'ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നത്, ആദിവാസികുട്ടികള്‍ വരെ ജയിലിലായിട്ടുണ്ട്'; നിലപാടില്‍ ഉറച്ചു മുഖ്യമന്ത്രി

കുട്ടി ഒറ്റയ്ക്കല്ല അമ്മയോടൊപ്പമാണ് ജയിലിലായതെന്നും അമ്മയാണ് കുട്ടിയെ ജയിലില്‍ കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഐ(എം) ഓഫീസ് അക്രമിച്ചെന്ന കേസില്‍ ദളിത് യുവതികളും ഒന്നരവയസ്സുള്ള കുട്ടിയും ജയിലില്‍ പോയ സംഭവത്തില്‍  പ്രതികരിക്കാനില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസും എതിര്‍കേസും ഉള്ളപ്പോള്‍ എന്ത് പ്രതികരിക്കാനാണെന്നു ചോദിച്ച അദ്ദേഹം ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും ആദിവാസി കുട്ടികള്‍ വരെ ജയിലിലായിട്ടുണ്ടെന്നും പറഞ്ഞു. കുട്ടി ഒറ്റയ്ക്കല്ല അമ്മയോടൊപ്പമാണ് ജയിലിലായതെന്നും അമ്മയാണ് കുട്ടിയെ ജയിലില്‍ കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിമാക്കൂലിലെ സിപിഐ(എം) ഓഫീസില്‍ കയറി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് എന്‍. രാജന്റെ മക്കളായ അഖില (30), സഹോദരി അഞ്ജന (25) എന്നിവര്‍ ജയിലിലായത്. ഒന്നരവയസ്സുള്ള കൈക്കുഞ്ഞുമായാണ് അഖില ജയിലിലായത്. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ ആസ്പത്രിയില്‍ സുഖം പ്രാപിച്ചു വരികയാണിവര്‍.

Read More >>