പുരിയിലേക്കൊരു ബുള്ളറ്റ് യാത്ര

വിശാഖപട്ടണത്ത് നിന്ന് പുരിവരെ ബുള്ളറ്റിൽ നടത്തിയ യാത്ര- ബിനീഷ് ബാലചന്ദ്രൻ എഴുതുന്നു.

പുരിയിലേക്കൊരു ബുള്ളറ്റ് യാത്ര

ബിനീഷ് ബാലചന്ദ്രൻ

ലീവ് കിട്ടിയപ്പോൾ മുന്നിലുണ്ടായിരുന്നത് രണ്ട് ഓപ്ഷൻ. ഒന്നാമത്തേത് നാട്ടിൽ പോകാം എന്നതായിരുന്നു. എന്നാൽ വിശാഖപട്ടണത്തുനിന്ന് നാട്ടിൽ പോയി വരാൻ നാല് ദിവസം പോരാ. ബൈക്കിൽ നാല് ദിവസം കൊണ്ട് പോയി വരാവുന്ന സ്ഥലങ്ങളെക്കുറിച്ചായി അടുത്ത ആലോചന. ഒരുപാട് കാലമായി പോകാനാഗ്രഹിച്ചിരുന്ന പുരിയിലേക്ക പോകാമെന്ന് അവസാനം തീരുമാനിച്ചു. വിശാഖപട്ടണത്തുനിന്ന് 500 കിലോ മീറ്റർ ദൂരമുണ്ട് പുരിയിലേക്ക്. ബൈക്ക് ഫിറ്റ് ആണ്, എന്നാലും ബൈക്ക് ഒന്നുകൂടെ ചെക്ക് ചെയ്യിച്ചു. സ്‌പെയർ വലതും കൊണ്ട് പോകണോ എന്ന് മെക്കാനിക്കിനോട് ചോദിച്ചു. 500km ആല്ലേ ഒള്ളു, അതിന്റെ അവശ്യമില്ലെന്ന് പുള്ളി. എന്നാപ്പിന്നെ വിട്ടേക്കാമെന്ന് ഞാൻ.


എല്ലാം കഴിഞ്ഞ് വണ്ടി സ്റ്റാർട്ട് ആക്കുമ്പോ മണി മൂന്ന്. പറക്കാൻ തന്നെ തീരുമാനിച്ചു. നല്ല കാലാവസ്ഥയാണ്. എന്നാൽ ഹൈവേയിൽ നല്ല തിരക്കാണ്. ട്രാഫിക് മൂലം 300 കിലോ മീറ്റർ അകലെയുള്ള പ്ളാസ എന്ന സ്ഥലത്ത് ഒരു റൂം എടുത്തപ്പോൾ മണി രാത്രി ഒൻപത്. റൂമെടുത്ത് നല്ല ഒന്നാന്തരം ഭക്ഷണവും കഴിച്ചു. വിശാഖപട്ടണത്ത് കിടക്കുന്ന എനിക്ക് പരിചിതമായ ഭക്ഷണമാണ്. ദാൽക്കറിയും ചപ്പാത്തിയും. കൂട്ടിന് സവാളയും നല്ല എരിവുള്ള പച്ചമുളകും. ചായ വേണോ നന്നായി ഉറങ്ങാൻ പാകത്തിന് ചൂടൻ എന്തേലും വേണോ എന്നാലോചിച്ചശേഷം ചൂടനിലേക്ക് കടന്നു. നല്ല നാടൻ ചൂടനും അകത്താക്കി ഉറങ്ങാൻ കിടന്നു.

ദീർഘയാത്രയുടെ ക്ഷീണത്തിൽ നന്നായി ഉറങ്ങി. നാട്ടിലെപ്പോലെ കൊതുകൊന്നും അത്ര ശല്യമില്ല. ഒരു അന്യനാട്ടുകാരനെ അവർ വെറുതെ വിട്ടതാണോ എന്നും സംശയമുണ്ട്. എന്തായാലും നന്നായി ഉറങ്ങിയെഴുന്നേറ്റപ്പോൾ തന്നെ ചൂട് ചായ അകത്താക്കി. ഫോണിൽ ജിപിഎസ് വെച്ചാണ് യാത്ര. വഴി തെറ്റി എങ്ങോട്ടേലും പോയി തിരിച്ചുവരാനും ആരോടെങ്കിലും വഴി ചോദിച്ച് ചോദിച്ച് ലാലേട്ടനെ പോലെ പോകാനും വയ്യാത്ത കൊണ്ടാണ് ജിപിഎസ് ഇട്ടത്. എന്നാൽ ജിപിഎസ് തന്നെ പണിതന്നു. നെറ്റ്‌വർക്കാണ് പണി തന്നത്. ജിപിഎസ് കിട്ടുന്നില്ല. റോഡിലെ സൈൻ ബോർടുകൾ നോക്കി ലാലേട്ടനെപ്പോലെ തന്നെയാണ് യാത്ര. കുറച്ച് കഴിഞ്ഞപ്പോൾ മനസിലായി; വഴി തെറ്റി.

puri_2മുപ്പത് കിലോമീറ്റർ മുമ്പ് തിരിയണമായിരുന്നു. റോഡുപണി കാരണം സൈൻ ബോർഡുകൾ കണ്ടില്ല. അതാണ് പണിയായത്. ഇനി തിരിച്ചുപോണം. വണ്ടി തിരിച്ചു. ഹൈവേന്നു ടേൺ ചെയ്തു, അവിടെയും റോഡ് പണി നടക്കുന്നു, 5km ഓഫ് റോഡ് ആണെന്ന് അവിടുണ്ടായിരുന്ന ഒരു ഒറീസക്കാരൻ പറഞ്ഞു.

ഇതിനിടയിൽ ഒരു ഓഫ് റോഡ് യാത്ര ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഓഫ് റോഡിൽ വണ്ടിയോടിക്കുന്ന ഒരുപാട് പുലി കൂട്ടുകാരുണ്ട്. അവരുടെ ഓഫ് റോഡ് യാത്രയുടെ വിശേഷങ്ങൾ ഒരുപാട് കേട്ടിട്ടുമുണ്ട്. എന്നാൽ ഓഫ്‌റോഡ് യാത്ര ഈ പറയുന്നപോലെ അത്ര സുഖമുള്ള പണിയല്ല. ഓഫ്‌റോഡ് യാത്ര രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾതന്നെ പണി കിട്ടി. മുന്നോട്ട് പോയി കഴിഞ്ഞ പാടെ വണ്ടീടെ ക്ലച്ച് കേബിൾ നൈസ് ആയിട് പണി തന്നു. അത് പൊട്ടിപ്പൊയി.

ഇനിയെന്ത്? ഏതൊരു യാത്രികനും, പ്രത്യേകിച്ച് ബൈക്ക് യാത്രികൻ ചോദിച്ച് പോകുന്ന ചോദ്യമുണ്ട്. സിനിമയിൽ ആണെങ്കിൽ ബ്രേക്ക് പൊട്ടിയ സ്ഥലത്തിന് സമീപത്തുതന്നെ, അല്ലെങ്കിൽ കുറച്ചകലെ ചെറിയൊരു വർക്ക് ഷോപ്പ് കാണും. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ മനപൂർവ്വം വണ്ടി പഞ്ചറാക്കി പണി തരുന്നതും കണ്ടതാണല്ലോ. ഇത് കഥ അതൊന്നുമല്ല, വണ്ടി തന്നെ പണി തന്നതാണ്. ലഗ്ഗേജ് ഉള്ളത് കൊണ്ട് ക്ലച്ച് ഇല്ലാതെ ഓടിക്കാനും പറ്റില്ല. ബൈക്ക് അവിടെ വച്ച് അടുത്ത വന്ന വണ്ടിക്ക് ലിഫ്റ്റടിച്ച് അടുത്ത ചെറിയ ഒരു ടൗണിൽ എത്തി.

ബുള്ളെറ്റിന്റെ സ്‌പെയറോ? അത് വരെ കേട്ടിട്ടില്ലത്തത് എന്തോ കേട്ടത് പോലെ ആ മെക്കാനിക് എന്നെ നോക്കി. ഇവിടെ അതൊന്നും കിട്ടില്ല ഭായ്, ബൈക്ക് വല്ല ഓടോയിലും കയറ്റി പുരിക്ക് വിട്ടോളു, അറിയാവുന്ന ഹിന്ദിയിൽ അയാൾ എന്നോട് പറഞ്ഞു. യാത്ര തുടങ്ങാൻനേരം സ്‌പെയർ എടുക്കണ്ട എന്ന് പറഞ്ഞ മെക്കാനിക്കിനെ മനസ്സിൽ ഒരു നൂറു ചീത്ത വിളിച്ചു. മറ്റൊരു നാട്ടിൽ ബുള്ളറ്റിന്റെ ക്ലച്ച് പൊട്ടി പെരുവഴിയിൽ നിൽക്കുകയെന്ന് പറഞ്ഞാൽ അത് അനുഭവിച്ച് അറിയുക തന്നെ വേണം.

ഈ ശകടവും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. കുറെ ആകുമ്പോൾ ആരായാലും അത്യാവശ്യം പണി പഠിച്ചുപോകും. യുണിവേഴ്‌സൽ ക്ലച്ച കേബിൾ വാങ്ങി, തിരിച്ച ബൈക്കിനടുത്ത എത്തി. പൊട്ടിയ കേബിളിൽ നിന്ന് വയർ ഊരി മാറ്റി, വാങ്ങിയ വയർ കേബിളിനുള്ളിൽ കൂടി കടത്തി സെറ്റ് ചെയ്തു. വണ്ടി റെഡി. എത്രദൂരം ഇങ്ങനെ പോകാൻ സാധിക്കുമെന്ന് അറിയില്ല. ഓഫ്‌റോഡ് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പുരിയിൽ എത്തണം. എത്തിയാലുടൻ ബുള്ളറ്റിന്റെ ക്ലച്ചുതന്നെ വാങ്ങിയിടാനും തീരുമാനിച്ചു. വണ്ടിയുടെ പരിപാടികളൊക്കെ കഴിഞ്ഞതോടെ നല്ല ക്ഷീണമായി. എന്നാലും വണ്ടി വിടാൻ തന്നെ തീരുമാനിച്ചു. ഇനി പുരിയിൽ ചെന്നെ നിൽക്കു.

ഉച്ചകവിഞ്ഞ് പുരിയിൽ എത്തി. ആഹാരം കഴിച്ചു പുരി ജഗന്നാഥനെ വണങ്ങി, ക്യാമറ അകത്ത് കേറ്റാൻ അനുവാദമില്ല. പുരി ജഗനാഥക്ഷേത്രവും അവിടെ നടക്കുന്ന രഥോത്സവും ലോകപ്രസിദ്ധമാണ്. രഥോത്സവത്തിന് ലക്ഷങ്ങൾ വന്ന് പോകുന്ന പുരി ജഗനാഥക്ഷേത്ര സന്നിധിയിൽ ഇപ്പോഴും സജീവമാണ്. ലോകത്തിലെ വിവിധഭാഗങ്ങളിൽ ജഗനാഥനെ വണങ്ങാനും ഭക്തജനങ്ങൾ ഒഴുകുന്നു. സഞ്ചാരികളുമുണ്ട്. ജുലൈ മാസത്തിലാണ് രഥോത്സവം നടക്കുന്നത്. ഒരിക്കലെങ്കിലും രഥോവത്സവത്തിന് വരണമെന്ന് ചെന്നപാടെ തീരുമാനിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ചിര പുരാതനമായ ശില്പങ്ങൾ. കണ്ടിട്ട് പോരാൻ തോന്നിയില്ല.

puri_31078-1148 കാലഘട്ടത്തിൽ ആണ് ജഗന്നാഥ ക്ഷേത്രത്തിന്റെ നിർമിതി നടന്നത്. 1558 വരെ നിർമിതി തുടർന്നു. ജഗനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന് പല പേരുകളുണ്ട്. പുരി സംസ്‌കൃത പദത്തിന് നഗരമെന്നാണ് അർത്ഥം. ഈ നഗരം പല പുരാണങ്ങളിലും പരാമർശിക്കപ്പെടുന്ന സ്ഥലമാണ്. കലിഗ മഹാരാജാവായിരുന്ന 'ആനന്ദവർമൻ ചോടഗംഗ ' ആണ് നിർമാണ പ്രവർതനങ്ങൾക്ക് തുടക്കം കുറിച്ചത്. പുരിയും സമീപപ്രദേശങ്ങളും വളരെ പ്രസിദ്ധമാണ്. പുരി ക്ഷേത്രത്തിന് സമീപമുള്ള ഗ്രാമം ആർട്ട്, ക്രാഫ്റ്റ് ഗ്രാമമായിട്ടാണ് അറിയപ്പെടുന്നത്. കൂടാതെ കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്കും പോകാൻ സാധിക്കും.

കൊണാർക്കിൽ കൂടി പോകാൻ തീരുമാനിച്ചാണ് ഇറങ്ങിയത്. കുറച്ച് സമയം പുരിയിൽ ചെലവഴിച്ചശേഷം കൊണാർക്കിലേക്ക് പോയി. 36 കിലോമീറ്റാണ് പുരിയിൽനിന്ന് കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക്. ബാലുകണ്ഡ് കൊണാർക്ക് റിസർവ്വ് ഫോറസ്റ്റിന്റെ ഉള്ളിൽ കൂടിയാണ് കൊണാർക്കിലേക്കുള്ള വഴി. വൈകുന്നേരം അഞ്ചിന് കൊണാർക്കിലെത്തി. സൂര്യ ക്ഷേത്രം, പതിമൂന്നാം നൂറ്റാണ്ടിലെ മനോഹരമായ മനുഷ്യ നിർമിതി. തീർത്ഥാടകരെക്കാൾ ടൂറിസ്റ്റുകളാണ് കൂടുതൽ.

1255 ൽ മഹാരാജ നരസിംഹദേവ് ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ആധുനിക വാസ്തു വിദ്യയെ വെല്ലുന്ന തരത്തിൽ ആണ് ഈ സൂര്യക്ഷേത്രം നിർമിചിരിക്കുന്നത്. വാത്സ്യായന മഹാർഷിയുടെ കാമസൂത്ര എന്ന മഹാകൃതി ശിൽപ്പങ്ങളായി സൂര്യക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്നും നശിക്കാതെ നിലനില്ക്കുന്നു. 12 ചക്രങ്ങളുള്ള ഒരു രഥത്തിന്റെ മാതൃകയിൽ ആണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കിഴക്ക് ദർശനം ഉള്ള ഈ ക്ഷേത്ര കവാടത്തിലാണ് സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുക.

puri_4കുറച്ച് ചിത്രങ്ങൾ പകർത്തി പോകാൻ തീരുമാനിച്ചു. ഭുവനേശ്വറിൽ താമസിക്കാനാണ് പദ്ധതിയിട്ടത്. രാത്രി എട്ട് മണിയായി. ഭുവനേശ്വറിൽ ഇനിയും ഒരുപാടുണ്ട് കാണാൻ.. The soul of incredible India എന്ന് വിളിക്കപ്പെടുന്ന ഒറീസയിൽ.

കൊച്ചിയിൽ നിന്ന് പുരിയിലേക്ക് ട്രെയിൻ സെർവീസുകൾ ഉണ്ട്, അവിടുന്ന് കൊണാർക്കിലേക്ക് 35km ദൂരം ഉണ്ട്. അതല്ലങ്കിൽ ഭുവനേശ്വർ ഇറങ്ങിയാൽ 100Km റിനകത്ത് ആണ് ഈ രണ്ട് ചരിത്ര സ്മരാകങ്ങളും ഉള്ളത്. കൊച്ചിയിൽനിന്ന് ബൈക്കിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് കോസ്റ്റൽ വഴിയാണ്. അടിമാലി, ബോഡിനായ്ക്കനൂർ വഴി പോണ്ടിച്ചേരി എത്തിയശേഷം അവിടെനിന്ന് കോസ്റ്റൽ റൂട്ട് വഴി ചെന്നൈയിൽ എത്തി ആന്ധ്രയുടെ തീരംവഴി പുരിയിലെത്താം. രണ്ടായിരം കിലോ മീറ്ററിന് മുകളിലാണ് ദൂരം. മൂന്നാല് ദിവസംകൊണ്ട് എത്താവുന്ന രീതിയിൽ യാത്രയ്ക്കുള്ള പദ്ധതിയിടാം.

Story by