പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടേയും ഓണറേറിയം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; അവസാനമായത് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പ്

പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും ഇതേ ഓണറേറിയം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിപിഐ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി ഉത്തരവില്‍ പറയുന്നു.

പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടേയും ഓണറേറിയം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; അവസാനമായത് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പ്

പതിറ്റാണ്ടുകള്‍ നീണ്ട നിവേദനങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ സംസ്ഥാനത്തെ പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ ഓണറേറിയം 9000 ആയും ആയമാരുടേത് 6000 രൂപയുമായാണ് വര്‍ദ്ധിപ്പിച്ച് ഉത്തരവായത്. പ്രൊഫ. സി രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായി അധികാരത്തിലേറി ആദ്യമായി ഒപ്പുവെച്ച ഫയല്‍ സംസബന്ധിച്ച ഉത്തരവ് ശനിയാഴ്ചയാണ് ഇറങ്ങിയത്.


പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും ഇതേ ഓണറേറിയം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിപിഐ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി ഉത്തരവില്‍ പറയുന്നു.

1980 ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് എല്‍പി സ്‌കൂളുകളില്‍ പ്രീ- പ്രൈമറി സംവിധാനം നിലവില്‍ വരുന്നത്. പ്രസ്തുത സ്‌കൂളിലെ പ്രധാനധ്യാപകരുടെ നേതൃത്വത്തിലുള്ള പിടിഎയ്ക്കായിരുന്നു അന്ന് അധ്യാപകരേയും ആയമാരേയും നിയമിക്കാനുള്ള ചുമതലയുണ്ടായിരുന്നത്. എന്നാല്‍ പ്രീ-പ്രൈമറി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ കുട്ടികളില്‍ നിന്നും പിടിഎ വഴി തുക പിരിച്ചെടുക്കാനായിരുന്നു തീരുമാനം ഉണ്ടായത്. ഈ തീരുമാനം അന്ന് ചെറുതല്ലാത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

2006 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം അനുവദിച്ച് ഉത്തരവായത്. എന്നാല്‍ തുടര്‍ന്നുവന്ന യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഓണറേറിയം ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അനുകൂലനടപടിയുണ്ടായില്ല. ഓണറേറിയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈവിട്ടതോടെ അധ്യാപകരും ആയമാരും കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ നിന്നും അധ്യാപകര്‍ക്ക് അനുകൂലമായ ഉത്തരവാണുണ്ടായത്. മാനുഷികപരിഗണന വച്ച് അധ്യാപകര്‍ക്ക് 5000, ആയമാര്‍ക്ക് 3500 രൂപയെങ്കിലും അനുവദിക്കണമെന്നാണ് കോടതി അന്നു പറഞ്ഞത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറാകാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിരത്തിയ വാദഗതികള്‍ കോടതി തള്ളി. ഹൈക്കോടതി ശരിവെച്ച മാനുഷ്യത്വപരമായ കാര്യം നടത്തിക്കൊടുക്കാതെ ഹര്‍ജിയുമായി സമീപിച്ചതെന്തിനാണെന്ന ചോദ്യവുമായി സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളുകയായിരുന്നു. ഇതോടെ ഹൈക്കോടതി പറഞ്ഞ ഓണറേറിയം നല്‍കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

തുടര്‍ന്ന് ശമ്പളപരിഷ്‌കരണ കമീഷന്‍ വന്നപ്പോള്‍ അധ്യാപകരും ആയമാരും ഓണറേറിയ വര്‍ധനയ്ക്കായി കമീഷനെ സമീപിച്ചു. ശമ്പളകമ്മീഷന്‍ ഇക്കാര്യം പഠിക്കുകയും വേതന വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇക്കാലമത്രയും അതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ആ ഒരു കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ അയ്യായിരത്തോളം അധ്യാപകര്‍ക്കും ആയമാര്‍ക്കും ഉത്തരവിന്റെ ഗുണം ലഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ അംഗം എ ജെ സുകര്‍ണോ പറഞ്ഞു.