ഗുല്‍ബര്‍ഗ് കൂട്ടക്കൊല: കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിച്ചതെങ്ങനെ

ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പ്രകോപനമുണ്ടാക്കിയതാണ് 69 പേരുടെ കൊലയ്ക്ക് കാരണമെന്ന നാണംകെട്ട വാദമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഏറ്റവും അപകടകരമായ തന്ത്രവും. നിര്‍ഭാഗ്യമെന്ന് പറയട്ടേ, ഇത് തന്നെയാണ് ഫാസിസത്തിന്റെ ശക്തിയും

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിച്ചതെങ്ങനെ

പ്രസാദ്‌ ചാക്കോ

2002 ലെ ഗുജറാത്ത് കലാപ സമയത്ത് അഹമ്മദാബാദിലെ മുസ്ലീങ്ങള്‍ താമസിക്കുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു കൂട്ടം ഹിന്ദു തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്. കേസിലെ 24 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അലഹബാദ് പ്രത്യേക കോടതി 36 പേരെ വെറുതെ വിട്ടു. 69 പേരെ ചുട്ടുകൊന്ന സംഭവത്തില്‍ പരല്‍മീനുകളായ 24 പേരെ കുറ്റക്കാരെന്ന് വിധിച്ചതിലൂടെ 2002 ഗുജറാത്തിലെ മുസ്ലീങ്ങള്‍ക്ക് നേരെ വിഎച്ച്പി-ബജ്റംഗ്ദള്‍ ബുദ്ധികേന്ദ്രങ്ങള്‍ നടത്തിയ കൊടുംക്രൂരതകളാണ് മറച്ചുവെക്കപ്പെടുന്നത്. 2002 ലെ ഗുജറാത്ത് കലാപം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും എന്‍എച്ച്ആര്‍സിയും നല്‍കിയ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായിരുന്ന ഹരീഷ് സാല്‍വേ സ്വീകരിച്ച നിഷ്‌ക്രിയ നിലപാടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആദ്യം വിജയം. തുടര്‍ന്ന് സുപ്രീംകോടതി ആര്‍കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മോദി ഏല്‍പ്പിച്ച ജോലി ഭംഗിയായ ചെയ്ത് തീര്‍ക്കുക മാത്രമാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത് എന്നതിന് ചരിത്രം സാക്ഷി.

കൂട്ടക്കൊലയില്‍ പങ്കാളികളായ പലരും ശിക്ഷിക്കപ്പെടുകയോ കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ ചെയ്തെങ്കിലും കലാപത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് പലപ്പോഴായി തെളിയിക്കപ്പെട്ട അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ കാഴ്ച്ചയാണ് പിന്നീട് കണ്ടത്. കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ കുറ്റവിചാരണയില്‍ നിന്ന് മോദി രക്ഷപ്പെട്ടെങ്കിലും മോദിക്കെതിരെ കേസെടുക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് സുപ്രീംകോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് അധികമാരും മറന്നിട്ടുണ്ടാകില്ല. മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘപരിവാരവും രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെ നടത്തുന്ന ആക്രമണങ്ങള്‍ 2002 മുതല്‍ നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുകയാണ്. ഗോധ്ര കലാപത്തിന് ശേഷം മോദി സ്വീകരിച്ച നിലപാടുകള്‍, ഗോധ്രയില്‍ കൊല്ലപ്പെട്ട കര്‍സേവകരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം, കാബിനറ്റ് മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍, തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും വിഭാഗീയത സൃഷ്ടിക്കാനായി നേതാക്കള്‍ നടത്തുന്ന വിദ്വേശ പ്രസംഗങ്ങളുമെല്ലാം ഹിന്ദുത്വ ഫാസിസ്റ്റുകളുടെ തന്ത്രമാണ്.

സമൂഹത്തിന്റെ എല്ലാ കോണുകളിലും സ്വാധീനം ചെലുത്തി ഭൂരിപക്ഷ താത്പര്യം സ്ഥാപിക്കുന്നതിനും അവര്‍ നിശ്ചയിക്കുന്ന 'ദേശീയത' എന്ന അജണ്ടയിലേക്ക് സമൂഹത്തെ എത്തിക്കാനും ഹിന്ദുത്വ ശക്തികള്‍ തീവ്രമായി ശ്രമിക്കുന്ന ഇരുണ്ട കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അതിനാല്‍തന്നെ ഈ കാലഘട്ടത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടും.

ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിലും മതേതരത്വത്തിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇഹ്സാന്‍ ജെഫ്രി. 'സുരക്ഷിതമായ' ഇടം തേടിപ്പോകാതെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട അസര്‍വ ചമന്‍പുരയില്‍ ഗുല്‍ബര്‍ ഹൗസിംഗ് സൊസൈറ്റി സ്ഥാപിക്കുകയും അവിടെ സമാധാനപരമായി ജീവിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. മോദിയുടെ കൊലപാതക 'യന്ത്രങ്ങള്‍' ജെഫ്രിയെയടക്കം 69 പേരെ ഹൗസിംഗ് സൊസൈറ്റിയിലെത്തി ചുട്ടുകൊല്ലുന്നത് വരെ സമാധാനപരമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. എന്നാല്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പ്രകോപനമുണ്ടാക്കിയതാണ് 69 പേരുടെ കൊലയ്ക്ക് കാരണമെന്ന നാണംകെട്ട വാദമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇരകളുടെ തലയില്‍ കെട്ടിവെക്കുന്ന തന്ത്രപരമായ നീക്കമാണിത്. ഏറ്റവും അപകടകരമായ തന്ത്രവും. നിര്‍ഭാഗ്യമെന്ന് പറയട്ടേ, ഇത് തന്നെയാണ് ഫാസിസത്തിന്റെ ശക്തിയും. ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നപ്പോഴും ഇതേ തന്ത്രമാണ് സംഘപരിവാരം ഉപയോഗിച്ചത്. ബീഫ് ഉപയോഗിച്ചെന്ന വാദത്തിന് പ്രഥമ പരിഗണന നല്‍കുക. അഖ്ലാഖിന്റെ കൊലപാതകം എപ്പോഴും പരിഗണിക്കപ്പെടുന്നത് രണ്ടാമതായി മാത്രമാണ്. മുസാഫര്‍ നഗറിലും ഇതുതന്നെയാണുണ്ടായത്. മുസ്ലീങ്ങള്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണങ്ങളും ബലാത്സംഗങ്ങളും രണ്ടാമതാവുകയും ക്രമസമാധാനം തകര്‍ന്നത് വലിയ വിഷയവുമായി!

ഇപ്പോള്‍ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലെ കോടതി വിധിയോടെ ഏറ്റവും ഒടുവിലത്തേതും വന്നു. കലാപത്തിന് നേതൃത്വം നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സംഘപരിവാരത്തിന്റെ ഉന്നതന്മാരെ രക്ഷിച്ച് ചെറിയ മീനുകളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു! ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ബിപിന്‍ പട്ടേല്‍, പോലീസ് ഇന്‍സ്പെക്ടര്‍ കെജി എര്‍ദ തുടങ്ങിയ പ്രമുഖരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു. അക്രമാസക്തരായ ആള്‍ക്കൂട്ടം ഹൗസിംഗ് സൊസൈറ്റിയെ വളഞ്ഞപ്പോള്‍ സഹായത്തിനായി ജെഫ്രി പോലീസിനേയും നരേന്ദ്ര മോദിയെടക്കം വിളിച്ചിട്ടും നിഷ്‌ക്രിയരായി നിന്ന് കൂട്ടക്കൊലയ്ക്ക് കൂട്ട് നില്‍ക്കുകയാണ് പോലീസും ഭരണകൂടവും ചെയ്തത്. 69 പേരെ ചുട്ടുകൊന്ന സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കണ്ടെത്തിയ കോടതിക്ക് വേണ്ടിയിരുന്നത് തെളിവുകള്‍ മാത്രമായിരുന്നു. കൃത്യമായുള്ള പദ്ധതിയനുസരിച്ച് നടന്ന കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗിലുണ്ടായത്. ഗാസ് സിലിണ്ടര്‍ ഉപയോഗിച്ച് സൊസൈറ്റിയുടെ മതിലുകള്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചു കയറിതിനെ പെട്ടന്നുണ്ടായ വികാരത്തിന്‍മേല്‍ ചെയ്തതായി കാണാനാകില്ല. കലാപ സമയത്തുണ്ടായ ബലാത്സംഗങ്ങളും യാദൃശ്ചിക സംഭവങ്ങളല്ല. 2002 ല്‍ ഗുജറാത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന കലാപ ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിക്കുറിക്കുന്നതുമാണ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും കോടതി വിചാരണകളും ഒടുവില്‍ ഗുല്‍ബര്‍ കൂട്ടക്കൊലയില്‍ വന്ന വിധിയുമെല്ലാം. കലാപത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ എങ്ങനെ ചരിത്രപരമായി രക്ഷപ്പെട്ടു എന്ന് ഈ വിധിയിലൂടെ മനസ്സിലാക്കാം.

നരോദപാട്യ കേസ് മാത്രമാണ് ഇതില്‍ നിന്നും അല്‍പ്പമെങ്കിലും വ്യത്യസ്തമാകുന്നത്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മന്ത്രിയേയും വിഎച്ച്പി നേതാവിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടായിരുന്നു വിധി വന്നത്. പക്ഷേ, ഈ കേസിലും കൂടുതലായി ശിക്ഷിക്കപ്പെട്ടത് കലാപത്തിന് ഉപയോഗിച്ച ഉപകരണങ്ങളായ മനുഷ്യരെ മാത്രമായിരുന്നു. ഗുജറാത്തിലെ ചാരാസ് എന്ന താഴ്ന്ന വിഭാഗത്തില്‍ പെട്ട ദരിദ്രരായ കുറച്ച് പേരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. ജീവപര്യന്തത്തിന് ശിക്ഷിച്ച മായാ കോട്നാനി അധികം വൈകാതെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന കാഴ്ച്ചയും നാം കണ്ടു. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രമുഖനായ ബാബു ബജ്റംഗിക്ക് ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും ഇതിനകം നിരവധി തവണ അദ്ദേഹം പരോള്‍ ലഭിച്ച് പുറത്തിറങ്ങി. പരോള്‍ എന്ന ആശയത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ളതാണിത്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം കൊലപാതകികളെ രക്ഷിക്കാന്‍ സംഘപരിവാര്‍ വളരെ കൃത്യമായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനായ ഡിജി വന്‍സാര ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിലൂടെ വ്യക്തമായതും ഇതു തന്നെയാണ്. കാവി തീവ്രവാദത്തിന്റെ ബുദ്ധി കേന്ദ്രങ്ങള്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കും. ഈ കഥ ഇനിയും തുടരുകയും ചെയ്യും.