മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരം നിഷേധിച്ച കുമരകത്തെ പള്ളിക്കെതിരെ പ്രിയങ്ക ചോപ്ര

അന്യമതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണു മേരി ജോണിന്റെ സംസ്കാരം കുമരകത്തെ ആറ്റാമംഗലം സെന്റ് ജോൺസ് ദേവാലയത്തിൽ നടത്താൻ സമ്മതിക്കാതിരുന്നതെന്നും എന്നാൽ രണ്ടുവർഷം മുൻപ് ഇതേ ദേവാലയത്തിൽ എത്തിയ മേരി ജോൺ കുമ്പസാരിക്കുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു

മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരം നിഷേധിച്ച കുമരകത്തെ പള്ളിക്കെതിരെ പ്രിയങ്ക ചോപ്ര

തന്റെ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരം കുമരകത്തെ ദേവാലയ സെമിത്തേരിയിൽ നടത്താൻ സാധിക്കാതിരുന്നതിനെതിരെ ആഞ്ഞടിച്ചുബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കുമരകത്തെ ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിക്കെതിരെയാണ് പ്രിയങ്ക പരസ്യമായി വിമര്‍ശനമുന്നയിച്ചിട്ടുള്ളത്.

ദേവാലയത്തിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്നു പ്രിയങ്ക ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. അന്യമതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണു മേരി ജോണിന്റെ സംസ്കാരം കുമരകത്തെ ആറ്റാമംഗലം സെന്റ് ജോൺസ് ദേവാലയത്തിൽ നടത്താൻ സമ്മതിക്കാതിരുന്നതെന്നും എന്നാൽ രണ്ടുവർഷം മുൻപ് ഇതേ ദേവാലയത്തിൽ എത്തിയ മേരി ജോൺ കുമ്പസാരിക്കുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിനാണു മേരി ജോണ്‍ അഖൗരി മരിച്ചത്. തുടര്‍ന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹ കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്കരിച്ചത്.ആറ്റാമംഗലം ദേവാലയത്തിൽ കുടുംബം സമ്മാനിച്ച രാജാ രവിവർമ വരച്ച പെയിന്റിങ് ഇപ്പോഴുമുണ്ടെന്നും മാമ്മോദീസ സ്വീകരിച്ച ആറ്റാമംഗലം ദേവാലയത്തിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു മേരി ജോൺ ആഗ്രഹിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദേവാലയ അധികൃതർ പറഞ്ഞു. ഇതിനാലാണു മരിച്ചതിനുശേഷം ഇവിടെ സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും അവർ വ്യക്തമാക്കി.