ഇടതുസഹയാത്രികന്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി; ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോസ്റ്ററുകള്‍

ദീര്‍ഘകാലമായി തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന പവനന്‍ കോണ്‍ഗ്രസ് ബീറ്റ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ്. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. ഇതു പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് ഗുണകരമാകുമെന്നാണ് ചെന്നിത്തലയുടെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തര്‍ക്കം പോസ്റ്റര്‍ രൂപത്തില്‍ പരസ്യപ്രതിഷേധമായി രൂപപ്പെട്ടിരിക്കുകയാണ്

ഇടതുസഹയാത്രികന്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി; ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോസ്റ്ററുകള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായി ഇടതുസഹയാത്രികനെ നിയമിച്ചു. കേരള കൗമുദി പൊളിറ്റിക്കല്‍ എഡിറ്റര്‍ ബി.വി.പവനനെയാണ് രമേശ് ചെന്നിത്തല പ്രസ് സെക്രട്ടറിയാക്കിയത്. ഇതിനെതിരെ സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പലയിടത്തും വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രതിപക്ഷനേതാവിനെ കോണ്‍ഗ്രസിനു വേണ്ടെന്നാണ് പോസ്റ്ററിലെ പ്രചരണം. ചെന്നിത്തലയുടെ നടപടിക്കെതിരെ എ ഗ്രൂപ്പും സുധീരന്‍ അനുകൂലികളും രംഗത്തെത്തി.


നേരത്തെ ചെന്നിത്തലയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം കൈകാര്യം ചെയ്തിരുന്ന ഹബീബ്ഖാനെ മാറ്റിയാണ് പുതിയ നിയമനം. ഹബീബ്ഖാന് പുതിയ നിയമനം നല്‍കിയിട്ടുമില്ല. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് പ്രസ് സെക്രട്ടറിയുണ്ടായിരുന്നില്ല. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.എം.ഹബീബ്ഖാനാണ് മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതലയുണ്ടായിരുന്നത്. നേരത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴും ഹബീബിനായിരുന്നു ചെന്നിത്തലയുടെ പബ്ലിക് റിലേഷന്‍സ് ചുമതല. എന്നാല്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തപ്പോള്‍ പ്രസ് സെക്രട്ടറി എന്ന തസ്തികയില്‍ പുതിയ ആളെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പാര്‍ട്ടി മുഖപത്രത്തിലേയും പാര്‍ട്ടി ചാനലിലേയും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇവരെയെല്ലാം ഒഴിവാക്കി ബി.വി.പവനനെ പ്രസ് സെക്രട്ടറിയാക്കാനാണ് ചെന്നിത്തല തീരുമാനിച്ചത്. ഇതോടെയാണ് വിവാദം തുടങ്ങിയത്. വര്‍ഷങ്ങളായി പാര്‍ട്ടി പത്രത്തിലും പാര്‍ട്ടി ചാനലിലും പ്രവര്‍ത്തിച്ചവരെ ഒഴിവാക്കി കോണ്‍ഗ്രസുമായി യാതൊരുതരത്തിലും ബന്ധമില്ലാത്ത ഒരാളെ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിലെ മറ്റു ഗ്രൂപ്പുകളുടെ നിലപാട്. ഇടതു സഹയാത്രികനായി അറിയപ്പെടുന്ന വ്യക്തിയുടെ നിയമനം എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ ചുരുങ്ങിയത് പാര്‍ട്ടി നേതൃത്വവുമായി എങ്കിലും ചര്‍ച്ച നടത്തണമായിരുന്നു എന്നാണ് ഇവരുടെ ആക്ഷേപം. മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് ചെന്നിത്തല നിയമനം നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ ദീര്‍ഘകാലമായി തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന പവനന്‍ കോണ്‍ഗ്രസ് ബീറ്റ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ്. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. ഇതു പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് ഗുണകരമാകുമെന്നാണ് ചെന്നിത്തലയുടെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയ തര്‍ക്കം പോസ്റ്റര്‍ രൂപത്തില്‍ പരസ്യപ്രതിഷേധമായി രൂപപ്പെട്ടിരിക്കുകയാണ്. പ്രസ് ക്ലബ്, സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്റര്‍. ' അന്ന് പ്രശാന്ത്, ഇന്ന് പവനന്‍. ചെന്നിത്തലയുടെ കൂറ് സി.പി.എമ്മിനോടോ' എന്നാണ് ഒരു പോസ്റ്ററിലെ ചോദ്യം. 'സി.പി.എം കൂലി എഴുത്തുകാരനെ ഒപ്പം കൂട്ടിയ പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസിനു വേണ്ട' എന്നാണ് അടുത്ത പോസ്റ്ററിലെ വാചകം. 'ത്രിവര്‍ണ പതാകയെ ചെങ്കൊടിക്ക് അടയറവയ്ക്കരുത്. ഹൂ ഈസ് പവനന്‍' എന്നതാണ് അടുത്ത പോസ്റ്റര്‍. എല്ലാ പോസ്റ്ററുകള്‍ക്ക് അടിയിലും സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരുണ്ട്. ഇടതു സഹയാത്രികന്‍ എന്നതു മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജിന്റെ ചിഹ്നമുള്ള തൊപ്പിയും വച്ചുള്ള ചിത്രം അദ്ദേഹം ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. പുതിയ സ്ഥാനലബ്ധിയോടെ ഇതും ചര്‍ച്ചാ വഷിയമായിട്ടുണ്ട്.

പ്രസ് സെക്രട്ടറി നിയമനം സംബന്ധിച്ച് വിവാദങ്ങളുയരുമ്പോഴും പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ശമ്പളം വൈകി ലഭിക്കുമ്പോഴും അതിന്റെ മുറുമുറുപ്പില്ലാതെ പാര്‍ട്ടി പത്രത്തിലും പാര്‍ട്ടി ചാനലിലും ജോലി ചെയ്യുന്ന നിരവധി കോണ്‍ഗ്രസ് അനുഭാവികളെ മറികടന്ന് നടത്തിയ നിയമനം പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു തിരികൊളുത്തും.