കോപ്പ: രണ്ടാം ക്വാര്‍ട്ടറില്‍ പെറുവും കൊളംബിയയും ഏറ്റുമുട്ടും; മത്സരം ശനിയാഴ്ച പുലര്‍ച്ചെ 5.30ന്

സാക്ഷാല്‍ ബ്രസീലിനെ പോലും അട്ടിമറിച്ച് ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായാണ് പെറുവിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. എന്നാല്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനവുമായാണ് കൊളംബിയ പെറുവിനെ നേരിടുന്നത്.

കോപ്പ: രണ്ടാം ക്വാര്‍ട്ടറില്‍ പെറുവും കൊളംബിയയും ഏറ്റുമുട്ടും; മത്സരം ശനിയാഴ്ച പുലര്‍ച്ചെ 5.30ന്

കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെറുവും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടും. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം. സാക്ഷാല്‍ ബ്രസീലിനെ പോലും അട്ടിമറിച്ച് ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായാണ് പെറുവിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം. എന്നാല്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനവുമായാണ് കൊളംബിയ പെറുവിനെ നേരിടുന്നത്.

പെറുവിനെയും ബ്രസീലിനെയും കൂടാതെ ആദ്യ ക്വാര്‍ട്ടറില്‍ യു.എസ്.എയോട് തോറ്റുപുറത്തായ ഇക്വഡോറും ഹെയ്തിയും ഉള്‍പ്പെട്ടതായിരുന്നു ബി ഗ്രൂപ്പ്. ഗ്രൂപ്പ് തലത്തിലെ ആദ്യകളിയില്‍ ഹെയ്തിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച പെറു, ഇക്വഡോറുമായി നടന്ന രണ്ടാം മത്സരത്തില്‍ 2 - 2 എന്ന നിലയില്‍ സമനില കുടുങ്ങി. മൂന്നാം കളിയില്‍ ശക്തരായ ബ്രസീലിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.

ബ്രസീലിനെതിരെയുള്ള കളിയില്‍ പെറുവിന്‍റെ റൗള്‍ റുയ്ഡിയാസ് നേടിയ ഗോളിനെ ചൊല്ലി ഏറെ വിവാദവുമുണ്ടായി. ആന്‍ഡിപോളോ വലതുവിംഗില്‍ നിന്നും നല്‍കിയ ക്രോസ്, റുയ്ഡിയാസ് കൈകൊണ്ട് തട്ടിയാണ് പന്ത് വലയിലാക്കിയത്. എന്നാല്‍ റഫറി ഗോള്‍ വിധിച്ചു. കളിയുടെ 75-ആം മിനിറ്റിലായിരുന്നു വിവാദ ഗോള്‍ പിറന്നത്. എന്തായാലും ബ്രസീലിന് അത് പുറത്തേക്ക് വഴിയൊരുക്കിയെന്നത് മറ്റൊരു കാര്യം.
1987ന് ശേഷം ആദ്യമായി കോപ്പ അമേരിക്കയുടെ പ്രാഥമിക റൗണ്ടില്‍ വച്ച് പുറത്താകാന്‍ ബ്രസീലിന് റുയ്ഡിയാസിന്‍റെ വിവാദ ഗോള്‍ വഴിവച്ചു. കോപ്പ അമേരിക്കയുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഇത് ഉള്‍പ്പെടെ രണ്ട് പ്രാവശ്യം മാത്രമാണ് (മുന്‍പ് 1987ല്‍) ബ്രസീല്‍ ആദ്യറൗണ്ടില്‍ പുറത്താകുന്നത്. നാണക്കേടിന് ശേഷം ബ്രസീല്‍ കോച്ച് ദുംഗയ്ക്കും സഹപരിശീലകര്‍ക്കും സ്ഥാനം നഷ്ടമായി.

ബ്രസീലിനെ കൂടാതെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റൊരു മഞ്ഞപ്പടയാണ് കൊളംബിയ. പഴയ വാള്‍ഡരമയുടെ ടീം ആറു പോയിന്‍റോടെ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടിയ യു.എസ്.എ ഇക്വഡോറിനെ തോല്‍പ്പിച്ച് കോപ്പയുടെ സെമിയില്‍ ഇതിനകം എത്തിക്കഴിഞ്ഞു. യു.എസ്.എക്കും പ്രാഥമിക റൗണ്ടില്‍ ആറു പോയിന്‍റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു യു.എസ്.എ. പരാഗ്വെയും കോസ്റ്റാറിക്കയും ആയിരുന്നു എ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍.

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ യു.എസ്.എയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത കൊളംബിയ രണ്ടാം മത്സരത്തില്‍ പരാഗ്വെയ്ക്കെതിരെ 2 - 0 എന്ന സ്കോറിന് ജയം കണ്ടു. മൂന്നാം മത്സരത്തില്‍ കോസ്റ്റാറിക്കയ്ക്കെതിരെ പരാജയം (2 - 3) രുചിച്ചെങ്കിലും കൊളംബിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് തടസമായില്ല.

ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള കൊളംബിയയും 48-ആം സ്ഥാനത്തുള്ള പെറുവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കൊളംബിയക്ക് തന്നെയാണ് മുന്‍തൂക്കമെങ്കിലും മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ പെറുവും മികച്ച പോരാട്ടം കാഴ്ച വയ്ക്കുമെന്ന് തന്നെയാണ് ഫുട്ബോള്‍ പ്രേമികളുടെ പ്രതീക്ഷ.

Read More >>