ക്രിസ്തുവിനെ മാപ്പുസാക്ഷിയാക്കുന്ന പെന്തക്കോസ്തൽ ദൈവദാസന്മാർ

ക്രിസ്തുമതാനുയായികൾക്കിടയിൽ‍ പെന്തെക്കോസ്ത് സഭ മാത്രമെന്തേ ഇങ്ങനെ സഹോദര സഭകളുമായി സഹകരണം ഇല്ലാതെ മാറ്റി നിര്‍ത്തപ്പെടുന്നു? എന്തു കൊണ്ടായിരിക്കാം ഈ അയിത്താചരണത്തിന് കേരളത്തിലും പാശ്ചാത്യ പൗരസ്ത്യ സഭകള്‍ വിധേയരാകേണ്ടി വന്നത്? ഷീജ അനിൽ എഴുതുന്നു. പെന്തെക്കോസ്ത് ലേഖന പരമ്പരയിലെ രണ്ടാംഭാഗം.

ക്രിസ്തുവിനെ മാപ്പുസാക്ഷിയാക്കുന്ന പെന്തക്കോസ്തൽ ദൈവദാസന്മാർ

"യേശു ക്രിസ്തു ആരംഭിച്ച മതം അല്ല ക്രിസ്ത്യാനിത്വം! അദ്ദേഹം ജനിച്ചതും, ജീവിച്ചതും മരിച്ചതും ഒരു യഹൂദനായി തന്നെയായിരുന്നു. യെഹൂദമാരുടെ ഇടയില്‍ സുവിശേഷം അറിയിക്കുക മാത്രമാണ് യേശു ചെയ്തത്. "Jesus Uncensored: Restoring the Authentic Jew ” (Indian Edition | US Edition) എന്ന പുസ്തകത്തിലൂടെ ബെര്‍ണാര്‍ഡ് സ്റ്റാര്‍ വിവരിക്കുന്നു.

പണ്ട് കാലങ്ങളില്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ ബൈബിള്‍ സാധാരണക്കാരന് വായിക്കുവാന്‍ കഴിയാതിരുന്നതും ക്രിസ്ത്യന്‍ മതത്തിന് യഹൂദരുമായി ഉണ്ടായിരുന്ന അടിവേരുകളുടെ ബന്ധം വെളിവാകും എന്നു ഭയന്നാണെന്നും ബെര്‍ണാഡ്‌ പറയുന്നു.


അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു. കത്തോലിക്കാസഭാ വിശ്വാസത്തില്‍ ബൈബിള്‍ സാധാരണക്കാരന്‌ അപ്രാപ്യമായ വിശുദ്ധ ഗ്രന്ഥം മാത്രമായിരുന്ന ഒരു കാലം! ഹീബ്രു, എബ്രായ, ഗ്രീക്ക്, ലത്തീൻ, പശീത്ത സുറിയാനി തുടങ്ങിയ ഭാഷകളിലെഴുതപ്പെട്ട വിശുദ്ധ ഗ്രന്ഥം വായിച്ച് ശരിയാംവണ്ണം അർത്ഥം ഗ്രഹിക്കുവാനും അവ വിശദീകരിക്കുവാനും സാധാരണക്കാർക്കു കഴിയില്ലെന്നും ദീർഘനാളത്തെ വൈദീകപഠനം അതിനു നിർബന്ധമാണെന്നും അതുകൊണ്ടുതന്നെ പുരോഹിതന്മാർക്കു മാത്രമേ ബൈബിൾ വായിക്കുവാനും വ്യാഖ്യാനിക്കുവാനും അർഹതയും അനുവാദവും ഉള്ളൂ എന്നുമായിരുന്നു എപ്പിസ്കോപ്പൽ സഭകളുടെ നിലപാട്. കുർബാനയ്ക്ക് മുമ്പുള്ള പഴമ വായനയിലൂടെയും കുർബാനയ്ക്കിടയിലെ ഏവൻഗേലിയോൻ വായനയിലൂടെയും കുർബാനമദ്ധ്യേയുള്ള പുരോഹിതന്റെ പ്രസംഗത്തിലൂടെയുമാണ് ബൈബിൾ വചനങ്ങൾ സാധാരണക്കാരിലേക്ക് എത്തിയിരുന്നത്.

വിശുദ്ധ വേദപുസ്തകം ഇല്ലാതെ ക്രിസ്തുമതം എങ്ങനെ ലോകത്തിലെ ഏറ്റവും വിശ്വാസികള്‍ ഉള്ള മതമായെന്നു ചിന്തിക്കുമ്പോള്‍ ആണ് ക്രിസ്ത്യന്‍ സഭകളും, അതിലെ നവോത്ഥാന ചലനങ്ങളും പെന്തെകോസ്ത് നീക്കത്തിന്നു ഹേതുവായത് എങ്ങനെയെന്ന് കാണുവാന്‍ കഴിയുന്നത്‌.

മറ്റു ക്രിസ്തീയ സഭകള്‍ പെന്തെക്കോസ്ത് സഭകളുമായി എന്നും ഒരു അകലം പാലിച്ചു പോരുന്നു. തങ്ങളുടെ അംഗങ്ങളെയാണ് പെന്തെകൊസ്തു സഭ കൂടുതലായി ഉന്നം വയ്ക്കുന്നത് എന്ന ചിന്തയിലാണ് ഈ അകല്‍ച്ച എന്നുള്ളത് പറയാതെ പറയുന്ന രഹസ്യവും. അന്യ മതസ്ഥരോടുള്ള ആത്മീയ മൃദുസമീപനത്തിന്‍റെ ലാഞ്ചന പോലും പെന്തക്കോസ്തിനോട് അവര്‍ പ്രകടിപ്പിക്കാറില്ല.

ക്രിസ്തുമതാനുയായികൾക്കിടയിൽ‍ പെന്തെക്കോസ്ത് സഭ മാത്രമെന്തേ ഇങ്ങനെ സഹോദര സഭകളുമായി സഹകരണം ഇല്ലാതെ മാറ്റി നിര്‍ത്തപ്പെടുന്നു? എന്തു കൊണ്ടായിരിക്കാം ഈ അയിത്താചരണത്തിന് കേരളത്തിലും പാശ്ചാത്യ പൗരസ്ത്യ സഭകള്‍ വിധേയരാകേണ്ടി വന്നത്? യാഥാസ്ഥിതിക സഭകളായ കത്തോലിക്ക, സിറിയൻ ഓർത്തഡോക്സ് സഭകൾ മാത്രമല്ല, ചർച്ച് മിഷൻ സൊസൈറ്റിയും ലൂഥറൻ മിഷനും മറ്റും സ്ഥാപിച്ച ആംഗ്ലിക്കൻ സഭകളും നവീകരണ പ്രസ്ഥാനത്തിലൂടെ ഉടലെടുത്ത മാർത്തോമ്മാ സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് എന്നിവ പോലെയുള്ള നവീകരണസഭകളും ഇവരിൽ നിന്നു പ്രകടമായ അകലം പാലിക്കുന്നു.

പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഇതര ക്രിസ്തീയ സഭാവിശ്വാസങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നുള്ളത് ഇതിനു ഒരു പ്രധാന കാരണമാണ്. കേരളത്തില്‍ മാത്രം, മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്‍സ്‌, യാക്കോബായ, കത്തോലിക്ക തുടങ്ങിയ സഭാ വിശ്വാസികളില്‍ നിന്നും ഏകദേശം 12% ത്തിലധികം പേരാണ് പെന്തക്കോസ്തിലേക്ക് ചുവടു മാറ്റി വിശ്വാസത്തിന്‍റെ പുതിയ അനുഭവം തേടുന്നത്. 5% ഹൈന്ദവരും 1% മുസ്ലിമുകളും പെന്തക്കോസ്തിലേക്കു മതം മാറ്റപ്പെട്ടു.

പാപബോധത്തിന്‍റെ ആകുലതയെ വിശ്വാസികളില്‍ ശക്തമാക്കിയാണ് നവതലമുറ വിശ്വാസത്തിന്റെ പ്രവാചകന്മാര്‍ തങ്ങളുടെ അംഗങ്ങളെ ചാക്കിലാക്കുന്നത്. അവര്‍ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. യേശു ആരാണെന്നോ സാത്താന്‍ എന്താണെന്നോ അറിയാത്തവരില്‍ സുവിശേഷം വിളമ്പുന്നതിലും എളുപ്പമായിരുന്നല്ലോ, അതിനെ കുറിച്ചു പ്രാഥമിക അറിവുള്ളവരില്‍ പാപബോധചിന്തകള്‍ വളര്‍ത്തി അവരെ സ്വര്‍ഗ്ഗ തുല്യമായ പ്രതീക്ഷകള്‍ നല്‍കി ആകര്‍ഷിക്കുന്നത്. ആടിയും പാടിയും അവര്‍ സുവിശേഷം ആഘോഷിക്കുന്നു. മറ്റുള്ള സഭകള്‍ക്ക് പിടിച്ചു നില്ക്കാന്‍ അവയെ അനുകരിക്കേണ്ടതായും വരുന്നു. ഹല്ലേലൂയ സ്തോത്രം, പ്രെയ്സ് ദ ലോർഡ് എന്നവർക്ക് ഉച്ചത്തില്‍ പറയേണ്ടിയും വരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് കളഞ്ഞു പോയ തന്റെ കണ്ണട ബൈബിളില്‍ നിന്നും ലഭിച്ച ഒരു അമ്മച്ചിയുടെ കഥ അച്ചന്‍ പള്ളിയില്‍ വിവരിച്ചു. ബൈബിള്‍ അത്ര കാലത്തോളം ആ വീട്ടില്‍ തൊടാതെ പോലും ഇരുന്നതിന്റെ നര്‍മ്മമായിരുന്നു ആ കഥ! ഒരു കാലത്ത് ബൈബിള്‍ ഇത്ര വ്യാപകമായി ലഭ്യമല്ലായിരുന്നു. അങ്ങനെയുള്ള ഒരു കാലഘട്ടത്തില്‍ സുവിശേഷം ഹല്ലേലൂയ വിളികളിലൂടെ കച്ചവടം ആകുന്നത് ചിന്തിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല.

പ്രയാണം

ചരിത്രത്തിന്റെ ഏടുകളില്‍ ചില കഥകളുണ്ടാവും. വിശുദ്ധ വേദപുസ്തകത്തിന്‍റെ പരിശുദ്ധ മദ്ബഹയില്‍ നിന്നുള്ള പ്രയാണം അതിലൊന്നാണ്.

ആഴ്ചയില്‍ ഒരു ദിവസം പുരുഷന്മാര്‍ തങ്ങളുടെ ജോലികള്‍ നിര്‍ത്തി വച്ചു, ദൈവ കല്‍പ്പനകളെ ശ്രവിക്കുന്നതിന്നു ദേവാലയത്തില്‍ കടന്നു വരണമെന്നായിരുന്നു ആദ്യകാല വിശ്വാസികള്‍ക്ക് നല്‍കപ്പെട്ടിരുന്ന നിര്‍ദേശം. നിയോഗിക്കപ്പെട്ട ജ്ഞാനിയായ വ്യക്തി, ദൈവത്തിന്‍റെ വചനത്തെ (ബൈബിള്‍) വായിക്കുകയും അത് വിവരിച്ചു നല്‍കുകയും ചെയ്തിരുന്നു. ശ്രോതാവിന്നു പ്രാസംഗികന്‍ നല്‍കുന്ന അറിവ് മാത്രമേ ബൈബിളില്‍ നിന്ന് നേടുവാന്‍ കഴിയുമായിരുന്നുള്ളൂ. കയ്യെഴുത്ത് ലേഖനങ്ങള്‍ ആണെല്ലോ വേദപുസ്തകം എന്ന സംഗ്രഹം. ഹീബ്രു ഭാഷയില്‍ മുഖ്യമായും, ചില പുസ്തകങ്ങള്‍ എബ്രായ ഭാഷയിലും എഴുതപ്പെട്ട ലേഖനങ്ങളുടെ സംഗ്രഹമാണ് ബൈബിള്‍. ഈ ഭാഷ ഉപയോഗിക്കുന്നവരില്‍ പണ്ഡിതന്മാര്‍ തുലോം കുറവായിരുന്നു.

ക്രിസ്തീയ തത്വങ്ങള്‍ ഒരു സഭയായി മാറുവാന്‍ തുടങ്ങിയതോടെ ബൈബിള്‍ വായിക്കണമെന്നും മനസിലാക്കണമെന്നും ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി. എന്നാല്‍, പുരോഹിത വര്‍ഗത്തിലുള്ളവര്‍ ഇത് അനുവദിച്ചിരുന്നില്ല. സാധാരണക്കാരന്റെ അജ്ഞതയെ ചൂഷണം ചെയ്തു കയ്യടക്കി വച്ചിരുന്ന ഉന്നതാധികാരത്തിന്റെ നഷ്ടം സഭ ഒരിക്കലും പ്രോത്സഹിപ്പിക്കുകയില്ലല്ലോ. ആത്മീയമായ അടിമത്തം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഇതിനെല്ലാം ഇടയിലും  ക്രിസ്തുമതം വളര്‍ന്നു. കാതോലികമായും പ്രൊട്ടസ്റ്റന്റ് സഭകളായും അവര്‍ എണ്ണത്തില്‍ വര്‍ധിച്ചു.

ബൈബിള്‍ സാധാരണക്കാരനായ ഒരുവന് പഠിക്കുവാന്‍ കഴിയാതിരുന്ന ഒരു കാലവും കടന്ന് ഓരോ വീടുകളിലും അത് ലഭ്യമായതിന്നു പിന്നില്‍ രണ്ടു രക്തസാക്ഷികളുടെ പേരുണ്ട്. ഹാര്‍വാര്‍ഡ് യുണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്ന ജോണ്‍ വിക്ലീഫും അദ്ദേഹത്തിന്റെ ശിഷ്യനായ ജോണ്‍ ഹാഷും ചേര്‍ന്ന് ബൈബിള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു. ഇത് കലാശിച്ചത് ഇരുവരുടെയും മരണത്തില്‍ ആയിരുന്നു എന്നാണ് ചരിത്രം. അൾത്താരകളില്‍ മാത്രം വ്യാഖ്യാനിക്കപ്പെട്ടിരുന്ന തിരുവചനം ലോകത്തിലെ ഏറ്റവും പ്രചാരം ഉള്ള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്, സഭകളില്‍ അന്ന് നിലനിന്നിരുന്ന പല തെറ്റായ ആചാരങ്ങള്‍ക്കും എതിരെയുള്ള ശബ്ദം ആകുമെന്ന് റോമന്‍ സഭ ഭയപ്പെട്ടു. അതിനാല്‍ അവര്‍ ഇരുവരെയും ക്രൂരമായി വധിച്ചു റോമന്‍ സഭ പ്രതിരോധം തീര്‍ത്തു. പക്ഷെ, ആ അരുംകൊലപാതകങ്ങള്‍ക്കും സുവിശേഷത്തിനു ഭാവിയില്‍ ഉണ്ടായ വന്‍ പ്രചാരത്തെ തടയുവാന്‍ കഴിഞ്ഞിരുന്നില്ല

പ്രണയം

മാര്‍ട്ടിന്‍ ലൂഥറിന്‍റെ കാലത്ത് പ്രൊട്ടസ്റ്റന്റ് നീക്കങ്ങള്‍ ശക്തി പ്രാപിച്ചു. പ്രൊട്ടസ്റ്റന്റ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രതിഷേധിക്കുന്നവര്‍ എന്നാണ്. സഭയിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തി അവര്‍ ഒരു കൂട്ടമായി സംഘടിച്ചു. ബൈബിള്‍ വിവിധങ്ങള്‍ ആയ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുവാനും തുടങ്ങി. അധികാരം കയ്യാളുന്ന പുരോഹിത വര്‍ഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി ഇവര്‍ റോമന്‍ സഭയുടെ കണ്ണിലെ കരടായി മാറി.

പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ ലൂഥറിനെ ജയിലിലടച്ചും പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ റോമന്‍ സഭ തീരുമാനമെടുത്തു. ആരും അദ്ദേഹത്തെ സഹായിക്കരുതെന്നും, ഭക്ഷണം പോലും നല്‍കരുതെന്നും സഭ കര്‍ശന നിര്‍ദേശവും നല്‍കിയത്രെ. എന്നാല്‍, ഏറ്റവും കൌതുകരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു പ്രണയവും അതിനിടയില്‍ നടന്നു. മാര്‍ട്ടിന്‍ ലൂഥറിനു ഭക്ഷണവുമായി, സഭയിലെ തന്നെ ഒരു കന്യാസ്ത്രീ മുന്നോട്ടു വന്നു പോലും! അവരെ സഭയില്‍ നിന്നും ഭ്രഷ്ടാക്കി എന്ന് പറയേണ്ടതില്ലല്ലോ. ചില സുഹൃത്തുകളുടെ സഹായം ലഭിച്ച മാര്‍ട്ടിന്‍ ലൂഥർ‍,  ജയിലില്‍ നിന്നും പുറത്തു വന്ന ശേഷം അവരെ തന്നെ ജീവിത പങ്കാളിയാക്കിയെന്നാണ് ചരിത്രം.

ബൈബിള്‍ കൂടുതല്‍ ആളുകള്‍ വായിക്കുവാനും, പഠിക്കുവാനും തുടങ്ങിയപ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ചോദ്യങ്ങളും സംശയങ്ങളും ഉയരുവാന്‍ തുടങ്ങി. അവയ്ക്കുള്ള മറുപടി പലപ്പോഴും ലഭ്യമായിരുന്നുമില്ല. കത്തോലിക്കാ സഭയില്‍ ഇവ പല ഭിന്നതകൾക്കും വഴി തുറന്നു എങ്കിലും, പ്രകടമായ ഒരു മാറ്റം വേണമെന്ന തോന്നല്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഉണ്ടായത്.

രൂപാന്തരത്തിന്‍റെ ആവശ്യം മുന്നോട്ടു വച്ചു റീഫോര്‍മഷന്‍ നീക്കങ്ങളുണ്ടായി. (Reformation Movement) തുടര്‍ന്ന് ജോണ്‍ വെസ്ലീ എന്ന മിഷനറിയുടെ പ്രവര്‍ത്തനങ്ങളില്‍ പെന്തെകോസ്ത് വിശ്വാസവും ഉടലെടുത്തു. പരമ്പരാഗത റോമന്‍ സഭയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എതിര്‍ത്തുള്ള നീക്കമായിരുന്നു ഇത്. വിഗ്രഹാരാധനയേയും പല ആചാര മാമൂലുകളെയും ഇവര്‍ എതിര്‍ത്തു. അങ്ങനെ, 19ാം നൂറ്റാണ്ടിന്റെ ഒടുവില്‍ സഭയില്‍ കൂടുതല്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. ക്രിസ്തീയ വിശ്വാസത്തില്‍ വിശുദ്ധിയുടെ പുതിയ അര്‍ത്ഥം ചേര്‍ക്കപ്പെടുന്നത് ഈ സമയത്തായിരുന്നുവല്ലോ. ഹോളിനെസ്സ് (വിശുദ്ധ) മൂവ്മെന്റ് വഴിതുറന്നു നല്‍കിയത്, പെന്തക്കോസ്ത് വിശ്വാസത്തിന്‍റെ കരുത്തുറ്റ മുന്നേറ്റത്തിനായിരുന്നു. യഹൂദ മതത്തിന്‍റെ പല ജീനുകളും ഉണ്ടായിരുന്ന കത്തോലിക്കാ സഭയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു വിശുദ്ധിയെ കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാട്. ക്രിസ്ത്യാനി എന്നാല്‍, സഭയില്‍ മാത്രമല്ല ജീവിതത്തിലും വിശുദ്ധി കാത്തു പാലിക്കണം എന്നിവര്‍ പ്രചരിപ്പിച്ചു.

നൂറ്റാണ്ടുകള്‍ക്കിപ്പുറം, കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കത്തോലിക്ക സഭയില്‍ നിന്നും, നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഇതര സഭകളില്‍ നിന്നും പെന്തക്കോസ്തു വിശ്വാസത്തിലേക്ക് തിരിയുന്ന ക്രൈസ്തവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വന്നുകൊണ്ടിരുന്നു.
"പുതു വെള്ളം വരുമ്പോള്‍ ഊത്ത മീനിന്‍റെ പാച്ചില്‍ പോലെയായിരുന്നു പെന്തക്കോസ്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്"

എന്നായിരുന്നു മാര്‍ത്തോമ്മാ സഭയിലെ ഒരു മുതിര്‍ന്ന വൈദീകന്‍റെ പ്രതികരണം.
"അവിടെ ആട്ടവും പാട്ടും ഉണ്ടെല്ലോ. നമ്മുക്ക് അങ്ങനെയൊന്നും ആകുവാനും കഴിയില്ല… അവിടെ പോകുന്നവര്‍ക്ക് വിവരമില്ലെലോ…”

അതേ, വിശ്വാസികള്‍ എന്നും വിഡ്ഢികളാണ്, അല്ലെങ്കില്‍ ആത്മീയ അടിമകള്‍!

പോട്ടയിലെ പ്രശസ്തമായ മുരിങ്ങൂര്‍ ധ്യാന യോഗങ്ങളെ പെന്തെകൊസ്ത് സഭകളുടെ കുത്തൊഴുക്ക് എങ്ങനെ ബാധിച്ചു എന്ന് ഉദാഹരണമായി എടുക്കാം. കത്തോലിക്കാ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാതെ നടത്തപ്പെട്ടിരുന്ന ഈ കരിസ്മാറ്റിക് പ്രാര്‍ത്ഥനയോഗങ്ങളില്‍ ജാതി- മത വ്യത്യാസമില്ലാതെ ജനം പ്രവഹിച്ചു. ഓരോ ആഴ്ചയിലും 25000 മുതല്‍ 30000 വരെ ആളുകള്‍ പോട്ടയിലെ ധ്യാനത്തില്‍ പങ്കെടുത്തു വന്നു. എന്നാല്‍ വൈകാതെ കത്തോലിക്കാ വിശ്വാസത്തില്‍ ഉള്ളവരില്‍ പലരും പെന്തെകൊസ്ത് സഭയിലേക്ക് മാറുന്ന ഒരു പ്രവണതയാണ് പിന്നെ കണ്ടത്. 20% ത്തോളം കത്തോലിക്കാ സഭാ വിശ്വാസികളുടെ കൊഴിഞ്ഞുപോക്കില്‍ കാര്യങ്ങള്‍ എത്തി. സഭയില്‍ പൊടുന്നനെ ഉണ്ടായ ഈ കൊഴിഞ്ഞു പോക്കിന് കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ കണ്ടെത്തിയത് വിശ്വാസികളുടെ വിചിത്രമായ ഒരു മാനസികാവസ്ഥയായിരുന്നു. കരിസ്മാറ്റിക് യോഗങ്ങളില്‍ പങ്കെടുത്ത് അര്‍ധമായി ഹല്ലെലൂയയും സ്തോത്രവും പറയുന്നതിലും നല്ലതാണു മുഴുവന്‍ സമയവും അങ്ങനെ പ്രാര്‍ത്ഥിക്കുന്ന പെന്തക്കോസ്തുകാരോടൊപ്പം ചേരുന്നതെന്നയിരുന്നു അവരുടെ വാദം! ഇനി വിഗ്രഹങ്ങളെ വണങ്ങുവാനും അവര്‍ക്ക് കഴിയില്ലത്രേ! ഇന്ന് കത്തോലിക്കാ സഭ നേരിട്ടാണ് പോട്ട കണ്‍വന്‍ഷന്‍ നടത്തുന്നതെങ്കിലും മുമ്പുള്ളതിനെ അപേക്ഷിച്ചു പങ്കാളിത്തം ഏറെ കുറവാണ്. 1000ല്‍ താഴെ ആളുകളുടെ മാത്രം സാന്നിധ്യമായിരിക്കുന്നു ഒരു കാലത്ത് ആത്മീയ തരംഗം സൃഷ്ടിച്ച ഈ മഹായോഗം!

എന്ത് കൊണ്ടാണ് പെന്തക്കോസ്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്? നാരദ ന്യൂസ്‌ ഈ ചോദ്യം മുന്‍ ഡി.ജി.പി അലക്സാണ്ടർ ജേക്കബിനോട് ചോദിച്ചു. അദേഹത്തിന്റെ മറുപടി ലളിതമായിരുന്നു.
“ഇതര സഭകള്‍ മുന്നോട്ടു വയ്ക്കുന്നത് യുക്തി രഹിതമായ തത്വങ്ങളാണ് എന്ന തോന്നല്‍ കൊണ്ടായിരിക്കാം പെന്തെകൊസ്തിനു ഈ പറയുന്ന വളര്‍ച്ചയുണ്ടാകുന്നത്. മാത്രമല്ല ഇവിടെ അനാചാരങ്ങള്‍ കുറവാണ് താനും.”

ചുരുക്കി പറഞ്ഞാല്‍, എളുപ്പമായതും യുക്തി സഹജവുമായ ഒരു ക്രിസ്തീയതയാണ് പെന്തക്കോസ്ത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

പക്ഷെ ഇക്കൂട്ടര്‍ക്ക് സഭയിലേക്ക് ആളെ കൂട്ടുന്നതാണ് പ്രധാനം എന്ന് പലപ്പോഴും തോന്നി പോകും. അനുബന്ധമായി അലക്സാണ്ടര്‍ ജേക്കബ്‌ ഒരു ഓര്‍മ്മയും പങ്കു വച്ചു.
എന്നെ രൂപന്തരപ്പെടുത്തുവാനും അഞ്ചു പാസ്റ്റർമാര്‍ ശ്രമിച്ചിരുന്നു. ഒരിക്കല്‍ അവര്‍ എന്നെ കാണുവാന്‍ ഓഫീസില്‍ എത്തി. അവര്‍ എന്നോട് ചോദിച്ചു:
"സര്‍, സ്നാനപ്പെട്ടിട്ടുണ്ടോ?'
"ഉവ്വ്, ആഴ്ചയില്‍ ഞാന്‍ കുറഞ്ഞത് 5 പ്രാവശ്യം എങ്കിലും സ്നാനപ്പെടാറുണ്ട് ( കുളിക്കാറുണ്ട്‌ എന്ന് അര്‍ത്ഥം).
"അത് പോരാ..വെള്ളത്തില്‍ മുങ്ങി സ്നാനം ഏല്‍ക്കണം. എങ്കിലേ രക്ഷ നേടുവാന്‍ കഴിയു."
"അപ്പോള്‍ വെള്ളം ദ്രവരൂപത്തില്‍ ഉള്ള രാജ്യങ്ങളില്‍ മാത്രമേ നിങ്ങളുടെ മതം പ്രവര്‍ത്തിക്കുകയുള്ളു, അല്ലെ? അന്റാര്‍ട്ടിക്കയിലും, സഹാറയിലും അപ്പോള്‍ ഈ സുവിശേഷം പ്രായോഗികം അല്ലല്ലോ."

അവര്‍ മറുപടി പറഞ്ഞില്ല. തന്നെ മാനസന്തരപ്പെടുത്തുവാന്‍ ഉള്ള നീക്കം അങ്ങനെ ഉപേക്ഷിച്ചതായും‌ അലക്സാണ്ടര്‍ ജേക്കബ് പറയുന്നു.

പരമ്പരാഗത സഭകളില്‍ പണ്ടെന്നതു പോലെ യുവാക്കള്‍ താല്പര്യപ്പെട്ടു വരുന്നില്ലല്ലോ എന്ന വാദത്തിനും അദ്ദേഹം വിശദീകരണം നല്‍കുന്നു. മുന്‍പ് സൂചിപ്പിച്ചത് പോലെ, ഈ സഭകളിലെ യുക്തിരാഹിത്യമാണ് അതിനും കാരണം. വിശ്വാസത്തേക്കാള്‍ ആചാരങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ പോരയ്മയാണിത്. പാപമോചനതിന്നു പരസ്യമായ കുമ്പസാരവും, അതിനുള്ള പരിഹാര ക്രിയകളും യുവജനങ്ങള്‍ പലപ്പോഴും അംഗീകരിക്കുന്നതായി തോന്നിയിട്ടില്ല. ഉദാഹരണത്തിന് പാപമോചനം നേടുവാന്‍ ഇത്ര തുക ഇന്ന പള്ളിയില്‍ മുടക്കിയാല്‍ മതി എന്ന ഉപദേശങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുവാന്‍ ആണ്?

പ്രവചനവരം

കേരളത്തില്‍ 1932ല്‍ പ്രചരിച്ച യുയോ മയന്‍ ചിന്തകളെ കുറിച്ചും അദ്ദേഹം ഓര്‍മ്മിച്ചു. പ്രവാചകരെ കുറിച്ചും പ്രവചനങ്ങളെ കുറിച്ചും ചോദിച്ചപ്പോള്‍ ആയിരുന്നു ഇത്.

“ലോകം അവസാനിക്കുവാന്‍ പോകുന്നു എന്നായിരുന്നു ആ ഭയങ്കരമായ പ്രവചനം. ഈ ലോകത്തിലെ വസ്തുവകകള്‍ എല്ലാം വിറ്റു പെറുക്കി പരലോകത്തിലെ ജീവിതത്തിന് ഒരുങ്ങാന്‍ ഉള്ള ആഹ്വാനം ആയിരുന്നു അവരുടേത്. ബ്രാഹ്മണരായ ചിലരും ഇതു വിശ്വസിച്ചവരില്‍ ഉണ്ടായിരുന്നു. എന്തിനധികം പറയുന്നു, ഒരു സമൂഹം ഒന്നാകെ ഈ പ്രവചനത്തില്‍ വിശ്വസിച്ചു തങ്ങളുടെ സ്വത്തുകള്‍ വ്യവഹാരം ചെയ്തു പോലും. ഇതിന്‍റെ പിന്നിലെ ബിസിനസ്സിനെ കുറിച്ച് സാധാരണ വിശ്വാസികള്‍ അറിയുന്നില്ലല്ലോ. ലോകം അവസാനിച്ചതും ഇല്ല, അവരെല്ലാം വട്ട പൂജ്യം ആകുകയും ചെയ്തു. പക്ഷെ എന്റെ വല്യപ്പന് ഈ പ്രവചനം ഗുണം ചെയ്തിരുന്നു എന്ന് പറയാതെ തരമില്ല. റോഡ്‌ സൈഡില്‍ ഇപ്പോള്‍ ഉള്ള വസ്തു ഞങ്ങള്‍ക്കു ചുളു വിലയില്‍ കിട്ടിയത് ആ വീട്ടുകാര്‍ യുയോ മയന്‍ വിശ്വാസികള്‍ ആയത് കൊണ്ടായിരുന്നല്ലോ.”

പ്രവചനങ്ങള്‍ കണ്ണടച്ചു വിശ്വസിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന അബദ്ധങ്ങള്‍ ഇതിലും മനോഹരമായി എങ്ങനെ വിവരിക്കാന്‍?

കേൾക്കാനിഷ്ടമുള്ളത് പറയുകയും ശരിയാകാൻ 50% സാധ്യതയുള്ളതിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുകയാണ് വേറൊരു വിഭാഗത്തിന്റെ രീതി. മറ്റുള്ളവരോടു സ്വന്തം പേരുപറയുമ്പോൾ സാർ കൂട്ടിപ്പറയുന്ന ഒരു രാഷ്ട്രീയക്കാരനേയുള്ളൂ കേരളത്തിൽ അതു പാലായിലെ മാണിക്യം കെ എം മാണിസാർ ആണ്. ഇതേപോലെ ഒറ്റ അച്ചാണ്, ദേവസ്യാ മുല്ലക്കര സാർ എന്ന സുവിശേഷകനും. സുവിശേഷയോഗങ്ങളുടെ പ്രചാരണഫ്ളക്സുകളിലെല്ലാം ഈ മുല്ലക്കരസാറിനെ കാണാം. ഇദ്ദേഹം ഗൾഫ് സന്ദർശനത്തിനിടെ ദോഹയിൽ ഒരു വ്യവസായ ചെയിൻ നടത്തുന്ന സ്ത്രീയുടെ വീട്ടിലെത്തി. അവരുടെ മകൾ ഗർഭിണിയാണ്. “മോളേ, ഇതൊരാൺകുട്ടിയാണ്,” മുല്ലക്കരസാർ തറപ്പിച്ചുപറഞ്ഞു. എന്നിട്ടു ദൈവത്തെ സ്തുതിച്ച് ഒരു പ്രാർത്ഥനയും പാസാക്കി. കേട്ട കുട്ടിക്ക് പക്ഷെ ചിരിയായിരുന്നു. അവർ ഒന്നുമില്ലെങ്കിലും പത്താംക്ലാസ് വരെയെങ്കിലും ശാസ്ത്രം പഠിച്ചിട്ടുണ്ടായിരുന്നു. ജനിച്ചപ്പോൾ കുട്ടി പെൺകുട്ടി. അവർ പക്ഷെ പെൺകുഞ്ഞിനെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ ഇതവർക്കു പറഞ്ഞുചിരിക്കാൻ മാത്രമുള്ള വിഷയമായി. ഇത്തരം ബ്ലഫിങ് നടത്താനുള്ള ചങ്കൂറ്റമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. അതു ശരിയായാൽ അവരുടെ പ്രവചനവരത്തിന് അംഗീകാരമായി. തെറ്റിപ്പോയാൽ സാധാരണഗതിയിൽ അതാരും ഓർമ്മിക്കുകകൂടിയില്ല.

പ്രൊട്ടസ്റ്റന്റ് വിശ്വാസം

മാര്‍ട്ടിന്‍ ലൂഥറിലൂടെ ഇംഗ്ലണ്ട് പോലെയുള്ള യുറോപ്പിന്റെ വടക്കന്‍ രാജ്യങ്ങളില്‍ പ്രൊട്ടസ്റ്റന്റ് സഭ ശക്തിയാര്‍ജ്ജിച്ചു വന്നു. അതേ സമയം തെക്കന്‍ യുറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്‍ ഇറ്റലി, ഗ്രീസ് തുടങ്ങിയ കരുത്തുറ്റ രാജ്യങ്ങള്‍ കത്തോലിക്കാ വിശ്വാസം പിന്തുടര്‍ന്നു വരികയും ചെയ്തു. എന്നാല്‍ വ്യാവസായിക വിപ്ലവത്തിന്റെ ഉദയം വടക്കന്‍ യുറോപ്പിനെയാണ് സാമ്പത്തികമായി ഏറെ മുന്നിലെത്തിച്ചത്. അങ്ങനെ സമ്പന്നമായ രാജ്യത്തിന്‍റെ ശക്തി, പ്രൊട്ടസ്റ്റന്റ് നീക്കത്തെയും ഏറെ ശക്തിപ്പെടുത്തി. അധികാരമുള്ള രാജ്യത്തിന്റെ അധികാരമുള്ള സഭയായി പ്രൊട്ടസ്റ്റന്റ് നീക്കം മാറി. ഒരു പക്ഷെ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ അവ‍ ഇത്ര ബലപ്പെടുകയില്ലായിരുന്നു എന്നും കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുകയില്ലായിരുന്നു എന്നും The Ascent of Money: A Financial History of the World ( 
US Edition
 | Indian Edition ) എന്ന പുസ്തകത്തിലൂടെ നീല്‍ ഫെര്‍ഗുസന്‍ വിവരിക്കുന്നു. സ്പെയിന്‍ ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തികമായി ഇംഗ്ലണ്ടിനേക്കാള്‍ വളര്‍ന്നിരുന്നു എങ്കില്‍ പെന്തക്കോസ്ത് സഭ ഇത്ര പ്രചാരം നേടുകയില്ലായിരുന്നു എന്ന് ചുരുക്കം.

ക്രിസ്തീയ സഭയില്‍ ക്രിസ്തു രണ്ടാമനോ?

യേശു ക്രിസ്തുവിന്റെ ജനനവും ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും - ഇവയെ തുടര്‍ന്ന് യെരുശലേമില്‍ ആരംഭിച്ച ക്രിസ്ത്യാനിറ്റിയും ഒരിക്കലും ഒരു പുതിയ മതമായിരുന്നില്ല. യഹൂദരുടെ അനാചാരങ്ങളെയും അന്ധവിശ്വാസത്തെയും ചോദ്യം ചെയ്ത യേശു ക്രിസ്തുവിനോട് ചേര്‍ന്നുള്ളവരുടെ ഒരു കൂട്ടായ്മ ആയിരുന്നു അത്. ഈ കൂട്ടായ്മയുടെ തല ദൈവവും ഉടല്‍ മനുഷ്യനുമാണെന്നു വിവരിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നതും ഈ കൂട്ടായ്മയില്‍ മനുഷ്യനുള്ള രണ്ടാം സ്ഥാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടു വരുന്നത് തിരിച്ചാണ് എന്ന് മാത്രം.

'ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കും… ഞാന്‍ പ്രാര്‍ത്ഥിച്ചാലെ ദൈവം കേള്‍ക്കൂ,' എന്ന മനോഭാവം അതല്ലേ? മനുഷ്യനും ദൈവവും തമ്മില്‍ ഉള്ള കൂട്ടായ്മയില്‍ ദൈവം രണ്ടാമന്‍ ആയതു പോലെ! ആജ്ഞാനുവര്‍ത്തികളെയാണെല്ലോ നമ്മള്‍ വാക്കുകളിലും നിയന്ത്രണത്തിലും നിര്‍ത്തുന്നത്.

പരിണാമം
“യരൂശലേമിൽ ജീവനുള്ള ക്രിസ്തുവിന്റെ ചുറ്റും രൂപപ്പെട്ട സ്ത്രീപുരുഷന്മാരുടെ ഒരു കൂട്ടായ്മയായിരുന്നു ആദിമസഭ. ഗ്രീസിലെത്തിയപ്പോൾ അത് തത്വചിന്താപരമായി, റോമിലെത്തിയപ്പോൾ സ്ഥാപനവത്കരിക്കപ്പെട്ടു, യൂറോപ്പിലെത്തിപ്പെട്ടതോടെ അതൊരു സംസ്കാരമായി. ഒടുവിൽ അമേരിക്കയിലെത്തിയതോടെ അതൊരു സംരംഭമായി മാറി.”

1984ലെ പ്രസ്ബിറ്റേറിയൻ സഭയുടെ ജനറൽ അസംബ്ലിയിൽ
യുഎസ് സെനറ്റിലെ ചാപ്ലിൻ ആയിരുന്ന ഡോ. റിച്ചാർഡ് സി ഹാൽവേഴ്സൺ (1916-1995) ഉദ്ധരിച്ച വാചകമാണിത്. ഇംഗ്ലണ്ടിലെ സുവിശേഷകനായിരുന്ന ലിയാനോർഡ് രാവെൻഹിൽ (1907-1994), സാം പാസ്കോ എന്നിവരുടെ പേരുകളിലും ഈ ഉദ്ധരണി പ്രത്യക്ഷപ്പെട്ടു കാണാറുണ്ട്. പറഞ്ഞതാരായാലും പറഞ്ഞതിൽ കാര്യമുണ്ട്. യാഥാസ്ഥിതിക സഭാസമൂഹം കത്തോലിക്കാ സഭയുടെ കീഴിൽ ഭരണാധികാരത്തിലേക്ക് എത്തുന്നതും ഇറ്റലിയിൽ നിന്നു പുറത്തുകടന്ന് ക്രിസ്തുമസും ഈസ്റ്ററും അടങ്ങുന്ന ആഘോഷങ്ങളുടേതായ കൾട്ട് ആയി മാറുന്നതും അമേരിക്കയിലെത്തിയതോടെ വ്യവസായമായി പരിണമിക്കുന്നതും ആർക്കും കാണാവുന്ന കാഴ്ചകളാണ്. പെന്തക്കോസ്തല്‍ ചര്‍ച്ചുകള്‍ അമേരിക്കയില്‍ തഴച്ചു വളരുവാനുള്ള കാരണവും ഇത് തന്നെ.

കൂടുതൽ വായനയ്ക്: യേശുവേ സ്‌തോത്രം, യേശുവേ നന്ദി; പണമൊഴുകുന്ന പെന്തക്കോസ്ത് വഴികൾ 

അമേരിക്കയിലെ ക്രിസ്തീയ വിശ്വാസികളില്‍ 64% പ്രൊട്ടസ്റ്റന്റ് സഭയിലെ അംഗങ്ങളാണ്. 20% മാത്രമാണ് കത്തോലിക്ക വിശ്വാസത്തെ പിന്തുടരുന്നത്. വമ്പൻ ബിസിനസ് കുടുംബങ്ങൾ കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് വ്യവസായ താത്പര്യത്തോടെ പ്രൊട്ടസ്റ്റന്റ് സഭകളിലേക്കു കൂടുമാറുന്ന സാമൂഹ്യസാഹചര്യം മരിയോ പൂസോയുടെ പ്രശസ്തമായ ഗോഡ് ഫാദർ (India Edition  | US Edition ) എന്ന നോവലിലും അതിന്റെ സീക്വൽ ആയി പ്രസിദ്ധീകരിച്ച മറ്റു രണ്ടുനോവലുകളിലുമായി സരസമായി വിവരിച്ചിട്ടുണ്ട്. പ്രൊഹിബിഷനെ തുടർന്ന് അമേരിക്കയിൽ വളർന്നുവന്ന സിസിലിയൻ അധോലോകത്തിന്റെ കഥ പറയുന്ന നോവൽ ത്രയമാണിത്. വിശ്വാസം എങ്ങനെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു എന്നും അത് എപ്രകാരം സ്വീകാര്യത വർദ്ധിപ്പിക്കുന്നു എന്നും ആ സ്വീകാര്യത എങ്ങനെ പണമായി മാറും എന്നും അതിൽ കാണാം.

പെന്തക്കോസ്ത് സുവിശേഷകരില്‍ നല്ലൊരു ഭാഗവും അമേരിക്കയിലെ സേവനത്തിനു മുതിരുന്നത് ഈ രാജ്യത്തില്‍ 'അനുഗ്രഹങ്ങള്‍' എന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്ന ലോകോത്തര സൗകര്യങ്ങളും സുരക്ഷിതത്വവും നല്കുന്ന ഉറപ്പാണ്. അതിനുമപ്പുറം ഹോംസ്കൂളിങ്ങും അതിലൂടെ ശാസ്ത്രപഠനത്തിനു പകരം തിരുകിക്കയറ്റുന്ന ക്രിയേഷനിസ്റ്റ് പാഠങ്ങളും തങ്ങളെ ചോദ്യംചെയ്യാതെ പിന്തുടരാൻ പ്രാപ്തരാക്കുന്ന ഒരു കൂട്ടത്തെ സൃഷ്ടിക്കുന്നു എന്നവർക്ക് നന്നായി അറിയാം.

അതേസമയം ആത്മാക്കളെ രക്ഷിക്കാനിറങ്ങുന്ന സുവിശേഷവേലക്കാരായി ആത്മാർപ്പണത്തോടെ സ്വന്തം ശരികളെ മറ്റുള്ളവരിലേക്ക് പകരാൻ പ്രയത്നിക്കുന്ന പാസ്റ്റർമാരെയും അവർക്കിടയിൽ കാണാം. ലോകത്തിന്റേതായ ഭൗതികസൗകര്യങ്ങൾ ത്വജിച്ച് ഉൾനാടുകളിൽ വരെ പോയി അവർ ‘ദൈവവചനപ്രഘോഷണം’ നടത്തുന്നു. ചുരുങ്ങിയ സൗകര്യങ്ങൾ മാത്രമേ അവർ അനുഭവിക്കുന്നുള്ളൂ. ഈ സഹിക്കുന്ന ത്യാഗങ്ങളെല്ലാം പരലോകത്തേക്കുള്ള താക്കോലാണ്. അതിലൂടെ ഒരു സമൂഹത്തിനിടയിൽ ലഭ്യമാകുന്ന ഹെജിമണിക് ലെഗസിയും അത്രമോശമല്ല. മത്സ്യമാംസാദികൾ വർജ്ജിച്ചുള്ള നോമ്പിനിടയിൽ ഒരു വീട്ടിലെത്തിയ സുവിശേഷകന് വീട്ടുകാർ ഇറച്ചിക്കറി വിളമ്പിയപ്പോൾ നോമ്പായതിനാൽ കറി കഴിക്കാനാവില്ലെന്നും എന്നാൽ വിളമ്പിവച്ചത് നിരസിക്കാൻ കഴിയില്ലെന്നും ആയതിനാൽ ചാറുമാത്രം പോരട്ടെ എന്നു പറയുകയും വീട്ടുകാർ പാത്രം ചെരിച്ച് ഗ്രേവി ഒഴിക്കുമ്പോൾ സ്വയമേ പോരുന്ന കഷ്ണമൊക്കെ പോന്നോട്ടെ, അതു ദൈവഹിതമാണ്, പ്രെയിസ് ദ ലോർഡ് എന്ന് പ്രതിവചിക്കുകയും ചെയ്ത പാസ്റ്ററുടെ കഥ പോലെയാണ്, ഈ ലെഗസിക്കാര്യം. ദാരിദ്ര്യം അനുഭവിക്കുന്നത് ഒരുതരം മസാക്കിസ്റ്റ് സുഖത്തോടെയാണ്. എന്നാൽ ഈ സ്വയംപീഡനത്വരക്കടിയിൽ ഒളിച്ചിരിക്കുന്നത്, ത്യാഗി എന്നറിയപ്പെടാനുള്ള കൊതിയാണ്.

ചമ്പല്‍ കാടുകളിലെ ആദിവാസികള്‍ക്കിടയില്‍ സുവിശേഷ വേല ചെയ്യുന്ന ജോസ്മോന്‍ പത്രോസ്, പത്തനാപുരം സ്വദേശിയായ കത്തോലിക്കാ വിശ്വാസിയായിരുന്നു. പെന്തക്കോസ്തിന്റെ അനുഭവത്തില്‍ വന്ന ജോസ്മോന്‍ കുടുബവുമൊത്താണ് ഈ ഘോരവനത്തില്‍ കഴിയുന്നത്‌. പക്ഷെ താന്‍ ഏറ്റവും സന്തോഷവാനാണെന്ന് ജോസ്മോന്‍ ഞങ്ങളോട് പ്രതികരിച്ചു.
"കഠിനമായ ശിക്ഷാ വിധികള്‍ ഇക്കൂട്ടരുടെ പ്രത്യേകതയാണ്. പക്ഷെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളുടെ വാക്കുകളും പ്രവര്‍ത്തികളും ഒന്നാണെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടായിരിക്കാം അത്. മനുഷ്യനെ കൊന്നു തിന്നുന്നവരെ മനുഷ്യ സ്നേഹികളാക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.ഇതാണ് അനുഗ്രഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു."

അമേരിക്ക പോലെയുള്ള മോഹന രാജ്യത്തിലേക്ക് അവസരം ലഭിച്ചില്ലേ എന്ന് ആരാഞ്ഞപ്പോള്‍,
"സമ്പന്നതയില്‍ സുവിശേഷവുമായി പോകുന്നവര്‍ ബൈബിളിനെ വഞ്ചിക്കുകയാണ്. സഹപ്രവര്‍ത്തകരില്‍ പലരില്‍ നിന്നും എനിക്കും അമേരിക്കന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. കുറേക്കാലമായില്ലേ ഈ കാട്ടില്‍ എന്നാണ് അവരുടെയും ചോദ്യം. പക്ഷെ, ഇവിടെ ഞങ്ങള്‍ സംതൃപ്തരാണ്. ഇവര്‍ ഞങ്ങളുടെ സഹോദരങ്ങളും,”

എന്നായിരുന്നു പ്രതികരണം.

സുവിശേഷത്തില്‍ സ്വാര്‍ത്ഥരല്ലത്തവരും ഉണ്ട്. അവര്‍ ഇന്നും ലോകത്തില്‍ ദരിദ്രരും വിഡ്ഢികളും ആണെന്ന് മാത്രം!

വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും,
കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു...


ക്രിസ്തീയ വിശ്വാസം പിന്നെയും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു. നാളിതുവരെ പൊതുനന്മ മാത്രമുള്ള സഭാ ചിന്താഗതികളില്‍ മാറ്റം വരുന്നതും, വ്യക്തിപ്രഭാവത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതും 1950 കളോടെയാണ്. ഒരാള്‍ തന്നെ കുറിച്ച് ചിന്തിക്കുന്നതും തന്‍റെ ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള അഭിവൃദ്ധി സുവിശേഷത്തിന്നു ആരംഭം കുറിക്കുന്നതും ഈ സമയത്തായിരുന്നു.

രോഗശാന്തിയും, സാമ്പത്തിക ഉന്നമനവും അവകാശപ്പെട്ടു കൊണ്ട് ഓറല്‍ റോബര്‍ട്ട് എന്നയാള്‍ രംഗത്ത് വന്നതോടെ കൂടിയാണ് ഈ മുന്നേറ്റം ഉണ്ടായത്. ലോകം ഇത് ശ്രദ്ധിക്കുവാന്‍ തുടങ്ങിയതോടുകൂടി പിന്നീട് ഇത്തരക്കാരുടെ വ്യക്തി പ്രഭാവത്തിലെക്ക് പെന്തക്കോസ്ത് വിശ്വാസത്തിന്‍റെ ഒരു മുഖം കൂടി ചേര്‍ക്കപ്പെട്ടു.

ദൈവത്തിന്നും മനുഷ്യര്‍ക്കിടയിലും ഉള്ള അപ്രഖ്യാപിത മധ്യസ്ഥമാരായി അവര്‍ സ്വയം പരിചയപ്പെടുത്തുന്നു. ‘കാതോലികവും ശ്ലൈഹീകവു’മായ സഭകളിലെ മദ്ധ്യസ്ഥമാരെ അവര്‍ അനാചാരങ്ങളായി സ്ഥാപിക്കുകയും ചെയ്തു. ഞാന്‍ എന്ന ഭാവത്തില്‍ അവര്‍ സ്വര്‍ഗ്ഗവും ഭൂമിയും പണിയുന്നു. സമാനമായ അത്ഭുത സിദ്ധികള്‍ അവകാശപ്പെടുന്നവരെ അവര്‍ നരകമെന്നും, സാത്താന്‍, എന്നും പാപം എന്നും വിശേഷിപ്പിക്കുന്നു. ഏതെങ്കിലും ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് വിശ്വാസിയെ ശുപാര്‍ശ ചെയ്യാത്തതും അസൂയയില്‍ നിറഞ്ഞ ഒരു സ്വാര്‍ത്ഥത തന്നെയാവില്ലേ?

മുൻപേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പീന്‍;
അതോടെ ഇവയൊക്കെയും നിങ്ങൾക്കു കിട്ടും...


ഈ വാഗ്ദാനം സാമ്പത്തിക ലാഭത്തിന്റെയും, ആരോഗ്യത്തിന്റെയും ലൗകീക സുഖങ്ങളുടെയും മാനസിക സന്തോഷങ്ങളുടെയും പ്രകടനപത്രികയാകുവാനും അധികം സമയം വേണ്ടി വന്നില്ല. എല്ലാവരും വാഗ്ദാനം ചെയ്യുന്നത് ഒന്നാണ്. വിജയത്തിലേക്കുള്ള സഞ്ചാരം തങ്ങളിലൂടെയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഇന്‍സ്റ്റന്റ് ക്രിസ്തീയ വിശ്വാസം. ഇപ്പോള്‍ പ്രാര്‍ത്ഥിക്കൂ, ഇപ്പോള്‍ നിക്ഷേപങ്ങളെ സമര്പ്പിക്കൂ, ഇപ്പോള്‍ ഉറക്കെ ഹല്ലേലൂയ പറയൂ… അനുഗ്രഹങ്ങള്‍ റെഡി!

ബ്ലാക്ക് മാജിക് എന്ന ഗണത്തില്‍ പെടുത്തി സമൂഹം അകറ്റി നിര്‍ത്തിയിരിക്കുന്ന തിന്മകളും, പെന്തക്കോസ്തു സഭയുടെ കപട വക്താക്കള്‍ കാഴ്ച വയ്ക്കുന്ന അത്ഭുതങ്ങളും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. തങ്ങളുടെ സഭയിൽ പെട്ടതല്ലാതെ മറ്റൊരാളുടെയും വീട്ടിൽ നിന്നു ജലപാനം കഴിക്കുകയോ സന്ദർശനത്തിന് എത്തുന്ന  അന്യസമുദായത്തിൽ എന്നല്ല, 'രക്ഷിക്കപ്പെട്ടവർ' എന്ന പരിധിയിൽ വരാത്ത ഇതരക്രൈസ്തവസമുദായങ്ങളിൽ പെട്ട ആളുകളെ വരെ നേരാംവണ്ണം സൽക്കരിക്കുകയോ പോലും ചെയ്യില്ല. ജലത്തിലും ഭക്ഷണത്തിലും ഒക്കെ അവർ കൂടോത്രം ചെയ്യുമെന്നും അവരുടെ ദോഷം തങ്ങളിലേക്കു പകരുമെന്നും ഒക്കെ ഇവരെ വിശ്വസിപ്പിക്കുന്ന ചില ദൈവദാസന്മാരാണ് ഇതിനു നിമിത്തം. അത്തരം പടുവങ്കത്തങ്ങൾ എഴുതിവച്ച പുസ്തകങ്ങൾ പോലും അവരുടെ വീടുകളിൽ കാണാം.

നാളിത്ര നീണ്ട അനുഗ്രഹങ്ങളുടെയും അഭിഷേകങ്ങളുടെയും ഒടുവിലും മനുഷ്യർ അസന്തുഷ്ടരാണ്. പ്രവാചകന്മാര്‍ നന്നേ അഭിവൃദ്ധി നേടുന്നുണ്ട് താനും! ഇനി ഇതാണോ ദൈവഹിതം?

ഇതിനു മറുപടി ബ്രദര്‍ സജു ജോണ്‍ നല്‍കുന്നു. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ സുവിശേഷകനാണ് ജീസസ് മിനിസ്ട്രിയുടെ ബ്രദര്‍ സജു ജോണ്‍.
“ബൈബിളും അതിന്റെ ഉള്ളടക്കവും ഇന്ന് അധികവും വിസ്മരിക്കപ്പെടുകയാണ്. യഥാര്‍ത്ഥ സുവിശേഷത്തിനു പുറത്താണ് ഇന്ന് നടക്കുന്ന പല അനുഗ്രഹ സുവിശേഷങ്ങളും. ഇവിടെ തീരുമാനം ദൈവത്തിന്റെയല്ല. സ്വന്തം സുരക്ഷിത്വം ഉറപ്പിക്കുന്ന ചില വ്യക്തികളുടെ താല്പര്യങ്ങളാണ്.”

ബൈബിളിലെ ഒരു കഥയും അനുബന്ധമായി നാരദാ ന്യൂസിനോട് ബ്രദര്‍ വിവരിച്ചു.
“തര്‍ശീശ് എന്ന രാജ്യത്തിലേക്ക് തന്‍റെ വചനവുമായി പോകുവാന്‍ യോനായോടു ദൈവം ആവശ്യപ്പെട്ടു. ആവശ്യപ്പെടുന്നത് ഏതായാലും ദൈവമാണ്. പറയുന്നത് ദൈവ വചനവും! എങ്കില്‍ പിന്നെ അതില്‍ തന്‍റെ സ്വാര്‍ത്ഥത കൂടി അല്‍പ്പം ചേര്‍ക്കാന്‍ യോനാ തീരുമാനിച്ചു. തർശീശിലേക്ക് പോകുന്നതിനു പകരം നിനവേയിലെക്ക് പോകുവാന്‍ യോനാ കപ്പല്‍ യാത്ര ആരംഭിച്ചു. തര്‍ശീശ് അന്ന് അപകടം നിറഞ്ഞ ഒരു പ്രദേശം ആണെന്ന് ദൈവത്തിനും അറിവുള്ളതല്ലേ എന്ന് യോനയും ചിന്തിച്ചിരിക്കണം. അത് പോലെയാണ് ഇന്ന് പല ദൈവ ദാസന്മാര്‍ എന്ന് അവകാശപ്പെടുന്നവരും. സുവിശേഷത്തെക്കാള്‍ സ്വവിശേഷത്തെ കാംഷിക്കുന്നവരാണ് അവര്‍. ഏതിനും മറയായി അവര്‍ ദൈവത്ത