ക്രാക്കൂസ്: ഒരു പോളീഷ് നായകൻ

ഡ്രാക്കുള പ്രഭുവിനാൽ പ്രശസ്ഥമായ കാർപ്പാത്തിയൻ മലനിരകളുടെ അടിവാരത്തിലാണു ക്രാക്കോ നിലകൊള്ളുന്നത്. ക്രാക്കോ പോളണ്ടിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്- പോളണ്ട് ഡയറിയിലെ രണ്ടാംഭാഗത്തിൽ നിവാസ് എഴുതുന്നു.

ക്രാക്കൂസ്: ഒരു പോളീഷ് നായകൻ

നിവാസ് ബാബു സെൽവരാജ്

വിസ്തുല (പോളിഷിൽ വിസ്വ) നദിയുടെ തീരത്ത് വിശാലമായി പരന്നു കിടക്കുന്ന, ഏഴരലക്ഷത്തോളം പേർ വസിക്കുന്ന മനോഹര നഗരമാണു ക്രാക്കോ. ചരിത്രപരമായും, സാംസ്‌കാരികപരമായും, ധിഷണാപരമായും, സാമ്പത്തികപരമായും എക്കാലത്തും പോളണ്ടിനെ നയിച്ച നഗരം എന്ന് ക്രാക്കോയെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാവില്ല. ക്രാക്കോയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ഏഴാം നൂറ്റാണ്ടിൽ തുടങ്ങുന്നതാണു, മിഡീവിയൽ പോളണ്ടിന്റെ തലസ്ഥാനമായിരുന്നു ക്രാക്കോ, ഇപ്പോൾ വാർസോ കഴിഞാൽപോളണ്ടിലെ രണ്ടാമത്തെ വലിയ നഗരം. രണ്ടായിരമാണ്ടിൽ യൂറോപ്പിന്റെ മില്ലേനിയം കൾച്ചറൽ കാപ്പിറ്റൽ ആയി തിരഞെടുക്കപ്പെട്ട നഗരം, യുനെസ്‌കോവേൾഡ് ഹെറിട്ടേജ് ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ട ആദ്യ പേരു എന്നിങ്ങനെ ക്രാക്കോയുടെ വിശേഷണങ്ങൾ നീളുന്നു. മാജിക്കൽ സിറ്റി എന്നൊരു വിളിപ്പേരുകൂടി ക്രാക്കോയ്ക്കുണ്ട്, രണ്ട് ലോകമഹായുദ്ധങ്ങൾ നടന്ന പോളിഷ് മണ്ണിൽ, എല്ലാ നഗരങ്ങളും തറമട്ടമാക്കപ്പെട്ടപ്പോൾ ക്രാക്കോയിലെ ഒരു ചെങ്കല്ലുപോലും നിലം പതിച്ചില്ല എന്നാണു പഴമക്കാർ പറയുന്നത്. പോളണ്ടിന്റെ സാംസ്‌കാരിക ചരിത്രം അണമുറിയാതൊഴുകുന്ന, എക്കാലത്തും തലയുയർത്തി നിൽക്കുന്ന ക്രാക്കോ നഗരത്തെയും അതിലെ പ്രധാന ആകർഷണങ്ങളെയും കുറിച്ചാണു ഈ കുറിപ്പ്.


krakoക്രാക്കോ റെയിൽവേ സ്റ്റേഷൻ

നഗരചരിത്രവും ഭൂമിശാസ്ത്രവും

പോളണ്ടിന്റെ തെക്കേ അറ്റത്തായി ഡ്രാക്കുള പ്രഭുവിനാൽ പ്രശസ്ഥമായ കാർപ്പാത്തിയൻ മലനിരകളുടെ അടിവാരത്തിലാണു ക്രാക്കോ നിലകൊള്ളുന്നത്. പോളണ്ടിനെയും ചെക്ക്/സ്ലൊവാക്ക് റിപ്പബ്ലിക്കുകളേയും പ്രകൃത്യാൽ അതിരിടുന്ന താത്രി മലനിരകൾ ക്രാക്കോയ്ക്ക് 100 കിലോമീറ്റർ തെക്കായും, കിഴക്ക് ഇരുന്നൂറുകിലോമീറ്ററിനപ്പുറം ഉക്രൈൻ അതിരും സ്ഥിതിചെയ്യുന്നു. രാജ്യത്തിലെ മികച്ച അഞ്ച് നേച്ചർ റിസർവ്‌സ് ക്രാക്കോ നഗരാതിർത്തിക്കുള്ളിലുണ്ട്. ശൈത്യകലത്ത്‌മൈനസ് 29 ഡിഗ്രിവരെ പോലും എത്തുന്ന അതിശൈത്യം മുതൽ വേനൽകാലത്ത് 38 ഡിഗ്രിവരെചൂട് നഗരകാലാവസ്ഥയെ രേഖപ്പെടുത്തുന്നു. പൊതുവേ മെയ് മാസം തുടങ്ങി ഒക്ടോബർ വരെയാണു അനുകൂല കാലാവസ്ഥ എന്നതിനാൽ ആ ഇടവേളയിലാണു ടൂറിസ്റ്റുകൾ കൂട്ടമായി വരുന്നത്.പല നൂറ്റാണ്ടുകളിലായി രൂപകൽപനചെയ്യപ്പെട്ട വാസ്തുവിദ്യകളും ശില്പങ്ങളും ക്രാക്കോയിൽ സുലഭമാണു. നഗരത്തിന്റെ നടുക്കായുള്ള മാർക്കറ്റ് സ്‌ക്വയർ (പോളിഷിൽ റിനെക്ക്) മിഡീവിയൽ യൂറോപ്പിലെ ഏറ്റവും വലിയ വിപണന കേന്ദ്രമായിരുന്നു. പല യുദ്ധങ്ങളും പ്രതിസന്ധികളും മറികടന്ന് വികസിച്ച ഒരു നഗരമാണു ക്രാക്കോ പല പല നൂറ്റാണ്ടുകളിലായി നഗരം പുറമേക്ക് വളരുകയായിരുന്നു. നഗരസിരാകേന്ദ്രമായ മാർക്കറ്റ് സ്‌ക്വയറിൽ നിന്നും പുറത്തേക്ക് നഗരാതിർത്തിയിലേക്ക് നടക്കുമ്പോൾ ഏഴാം നൂറ്റാണ്ടിലെ വാസ്തു വിദ്യമുതൽ പടി പടിയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നടക്കുന്ന ഒരു പ്രതീതി നമുക്ക് കിട്ടും, ഗോത്തിക്ക് സ്‌റ്റൈൽ, ബറോക്കിയൻ കാലഘട്ടത്തിലെ നിർമ്മിതികൾ, നവോത്ഥാന നിർമ്മിതികൾ എന്നിങ്ങനെ യൂറോപ്പിലെ എണ്ണപ്പെട്ട വാസ്തുകലകൾ ഇന്നും നിലനിൽക്കുന്ന നഗരമാണു ക്രാക്കോ.

മിത്തുകളാൽ സമ്പന്നമായ ഒരു പൂർവ്വകാലം ക്രാക്കോയ്ക്കുണ്ട്, ശിലായുഗത്തിൽ തന്നെ ഇവിടെ സെറ്റിൽമെന്റുകൾ ഉണ്ടായിരുന്നതിനുള്ള തെളിവുകളുമുണ്ട്. മിത്തുകളിൽ പ്രധാനമായത് വാവൽ കാസ്റ്റിലിനു പുറത്തുള്ള തീതുപ്പുന്ന ഡ്രാഗണുമായി ബന്ധപ്പെട്ടുള്ളതാണു.എട്ടാം നൂറ്റാണ്ടിൽ ക്രാക്കുസ് എന്ന ഒരു പോളിഷ് രാജകുമാരൻ ഗുഹാവാസിയായിരുന്ന, ജനങ്ങളെ ഉപദ്രവിച്ചിരുന്ന ആ തീതുപ്പുന്ന ഡ്രാഗണിനെ കൊന്ന് ക്രാക്കോ നഗരം സ്ഥാപിച്ചത് എന്ന ഒരു കഥയുണ്ട്. ആ ഗുഹയ്ക്ക് മേലെയാണു വാവൽ കാസ്റ്റിൽ എന്ന് പേരായ കോട്ട, ക്രാക്കോയിലെ ഏറ്റവും മികച്ച അട്രാക്ഷൻ പണിതുയർത്തിയിരിക്കുന്നത്. എഴുതപ്പെട്ട ചരിത്രത്തിൽ ക്രാക്കോ എന്ന പേരു ആദ്യമായി വരുന്നത് ഒൻപതാം നൂറ്റാണ്ടിലാണു, മൊറാവിയക്കു(ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ ഉണ്ടായിരുന്ന ഒരു പൗരാണിക രാജ്യം) കീഴിലുള്ള ഒരു പ്രധാനപ്പെട്ട വിപണന കേന്ദ്രം ആയാണു അക്കാലത്ത് ക്രാക്കോ നിലനിന്നത്. പിന്നീട് പത്താം നൂറ്റാണ്ടിൽ ബൊഹീമിയൻ ഡ്യൂക്ക് ക്രാക്കോ കീഴടക്കി, അദ്ധേഹത്തിൽ നിന്നാണു പോളണ്ടിലെ ആദ്യ ക്രിസ്ത്യൻ രാജാവായ മീഷ്‌ക്കോ ഒന്നാമൻ ക്രാക്കോ പിടിച്ചടക്കുന്നത്. പോളിഷ് രാജ ഭരണത്തിനു സമഗ്രമായ തുടക്കം കിട്ടിയത് മീഷ്‌ക്കോ ഒന്നാമന്റെ കാലത്താണു, പോളണ്ടിന്റെ സ്ഥാപകൻ എന്നാണു അദ്ധേഹം അറിയപ്പെടുന്നത്.

marketക്രാക്കോ റിനെക്ക് മിഡീവിയൽ യൂറോപ്പിലെ ഏറ്റവും വലിയ മാർക്കറ്റ്

പതിനൊന്നാം നൂറ്റാണ്ടോടെ പോളണ്ടിന്റെ തലസ്ഥാനമായി ക്രാക്കോ മാറി, പിന്നീട് പല വികസനങ്ങളും നടന്ന നഗരം സാമ്പത്തിക തലസ്ഥാനമായി മാറി. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണത്തിൽ സാരമായ കേടുപറ്റിയ നഗരത്തെ പഴയപടി പിന്നീട് പുനർ നിർമ്മിച്ചത് ഡ്യൂക്ക് ബൊലേസ്വാവിന്റെ നേതൃത്ത്വത്തിലാണു. കാഷിമേർസ് മൂന്നാമന്റെ കാലത്താണു ക്രാക്കോ പിന്നീട് പുഷ്ടിപ്പെടുന്നത്, അദ്ധേഹം 1364ൽ മദ്ധ്യ യൂറോപ്പിലെ രണ്ടാമത്തെ യൂണിവേർസിറ്റി സ്ഥാപിച്ചു യഗിലോണിയൻ യൂണിവേർസിറ്റി എന്ന പേരിലുള്ള ഈ സ്ഥാപനം ഇന്നും പോളണ്ടിലെ ഏറ്റവും മുൻ നിരയിലുള്ള യൂണിവേർസിറ്റികളിൽ ഒന്നാണു. നവോത്ഥാന കാലഘട്ടമായ 15, 16 നൂറ്റാണ്ടുകൾ പോളണ്ടിന്റെ സുവർണ്ണകാലഘട്ടമായാണു അറിയപ്പെടുന്നത്, അക്കാലത്ത് കലയും, സാഹിത്യവും, സമ്പത്തുമെല്ലാം ക്രാക്കോയിൽ നിർലോഭമായിരുന്നു എന്ന് ചരിത്രം പറയുന്നു. പതിനെട്ടാം നൂറ്റാണ്ടുമുതൽ പോളണ്ട് പ്രഷ്യയുടെയും റഷ്യയുടെയും നിരന്തര ആക്രമണത്തിൻ കീഴിൽ ക്ഷീണിച്ചു അത് ക്രാക്കോവിനെയും ബാധിച്ചു. നെപ്പോളിയൻ ഉൾപ്പെടെ പലരുടെയും കീഴിൽ ആയിരുന്ന ക്രാക്കോയെ 1866ൽ അന്നത്തെ ഭരണാധികാരികളായിരുന്ന ആസ്ട്രിയക്കാർ സ്വതന്ത്രമാക്കി പിന്നീട് പോളിഷ് ഏഥൻസ് എന്നാണു ക്രാക്കോ അറിയപ്പെട്ടത്. പോളണ്ടിലെ മറ്റ് പ്രദേശങ്ങളിൽ സ്വാതന്ത്ര്യവാഞ്ച വിത്തിട്ട് സ്വതന്ത്ര്യ വായു ക്രാക്കോ ശ്വസിച്ചു.

കാഷിമേർസ്

1335ൽ ക്രാക്കോ ഭരിച്ചിരുന്ന കാഷിമേർസ് മൂന്നാമൻ ക്രാക്കോയുടെ ഭാഗമായിരുന്ന രണ്ട് പ്രവിശ്യകളെ ചേർത്ത് കാഷിമേർസ് എന്ന പുതിയൊരു നഗരം പ്രഖ്യാപിച്ചു. അക്കാലത്ത് ക്രിസ്ത്യാനികൾക്കൊപ്പം തന്നെ ജ്യൂതന്മാർക്കും മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്ന ചുരുക്കം ചില സ്ഥലങ്ങലിലൊന്നായിരുന്നു ക്രാക്കോയിലെ ഈ പ്രദേശം. ഇന്ന് നിലവിലുള്ള പോളണ്ടിലെ ഏറ്റവും പ്രാചീനമായ സിനഗോഗ് 15ആം നൂറ്റാണ്ടിൽ ഇവിടെ സ്ഥാപിക്കപ്പെട്ടു. കാഷിമേർസിലെ ജനങ്ങളിൽ പകുതിയോളം പേർ ജൂതമതവിശ്വാസികളായിരുന്നു, മൊത്തം ക്രാക്കോയുടെയും വ്യാപാരങ്ങളിൽ മേൽക്കോയ്മയും ജൂതർക്കായിരുന്നു. ജ്യൂയിഷ് ടൗൺ എന്ന പേരിൽ നഗരഹൃദയത്ത് മതിൽ കെട്ടിപ്പൊക്കി അതിനുള്ളിലായിരുന്നു ഭൂരിഭാഗം ജൂതഗൃഹങ്ങളും സ്ഥിതി ചെയ്തിരുന്നത്. 1775ൽ ആസ്ട്രിയൻ ഭരണത്തിൻ കീഴിൽ കാഷിമെർസിനു സ്വതന്ത്ര്യ നഗരം എന്ന പദവി നിഷേധിച്ച് ക്രാക്കോയ്‌ക്കൊപ്പം ചേർത്തു. 1822ൽ ആസ്ട്രിയൻ രാജാവ് കാഷിമേർസിൽ ക്രിസ്ത്യൻ/ജൂത വാസ സ്ഥലങ്ങളെ വിഭജിച്ച് ഉണ്ടായിരുന്ന മതിൽ തകർക്കാൻ ഉത്തരവിട്ടതോടെ ഒരു കാലഘട്ടം അവസാനിച്ചു.പിന്നീട് ജൂത സമൂഹം ക്രാക്കോയ്ക്ക് ഉള്ളിലേക്ക് അലിഞ് ചേർന്നു രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ട് മുൻപ് ക്രാക്കോ നഗരത്തിൽ മാത്രം നൂറ്റി ഇരുപതോളം സിനഗോഗുകൾ ഉണ്ടായിരുന്നു, മൊത്തം ജനസംഘ്യയിൽ 30% ജൂതർ ആയിരുന്നു. നാസി കാലഘട്ടത്തിൽ ഗെറ്റോകളിലേക്ക് ജൂതരെ മൊത്തം മാറ്റിപ്പാർപ്പിക്കുകയായിരുന്നു. രണ്ടാം ലേകയുദ്ധത്തിനു ശേഷം ഒരാളെ പോലും അവശേഷിപ്പിക്കാതെ ശവപ്പറമ്പായി ജ്യൂയിഷ് ടൗൺ നിലകൊണ്ടു, പിന്നീട് ഇരുപതാം നൂറ്റാണ്ടിനൊടുക്കം ആണു കാഷിമേർസിലെ ജൂതപാരമ്പര്യം വീണ്ടെടുക്കാനായി ഇസ്രായേൽ സഹായത്തോടേ പല പദ്ധതികളും വരുന്നത്. 1990കളിൽ പുറത്തിറങ്ങിയ സ്പീൽബർഗ്ഗിന്റെ ഷിൻഡ്‌ലേർസ് ലിസ്റ്റ് എന്ന സിനിമ കാഷിമേർസിലാണു ചിത്രീകരിച്ചത്.

പ്രശസ്തി

popeജോൺ പോൾ രണ്ടാമന്റെ ഗ്രാഫിറ്റി ക്രാക്കോ നഗരത്തിൽ നിന്നും പകർത്തിയത്

പോളിഷ് ബുദ്ധിജീവി നിരകളിൽ ഭൂരിഭാഗം പേരും ക്രാക്കോയിലാണു താമസിച്ചിരുന്നത് എന്ന കാര്യം മനസ്സിലാകുമ്പോൾ കലാ സാംസ്‌കാരിക മേഖലയിൽ ഈ നഗരത്തിനുണ്ടായിരുന്ന പ്രാധാന്യം ഊഹിക്കാം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പത്തൊൻപതാം നൂറ്റാണ്ടിൽ സ്വതന്ത്ര്യ നഗരമായിരുന്ന കാലത്ത് പോളണ്ടിലെ മെക്ക എന്ന് പോലും ക്രാക്കോ അറിയപ്പെട്ടിരുന്നു. നഗരത്തിന്റെ ധൈഷണിക മുൻ തൂക്കത്തിനു അടിത്തറയായി വർത്തിച്ചത് കാഷിമേർസ് മൂന്നാമൻ സ്ഥാപിച്ച ക്രാക്കോ(പിന്നീട് യെഗിലോണിയൻ) യൂണിവേർസിറ്റിയായിരുന്നു. അവിടെ പഠിച്ചിറങ്ങിയ ധിഷണാശാലികൾ പലരും ലോകപ്രശസ്ഥരായി, ഹീലിയോ സെൻട്രിക് സിസ്റ്റത്തിന്റെ ഉപജ്ഞാതാവും ഓൺ ദ റെവല്യൂഷൻ ഓഫ് ദ സെലസ്റ്റിയൽ സ്ഫിയേർസ് എന്ന പേരിൽ പ്രശസ്ത്ഥമായ ഗ്രന്ധം രചിച്ചയാളുമായ നിക്കോളാസ് കോപ്പർനിക്കസ് പഠിച്ചതും ഇവിടെയാണു. ക്രാക്കോയിലെ ബിഷപ്പ് ആയി മാറിയ കാരോൾ ജോസഫ് വോയ്ത്തിവ എന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പഠിച്ചതും യെഗിലോണിയൻ യൂണിവേർസിറ്റിയിലാണു.

ക്രാക്കോ ആന്ഥം എന്ന പേരിൽ പ്രശസ്ഥമായ ഒരു മ്യൂസിക്കൽ നോട്ട് ഉണ്ട്, സെന്റ് മേരീസ് ഡോൺ എന്ന നോട്ട്. മംഗോളിയർ പതിമൂന്നാം നൂറ്റാണ്ടിൽ ക്രാക്കോയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു മിത്തിൽ നിന്നുമാണു ഈ ട്രഡിഷന്റെ ഉത്ഭവം. മംഗോളിയൻ സേനയുടെ മുന്നേറ്റം കാണാനിടയായ വയസ്സനായ ഒരു വാച്ച്മാൻ സെന്റ് മേരീസ് ദേവാലയത്തിന്റെ ടവറിൽ നിന്നും ട്രമ്പറ്റ് ഉപയോഗിച്ച് ഈ നോട്ട് വായിക്കുകയും ദ്വാരപാലകർ അത് കേട്ട് കൃത്യസമയത്ത് തന്നെ നഗരവാതിലുകൾ അടച്ചതിനാൽ ക്രാക്കോ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു എന്ന ഒരു മിത്ത്. അന്ന് വാച്ച്മാൻ ആ നോട്ട് പൂർത്തിയാക്കും മുൻപ് ഒരു താർത്താർ അമ്പ് അദ്ധേഹത്തിന്റെ കണ്ഠം തുളച്ച് കയറി പാതിവഴിക്ക് നോട്ട് നിന്നു. പിന്നീട് ആ വൃദ്ധന്റെ സേവനത്തിന്റെ ഓർമ്മയ്ക്കായി ദിവസവും ഓരോ മണിക്കൂർ കൂടുമ്പോൾ ടവറിന്റെ നാലു ജന്നലുകളിലുമായി ഈ നോട്ട് വായിക്കാൻ തുടങ്ങി നൂറ്റാണ്ട്കളോളം ഇത് തുടരുന്നു. ഇന്ന് ക്രാക്കോയിലെ ആകർഷകങ്ങളിലൊന്ന് പാതിവഴിയിൽ നിന്ന് പോകുന്ന ഈ മ്യൂസിക്കൽ നോട്ടാണു.

ക്രാക്കോ നഗരത്തിൽ മൊത്തം ഏഴ് സർവ്വകലാശാലകളും മറ്റ് അനേകം വിദ്യാഭ്യാസ സ്ഥാപങ്ങളും ഉണ്ട്, ഏഴരലക്ഷത്തോളം പേർ വസിക്കുന്ന ഈ നഗരത്തിൽ അതിന്റെ പകുതിയോളം വിദ്യാർത്ഥികളാണു എന്നാണു കണക്ക് അത് കൊണ്ട് തന്നെ ശരിക്കും യുവാക്കളുടെ നഗരമാണു ക്രാക്കോ. പോളണ്ടിലേക്കുള്ള ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട നഗരവും മറ്റൊന്നല്ല, ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ക്രാക്കോയ്ക്ക് ചുറ്റും ഉണ്ട് ഓഷ്വിത്സ് ക്യാമ്പ് അതിൽ ഒന്നാണു. താത്രി മല നിരയിലെ ഏറ്റവും മനോഹരമെന്ന് അറിയപ്പെടുന്ന സാക്കോപാനെ ടൗൺ ക്രാക്കോയിൽ നിന്നും വിളിപ്പാടകലെയാണു. വിസ്തുല നദിയും അതിനെ ചുറ്റിപ്പറ്റിയുള്ള നാൽപ്പതോളം പാർക്കുകളും, 28 മ്യൂസിയങ്ങളും, അഞ്ച് നാഷണൽ റിസർവ് ഫോറസ്റ്റുമുള്ള ക്രാക്കോ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ അനുഗ്രഹീതമാണു. അത് പോലെത്തന്നെ അഞൂറിൽ പരം പബ്ബുകളും പരശതം റസ്റ്റോറണ്ടുകളുമായി വശ്യതയോടെ നിൽക്കുന്ന ക്രാക്കോയിലെ നൈറ്റ് ലൈഫിനു പകരം വെയ്ക്കാൻ യൂറോപ്പിൽ വേറെ ഒരു നഗരം ഉണ്ടോയെന്ന് സംശയമാണു.

Story by