പോൾസ്‌ക്ക അഥവാ പോളണ്ട്

പോളണ്ടിൽ നിന്നുള്ള കോളം തുടങ്ങുകയാണ്. നിവാസ് ബാബു സെൽവരാജ് ചെയ്യുന്ന കോളത്തിൽ പോളണ്ടിന്റെ രാഷ്ട്രീയം, സാഹിത്യം, സിനിമ, സംസ്‌കാരം, ഭക്ഷണം, സംഗീതം എന്നിങ്ങനെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. പോളണ്ട് ഡയറി ആരംഭിക്കുന്നു, ആദ്യലേഖനത്തിൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ മുറിവായ ഓഷ്വിറ്റ്‌സിനെക്കുറിച്ച്..

പോൾസ്‌ക്ക അഥവാ പോളണ്ട്

നിവാസ് ബാബു സെൽവരാജ്

യൂറോപ്പിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഭൂമിശാസ്ത്രപരമായി പ്രധാനപ്പെട്ടതും വളരെ മനോഹരവുമായ ഒരു ഭൂപ്രദേശമാണു പോളണ്ട്. രണ്ട് ലോകമഹായുദ്ധങ്ങളുടെ കഷ്ടപ്പാട് നെഞ്ചേറ്റിയ ആ രാജ്യത്തെയും, അതിന്റെ ചരിത്രത്തെയും, സംസ്‌കാരത്തെയും അവിടത്തെ സിനിമാ/സഞ്ചാര/ രാഷ്ട്രീയ മേഖലകളുമായി ബന്ധപ്പെട്ട് നടന്ന/ നടക്കുന്ന ചലനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഒരു പരമ്പര ആരംഭിക്കുന്നു. ആറ് വർഷത്തോളം പോളണ്ടിൽ ജീവിക്കുകയും അവിടത്തെ ചരിത്ര സാംസ്‌കാരിക മണ്ഡലങ്ങളെ ഹൃദയത്തിലേറ്റുകയും ചെയ്ത ഒരാളാണു ഇതെഴുതുന്നത് എന്നതിനാൽ വൈകാരികമായ ഒരു സമീപനം ആവും ഉടനീളം എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് തുടങ്ങുന്നു.


ഏതൊരു രാജ്യത്തെ കുറിച്ചും എഴുതുമ്പോൾ ആദ്യം എന്തിനേക്കുറിച്ചായിരിക്കണം എഴുതേണ്ടത് എന്ന ഒരു സംശയം ഉണ്ടാവുക സ്വാഭാവികമാണു. പക്ഷെ പോളണ്ടിനെക്കുറിച്ച് ഉള്ള ഈ പരമ്പരയിലെ ആദ്യ കുറിപ്പ് എന്തിനെക്കുറിച്ചാവണം എന്നതിൽ എനിക്കൊരു സംശയവും തോന്നിയില്ല. ഓഷ്വിത്സ് എന്ന മനുഷ്യരാശിയെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ആ നാമത്തെ കുറിച്ചാണു ആദ്യ കുറിപ്പ്. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് അടിസ്ഥാന വിവരമെങ്കിലും അറിയണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ അറിഞിരിക്കേണ്ട അവശ്യം വിവരങ്ങളിൽ/വസ്തുതകളിൽ ഒന്നാണു ഓഷ്വിത്സ് കോൺസണ്ട്രേഷൻ ക്യാമ്പിന്റെയും അതിൽ എരിഞടങ്ങിയ പല ലക്ഷം മനുഷ്യ ജീവനുകളുടെയും കഥ.

poland3ഓഷ്വിത്സ് ബിർകെനോവ് കാമ്പ് 2

പോളണ്ടിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ക്രാക്കോവിയ (ക്രാക്കോ എന്ന് ഇംഗ്ലീഷിൽ)യിൽ നിന്നും ഏകദേശം 30 കിലോമീറ്റർ മാത്രം ദൂരത്തിലാണു ഓഷ്വിത്സ്.നാസി വിരുദ്ധ പോളിഷ് തടവുകാരെയും, മറ്റ് ജ്യൂതരെയും പാർപ്പിക്കാനായി 1940ൽ ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് ഓഷ്വിത്സ് ബിർക്കെനോവ് എന്ന ക്യാമ്പ് നാസി എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്. നാസികളെ എതിർത്ത പോളിഷ് ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരുടെയും എണ്ണ ബാഹുല്യം നിമിത്തം സ്ഥാപന വർഷത്തിന്റെ അവസാനത്തോടെ തന്നെ പതിനായിരത്തിൽ പരം തടവുകാരെ കൊണ്ട് ക്യാമ്പ് നിറഞു. ചുറ്റുമുള്ള നാൽപ്പത് സ്‌ക്വയർ കിലോമീറ്ററുകളെ കൂടി പിടിച്ചെടുത്ത് ഇലക്ട്രിക് കമ്പി വേലി പിടിപ്പിച്ചാണു 1941ൽ രണ്ടാം ക്യാമ്പ് ഒരുക്കിയത്. തുടക്കത്തിൽ അൻപതിനായിരം തടവുകാരെ ആയിരുന്നു പാർപ്പിക്കാൻ ഉദ്ധേശിച്ചിരുന്നത് എങ്കിലും താമസിയാതെ രണ്ട് ലക്ഷം പേരെ തിക്കി നിറച്ച ഒരു മരണ ഫാക്റ്ററിയായി ഓഷ്വിത്സ് 2 രൂപമെടുക്കുകയായിരുന്നു.പിന്നീട് ഓഷ്വിത്സ് ക്യാമ്പ് 3, അതിനു ചുറ്റും നാൽപ്പത്തഞ്ചോളം സാറ്റലൈറ്റ് ക്യാമ്പുകൾ ഒക്കെ ചേർന്ന് നാസി ഭീകരതയുടെ കേന്ദ്രമായി ഓഷ്വിത്സ് മാറി.

ഹിറ്റ്‌ലറുടെ വലം കയ്യും, നാസി അധികാര ശ്രേണിയിലെ രണ്ടാമനും എസ്സ് എസ്സ് തലവനുമായിരുന്ന ഹെന്രിച്ച് ഹിമ്ലറുടെ നേരിട്ടുള്ള മേൽ നോട്ടത്തിലായിരുന്നു ഓഷ്വിത്സിന്റെ പ്രവർത്തനം. തുടക്കത്തിൽ ലേബർ ക്യാമ്പ് ആയി തുടങ്ങിയ ഓഷ്വിത്സ് പിന്നീട് ദശലക്ഷങ്ങളെ കൊന്നു തള്ളിയ എക്‌സ്‌ടെർമിനേഷൻ ക്യാമ്പ് ആയി മാറി.1925ൽ സ്ഥാപിതമായടട കാക്കിധാരികൾ ആയിരുന്നു ഈ ക്രൂരതകൾക്ക് ചുക്കാൻ പിടിച്ചത്,നാസികൾ റിക്രൂട്ട് ചെയ്ത പോളിഷ് യുവതകളും ഈ ക്രൂരതയിൽ പങ്കാളികളായി (ക്രൂരതകൾക്ക് ഉപകരണമാവുക എന്നതല്ലാതെ അവർക്ക് വേറെ വഴിയില്ലായിരുന്നു).ഫാസിസം പത്തിവിടർത്തിയാൽ നിക്ഷ്പക്ഷ പൊതുജനം ഏത് ഭാഗത്ത് നിലയുറപ്പിക്കും എന്നതിനു ഇതിലും വലിയൊരു തെളിവ് ചരിത്രത്തിൽ ഒരു പക്ഷെ കാണാനാവില്ല. നാസികളുടെ ആക്രമണത്തിനുമുൻപ് ഏകദേശം 33% പോളിഷ് പൗരന്മാരും ജൂതരായിരുന്നു. പോളണ്ടിലെ രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക മേഘലയിൽ നിർണ്ണായക സ്വാധിനം ചെലുത്തിയിരുന്ന ജൂതർക്ക് മേൽ ദേശീയത മുഖമുദ്രയാക്കിയ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അക്കാലത്ത് ഒരു ലേശം അസൂയ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല. ജൂതന്മാരെ കളിയാക്കിയുള്ള പലതരം റേഷ്യൽ തമാശകൾ അന്ന് യൂറോപ്പിൽ തലങ്ങും വിലങ്ങും പ്രയോഗത്തിലുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്). ആ അസ്വാരസ്യത്തെ നാസികൾ തുടക്കത്തിൽ മുതലെടുത്തു, ജൂതർക്ക് മേൽ ഓരോന്നായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ പ്രതികരിക്കാൻ ആദ്യമൊക്കെ അധികം ആരും ഉണ്ടായിരുന്നില്ല. പക്ഷെ പോകെ പോകെ നാസികളുടെ ലക്ഷ്യം കേവലം ജൂതവിരോധം മാത്രമല്ലെന്നും, അടുത്ത ഇരകൾ തങ്ങളാണെന്നും അറിഞ്ഞപ്പോൾ ജൂതരോടുള്ള നാസി ക്രൂരതകൾക്കെതിരെ നിഷ്‌ക്രിയത്വം നിശ്ശബ്ദത പാലിച്ചത് തെറ്റായി എന്ന് ഭൂരിഭാഗം പോളണ്ടുകാരും തിരിച്ചറിഞ്ഞു.

Arbeitmachtfrei


Work makes you free, പല നാസി കോൺസന്റ്രേഷൻ ക്യാമ്പുകളുടെയും കവാടങ്ങളിൽ നമ്മെ വരവേൽക്കുന്ന ഒരു വാചകമാണു മേല്പറഞ്ഞത്. മനുഷ്യമനസ്സിനെ ഇഞ്ചിഞ്ചായി പേടിപ്പിച്ച് ഒടുക്കം എന്ത് ക്രൂരത കാണിച്ചാലും തിരിച്ച് പ്രതികരിക്കാൻ, പീഠകർക്ക് എതിരായി ചിന്തിക്കാൻ പോലും കഴിയാത്തവണ്ണം പേടിപ്പിച്ച് തടങ്കലിൽ പാർപ്പിച്ച് അവരെ പണിയെടുപ്പിച്ച് ചോരയൂറ്റി, മരണം പോലും വരമാണെന്ന് അറിയിപ്പിച്ച് കൊന്ന നാസികൾ നടത്തിയിരുന്ന കാരാഗ്രഹങ്ങളിൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ചതാണു ഓഷ്വിസിയെം എന്ന് പോളിഷിലും ഓഷ്വിത്സ് എന്ന് ജർമ്മനിലും അറിയപ്പെടുന്ന ഈ ക്യാമ്പുകൾ.രണ്ടാം ലോകയുദ്ധത്തെ കുറിച്ചുള്ള ഏത് രേഖകളിലും ഒരിക്കലെങ്കിലും ഈ ക്യാമ്പുകളെപ്പറ്റി പരാമർശംഇല്ലാതിരിക്കില്ല.

2009ലെയും 2014ലെയും ഓഷ്വിത്സ് കവാടത്തിന്റെ പടങ്ങളാണു മേലെ. നാസികൾ സ്ഥാപിച്ച ഒറിജിനൽ ബോർഡാണു ആദ്യചിത്രത്തിൽ.യൂറോപ്പിലെ നിയോനാസികൾ ആ ബോർഡിനു ഒരു വൻ വിലയിട്ടു, ഒരു കൊള്ളസംഘം 2009 ഡിസംബർമാസത്തിലൊരു പുലർകാലത്തിൽ ആ വാചകങ്ങൾ അടങ്ങിയ ഫ്രെയിം മോഷ്ടിച്ചു. അത് പലകഷണങ്ങളാക്കി വടക്കൻ യൂറോപ്പിലേക്ക് കടത്താനായിരുന്നു പ്ലാൻ, വഴിക്ക് വെച്ച് പോലീസ് അവരെ പിടികൂടിയെങ്കിലും ഫ്രെയിം നശിച്ചിരുന്നു. പിന്നീട് ആ െ്രെഫമിന്റെ ഒരു കോപ്പിയുണ്ടാക്കി കമാനത്തിൽ സ്ഥാപിച്ചതാണു രണ്ടാം പടത്തിൽ ഇതിൽ ലേഖകനെയും കാണാം.

ഗ്യാസ് ചേംബറിനെക്കുറിച്ച്

ചരിത്രത്തിൽ റേസിസത്തിന്റെ സിംബൽ ആയി അറിയപ്പെടുന്നവയിൽ കൂടുതലും നാസി ജർമ്മനിയുടെ സംഭാവനകളാണു. സംസ്‌കൃതവും, ആര്യൻ സുപ്രീമസിയും, സ്വസ്തികയും ഒക്കെ അവർ ഭാരതത്തിൽ നിന്ന് ജർമ്മനിയിലേക്ക് ഇറക്കുമതി ചെയ്തു എന്നത് കൊണ്ട് അതിലൊക്കെ നമ്മുടെ സംഭാവന അങ്ങ് മുഴച്ച് തന്നെ നിൽപ്പുണ്ട്. ഇന്ത്യയിൽ നിലവിലിരുന്ന അയിത്താചാരങ്ങളെയും ജാതിവ്യവസ്ഥയെയും നാസികൾ ജ്യൂതർക്കെതിരെ പ്രയോഗിച്ച റേസിസ്റ്റ് മുറകളും ഒരു താരതമ്യ പഠനത്തിനു അർഹമാണു.ഭാരതത്തിൽ സഹസ്രാബ്ദങ്ങളായി നടപ്പിലാക്കപ്പെട്ടിരുന്ന അയിത്താചാരങ്ങൾ ഏതാനും ദശകങ്ങൾക്കുള്ളിൽ നാസികൾ യൂറോപ്പിൽ ഇമ്പ്‌ലിമെന്റ് ചെയ്യാൻ ശ്രമിച്ചു.ആദ്യം ചെയ്തത് പൊതുസ്ഥലങ്ങളിൽ നിന്നും ജ്യൂതരെ അകറ്റുക എന്ന പണിയാണു. അത് പ്രകാരം റസ്‌റ്റോറന്റുകളിലും പാർക്കുകളിലും ഒക്കെ ജ്യൂതർക്ക് പ്രവേശനമില്ല എന്ന ബോർഡുകൾ പൊങ്ങി. അവർക്ക് പൊതുവഴിയിൽ വഴി നടക്കാനുള്ള സ്വതന്ത്ര്യം എടുത്ത് കളഞ്ഞു, അങ്ങനെ നടക്കണമെന്നുള്ളവർ ഓടയിൽ ഇറങ്ങി നടക്കണം എന്ന നിയമവും വന്നു. കൈയ്യിൽ സൂക്ഷിക്കാവുന്ന പണത്തിനു ലിമിറ്റ് വന്നു, ഭക്ഷണത്തിനു റേഷൻ വന്നു. അങ്ങനെ പടി പടിയായി വിവേചനങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് നാസി ഭരണം മുന്നേറി. ഇതിൽ നിന്നും കുതറിമാറാൻ ശ്രമിക്കുന്നവരെ അപ്പപ്പോൾ വെടിവെച്ച് കൊന്ന് കളഞ്ഞു.

അങ്ങനെ ഒരിക്കൽ 1941 ആഗസ്റ്റ് മാസത്തിൽ ഇന്നത്തെ ബെലാറസിന്റെ തലസ്ഥാനമായ മിൻസ്‌ക് നഗരത്തിൽ വെച്ച് 100 ജ്യൂതരെ നാസിപ്പോലീസുകാർ വെടിവെച്ച് കൊല്ലുന്നത് കാണേണ്ടി വന്ന ഹെന്രിച്ഛ്ഹിമ്ലർ മനമ്പിരട്ടി ശർദ്ധിക്കുകയുണ്ടായി. ഈ കാഴ്ച്ച അദ്ധേഹത്തെ വല്ലാതെ ഉലച്ചു, ഇത്തരം കാഴ്ച്ചകൾ ദിനം പ്രതി കാണേണ്ടിവരുന്ന ഗെസ്റ്റാപ്പോകളുടെ മാനസിക ആരോഗ്യത്തെ പറ്റി ആശങ്ക പൂണ്ട അദ്ധേഹം എന്ത് തീരുമാനിച്ചെന്നോ? കൊലപാതകികൾക്ക് മനം പിരട്ടൽ ഉണ്ടാകാൻ പാടില്ലാത്ത വിധം കൊലകൾ നടക്കട്ടെ എന്ന് തീർപ്പ് കൽപ്പിച്ചു. ആ മഹാന്റെ നിർദ്ധേശപ്രകാരമാണു മാസ്സ് മർഡറിംഗ് ടെക്‌നിക്കുകൾ നാസികൾ വികസിപ്പിച്ചെടുത്തത്. അതിനായി ഓഷ്വിത്സിൽ അദ്ധേഹം പ്രത്യേക വിഭാഗം തന്നെ വിഭാവനം ചെയ്തു. ആ പട്ടാളത്തലവൻ ചെയ്ത സംഭാവനകളിൽ ഒന്നാണു സൈക്ലോൺ ബി എന്ന രാസവസ്തു ഉപയോഗിച്ചുള്ള ഗ്യാസ് ചേമ്പർ എന്ന ആശയം.

poland1ഗ്യാസ് ചേംബറിന്റെ പുറമേയുള്ള രൂപം ഇതിനുള്ളിലാണു മനുഷ്യരാശിയെ നടുക്കിയ ആ ക്രൂരതകൾ അരങ്ങേറിയത്

ആദ്യം ശവസംസ്‌കാരത്തിനുള്ള ഫർണസ്സുകളായി പ്രവർത്തിച്ചിരുന്ന ഈ ബങ്കറിനെ പിന്നീട് ഗ്യാസ് ചേംബർ ആക്കി രൂപം മാറ്റുകയായിരുന്നു. ഇത്തരം അഞ്ചോളം ഗ്യാസ് ചേംബറുകളാണു 1944ഓടെ ഓഷ്വിത്സിൽ പ്രവർത്തിച്ചിരുന്നത്. ദിനം പ്രതി ഇരുപതിനായിരത്തോളം പേരെ കൊന്നൊടുക്കാൻ പര്യാപ്തമായിരുന്നു ഈ കൊലയാളി ഫാക്റ്ററി. സൈക്ലോൺ ബി എന്ന പേരിലറിയപ്പെട്ട മാരക വിഷമായിരുന്നു ഗ്യാസ്‌ചേമ്പറിൽ തടവുകാരെ കൊല്ലാൻ ഉപയോഗിച്ചത്.

സൈക്ലോൺ ബി

സയനൈഡിൽ അധിഷ്ടിതമായ ഒരു കീടനാശിനിയാണു സൈക്ലോൺ ബി, 1920ൽ ജർമ്മനിയിൽ കണ്ടുപിടിക്കപ്പെട്ട ഈ രാസവസ്തു പെട്ടെന്ന് തന്നെ ലോകപ്രശസ്തമായി. 194244 കാലയളവിൽ മൊത്തം 56 മെട്രിക്ടൺ സൈക്ലോൺ ബിയാണു കോൺസന്റ്രേഷൻ ക്യാമ്പുകൾ മൊത്തം വാങ്ങിയത്. അതിൽ 24 ടൺ ഓഷ്വിത്സിലേക്ക് കടത്തി അവിടെ ഗ്യാസ് ചേമ്പറിൽ 6 ടൺ വിഷമുപയോഗിക്കപ്പെട്ടു എന്നാണു കണക്ക്.

210 സ്‌ക്വയർ മീറ്റർ ഉള്ള മുറിയിലേക്ക് കുളിക്കാനെന്ന വ്യാജേനെ ഒറ്റയടിക്ക് 2000ത്തോളം പേരെ കുത്തി നിറക്കുമായിരുന്നു. നഗ്‌നരായി വെള്ളത്തിനായി കാത്തുനിന്ന അവരുടെ തലയിലേക്ക് സൈക്ലോൺ ബി പരന്നെത്തി മിക്കവരും അത് ശ്വസിച്ചും ബാക്കി ചിലർ തിരക്കിൽപ്പെട്ടും മരിച്ച് വീണു അങ്ങനെ ലക്ഷങ്ങളെ കൊന്ന് കൊലവിളിച്ചു എസ്സ്.എസ്സ് നരാധമന്മാർ. അന്ന് ഓഷ്വിത്സിൽ ഉപയോഗിക്കപ്പെട്ട വിഷത്തിന്റെ കാലിപ്പാത്രങ്ങളാണു പടത്തിൽ, ക്യാമ്പിൽ നിന്നും പകർത്തിയത്.

poland2ഓഷ്വിത്സിൽ നിന്നും കണ്ട് കിട്ടിയ സൈക്ലോൺ ബി നിറച്ചിരുന്ന കാലി പാത്രങ്ങൾ.

റോൾ കാൾ

റോൾ കാൾ എന്ന പീഡന പർവ്വത്തിന്റെ ചിത്രീകരണം

കോൺസന്റ്രേഷൻ കാമ്പുകളിലെ പീഡനങ്ങളിൽ ഒന്നായിരുന്നു റോൾകാൾ എന്ന പേരിൽ നടന്നിരുന്ന തടവുകാരുടെ തലയെണ്ണൽ. കഷ്ടിച്ച് എഴുന്നേറ്റ് നിൽക്കാൻ മാത്രമുള്ള ഭക്ഷണം പോലും നൽകാതെ, അവരെ പണിയെടുപ്പിച്ച് കൊല്ലുന്നതിനു പുറമേ, നിശ്ചിത ദിവസങ്ങളിൽ എണ്ണമെടുക്കാനെന്ന പേരിൽ പരേഡ് നടത്തിവന്നു. പരേഡിൽ ക്യാമ്പ് വാസികൾ മണിക്കൂറുകളോളം അറ്റൻഷനിൽ നിൽക്കണം, പലപ്പോഴും ഈ പരേഡ് പന്ത്രണ്ടിലധികം മണിക്കൂർ നീണ്ട് നിന്നിരുന്നുവത്രേ. ഹിറ്റ്‌ലറുടെ പിണിയാളുകായിരുന്ന എസ്സ് എസ്സ് കാരാണു ഈ പീഡനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തിരുന്നത്.'അുലഹ 1941 ൃ' എന്ന തലക്കെട്ടിൽ ഈ പടം പെയിന്റ് ചെയ്തത് 1972ൽ മീഷിത്സ്വാവ് കൊഷേൽന്യാക് ആണു, അദ്ധേഹം ഓഷ്വിത്സിലെ തടവ് പുള്ളിയായിരുന്നു.

ബ്ലോക്ക് 11

poland4മരണബ്ലോക്ക് എന്നറിയപ്പെട്ടിരുന്ന ബ്ലോക്ക് 11. ഇസ്രായേലിൽ നിന്നും ഓഷ്വിത്സ് സന്ദർശിക്കാൻ വന്നവരെ ചിത്രത്തിൽ കാണാം. തങ്ങളുടെ മുൻ തല മുറ അനുഭവിച്ച പീഡനം കണ്ട് മനസ്സിലാക്കി കരച്ചിലിന്റെ വക്കിലായിരുന്നു എല്ലാവരും, ഞാനും.

ക്യാമ്പിനുള്ളിലെ ജയിൽ ആയിരുന്നു ബ്ലോക്ക് 11, രക്ഷപ്പെടാൻ ശ്രമിച്ചവർ, അനുസരണക്കേട് കാണിച്ചവർ, രാഷ്ട്രീയ തടവുകാർ, പുറം ലോകവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ടവർ എന്നിവരെയാണു പതിനൊന്നാം ബ്ലോക്കിൽ താമസിപ്പിച്ചിരുന്നത്. അതിന്റെ ചുവരിൽ പോസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്ന ഉയരെ നിന്നിരുന്ന മരപ്പലകകളിൽ ആളുകളെ ഇരുകൈകളിലുമായി കെട്ടിയിട്ട് മരണം വരെ തൂക്കിയിട്ടിരുന്നു.

യൂറോപ്പിന്റെ ഏല്ലാ ഭാഗങ്ങളിൽ നിന്നും ഓഷ്വിത്സിലേക്ക് തടവുകാർ എത്തിയിരുന്നു എന്ന് കാണിക്കുന്ന മാപ്പ്, ക്യാമ്പിൽ നിന്നും പകർത്തിയത്.

നാസികൾ കെട്ടിപ്പൊക്കിയ കോൺസന്റ്രേഷൻ ക്യാമ്പുകളിൽ ഏറ്റവും വലുതായിരുന്നു ഓഷ്വിത്സ്. ലഭ്യമായ രേഖകൾ പ്രകാരം 1940നും 1945നും ഇടയ്ക്ക് 13 ലക്ഷം തടവുകാരാണു ഓഷ്വിത്സിലേക്ക് എത്തിക്കപ്പെട്ടത് അവരിൽ 11 ലക്ഷം പേർ കൊല്ലപ്പെട്ടു, അതിൽ 90%വും ജ്യൂതർ ആയിരുന്നു.

നാസികൾ ചെയ്ത ക്രൂരതകളിൽ ചിലത് മാത്രമാണു ഇവിടെ വിവരിക്കാൻ സാധിച്ചത്. മനുഷ്യൻ സഹജീവിയോട് ചെയ്ത ക്രൂരതകളെ കാണിച്ച് തന്ന ഓഷ്വിത്സിൽ നിന്നും, ഇലക്ട്രിക് കമ്പികളാൽ വേർതിരിക്കപ്പെട്ട ആ ലോകത്ത് നിന്നും പുറത്തിറങ്ങുമ്പോൾ കണ്ണ് നനയാത്തവരായി ഒരുത്തരും കാണില്ല. റേസിസത്തിന്റെ ഇത്തിരിയെങ്കിലും അംശം ഒരാളുടെ ഉള്ളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവിടെ പൊടിഞ കണ്ണുനീരിൽ അതൊലിച്ച് പോയിരിക്കും അതുറപ്പ്.