പരിസ്ഥിതി ദിനത്തില്‍ പിണറായിയും കാനം രാജേന്ദ്രനും തമ്മില്‍ ഫെയ്‌സ്ബുക്ക് യുദ്ധം

പരിസ്ഥിതി ദിനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.

പരിസ്ഥിതി ദിനത്തില്‍ പിണറായിയും കാനം രാജേന്ദ്രനും തമ്മില്‍ ഫെയ്‌സ്ബുക്ക് യുദ്ധം

പരിസ്ഥിതി ദിനത്തില്‍ ഇടത് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് യുദ്ധം. പരിസ്ഥിതി ദിനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സാമൂഹ്യനീതിക്ക് നിരക്കുന്നതും നിലനിര്‍ത്താവുന്നതുമായ വികസനമാണ് വേണ്ടത് എന്നായിരുന്നു കാനം രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ഇതിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.

മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന വികസനത്തിന് മാത്രമേ സുസ്ഥിരതയെ സംഭാവന ചെയ്യാനാവുകയുള്ളൂവെന്നും കാനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


അവശേഷിക്കുന്ന വനങ്ങളെ എന്തു വില കൊടുത്തും സംരക്ഷിച്ചും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമെല്ലാം നിലനിര്‍ത്തിയും, പുഴകളെയും അരുവികളെയുമെല്ലാം കാത്തു പുലര്‍ത്തിയും, മുതലാളിത്ത വികസന രീതികളോട് വിട പറഞ്ഞ് സുസ്ഥിര വികസന മാതൃകകളെ സ്വീകരിച്ച് മാത്രമേ വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാനാകുകയുള്ളൂ. എന്നും കാനം രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിനാധാരമായ ഈ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടേ നമുക്കൊരു ജീവിതമുള്ളൂ എന്നത് തന്നെയാണ് നാം ഉള്ളില്‍ കുടിയിരുത്തേണ്ടത്. എന്ന് പറഞ്ഞാണ് കാനം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കാനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പരോക്ഷ മറുപടി എന്നതരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതി ദിന സന്ദേശവുമായി ഫെയ്‌സ്ബുക്കില്‍ എത്തി.

അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതിമൌലികവാദനിലപാടുകളില്‍ നിയന്ത്രണംവേണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ലക്ഷ്യവുമെന്നാണ് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.പരിസ്ഥിതിവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂര്‍വം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുകയെന്നും പിണറായിയുടെ പോസ്റ്റില്‍ പറയുന്നു.