ജിഷ വധ കേസ്; ഘാതകന്‍ പിടിയിലായിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല

സ്വന്തം തൊഴിലിനും തുടര്‍ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താന്‍ പോലീസിന് ധൈര്യം കൊടുത്ത ഉന്നതന്‍ ആര്? ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട്?

ജിഷ വധ കേസ്; ഘാതകന്‍ പിടിയിലായിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധ കേസില്‍ ഘാതകന്‍ പിടിയിലായപ്പോഴും കൊലപാതകം സംബന്ധിച്ച് ചില ദുരൂഹതകള്‍ മാറിയിട്ടില്ല . അന്വേഷണത്തിന്റെ നാള്‍ വഴികളില്‍ പോലീസില്‍ നിന്നു നേരത്തെ പുറത്തു വന്ന പല വിവരങ്ങള്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ ഘാതകന്‍ അറസ്റ്റിലായപ്പോള്‍ പോലീസിന് കഴിയുന്നില്ല.

അസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം ആണ് ഘാതകനെന്ന് പോലീസ് കണ്ടെത്തിയപ്പോള്‍ അസാമിലെ ഇയാളുടെ വീട് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല . ഘാതകന്റെ അസാമിലെ വാസസ്ഥലമുള്‍കൊള്ളുന്ന ജില്ലയുടെ പേര് പോലീസ് പുറത്തു വിട്ടെങ്കിലും അസാമില്‍ അങ്ങിനെയൊരു ജില്ല ഇല്ലെന്നാണ് വാസ്തവം. പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞ നൗഗ എന്നൊരു ജില്ല അസമില്‍ ഇല്ല. എന്നാല്‍ നഗവോണ്‍ എന്നൊരു ജില്ല അസാമിലുണ്ടെന്നും ഒരു പക്ഷേ പത്രക്കുറിപ്പില്‍ ജില്ലയുടെ പേര് തെറ്റിവന്നതാകാമെന്നുമാണ് പോലീസ് അധികൃതരില്‍ നിന്നുള്ള വിശദീകരണം.


ജിഷ വധ കേസില്‍ പ്രതി പിടിയിലായെങ്കിലും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതായി കാണിച്ച് നവ മാധ്യമങ്ങളിലും ചര്‍ച്ച നടക്കുന്നുണ്ട് . ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍ ഇവയാണ്. രാത്രി 8.15ന് പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് പോലും അനുവദിക്കാതെ അന്നു തന്നെ രാത്രി 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിന്? (ആലപ്പുഴ നിന്നും പെരുമ്പാവൂരില്‍ മൃതദേഹം എത്തിക്കാന്‍ വെറും 1.15 മണിക്കൂറേ എടുത്തുള്ളൂ എന്നതും ശ്രദ്ധിക്കുക) വൈകിട്ട് 5 മണി കഴിഞ്ഞാല്‍ ഒരു മൃതദേഹവും സംസ്‌കരിക്കാന്‍ പാടില്ലെന്ന് ടി ശ്മശാനത്തില്‍ നിയമം/ കീഴ് വഴക്കം ഉള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30-ന് ദഹിപ്പിക്കാന്‍ സ്ഥലം സിഐ നിര്‍ബസം പിടിച്ചത് എന്തിന്?

സ്വന്തം തൊഴിലിനും തുടര്‍ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താന്‍ പോലീസിന് ധൈര്യം കൊടുത്ത ഉന്നതന്‍ ആര്? ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട്? സംഭവം നടന്ന ഉടനേ തന്നെ ജിഷയുടെ വീട് സീല്‍ ചെയ്യേണ്ടതിന് പകരം അഞ്ച് ദിവസം വൈകിപ്പിച്ച് തെളിവുകള്‍ നശിക്കാന്‍ പോലീസ് അവസരമൊരുക്കിയത് എന്തുകൊണ്ട്?

സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാന്‍ അനുവദിക്കാതെ പോലീസ് കസ്റ്റഡിക്ക് തുല്യമായ ആശുപത്രി തടങ്കലില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ട്? പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാന്‍ വേണ്ടി എന്ന രീതിയില്‍ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തില്‍ മോശക്കാരിയായി ചിത്രീകരിക്കുവാന്‍ അവര്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പരസ്യപ്പെടുത്തിയത് എന്തുകൊണ്ട്? ഇത്തരം കേസുകളുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് സന്നിഹിതരാകേണ്ടുന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ പോലീസ് തനിച്ച് എഫ് ഐ ആര്‍ തയ്യാറാക്കിയത് എന്തുകൊണ്ട്?

അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതി ആരായിരുന്നാലും മേല്‍നടപടികളെ സ്വാധീനിക്കാന്‍ തക്ക ഇടപെടല്‍ നടത്താന്‍ അയാള്‍ക്കുള്ള ഉന്നത ബസവും സ്വാധീനവും എന്താണ്? കേസ് ഇത്രമേല്‍ ബോധപൂര്‍വമായ അലസതയോടെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല

ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം ഡി എന്‍ എ ടെസ്റ്റ് എന്ന ലളിതമായ നടപടിക്ക് വിധേയനാകാന്‍ പി പി തങ്കച്ചന്‍ തയ്യാറാകാത്തത് എന്തുകൊണ്ട്? ഡിഎന്‍എ ടെസ്റ്റില്‍ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാല്‍ മാനനഷ്ടക്കേസിന് അത് കൂടുതല്‍ ബലമല്ലേ എന്ന ചോദ്യവും അനുബന്ധമായി ഉയരുന്നുണ്ട്.

ഒരു സാധരണ കുടുംബത്തില്‍ ജീവിച്ചിരുന്ന ജിഷ എന്തിനാണ് ഒരു പെന്‍ ക്യാമറ എപ്പോയും ശരീരത്തില്‍ ധരിച്ച് നടന്നിരുന്നത് ..? ഒരു സാധരണ ആസാം സ്വദേശിയായ പ്രതിക്ക് വേണ്ടി എന്തിനാണ് പോലീസ് ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ..? ഗൂഡാലോചനയില്ലാതെ, പുറകില്‍ മറ്റാരുമില്ലാതെ ഒരു തെളിവും അവശേഷിപ്പിക്കാത ഒരു തുമ്പും ബാകി വെക്കാതെ എങ്ങിനെയാണ് പ്രതിക്ക് കൊല നടത്താന്‍ കഴയും?

ജിഷയുടെ ഘാതകനെ പിടികൂടിയത് പോലീസിന് പൊന്‍ തൂവലാകണമെങ്കില്‍ ഇത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരം കൂടി കണ്ടെത്തണമെന്നാണ് നവ മാധ്യമങ്ങളിലെ ആവശ്യം.