ഇപി ജയരാജന് അപ്രതീക്ഷിത പിന്തുണയുമായി പിസി ജോർജ്

സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷസ്ഥാനത്തു തുടരാൻ അഞ്ജു അർഹയല്ലെന്ന് തുറന്നടിച്ചാണ് പിസി വാർത്തയിൽ ഇടംപിടിച്ചത്.

ഇപി ജയരാജന് അപ്രതീക്ഷിത പിന്തുണയുമായി പിസി ജോർജ്

കോട്ടയം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് കായികമന്ത്രി ഇപി ജയരാജനെതിരെ പരാതി ഉന്നയിച്ചതിനു പിന്നാലെ ജയരാജന് അപ്രതീക്ഷിത പിന്തുണയുമായി സ്വതന്ത്ര എംഎൽഎ പിസി ജോർജ്ജ് രംഗത്തെത്തി. സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷസ്ഥാനത്തു തുടരാൻ അഞ്ജു അർഹയല്ലെന്ന് തുറന്നടിച്ചാണ് പിസി വാർത്തയിൽ ഇടംപിടിച്ചത്.

കർണാടകത്തിൽ സ്ഥിരതാമസമാക്കിയ അഞ്ജു കേരളത്തിൽ നിന്ന് മികച്ച അത്ലീറ്റുകളെ അങ്ങോട്ടു മോഹിപ്പിച്ചുകൊണ്ടുപോവുകയാണെന്ന് പിസി ജോർജ് ആരോപിച്ചു. അഞ്ജുവിനെ പോലൊരാളെ ഒരിക്കലും സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷയായി നിയമിക്കരുതായിരുന്നു എന്നും മുൻ യുഡിഎഫ് ഗവൺമെന്റിന്റെ ഈ തീരുമാനത്തെ അന്നുതന്നെ താൻ തുറന്നെതിർത്തിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

പി ടി ഉഷയെപ്പോലെ ഒരാളായിരുന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആകേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ഇ പി ജയരാജന്റെ നിലപാടിനൊപ്പമാണ് താനെന്നും പിസി കൂട്ടിച്ചേർത്തു.

പിണറായി വിജയൻ ലാവലിൻ ഇടപാടിൽ ആരോപണവിധേയനാണെന്ന നിലപാടും പിസി ആവർത്തിച്ചു. നിയമവിരുദ്ധമായാണ് ഹൈക്കോടതി ജഡ്ജിയെ അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചത്. ഇത് ഒത്തുതീർപ്പിന്റെ ഭാഗമാണോയെന്ന് ജനം സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

Read More >>