപ്പ് ഏറെ ശ്രമകരമാകുമെന്നുമാത്രം. ഇതിനിടയിൽ കുമാർ സാനു, അഭിജീത്, ഹരിഹരൻ, കവിതാ കൃഷ്ണമൂർത്തി, മുഹമ്മദ് അസീസ് തുടങ്ങിയ ഗായകർക്ക് ശ്രദ്ധേയമായ ബ്രേക്കുകളും ആർ.ഡി. ബർമൻ നൽകി.

ദേവ് ആനന്ദ്
- സീനത്ത് അമൻ ചിത്രമായ ഡാർലിംഗ് ഡാർലിംഗിൽ (1977) ഒരു പാട്ടുണ്ട്- രാത് ഗയീ ബാത്ത് ഗയീ എന്നു തുടങ്ങുന്ന അതിൽ ഒരിടത്ത് പ്രത്യേക ബീറ്റ്‌സ് കേൾക്കാം. സാധാരണ താള വാദ്യങ്ങളിൽനിന്നൊന്നും പുറപ്പെട്ട ശബ്ദമല്ല അതെന്ന് കേൾക്കുമ്പോഴേ തോന്നാം. ചിത്രത്തിൽ ആ പാട്ടിന്റെ ദൃശ്യങ്ങളിൽ സീനത്ത് അമൻ സ്വന്തം ശരീരത്തിൽ തട്ടിയാണ് ആ താളത്തിനു ചുവടു വയ്ക്കുന്നത്. സ്റ്റുഡിയോയിൽ ആ ശബ്ദം എങ്ങനെയുണ്ടാക്കി എന്നു കേൾക്കൂ: പഞ്ചമിന്റെ പ്രിയ പെർക്കഷനിസ്റ്റുകളിലൊരാളാണ് അമൃത് റാവു ഖട്കർ. റെക്കോർഡിംഗിനിടെ റാവുവിനോട് ഷർട്ടഴിക്കാൻ ആവശ്യപ്പെട്ടു പഞ്ചം. നാണത്തോടെയാണെങ്കിലും റാവു അങ്ങനെ ചെയ്തു. ഉടനെ പഞ്ചം റാവുവിന്റെ പുറത്ത് ഒരു ലാറ്റിനമേരിക്കൻ താളം കൊട്ടി. മൈക്രോഫോൺ അത് സൂക്ഷ്മമായി ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഒറ്റ ടേക്കിൽ അത് ഓക്കെയുമായി. ആ ശബ്ദമാണ് നാം പാട്ടിൽ കേൾക്കുന്നത്.യാദോം കീ ബാരാത് (1973) എന്ന ചിത്രത്തിലെ ചുരാ ലിയാ ഹേ തുംനേ
എന്ന പാട്ടിന്റെ തുടക്കത്തിൽ ഗ്ലാസും സ്പൂണും കൂട്ടിമുട്ടുന്ന ശബ്ദമുണ്ട്. ഇത് ശരിക്കും ഗ്ലാസിൽ സ്പൂൺകൊണ്ടു കൊട്ടി റെക്കോർഡ് ചെയ്‌തെടുത്തതാണ്. അഗർ തും ന ഹോത്തേ (1983)യിലെ ധീരേ ധീരേ സരാ സരാ എന്ന പാട്ടിന്റെ ദൃശ്യങ്ങളിൽ രേഖ സ്വന്തം അരഞ്ഞാണത്തിൽ തട്ടി താളംപിടിക്കുന്നുണ്ട്. റെക്കോർഡിംഗ് വേളയിൽ ഈ ശബ്ദത്തിനുവേണ്ടി ഒരു താക്കോൽക്കൂട്ടമാണ് പഞ്ചം ഉപയോഗിച്ചത്.

മെഹബൂബാ മെഹബൂബാ (ഷോലെ) എന്ന പാട്ടിന്റെ തുടക്കത്തിൽ അഭൗമമായൊരു വിസിലിംഗ് കേൾക്കാം. പുല്ലാങ്കുഴലോ സിന്തസൈസറോ ഒന്നുമല്ല ആ ശബ്ദത്തിനു പിന്നിൽ. ഒരു ബിയർ കുപ്പിയിലേക്ക് ഊതിയുണ്ടാക്കിയതാണ് ആ സുന്ദരശബ്ദം.
യാദോം കി ബാരാത്
എന്ന ചിത്രത്തിലെ ചുരാ ലിയാ ഹേ എന്ന പാട്ടിൽ പ്രത്യേക ശബ്ദവിന്യാസത്തിന് കപ്പും സോസറുമാണ് ഉപയോഗിച്ചത്. എന്തിനേറെ, മഴത്തുള്ളികളുടെ ശബ്ദം റെക്കോർഡ് ചെയ്യാൻ പെരുമഴയുള്ള ഒരു രാത്രിമുഴുവൻ അദ്ദേഹം വീടിന്റെ ബാൽക്കണിയിൽ ചെലവഴിച്ചിട്ടുണ്ടത്രേ.

ഡാർജിലിംഗിൽ
കണ്ടുമുട്ടിയ റിത പട്ടേലായിരുന്നു ആർ.ഡി. ബർമന്റെ ആദ്യ ഭാര്യ. 1966ൽ വിവാഹിതരായ അവർ 71ൽ വേർപിരിഞ്ഞു. 1980ൽ പഞ്ചം ഗായിക ആഷാ ഭോസ്ലേയെ വിവാഹം കഴിച്ചു. ആഷയ്ക്കുവേണ്ടി അദ്ദേഹം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളിൽ ഇരുവരുംചേർന്ന് വിസ്മയങ്ങൾ സൃഷ്ടിച്ചു. റിതയുമായി പിരിഞ്ഞശേഷം ഒരു ഹോട്ടൽ മുറിയിലിരുന്നാണ് പഞ്ചം മുസാഫിർ ഹൂ യാരോ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ഈണമൊരുക്കിയതത്രേ. ജീവിതത്തിന്റെ അർഥവും അർഥമില്ലായ്മയും വ്യക്തമാക്കുന്ന ആ കിഷോർ കുമാർ ഗാനം ഇന്നും ലക്ഷക്കണക്കിനു സംഗീതപ്രേമികൾക്കു പ്രിയങ്കരമാണ്.

വീട്ടിലെ ജോലിക്കാരും കാവൽക്കാരുമൊക്കെ നാട്ടുവർത്തമാനം പറഞ്ഞിരിക്കുമ്പോൾ ആർ.ഡി. ബർമൻ അവർക്കൊപ്പം കൂടും. അവസരം കിട്ടുമ്പോഴൊക്കെ അവരോടു ചോദിക്കും- അല്ല, എങ്ങനെയുണ്ട്, നമ്മുടെ പാട്ടിഷ്ടപ്പെട്ടോ? അവരായിരുന്നു യഥാർഥ കേൾവിക്കാരെന്ന് അദ്ദേഹം പറയുമായിരുന്നു. ഓഡിയൻസിന്റെ പൾസ് അങ്ങനെയാണ് ബർമൻ അറിഞ്ഞിരുന്നത്. താനൊരു ദന്തഗോപുരത്തിൽ ഇരിക്കുന്നയാളാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെയാവണം ദേവ് ബർമൻ എന്ന നാമം ഒപ്പമുണ്ടായിട്ടും മുഖ്യധാരയിലേക്കുയരാൻ അദ്ദേഹത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നത്. അദ്ദേഹത്തിന് ഒട്ടും തിരക്കുണ്ടായിരുന്നില്ല. മരണത്തിലേക്കുള്ള യാത്രയിൽ മാത്രമാണ് അദ്ദേഹം വേഗം നടന്നത്. 1994 ജനുവരി നാലിന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നമ്മളൊക്കെ എത്ര കാത്തിരുന്നാലാണ് ഇനി അതുപോലൊരു സംഗീതകാരനേയും അതുപോലുള്ള പാട്ടുകളും കിട്ടുന്നത്...!

തുടക്കത്തിൽ കേട്ട പാട്ടിലേക്കു തിരിച്ചുപോകാം. എക് ലഡ്കീ കോ ദേഖാ തോ..- കുമാർ സാനു പാടുന്നു. അഞ്ചോ ആറോ മിനിറ്റുകൊണ്ടാണ് പഞ്ചം ദാ ഈ പാട്ടിന്റെ ഈണമൊരുക്കിയതെന്നു കേട്ടാൽ വിശ്വസിക്കാൻ കഴിയുമോ? പാട്ടെഴുതിയ ജാവേദ് അക്തർ തന്നെ അതുറപ്പിക്കുമ്പോൾ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ!

ജാവേദ് അക്തറിന്റെ ഒരോർമകൂടി പങ്കുവയ്ക്കട്ടെ: 'എനിക്കോർമയുണ്ട്, ഒരു സന്ധ്യക്ക് ഞാൻ അദ്ദേഹത്തിന്റെ മ്യൂസിക് സ്റ്റുഡിയോയിൽ എത്തുമ്പോൾ അദ്ദേഹം ഒറ്റയ്ക്കിരിക്കുകയായിരുന്നു. ഹെഡ്‌ഫോണിൽ എന്തോ കേട്ടുകൊണ്ടാണ് ഇരിപ്പ്. ഹെഡ്‌ഫോൺ എനിക്കു കൈമാറി അദ്ദേഹം പറഞ്ഞു-
കുഛ് നാ കഹോ
(1942 എ ലവ് സ്‌റ്റോറി) ഞാൻ കുമാർ സാനുവിനെക്കൊണ്ട് ഒന്നുകൂടി ഡബ് ചെയ്യിച്ചു. ഇപ്പോൾ കേട്ടുനോക്കൂ.. എന്നിട്ടദ്ദേഹം എന്നെ ആ പാട്ടുകേൾപ്പിച്ചു. നമ്മളെല്ലാം ഇപ്പോൾ കേൾക്കുന്ന പാട്ട്. അദ്ദേഹം നല്ല ആത്മവിശ്വാസത്തിലായിരുന്നു, ഒരു വിസ്മയഭാവം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. എന്നിട്ടു പറഞ്ഞു- ഈ സിനിമയൊന്ന് റിലീസാവട്ടെ! അതു സംഭവിച്ചു., വലിയ ഹിറ്റായി.. ഒരു നാഴികക്കല്ലുതന്നെയായി. പക്ഷേ അതുകാണാൻ അദ്ദേഹം ഇല്ലായിരുന്നു'.

(ദീപിക പത്രാധിപസമിതി അംഗമാണ് ലേഖകൻ).