ഹരിപ്പാട് കളമൊരുങ്ങിയത് പരിയാരം മോഡൽ കൊള്ളയ്ക്ക്; രേഖകൾ പുറത്ത്

സർക്കാർ ഏറ്റെടുത്തു നൽകുന്ന സ്ഥലത്ത് സർക്കാർ ചെലവിൽ ആശുപത്രിയും പണിത് സ്വകാര്യവ്യക്തികൾക്ക് മെഡിക്കൽ കോളജ് സീറ്റ് കച്ചവടം ചെയ്യാൻ അനുവദിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത തട്ടിപ്പായിരുന്നു ഹരിപ്പാട് മെഡിക്കൽ കോളജ് എന്ന് പുറത്തുവന്ന രേഖകൾ തെളിയിക്കുന്നു

ഹരിപ്പാട് കളമൊരുങ്ങിയത് പരിയാരം മോഡൽ കൊള്ളയ്ക്ക്; രേഖകൾ പുറത്ത്

തിരുവനന്തപുരം: സർക്കാർ പണമുപയോഗിച്ച് സ്വകാര്യവ്യക്തികൾക്ക് ലാഭമുണ്ടാക്കാനുള്ള പദ്ധതിക്കാണ് ഹരിപ്പാട് അരങ്ങൊരുങ്ങിയത് എന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. എല്ലാ ജില്ലകളിലും പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പുതിയ മെഡിക്കൽ കോളജിനു പദ്ധതിയിട്ടത്. ആലപ്പുഴ ജില്ലയിലെ വണ്ടാനത്ത് പ്രവർത്തിക്കുന്ന സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലത്തിലായിരുന്നു നിർദ്ദിഷ്ട ഹരിപ്പാട് മെഡിക്കൽ കോളജ് പണിയാൻ പദ്ധതിയിട്ടിരുന്നത്. മുൻ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മണ്ഡലമാണിത്. മെഡിക്കൽ കോളജ് പണിയാനുള്ള തീരുമാനത്തെ പരസ്യമായി ന്യായീകരിച്ച് ചെന്നിത്തല ഇന്നലെ രംഗത്തുവന്നിരുന്നു.  ഈ മെഡിക്കൽ കോളജ് പണിയാനെടുത്ത തീരുമാനത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്, ഇപ്പോഴത്തെ സർക്കാർ.


കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ലക്ചററായ ജിനേഷ് പി എസ് ആണ് ഫേസ്ബുക്കിലൂടെ ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.

സാധാരണഗതിയിൽ മെഡിക്കൽ കോളജുകൾ നടത്തുന്നവർ തന്നെ സ്വന്തമായി ആശുപത്രിയും സ്ഥാപിക്കണം. എന്നാൽ ഇവിടെ കഥ വ്യത്യസ്തമാണ്. സർക്കാർ പണം മുടക്കി ഏറ്റെടുത്തു നൽകുന്ന സ്ഥലത്ത് കെട്ടിടം പണിയാനായി കേരള മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഇൻഫ്രാ കമ്പനി രൂപീകരിക്കും. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഈ കമ്പനിക്കാണ്. കമ്പനിയുടെ 26% ഓഹരികൾ മാത്രം സർക്കാരിന്റേതാകും. നാല്പതുകോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനവും അഞ്ചുലക്ഷം രൂപയുടെ പെയ്ഡ് അപ് ക്യാപിറ്റലും സഹിതം നിലവിൽ വരുന്ന ഈ കമ്പനി മെഡിക്കൽ കോളജും നൂറു കിടക്കകളുള്ള പേവാർഡും ലബോറട്ടറിയും പണിയും. മെഡിക്കൽ കോളജിനോടു ചേർന്നുള്ള പേവാർഡും ലബോറട്ടറിയും സ്വാശ്രയ ലാഭകേന്ദ്രം എന്ന നിലയിൽ കമ്പനി നേരിട്ടാവും നടത്തുക.

ഇവിടെ മെഡിക്കൽ കോളജ് നടത്തുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരമുള്ള സൊസൈറ്റി രൂപീകരിക്കും. ഇൻഫ്രേംഡ് എന്ന കമ്പനി കൈമെഡ് എന്ന സൊസൈറ്റിക്ക് സ്ഥലവും അനുബന്ധസൗകര്യങ്ങളും കൂടി മെഡിക്കൽ കോളജ് നടത്തുന്നതിനായി 99 വർഷത്തെ കുത്തകപ്പാട്ടത്തിന് വിട്ടുകൊടുക്കും. ഇവർ ആശുപത്രി നടത്തില്ല.

ആശുപത്രി നടത്തിപ്പിന്റെ ബാധ്യത സർക്കാരിനാണ്. നബാർഡിൽ നിന്നു വായ്പയെടുത്ത് സർക്കാർ നേരിട്ടുവേണം ആശുപത്രി സ്ഥാപിക്കുവാൻ. വായ്പ തിരിച്ചടയ്ക്കേണ്ടതും സർക്കാരിന്റെ ബാധ്യതയാണ്. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പ്രാക്റ്റീസ് നടത്തുന്നതിനുള്ള സൗകര്യം ഇവിടെയാകും ഒരുക്കുക. മെഡിക്കൽ കോളജിന്റെ നടത്തിപ്പ് കൈമെഡിനു മാത്രമാവും ഉണ്ടാവുക. അവർ വിദ്യാർത്ഥി പ്രവേശനത്തിലൂടെയും ഫീസിലൂടെയും ഗവേഷണങ്ങളിലൂടെയും കണ്ടെത്തുന്ന പണത്തിൽ നിന്നു ചെലവു കഴിച്ചുള്ള തുകയിൽ നിന്ന് ഇൻഫ്രേംഡിനു ഡിവിഡന്റും യൂസർ ഫീയും നൽകും. വിദ്യാർത്ഥി പ്രവേശനത്തിന് കൈമെഡ് പണം വാങ്ങുമെന്ന കാര്യം ഇതുസംബന്ധിച്ച രേഖകളിൽ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. തലവരിപ്പണത്തിനെതിരെ നിയമം ഉള്ളപ്പോഴാണിത്.

സ്വകാര്യ വ്യക്തികൾ ചേർന്നു രൂപീകരിച്ച ട്രസ്റ്റിന് സർക്കാർ പണം ഉപയോഗിച്ചു വാങ്ങിയ സ്ഥലം വിട്ടുകൊടുത്ത് സ്വകാര്യ മെഡിക്കൽ കോളജ് സ്ഥാപിക്കുവാനുള്ള പദ്ധതിയായിരുന്നു, പരിയാരത്തേത്. ഇതിനെതിരെ സംസ്ഥാനത്ത് ഉയർന്നുവന്ന വിദ്യാർത്ഥിസമരം ഒടുവിൽ കൂത്തുപറമ്പു വെടിവെപ്പിലാണ് കലാശിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും സഹകരണമന്ത്രിയായിരുന്ന എം വി രാഘവനും വ്യക്തികളെന്ന നിലയിൽ ഡയറക്റ്റർ ബോർഡിൽ എത്തുന്ന സ്വകാര്യ ട്രസ്റ്റിനായിരുന്നു പരിയാരം കോളജിന്റെ ഉടമസ്ഥാവകാശം. തുടർന്നുവന്ന ഇ കെ നായനാർ സർക്കാർ കോളജ് ഏറ്റെടുത്ത് സഹകരണസംഘത്തിനെ ഭരണച്ചുമതല ഏൽപ്പിക്കുകയായിരുന്നു. അതിനേക്കാൾ സങ്കീർണമാണ് ഹരിപ്പാട് മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടെയും നില. കൈ നനയാതെ മീൻ പിടിക്കാൻ കുറേ ബിസിനസുകാർക്ക് വഴിവിട്ടു സഹായം ചെയ്യാനുള്ള നീക്കമാണ്, ഈ പദ്ധതിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ പിണറായി വിജയൻ മന്ത്രിസഭ പൊളിച്ചത്.

2012 ഏപ്രിൽ 11നു തന്നെ ഹരിപ്പാട് പി-പി-പി മോഡലിൽ മെഡിക്കൽ കോളജിന് ഭരണാനുമതി ലഭിച്ചിരുന്നു. GO (MS) No:110/2012/H&FWD ആയിറങ്ങിയ ഉത്തരവനുസരിച്ച് ട്രാവൻകൂർ-കൊച്ചിൻ ചാരിറ്റബിൾ, സയന്റിഫിക് ആൻഡ് ലിറ്ററി സൊസൈറ്റീസ് ആക്റ്റ് പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളടങ്ങുന്ന സൊസൈറ്റിക്കായിരുന്നു കോളജിന്റെ നടത്തിപ്പു ചുമതല. പിന്നീട് 2012 ജൂലായ് 28ലെ GO (MS) No: 241/2012/H&FWD പ്രകാരം ഇറങ്ങിയ പുതുക്കിയ ഉത്തരവിലാണ്, സൊസൈറ്റിയുടെ സ്ഥാനത്ത് ഇൻഫ്രേംഡ് എന്ന കമ്പനി വരുന്നത്. കൈമെഡിന്റെ എംഒഎ അംഗീകരിക്കുന്നതും ഈ ഉത്തരവിലൂടെയാണ്.

തുടർന്ന് 2013 മെയ് 31ന് GO (Rt) No: 3140/2013/RD എന്ന ഉത്തരവിലൂടെ മെഡിക്കൽ കോളജിനായി എൻടിപിസിയുടെ കൈവശമിരുന്ന 10.5340 ഹെക്റ്റർ സ്ഥലം ഏറ്റെടുത്തു. ഇതിനെതിരെ എൻടിപിസി സുപ്രീം കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചതോടെ മറ്റു സ്ഥലങ്ങൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ചീഫ് സെക്രട്ടറിയും ജില്ലാ കളക്റ്ററും പുതിയ മെഡിക്കൽ കോളജുകൾക്കായുള്ള സ്പെഷ്യൽ ഓഫീസറും അടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധിച്ച ശേഷം കരുവാറ്റ വില്ലേജിലെ കാർത്തികപ്പള്ളി താലൂക്കിൽ 10.1173 ഹെക്റ്റർ സ്ഥലം വാങ്ങാൻ തീരുമാനമായി. ഇതിനായി കണ്ടെത്തിയ സ്ഥലം പാടശേഖരമായിരുന്നു എന്നും ഇവിടെ നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചു മാത്രമേ കെട്ടിടംപണിയാനാകൂ എന്നുമിരിക്കെയാണ്, നിസ്സാരവില മാത്രമുള്ള ഇവിടെ വലിയ തുകയ്ക്ക് കച്ചവടമുറപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഏതായാലും 2015 ഒക്ടോബർ 26ന് GO (MS) No:221/2015/H&FWD പ്രകാരം 25 കോടി രൂപ ഈയാവശ്യത്തിനായി ഖജനാവിൽ നിന്ന് അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കുന്നതിനായി ഇതിൽ നിന്ന് 15 കോടി രൂപ അതേ ദിവസം തന്നെ GO (Rt) No:3483/2015/H&FWD പ്രകാരം ആലപ്പുഴ ജില്ലാ കളക്റ്റർക്ക് റിലീസ് ചെയ്തു കൊടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് GO (Rt) No:2552/2015/H&FWD ഇൻഫ്രേംഡ് കമ്പനി പുനഃക്രമീകരിക്കുകയും ഡയറക്റ്റർമാരുടെ മാറ്റം അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് ഓഹരികൾ മാറ്റിനൽകി. ഓഗസ്റ്റ് 12നു ചേർന്ന ഡയറക്റ്റർമാരുടെ യോഗത്തിൽ വച്ചാണ് പകൽക്കൊള്ളയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ കമ്പനി ഔദ്യോഗികമായി കൈക്കൊള്ളുന്നത്. ഭൂമി സർക്കാർ ഏറ്റെടുത്തു കൈമാറണമെന്നും പകരമായി 26% ഓഹരി സർക്കാരിനു നൽകുമെന്നുമായിരുന്നു ആദ്യ തീരുമാനം. സ്വകാര്യ മൂലധനം ഉപയോഗിച്ച് 100 കിടക്കകളോടെ പേവാർഡും ലബോറട്ടറിയും പണിയാനും തീരുമാനിച്ചു. മെഡിക്കൽ കോളജ് പണിത ശേഷം ഭൂമിയും കെട്ടിടവും കൈമെഡിന് 99 വർഷത്തെ കുത്തകപ്പാട്ടത്തിനു കൈമാറാനുള്ള തീരുമാനവും ഡയറക്റ്റർ ബോർഡ് കൈക്കൊണ്ടു. നബാർഡിന്റെ വായ്പ തരപ്പെടുത്തി സർക്കാർ ആശുപത്രി പണിയുമെന്നും വായ്പ സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നും ധാരണയാക്കി. കൈമെഡ് സ്വതന്ത്രമായി മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കുമെന്നും ഇൻഫ്രേംഡിന് വാർഷിക പാട്ടത്തുകയോ ഉപയോഗക്കരമോ നൽകുമെന്നും തീരുമാനമായി. അഡ്മിഷനായി വിദ്യാർത്ഥികളിൽനിന്നു പണം വാങ്ങാൻ കൈമെഡിന് അനുമതി നൽകി. കൂടാതെ പണത്തിനായി ഗവേഷണവും നടത്താം. അടിസ്ഥാനസൗകര്യ വികസനത്തിന് സ്വീകരിച്ച വായ്പയുടെ തിരിച്ചടവിനായും ലാഭവിഹിതമായും പ്രവർത്തനലാഭത്തിൽ നിന്നു ചെലവു കഴിച്ചുള്ള തുക കൈമെഡ് ഇൻഫ്രേംഡിനു കൈമാറും എന്നും തീരുമാനിച്ചു. സ്വാശ്രയ ലാഭകേന്ദ്രമായി നൂറു കിടക്കകളുള്ള പേവാർഡും ലബോറട്ടറിയും കമ്പനി നേരിട്ടു നടത്തും എന്നുംതീരുമാനമായി. പണം മുടക്കാൻ തയ്യാറായവരുടെ പട്ടിക ആഭ്യന്തര, വിജിലൻസ് വകുപ്പുകൾക്ക് ക്ലിയറൻസിനായി നൽകാനും ടി വകുപ്പുകൾ ഇവരുടെ സാമ്പത്തികസ്രോതസ് അന്വേഷിച്ച് ഉറപ്പുവരുത്താനും ഡയറക്റ്റർ ബോർഡ് തീരുമാനിച്ചു.

ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2015 ഡിസംബർ 17ന് പുറത്തിറക്കിയ GO (MS) No:295/2015/H&FWD എന്ന ഉത്തരവിലൂടെ ടി നടപടികൾ സർക്കാർ അംഗീകരിക്കുകയും ഇൻഫ്രേംഡിന്റെ ഡയറക്റ്റർ ബോർഡിലെ മാറ്റത്തിന് അനുസൃതമായി ഓഹരി പുനഃക്രമീകരണം അനുവദിക്കുകയുമുണ്ടായി. ഇൻഫ്രേംഡിന്റെ ഓഹരി മൂലധനം 40 കോടിയിൽ നിന്ന് 80 കോടിയായി ഉയർത്തുകയായിരുന്നു, മറ്റൊരു തീരുമാനം. സ്വകാര്യ വ്യക്തികളിൽ നിന്ന് മൂലധനനിക്ഷേപം സ്വീകരിക്കാനും നിക്ഷേപമൂല്യത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഡയറക്റ്റർ പദവി നൽകാനും സർക്കാർ അനുമതി നൽകി. ടി ഉത്തരവിലൂടെ നിർദ്ദിഷ്ട നിക്ഷേപകരുടെ പട്ടിക സർക്കാർ അംഗീകരിക്കുകയും ചെയ്തു. സർക്കാർ വായ്പ തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയിൽ നബാർഡ് വായ്പ വാങ്ങി സർക്കാർ മേഖലയിൽ ആശുപത്രി സ്ഥാപിക്കാനും ഇതേ ഉത്തരവിലൂടെ തീരുമാനമായി. സർക്കാരിനു വേണ്ടി സെക്രട്ടറി കെ ഇളങ്കോവനാണ് ഉത്തരവിൽ തുല്യം ചാർത്തിയിരിക്കുന്നത്.

മേൽസൂചിപ്പിച്ച ഉത്തരവു പ്രകാരം മെഡിക്കൽ കോളജിലെ സ്വകാര്യ നിക്ഷേപകരും തദ്വാരാ ബോഡ് ഓഫ് ഡയറക്റ്റേഴ്സിൽ അംഗങ്ങളാവുകയും ചെയ്യുന്ന ബിസിനസുകാരുടെ പട്ടിക ചുവടെ:

കെ സി മേനോൻ, കൊച്ചി
ഷംസീർ വിപി, ചാലപ്പുറം, കോഴിക്കോട്
ഡോ. പനംതറയിൽ അഹ്മദ് ഹാജി സിദ്ദീഖ്, മാങ്കര, പാലക്കാട്
ആർ ഹരികുമാർ, നീർക്കുന്നം, ആലപ്പുഴ
ജോൺ മത്തായി, കായംകുളം, ആലപ്പുഴ
ബേബി തങ്കച്ചൻ, മാവേലിക്കര
പ്രവീണ, കായംകുളം
അലിയാർ അബ്ദുൾ മജീദ്, കാർത്തികപ്പള്ളി, ആലപ്പുഴ
ശ്യാമപ്രകാശം, കണ്ടല്ലൂർ
വി ചന്ദ്രൻ, തൃക്കുന്നപ്പുഴ
ഇ ദിലീപ് ഇബ്രാഹിം, കരുവാറ്റ
രവീന്ദ്രൻ എം, തൃപ്പൂണിത്തുറ, എറണാകുളം
ആർ കെ കുറുപ്പ്, പായിപ്പാട്, ഹരിപ്പാട്
ആർ മണികുമാർ, സ്റ്റേഡിയം വാർഡ്, ആലപ്പുഴ
ടി എസ് കലാധരൻ, ഹരിപ്പാട്
ഉമേഷ് മോഹനൻ, കണ്ണാടി, പാലക്കാട്
സോമൻ ചെല്ലപ്പൻ, കാർത്തികപ്പള്ളി, ആലപ്പുഴ
ഡോ. ജിതിൻ ജമീൽ സൈനുലാബ്ദീൻ, തൃക്കുന്നപ്പുഴ, ആലപ്പുഴ
സജീവ് കുമാർ, മാവേലിക്കര, ആലപ്പുഴ
ജോൺ മാത്യു, കായംകുളം, ആലപ്പുഴ
കെ ഡി ഗോപാലകൃഷ്ണൻ, എരുവ, കായംകുളം
വർഗീസ് കുര്യൻ, കുണ്ടന്നൂർ, കൊച്ചി
ജോർജ് എ ജോർജ്, മാവേലിക്കര, ആലപ്പുഴ
ജയകൃഷ്ണൻ നായർ, ചങ്ങനാശ്ശേരി, കോട്ടം

ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

Read More >>