ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തെ അനുകൂലിച്ച് പാകിസ്ഥാനില്‍ ഫത്‌വ

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരെ അവഹേളിക്കുന്നതിനെതിരേയും ഫത്‌വയില്‍ വിമര്‍ശിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതും മാറ്റി നിര്‍ത്തുന്നതും ഹറാം(നിഷിദ്ധം)ആണെന്ന് ഫത്‌വയില്‍ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തെ അനുകൂലിച്ച് പാകിസ്ഥാനില്‍ ഫത്‌വ

ലാഹോര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തെ അനുകൂലിച്ച് പാകിസ്ഥാനിലെ ഒരു വിഭാഗം പണ്ഡിതരുടെ ഫത്‌വ. തന്‍സീം ഇത്തിഹാദ്-ഇ-ഉമ്മത് എന്ന സംഘടനയിലെ പണ്ഡിതരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അനുകൂലമായി ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം നിയമവിധേയമാണെന്ന് കാണിച്ചാണ് ഫത്‌വ. പാകിസ്ഥാനിലെ ഡോണ്‍ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് അവകാശപ്പെട്ട സ്വത്ത് നല്‍കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട മക്കള്‍ക്ക് അവകാശപ്പെട്ട പൂര്‍വിക സ്വത്ത് നല്‍കാതിരിക്കുന്ന രക്ഷിതാക്കള്‍ ദൈവകോപത്തിന് ഇരയാകുമെന്നും ഫത്‌വ പറയുന്നു. ഇത്തരം രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഫത്‌വയില്‍ ശുപാര്‍ശ ചെയ്യുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരെ അവഹേളിക്കുന്നതിനെതിരേയും ഫത്‌വയില്‍ വിമര്‍ശിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതും മാറ്റി നിര്‍ത്തുന്നതും ഹറാം(നിഷിദ്ധം)ആണെന്ന് ഫത്‌വയില്‍ പറയുന്നു.

ഇസ്ലാം മതവിശ്വാസി മരിക്കുമ്പോള്‍ നടത്തുന്ന എല്ലാ ചടങ്ങുകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗലുള്ള വിശ്വാസിയുടെ കാര്യത്തിലും പാലിക്കണമെന്നും വ്യക്തമാക്കിയാണ് ഫത്‌വ അവസാനിക്കുന്നത്.