ക്രാക്കോ -ഭാഗം 2

പോളണ്ട് ഡയറിലെ മൂന്നാം ഭാഗത്തിൽ ഉപ്പിന്റെയും പോളണ്ടിലെ ഫുട്‌ബോൾ ജ്വരത്തിന്റെയും വിവരണമാണ്. യുദ്ധവീരന്മാരുടെയും പള്ളികളുടെയും ചരിത്രം ഒരു നഗരത്തിന്റെ ചരിത്രമായി മാറുന്നതെങ്ങനയാണെന്ന് അന്വേഷിക്കുന്നു. നിവാസ് ബാബു സെൽവരാജ്.

ക്രാക്കോ -ഭാഗം 2

നിവാസ് ബാബു സെൽവരാജ്

ക്രാക്കോ നഗരമദ്ധ്യത്തിലുള്ള ആകർഷണങ്ങളെക്കുറിച്ചാണു കഴിഞ്ഞ കുറിപ്പിൽ പറഞത്. നഗരാതിർത്തിയിലേക്കും, വിലീഷ്‌ക്ക സാൾട്ട് മൈനിലേക്കും, സമീപ പ്രദേശമായ സാക്കോപാനെ ടൗണിലേക്കും എത്തിനോക്കുന്ന കുറിപ്പ് തുടരുന്നു.

വാവൽ കോട്ടയും അതിനുള്ളിലെ അത്ഭുതങ്ങളും

പോളണ്ടിലെ ചരിത്ര സാംസ്‌കാരിക മണ്ഡലത്തിൽ ഏറ്റവും പ്രാധാന്യമേറിയ ഒരു സ്ഥലിയാണു വാവൽകോട്ടയും അതിനുള്ളിലെ സ്മാരകങ്ങളും. പതിനൊന്നാം നൂറ്റാണ്ടുമുതൽ പോളണ്ട് എന്ന രാഷ്ട്രത്തിന്റെ തലസ്ഥാനം മാത്രമല്ലാതെ പോളിഷ് രാഷ്ട്രീയത്തിന്റെ ബുദ്ധികേന്ദ്രവും സംസ്‌കാരത്തിന്റെ ഹൃദയവും ആയി വർത്തിച്ച ക്രാക്കോയിലെ ഏറ്റവും പ്രാധാന്യപ്പെട്ടതായതിനാൽ നമുക്ക് താജ്മഹൽ എന്ന പോലെ വാവൽ കോട്ട പോളിഷ് രാജ്യത്തിന്റെ ഒരു പ്രതീകാത്മക അടയാളം തന്നെയായി ഇന്നും വർത്തിക്കുന്നു. ഇന്ന് പോളണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മ്യൂസിയമാണു വാവൽ, ചിത്രകല, രാജകീയ സ്മാരകങ്ങളും സമ്പത്തുകളും ആയുധങ്ങളുമടങ്ങിയ നിലവറ, അന്തപ്പുരങ്ങൾ, പലകാലങ്ങളിലായി കൊള്ളയടിക്കപ്പെട്ട വാവലിന്റെ അവശേഷിക്കുന്ന അമൂല്യവസ്തു ശേഖരം എന്നിങ്ങനെ അഞ്ചായി വിഭജിച്ചാണു മ്യൂസിയം പരിപാലിക്കുന്നത്.


പോളണ്ട് ഡയറി രണ്ടാം ഭാഗം ഇവിടെ 

അതിൽ കണ്ണഞ്ചിപ്പിക്കുന്ന പല വസ്തുക്കളുണ്ട്, മിഡീവിയൽ കാലത്തെ ക്‌നൈറ്റുകൾ അണിയുന്ന പടച്ചട്ടയും അവരുടെ വാൾ പരിച മുതലായ ആയുധങ്ങളും പ്രദർശിപ്പിച്ചതിനു സമീപത്തെ വിവരപട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം 30 കിലോയോളം വരുന്ന ആടയാവരണങ്ങളാണു ഓരോ യുദ്ധവീരന്മാരും അണിയേണ്ടത് എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണു. ഇത്രയൊക്കെ ഭാരം വഹിച്ചാണു അവർക്ക് യുദ്ധം ചെയ്യേണ്ടിയിരുന്നത് എന്നാലോചിക്കുമ്പോൾ അവരുടെ ബലത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. അങ്ങനെ അണിഞൊരുങ്ങിയ വീരനു പരസഹായമില്ലാതെ കുതിരപ്പുറത്ത് കയറാനായുള്ള അത്താണിയും പ്രദർശന വസ്തുക്കളിലുണ്ട്. ഇപ്പോൾ താത്കാലികമായി വാവലിനുള്ളിൽ ഉള്ള ചിത്രകലാശേഖരത്തിൽ വിലമതിക്കാനാവാത്ത പല ചിത്രങ്ങളിൽ ഡാവിഞ്ചിയുടെ ലേഡി വിത് ദ എർമൈൻ എന്ന പെയിന്റിങ്ങുമുണ്ട്, അദ്ദേഹം ആകെ നാലു സ്ത്രീ സബ്ജക്റ്റുകളെയേ വരച്ചിട്ടുള്ളൂ അതിൽ ഒന്നാണു ഈ പെയിന്റിംഗ്.

പതിനൊന്നാം നൂറ്റാണ്ടിൽ ഷ്രോബി ഒന്നാമൻ വിസ്തുല നദീ തീരത്തായി സ്ഥിതി ചെയ്യുന്ന വാവൽ കുന്നിൽ പണിത ചെറിയ വസതിയെ കാഷിമേർസ് മൂന്നാമൻ വിപുലപ്പെടുത്തി ഗോത്തിക് ശില്പകലാമാതൃകയിൽ ഒരു കൊട്ടാരമാക്കി ഉയർത്തുകയായിരുന്നു. തുടർച്ചയായ സ്വീഡിഷ് പ്രഷ്യൻ ആക്രണമങ്ങൾക്കും കൊള്ളക്കും ഇടയായ വാവലിനു നവോത്ഥാന രൂപകല്പന വന്നത് സിഗ്മണ്ഡ് രാജാവിന്റെ കാലത്താണു. പിന്നീട് പല അക്രമങ്ങളിലൂടെ നാശവും മാറ്റങ്ങളും വന്നെങ്കിലും രണ്ടാം ലോകയുദ്ധത്തിനു ശേഷം പടി പടിയായി വാവൽ കോട്ടയെ അതിന്റെ പൂർവ്വകാല പ്രൗഡിയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിൽ പോളിഷ് ഭരണാധികാരികൾ ശ്രദ്ധിച്ചു.

വാവലിനുള്ളിലെ മറ്റൊരു പ്രധാന ആകർഷണം രാജകീയ പ്രാർത്ഥനാലയമാണു. പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതും പിന്നീട് രണ്ട് വട്ടം പുതുക്കി പണിയേണ്ടിവന്നതുമായ ഈ പള്ളി ആദ്യം പുതുക്കി പണിതത് റോമൻ ശില്പകലാചാതുരിയിലാണു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇതിന്റെ ഭൂരിഭാഗവും അഗ്‌നിക്കിരയായപ്പോൾ ബാക്കി വന്ന ലിയോനാർഡ് പുണ്യാളന്റെ കുരിശടി ഇന്നും നിലനിൽക്കുന്നു. ഇതിലെ ഏറ്റവും കൗതുകകരമായ കാഴ്ച്ച 11 ടണ്ണോളം ഭാരം വരുന്ന സിഗ്മണ്ഡ് മണിയാണു. ബലശാലികളായ എട്ട് വീരന്മാർ കൂടിയാണു 350 കിലോയോളം ഭാരമുള്ള ഉരുക്കുമണി വിശേഷകാലങ്ങളിൽ അടിച്ചിരുന്നത് എന്ന് രേഖകൾ പറയുന്നു.

പോളണ്ട് ഡയറി രണ്ടാം ഭാഗം ഇവിടെ 

പോളണ്ട് ചരിത്രത്തിലെ പ്രധാനപ്പെട്ട ഭരണാധികാരികളുടെ സമാധിസ്ഥലം സ്ഥിതിചെയ്യുന്നത് ഈ പ്രാർത്ഥനാലയത്തിനുള്ളിലാണു, രാജകുടുംബക്കാർ മാത്രമല്ല 2010ൽ റഷ്യയിൽ വിമാനാപകടത്തിൽ മരിച്ച മുൻ പ്രസിഡണ്ട് കഷിൻസ്‌കിയും ഇവിടെയാണു അന്തിയുറങ്ങുന്നത്. വാവലിനുള്ളിലെ പള്ളിയിലെ മറ്റൊരു പ്രധാന ആകർഷണം പോളണ്ടിന്റെ രക്ഷാപുണ്യാളനായി മാറിയ, 12ആം നൂറ്റാണ്ടിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട സ്റ്റാനിസ്വാവ് പുണ്യാളന്റെ കുരിശടിയാണു, പതിനേഴാം നൂറ്റാണ്ടിലെ ശില്പകലകളാൽ അലംകൃതമാണു പുണ്യാളന്റെ പ്രാർത്ഥനായിടം.

കൊഷ്യൂസ്‌ക്കോ കുന്ന്

ലോകത്തിലേക്കേറ്റവും അറിയപ്പെടുന്നതും ആരാധിക്കപ്പെടുന്നതുമായ പോളിഷുകാരൻ ആരാണെന്ന് ചോദിച്ചാൽ നമ്മിൽ പലരുടെയും ഉത്തരം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എന്നായിരിക്കും. പക്ഷെ ജോൺ പോൾ രണ്ടാമനേക്കാൾ പ്രശസ്തിയർഹിക്കുന്ന വേറൊരാൾ പോളിഷ് മണ്ണിൽ പിറന്നിരുന്നു, ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരാണു തദേവൂസ് കൊഷ്യൂസ്‌ക്കോ. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായു പോളിഷ് ലിത്വാനിയൻ (പണ്ട് ലിത്വാനിയ പോളണ്ടിന്റെ ഭാഗമായിരുന്നു) സാമ്രാജ്യത്തിൽ ജനിച്ച യുദ്ധവീരനായിരുന്നു തദേവൂസ്. യൂറോപ്പിൽ പ്രഷ്യക്കും റഷ്യക്കുമെതിരെയും അമേരിക്കൻ വിപ്ലവയുദ്ധത്തിൽ ജഫേർസണൊപ്പവും ഒക്കെയായി പലയുദ്ധങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാണു തദേവൂസ്. മരണ വില്പത്രത്തിൽ അമേരിക്കയിലെ തന്റെ സ്വത്തുക്കൾ മുഴുവൻ വിറ്റ് അടിമകളുടെ സ്വാതന്ത്ര്യാവകാശ പോരാട്ടത്തിനും, വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി ഉപയോഗിക്കണം എന്നെഴുതിവെച്ച, മനുഷ്യാവകാശങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായം സൂക്ഷിച്ചിരുന്ന പുരോഗമന ചിന്താഗതിക്കാരനായ ഒരു മഹാനായിരുന്നു തദേവൂസ്.

poland_cracko_2അദ്ദേഹത്തിന്റെ മരണ ശേഷം ആരാധകർ അമേരിക്കയിലേതുൾപ്പെടെ തദേവൂസ് യുദ്ധം ചെയ്ത സ്ഥലങ്ങളിലെയെല്ലാം മണ്ണ് ശേഖരിച്ച് കൊണ്ട് വന്ന് ക്രാക്കോയിലെ ബ്രോനിസ്വാവ് കുന്നിൻ പുറത്ത് 50 മീറ്ററോളം ഉയരത്തിൽ മനുഷ്യ നിർമ്മിത കുന്നുണ്ടാക്കി. ക്രാക്കോയിൽ ഇത്തരം മറ്റ് രണ്ട് കുന്നുകൾ കൂടിയുണ്ട് ആദ്യത്തേത് ക്രാക്കുസിന്റെ പേരിലും രണ്ടാമത്തേത് അദ്ധേഹത്തിന്റെ മകൾ വാണ്ടയുടെ പേരിലും. കൊഷ്യുസ്‌ക്കോ കുന്നിലേക്കുള്ള കവാടത്തിൽ ഗോത്തിക് ചാതുരിയിൽ ഒരു പള്ളിയും തദേവൂസിന്റെ സ്മരണാർത്ഥം അദ്ധേഹവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു പ്രദർശന ശാലയും ഉണ്ട്.

വിലിഷ്‌ക്കാ സാൾട്ട് മൈൻ


ലോക ചരിത്രത്തിൽ അനിഷേധ്യ സ്ഥാനമുള്ള ഭക്ഷണ വസ്തുക്കളിൽ മുൻ പന്തിയിൽ തന്നെയാണു ഉപ്പിന്റെ സ്ഥാനം. പല സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കപ്പെട്ടതിനും തകർന്നു തരിപ്പണമായതിനും പിന്നിലെ കാരണമായി ഉപ്പ് വർത്തിച്ചിട്ടുണ്ട്. മിഡീവിയൽ യൂറോപ്പിൽ ഉപ്പിനെ ഉത്പാദന സ്ഥലത്തു നിന്നും വിപണിയിലേക്കെത്തിക്കാനായി മാത്രമായി അനേകം പാതകൾ വെട്ടപ്പെട്ടിരുന്നു എന്ന് ചരിത്രം പറയുന്നു. അക്കാലങ്ങളിൽ യൂറോപ്പിൽ പൊതുവേ മൈനുകളിൽ നിന്നും കുഴിച്ചെടുത്ത ഉപ്പാണു ഉപയോഗിച്ചിരുന്നത്. വലിയ വില കൊടുത്ത് വാങ്ങേണ്ടുന്ന കല്ലുപ്പാണു (റോക്ക്‌സാൾട്ട്) തീൻ മേശകളിലേക്കെത്തിയിരുന്നത്. രാജാക്കന്മാർ, പ്രഭുക്കൾ, ജന്മിമാർ മുതലായ ധനികർക്കു മാത്രമേ ഉപ്പു വാങ്ങാനും ഭക്ഷണത്തിൽ ചേർക്കാനും മാത്രം സമ്പത്ത് ഉണ്ടായിരുന്നുള്ളൂ. മിഡീവിയൽ ക്രാക്കോയുടെ സമ്പത്തിന്റെ മുഖ്യ ഉറവിടം ഉപ്പായിരുന്നു. നഗരത്തിൽ നിന്നും പതിനഞ്ച് കിലോമീറ്റർ തെക്കായി വിലിഷ്‌ക്കാ ഗ്രാമത്തിലെ മൈനുകളിൽ നിന്നുമാണു ഉപ്പ് കുഴിച്ചെടുത്തിരുന്നത്.

പോളണ്ട് ഡയറി ഒന്നാം ഭാഗം ഇവിടെ

13ആം നൂറ്റാണ്ടിലാണു വിലിഷ്‌ക്കാ മൈൻ പ്രവർത്തനം ആരംഭിക്കുന്നത്, ഇതുമായിബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട് അവയിൽ ഒന്ന് കിംഗ രാജകുമാരിയുമായി ബന്ധപ്പെട്ടാണു. ക്രാക്കോയിലെ രാജകുമാരൻ ഹംഗറിയിലെ രാജകുടുംബാംഗമായ കിംഗയെ കല്യാണം കഴിക്കാൻ തീരുമാനിക്കുകയും നിശ്ചയം നടത്തുകയും ചെയ്തു. മകൾക്ക് സ്ത്രീധനമായി എന്ത് വേണം എന്ന് അച്ഛൻ ചോദിച്ചപ്പോൾ, ഉപ്പ് വേണം എന്നാണു കിംഗ ആവശ്യപ്പെട്ടത്, അക്കാലത്ത് പോളണ്ടിൽ ഉപ്പ് ലഭ്യമല്ലായിരുന്നു. അതിൻ പ്രകാരം കിംഗയ്ക്ക് ആവശ്യമുള്ളത്ര ഉപ്പ് ശേഖരിക്കാൻ രാജാവായ അച്ഛൻ അവളെയും കൂട്ടി മറാമറോസ് മൈനിലേക്ക് പോയി തന്റെ നിശ്ചയമോതിരം ആ മൈനിലെ കുളത്തിലേക്ക് കിംഗ വലിച്ചെറിഞു. പിന്നീട് വിവാഹശേഷം ക്രാക്കോയിൽ എത്തിയ കിംഗയുടെ നിർദ്ധേശപ്രകാരമാണു വിലീഷ്‌ക്കയിൽ കുഴിച്ച് ഉപ്പ് കണ്ടെടുക്കുന്നത്. പിന്നീട് വിലിഷ്‌ക്കയുടെ മാത്രമല്ല പോളണ്ടിലെ മൊത്തം സാൾട്ട്‌മൈനുകളിലെയും കാവൽ ദേവതയായി കിംഗയെ ആണു മൈൻ തൊഴിലാളികൾ പൂജിച്ചിരുന്നത്.

2007ൽ പ്രവർത്തനം നിർത്തുന്നതുവരെ ലോകത്തിലേക്കും പഴക്കംചെന്ന സാൾട്ട്‌മൈൻ ആയി വിലിഷ്‌ക്ക പ്രവർത്തിച്ചിരുന്നു. 330 മീറ്ററോളം ആഴവും മുന്നൂറോളം കിലോമീറ്റർ നീളവുമുള്ള ഒരു വൻ മൈനാണു വിലിഷ്‌ക്കാ. അതിപ്പോൾ സാൾട്ട്മ്യൂസിയം ആയി സന്ദർശകർക്ക് തുറന്ന് കൊടുത്തിരിക്കുകയാണു. 160ഓളം മീറ്റർ താഴച്ചയിലെ 22 അറകളിലായി, റസ്റ്റോറന്റ്, പ്രാർത്ഥനാലയം, എന്നുവേണ്ടാ അതിനുള്ളിലെ സകലതും ഉപ്പുപാറകളാൽ നിർമ്മിതമാണു. ആസ്ത്മ മുതലായ രോഗചികിത്സക്കുതകുന്ന മൈക്രോക്ലൈമറ്റ് ഉള്ളതിനാൽ ഈ മൈനിനുള്ളിൽ ആതുരചികിത്സാകേന്ദ്രവുമുണ്ട്. അതീവ അളവിൽ ഉപ്പടങ്ങിയ തടാകങ്ങളും വിലിഷ്‌ക്കയുടെ ആകർഷണങ്ങളിൽ ഒന്നാണു. ഒരുശില്പിയും സഹായിയും കൂടി മുപ്പത് കൊല്ലത്തെ അക്ഷീണ പ്രയത്‌നംകൊണ്ട് ഉപ്പ് പാറയിൽ കൊത്തിയെടുത്ത പള്ളിയും അൾത്താരയും ഭിത്തിയിലെ ചിത്രങ്ങളുമൊക്കെ (ഡാവിഞ്ചിയുടെ പ്രശസ്ഥ അന്ത്യഅത്താഴവും ഇവിടെ കൊത്തിവെക്കപ്പെട്ട ചിത്രങ്ങളിലൊന്നാണു) ഒരു അത്ഭുതമായി വിലിഷ്‌ക്കയിൽ ഇന്നും അവശേഷിക്കുന്നു.

യുവനേലിയ ആഘോഷവും ക്രാക്കോവിയ, വിസ്വ ഫുട്ബാൾ ക്ലബ്ബുകളും മറ്റും

പോളണ്ടിലെ സർവ്വകലാശാലാ വിദ്യാർത്ഥികളുടെ കലാമേള മെയ്മാസത്തിൽ ഒരാഴ്ച്ചയായി നടക്കുന്നു. അവയ്ക്ക്‌ പൊതുവിലുള്ള വിളിപ്പേരാണു യുവനേലിയ. രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലകൾ ഉള്ളനഗരം എന്ന നിലയിൽ യുവനേലിയ ആഘോഷത്തിന്റെ ചുക്കാൻ പിടിക്കുന്നത് ക്രാക്കോയാണു. ഇത് കാണാനും പങ്കെടുക്കാനുമായി അനേകം ടൂറിസ്റ്റുകളും എത്തുന്നു.

poland_cracko_3ക്രാക്കോയുടെ മറ്റൊരു ആകർഷണം ഫുട്ബാൾ ആണു, പോളിഷ്‌ ലീഗിലെ ഏറ്റവും മികച്ചതും, ഏറ്റവും പഴക്കമുള്ളതുമായ രണ്ട് ക്ലബ്ബുകളും ക്രാക്കോ നഗരത്തിലാണു. ഒന്ന് സ്വസ്വ ക്ലബ്ബ് രണ്ടാമത്തേത് ക്രാക്കോവിയ ക്ലബ്ബും രണ്ടും സ്ഥാപിതമായത് 1906ൽ. വെറും ഒരു കിലോമീറ്ററിൽ താഴെ ദൂരവ്യത്യാസം മാത്രമേ ഈ രണ്ട് ക്ലബ്ബുകളും തമ്മിൽ ഉള്ളൂ എങ്കിലും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഇന്നും അതേതീവ്രതയിൽ നിൽക്കുന്നതുമായ ഫുട്ബാൾ യുദ്ധങ്ങളിൽ ഒന്നാണു ഇവർ തമ്മിലുള്ള മത്സരം. ഹോളിവാർ എന്നാണു ഫുട്ബാൾ ഹൂളിഗാൻസ് ഈ മത്സരങ്ങളെ വിശേഷിപ്പിക്കുന്നത്. ഈ ക്ലബ്ബുകൾ ഏറ്റുമുട്ടുമ്പോഴൊക്കെയും സ്റ്റേഡിയത്തിനു പുറത്ത് അക്ഷരാർത്ഥത്തിൽ യുദ്ധസമാനമായ പ്രതീതിയാണു. ആ ദിവസങ്ങളിൽ ടൂറിസ്റ്റുകൾ-വിദേശികൾ പുറത്തിറങ്ങുന്നതും സൂക്ഷിച്ച് വേണം എന്ന് മുന്നറിയിപ്പുകൾ നൽകാറുണ്ട്.

യഗിലോണിയൻ

യൂണിവേർസിറ്റിയിലെ ലൈബ്രറി പോളണ്ടിലെ ഏറ്റവും പഴതും മികച്ചതുമായ ലൈബ്രറിയാണു. പല പ്രശസ്ഥ ശാസ്ത്രജ്ഞന്മാരുടെയും ബുദ്ധിജീവികളുടെയും കയ്യെഴുത്ത് പ്രതികളും, നോട്ടുകളും അടങ്ങിയ പുരാവസ്തുശേഖരം ഈ ലൈബ്രറിക്ക്‌ സ്വന്തമായുണ്ട്. പോളണ്ടിലെ ഏറ്റവും പഴക്കമേറിയ യൂണിവേർസിറ്റി ബിൽഡിംഗ് ആണു കൊളീഗിയം മാവൂസ്, കോപ്പർ നിക്കസ് ഉപയോഗിച്ചിരുന്ന ടെലസ്‌കോപ്, അദ്ധേഹത്തിന്റെ കുറിപ്പുകളടങ്ങിയ നോട്ട്ബുക്ക്, അമേരിക്കൻ ഭൂഖണ്ടത്തെ അടയാളപ്പെടുത്തിയതും ഇന്നും നശിക്കാത്തതുമായ ലോകത്തിലേക്കേറ്റവും പഴക്കംചെന്ന ഗ്ലോബ് എന്നിവ അടക്കം അമൂല്യശേഖരങ്ങൾ ഈ കെട്ടിടത്തിലുണ്ട്.
ക്രാക്കോയെകുറിച്ച് എഴുതാനാണെങ്കിൽ ഇനിയും പല കുറിപ്പുകളും തികയാതെവരും, ഈ മനോഹര നഗരത്തിന്റെ പ്രത്യേകതകൾ മൊത്തമായികുറിച്ചെടുക്കൽ അസാദ്ധ്യം എന്ന് അറിയുന്നതിനാൽ എഴുത്ത് ഇവിടെ നിർത്തുന്നു.

പോളണ്ട് ഡയറി ഒന്നാം ഭാഗം ഇവിടെ