ജിഷയുടെ കൊലപാതകിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; ആഭ്യന്തര വകുപ്പിനും പോലീസിനും പൊന്‍തൂവല്‍

പ്രതിയെ പിടികൂടിയത് ആഭ്യന്തര വകുപ്പിനും പോലീസിനും പൊന്‍തൂവലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട ജിഷയുടെ സുഹൃത്താണ് പ്രതി. തൃശൂര്‍-പാലക്കാടു ജില്ലകളുടെ അതിര്‍ത്തിയില്‍നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.

ജിഷയുടെ കൊലപാതകിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; ആഭ്യന്തര വകുപ്പിനും പോലീസിനും പൊന്‍തൂവല്‍

കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊലക്കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാമാണ് പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ജിഷയുടെ കൊലപാതകിയെ പിടികൂടിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.  പ്രതിയെ പിടികൂടിയത് ആഭ്യന്തര വകുപ്പിനും പോലീസിനും പൊന്‍തൂവലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെക്കുറിച്ച് ഇന്നു തന്നെ വ്യക്തമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊല്ലപ്പെട്ട ജിഷയുടെ സുഹൃത്താണ് ഇയാളെന്നും തൃശൂര്‍-പാലക്കാടു ജില്ലകളുടെ അതിര്‍ത്തിയില്‍നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


മുഖ്യപ്രതി ഇയാള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചതാതാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തില്‍ ഒന്നില്‍കൂടുതല്‍ പേര്‍ പ്രതിയായേക്കുമെന്നാണു സൂചന. പിടിയിലായ വ്യക്തിയുടെ ഡി.എന്‍.എ. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം വരുന്നതോടെ ഒന്നര മാസം നീണ്ട കേസ് ഫയല്‍ അവസാനിപ്പിക്കാനാകുമെന്നുമുള്ള വിശ്വാസത്തിലാണ് പോലീസും.

പെരുമ്പാവൂരിൽ കനാൽ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ ഏപ്രില്‍ 28നാണു ജിഷയെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.

ജിഷയുടെ വീട്ടില്‍നിന്നും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്ത ചെരുപ്പുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു കൊലയാളിയിലേക്ക് എത്തിയതെന്നാണ് സൂചനകള്‍. ഈ ചെരുപ്പ് വിറ്റത് കുറുപ്പംപടിയിലെ കടയുടമയാണ്. അദ്ദേഹം നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു കൈമാറിയതിനെ തുടര്‍ന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍ ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്. ഇതില്‍ സിമെന്റ് പറ്റിപ്പിടിച്ചിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങളും കണ്ടെത്തിയിരുന്നു. കൊലയാളിയിലേക്കുള്ള പോലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേക്കു കേന്ദ്രീകരിക്കുകയായിരുന്നു. ചെരിപ്പുകള്‍ കൊലയാളിയുടേതാണെന്ന് ഉറപ്പിച്ച് പോലീസ് ആ വഴിക്കുള്ള അന്വേഷണത്തിലേക്ക് കടക്കുകയായിരുന്നു.

ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചെരുപ്പില്‍ സിമെന്റ് പറ്റിയിരുന്നതിനാല്‍ കെട്ടിടനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണ് പോലീസ് കണ്ടത്. ഇതിനിടെയാണ് ചെരുപ്പു വില്‍പ്പന നടത്തിയ ആള്‍ നിര്‍ണായകമൊഴി നല്‍കിയത്.

Read More >>