ജാതി പുരുഷത്വത്തിന്റെ അധികാരലീലകൾ

കഥാപാത്രങ്ങളുടെ കൂട്ടായ്മയും കാട്ടുവസതിയിലേക്കുള്ള പലായനവും എന്നതു പോലെ, ഒറ്റയൊറ്റ കഥാപാത്രങ്ങളുടെ മനസ്സും മാനസിക സഞ്ചാരങ്ങളും ഒളിയിടങ്ങളായിട്ടാണ് ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഒളിയിടത്ത്/ഒളിയിടങ്ങളിൽ നിങ്ങൾക്ക് മറ്റൊന്നും പേടിക്കാതെ സ്വതന്ത്രരാകാനും ഉല്ലസിക്കാനും സാധിക്കും എന്നാണ് സങ്കൽപം. ജി പി രാമചന്ദ്രൻ എഴുതുന്നു.

ജാതി പുരുഷത്വത്തിന്റെ അധികാരലീലകൾ

ജി പി രാമചന്ദ്രൻ

കേരളീയ ആണത്തം ബോധപൂർവ്വം പുറത്തെടുക്കുന്ന ശബ്ദ-വർണ-ശബളാഘോഷത്തിന്റെ അതിപരിചിതവും അരോചകവുമായ ഒരു വെളിയിടക്കാഴ്ചയിലൂടെയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തുടങ്ങുന്നത്. തെരഞ്ഞെടുപ്പിലെ വോട്ടിടലിന്റെ (പോളിംഗിന് സിനിമയിലുപയോഗിക്കുന്ന സംഭാഷണ പദം/ഭാഷാഭേദം ഇങ്ങനെയാണ്) തൽത്തലേദിവസം, നിശ്ശബ്ദപ്രചാരണം മാത്രമേ ഇനി പാടുള്ളൂ എന്ന നിബന്ധന ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി, മുഖ്യ കവലകളിൽ കാണാനാകുന്ന ആവേശം ത്രസിപ്പിക്കുന്നതും സംഘർഷം ഉണ്ടാവുമോ എന്ന് ഭയപ്പെടുത്തുന്നതുമായ ഒരേർപ്പാടാണ് കലാശക്കൊട്ട് അഥവാ കൊട്ടിക്കലാശം. മിതവാദമുഖമുള്ള നിയമവാഴ്ചയുടെ ജനപ്രിയാഖ്യാനത്തിന് യോജിച്ചതല്ല ഇത്തരത്തിൽ വഴി മുടക്കുന്നതും ചെവിയടപ്പിക്കുന്നതും കാഴ്ചയെ താറുമാറാക്കുന്നതുമായ ആഘോഷരൂപം എന്ന് ഈയിടെയാണ് - കേരളത്തിൽ മുഴുവനുമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ - സമുന്നതനും ബഹുമാന്യനുമായ ഒരു സിറ്റിംഗ് ജഡ്ജി കോടതിക്കു പുറത്ത് വിധി പ്രഖ്യാപിച്ചത്.


പൂർണ നിയമസഭാ തെരഞ്ഞെടുപ്പിനും അതിനു മുമ്പ് നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനും മുമ്പ് നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പാണ് സിനിമയിൽ ഇതിവൃത്ത പശ്ചാത്തലമാകുന്നത്. കേരളത്തിന്റെ കക്ഷി രാഷ്ട്രീയ ചരിത്രത്തിൽ, ചില കുറുക്കുവഴി സൂത്രവാക്യങ്ങൾ ആവിഷ്‌ക്കരിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പു കൂടിയായിരുന്നു അരുവിക്കര എന്നതും ഓർക്കേണ്ടതാണ്. മിതവാദ വലതുപക്ഷവും തീവ്രവാദ വലതുപക്ഷവും തമ്മിലാണ് ഇവിടെയും ഇനിയുള്ളതുമായ കേരള തെരഞ്ഞെടുപ്പുകളിൽ മത്സരം നടക്കാൻ പോകുന്നത് എന്ന, ഇടതുപക്ഷത്തെ മാറ്റി നിർത്താൻ കണക്കു കൂട്ടപ്പെട്ട ഒരു ജനപ്രിയവ്യാഖ്യാനം തൽക്കാലത്തേക്ക് വിജയകരമായി പരീക്ഷിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. ഇടതുപക്ഷത്തേക്ക് പടർത്തി വിട്ട ആ ഇരുട്ട് പക്ഷെ, മിതവാദ വലതുപക്ഷത്തിന്റെ തന്നെ കണ്ണുകളെയാണ് പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ഉപയോഗശൂന്യമാക്കിയത് എന്നത് ജനകീയ ചരിത്രത്തിന്റെ തിരിച്ചടിയായി വായിച്ചെടുക്കാം.

പൂരം, പൂരത്തിലെ ആനയെഴുന്നള്ളിപ്പുകൾ, മാതംഗ ലീലകൾ, വെടിക്കെട്ടുകൾ, ആനയെ മുൻനിർത്തിയുള്ള രതിഭാവനകളുടെ ലിഖിത-ദൃശ്യാഖ്യാനങ്ങളും അവയുടെ നിരൂപക സാധൂകരണങ്ങളും, സ്വകാര്യവും അങ്ങിനെയല്ലാത്തതുമായ മദ്യപാന സദിരുകൾ, അവിടത്തെ പരദൂഷണങ്ങൾ, ലൈംഗികതയെ സംബന്ധിച്ചും അതിന്റെ നിർവഹണ സങ്കൽപനങ്ങളിലെ സ്ത്രീ ശരീര പ്രയോജന-ഭാവനയെ സംബന്ധിച്ചും ഉള്ള ആണത്ത പ്രഘോഷണങ്ങൾ, സന്യാസത്തിന്റെ മറവിൽ സ്ത്രീ വേട്ട നടത്തുന്ന കോർപ്പറേറ്റ് ആൾദൈവങ്ങളും ഉപദൈവങ്ങളും എന്നിങ്ങനെ ജനാധിപത്യ-സമാധാന ജീവിതത്തെ അപ്രസക്തമാക്കുകയോ താറുമാറാക്കുകയോ ചെയ്യുന്ന ആണിടങ്ങളുടെ മറ്റൊരു പ്രദർശനവിജയം തന്നെയാണ് തെരഞ്ഞെടുപ്പും എന്ന ആശയമാണ് ഈ പശ്ചാത്തലത്തിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. (സ്ത്രീ സംവരണ ബില്ലിനെ സ്ഥിരമായി അട്ടിമറിക്കുന്നതിലൂടെ ഇത് ചരിത്രവത്ക്കരിക്കപ്പെടുന്നുമുണ്ട്, വോട്ടൊക്കെ നിങ്ങളാണുങ്ങളടെ കാര്യമല്ലേ എന്ന ഗീതയുടെ മറുപടിയും ശ്രദ്ധിക്കുക) നിയമസഭ എന്നു തന്നെ പേരുള്ള ഭരണനിർവഹണ സഭയുടെ തെരഞ്ഞെടുപ്പ്, നിയമലംഘനത്തിന്റെ ഉപാധിയാകുന്നതു സംബന്ധിച്ച ചില സൂചനകൾ കൂടിയാണ് പ്രവേശകത്തിലുള്ളത്. തെരഞ്ഞെടുപ്പ്; പ്രത്യേകിച്ചും കലാശക്കൊട്ട്/കൊട്ടിക്കലാശം, നിശ്ശബ്ദ പ്രചാരണത്തിനിടയിലെ മദ്യവിതരണസ്വാധീനങ്ങൾ, വോട്ടിടൽ എന്നറിയപ്പെടുന്ന പോളിംഗ്, വോട്ടെണ്ണൽ എന്നീ അവസരങ്ങൾ നിയന്ത്രണാതീതമായേക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മദ്യ നിരോധനം നടപ്പിലാക്കിയിരിക്കുന്നത്. മദ്യ നിരോധനം സമാധാന-ധാർമിക വാഴ്ചയിലേക്ക് സമൂഹത്തെ കൊണ്ടു ചെന്നെത്തിക്കും എന്ന പൊതുവിചാരത്തിന്റെ സാമാന്യ അടിസ്ഥാനത്തിന്റെ ചില ഉപ-എടുപ്പു പുരകളാണ് ഈ നിബന്ധനകൾ എന്നതും മറന്നു കൂടാ. മദ്യ നിരോധനം അഥവാ മദ്യം സാധാരണമായി ലഭ്യമാവുന്ന ഇടങ്ങളിൽ നിന്ന് ലഭ്യമല്ലാതാക്കുക എന്ന ഔദ്യോഗിക നിയന്ത്രണത്തെ ലംഘിക്കാനുള്ള പ്രേരണ, വെറും ലഹരി തേടിയുള്ള പാച്ചിൽ മാത്രവുമല്ല. നിരോധനം ഒരു പഠനാന്വേഷണ പ്രക്രിയക്കുള്ള ചോദന കൂടിയാണ്, അഥവാ അത് ഒരു വിവര വിനിമയ സമ്പ്രദായം കൂടിയാണ്. നിരോധിക്കുന്നതെന്തുകൊണ്ട്, നിരോധനം ലംഘിച്ചാലെന്തു സംഭവിക്കും, അത് ലംഘിക്കുന്നതെങ്ങനെ എന്നീ ആലോചനകൾ തന്നെ ലഹരി നിറക്കുന്നതും പതയുന്നതുമായ ആവേശങ്ങളാണ്.

മദ്യവുമായി ബന്ധപ്പെട്ട്; ആദർശവാദം, ഭാരതീയത, ബ്രാഹ്മിണിക്കൽ സദാചാരം, ആണത്തം/പെണ്ണത്തം എന്നീ മേഖലകളെല്ലാം പ്രവർത്തനക്ഷമമാകുന്നതിന്റെ പ്രത്യക്ഷങ്ങൾ സിനിമയിൽ കാണാം. തിരുമേനി എന്ന സവർണ ജാതിവാലിനാൽ അഭിസംബോധന ചെയ്യപ്പെടുന്ന കഥാപാത്രം മദ്യപിക്കുന്നതിൽ ജാതിമേന്മാപരമായ അസ്വാഭാവികത ഉള്ളതു പോലെയാണ് സുഹൃത്തുക്കളും കൂട്ടു കുടിയന്മാരുമായ കഥാപാത്രങ്ങളാൽ പരിഹാസങ്ങൾ ചൊരിയപ്പെടുന്നത്. മദ്യപാനം പോലുള്ള പാപം/കുറ്റകൃത്യം കീഴാളർക്ക് പറഞ്ഞിട്ടുള്ളാണെന്നും അതാണ് സ്വാഭാവികം എന്നുമുള്ള മനോഭാവമാണ് പ്രകടിപ്പിക്കപ്പെടുന്നത്. ധർമൻ/ഗൾഫുകാരൻ തിരുമേനിക്ക് ഒരു കറിവേപ്പില കൊടുത്ത് ഇതു കൊണ്ട് മറച്ചോ എന്നൊക്കെ അയാളെ തന്നെ ജാത്യധികാരത്തെ കീഴ്മേൽ മറിച്ചു കൊണ്ട് പരിഹസിക്കുന്നതായി തോന്നിപ്പിക്കുന്നതിന്റെ ആന്തരിക രസം, അതേ ജാത്യാധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ അബോധമായി സ്ഥിരീകരിക്കുക എന്നതാണ്. ഇതേ തിരുമേനി തന്നെയാണ്, പിന്നീട് കൂട്ടുകുടിക്കിടെ തീർന്നു പോകുന്ന മദ്യത്തിന്റെ സ്റ്റോക്ക് നാടെല്ലാം മഴയത്തും ഇരുചക്ര വണ്ടിയിലും സാഹസികമായി അലഞ്ഞ് വീണ്ടും പൂർത്തീകരിക്കുന്നത്.

അതാത് ജാതിയിൽ പെട്ടവരുടെ കുലവൃത്തികൾ നിർവചിക്കപ്പെടുകയും പുനർ നിർവചിക്കപ്പെടുകയും ചെയ്യുന്ന ഒരു സഞ്ചാരമായിട്ടാണ് ആഖ്യാനം നീളുന്നത്. മനുസ്മൃതി/ചാതുർവർണ്യം അനുസരിച്ചുള്ള ജാതി നിഷ്‌ക്കർഷ മാത്രമല്ല ഒഴിവുദിവസത്തെ കളിയെ സാധ്യമാക്കുന്നത് എന്നതും മനസ്സിലാക്കേണ്ടതാണ്. തിരുമേനി എന്ന ബ്രാഹ്മണ കഥാപാത്രം കഴിഞ്ഞാൽ ബാക്കിയെല്ലാവരും അബ്രാഹ്മണരാണ്. എന്നാൽ ഇവർക്കിടയിൽ വീണ്ടും പുനർ വിഭജനങ്ങൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. തിരുമേനിയുടെ സുഹൃത്തുക്കളായ മൂന്നു പേരും, തിരുമേനിയാൽ നയിക്കപ്പെട്ടും തിരഞ്ഞെടുക്കപ്പെട്ടും അവരെത്തിച്ചേരുന്ന ഒളിയിടമായ വാട്ടർ അതോറിറ്റിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിലെ അറ്റന്റർ/വാച്ചർ/ശിപായി എന്ന ജീവനക്കാരനും ആൺ ജാതിയിൽ പെട്ടവരായിരിക്കെ, പാചകത്തിന് സഹായിയായെത്തുന്ന ഗീത എന്ന ഒറ്റ പെൺ/കീഴാള ജാതിക്കാരിയും ആഖ്യാനത്തിനകത്തുണ്ട്. ദരിദ്രയായ അവളുടെ നിസ്സഹായതയാണ്, അവളുടെ കാഴ്ച പ്രകാരം നിരുന്മേഷകരവും മനുഷ്യത്വ രഹിതവുമായ അത്തരമൊരു മദ്യപാന സദിരിനാവശ്യമായ തൊട്ടുകൂട്ടലുകൾ പാചകം ചെയ്തു കൊടുക്കുക എന്ന കൂലിപ്പണിയിലവളെ എത്തിക്കുന്നത്. മദ്യപാനത്തോടൊപ്പമുള്ള ആഹാര സ്വീകരണത്തെ തൊട്ടുകൂട്ടൽ എന്നാണ് നാട്ടു ഭാഷ വ്യവഹരിക്കുന്നത്. ഈ തൊട്ടുകൂട്ടൽ വികസിച്ച്, അവളുടെ ശരീരത്തെ കൂടി ലൈംഗികമായി തൊട്ടുകൂട്ടാനുള്ള അവസരം സിദ്ധിക്കുമോ എന്ന് വിനയനും അശോകനും ധർമനുമെല്ലാം ശ്രമിക്കുന്നുണ്ട്.

ഈ ശ്രമങ്ങളെ സംബന്ധിച്ച് വിനയനും അശോകനും തമ്മിലേർപ്പെടുന്ന തർക്കം, ലൈംഗികതയെ ക്കുറിച്ചുള്ള ഗൗരവ സംവാദത്തിന്റെ തന്നെ ഛായ പുലർത്തുന്നുണ്ട് എന്നത് വിസ്മയാവഹമാണ്. ഓപ്പോസിറ്റ് സെക്സിനോടുള്ള മനോഭാവം എപ്രകാരമായിരിക്കണമെന്ന് വിനയൻ വിശദീകരിക്കുന്നു. അവരുടെ സമ്മതപ്രകാരമല്ലാതെയുള്ള ഏതു ലൈംഗികബന്ധ ശ്രമവും ബലാത്സംഗമായേ കാണാനാവൂ എന്നാണയാളുടെ ഉറച്ച വാദം. ഇതനുസരിച്ചാണ്, ആ ഒളിയിടത്തിലെത്തിയ ഉടനെ ബീർ മോന്താൻ ആരംഭിച്ചതിനു പുറകെ അയാൾ അവളോട് കുറുകാൻ (കൊഞ്ചാനും പഞ്ചാരയടിക്കാനും) നോക്കുന്നുണ്ടെങ്കിലും അവൾ ഒട്ടും താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ അയാൾ പിന്മാറുന്ന ആഖ്യാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത്തരം വർത്തമാനങ്ങളെല്ലാം കപടനാട്യങ്ങളാണെന്നാണ് അശോകന്റെ വ്യക്തമായ അഭിപ്രായം. പെണ്ണിനെ കീഴടക്കുക എന്നതിന്റെ അർത്ഥം, പെണ്ണ് കീഴെയും ആൺ മീതെയും കിടന്നുള്ള സുരതമാണെന്നാണ് അയാളുടെ വ്യാഖ്യാനം.

അതിനുള്ള കഴിവും പേശീബലവും ആണിന് വേണമെന്ന് പറയുന്നതിലൂടെ ആണത്തത്തെയും അയാൾ നിർവചിക്കുന്നു. അപ്പോൾ, നിന്റെ ഭാര്യയെ നീയിത്രയും കാലം ബലാത്സംഗം ചെയ്യുകയായിരുന്നോ എന്നാണ് ഈ ഘട്ടത്തിൽ അശോകനോട് വിനയൻ ചോദിക്കുന്നത്. ഇത് അശോകനെ വല്ലാതെ ചൊടിപ്പിക്കുന്നു. കണ്ട കാട്ടു പെണ്ണിന്റെ കാര്യം പറയുമ്പോഴാണോ ഭാര്യയുടെ ഉദാഹരണം എടുത്തിടുന്നതെന്ന് ചോദിച്ച് അയാൾ വിനയനുമായി ശണ്ഠയിലേർപ്പെടുന്നു. വിനയന്റെ മറുപടി: നീ നിനക്ക് വേണ്ടിടത്ത് ഒരു ഫ്രെയിം ഉണ്ടാക്കിവെക്കും, അതിനകത്ത് കയറിക്കളിക്കാൻ ആരെയും സമ്മതിക്കില്ല. ആണധികാരം പ്രവർത്തിക്കുന്നതിന്റെ സങ്കീർണമായ ബലതന്ത്രങ്ങളാണിവിടെ വെളിവാകുന്നത്.

മധ്യവർഗ ജാതി പുരുഷന്റെ കുടുംബം എന്നത് അയാളുടെ ഒളിയിടമാണ്; അഥവാ അയാൾ തന്നെ ധാരാളമായി സമയവും ഊർജ്ജവും പണവും ചെലവിടുന്ന വെളിയിടത്തെ അയാൾ ഈ കുടുംബത്തിനു പുറത്തായി സുരക്ഷിതമാക്കുന്നുണ്ട്. അവിടെ അയാൾക്ക് മദ്യപാനസദിരുകളും അവിടത്തെ ആൺ സൗഹൃദങ്ങളും പെൺ തൊട്ടുകൂട്ടലുകളും ആവശ്യമുണ്ട്. അതിന്റെ ലാഞ്ഛനകളൊന്നും പക്ഷെ, കുടുംബം എന്ന സുരക്ഷിത ഒളിയിടത്തേക്ക് കടക്കാനും പാടില്ല. എന്തിന്, പവിത്ര കുടുംബത്തെക്കുറിച്ചുള്ള ഒരു വിമർശനമോ ആലോചനയോ പോലും ഈ വെളിയിടത്ത് വെച്ച് നടത്തുന്നത് അയാൾക്ക് സഹിക്കാനാവുന്നില്ല. അതായത് അയാളിലെ ജാതി/ലിംഗ സ്വത്വം എന്ന അധികാര രൂപം തന്റെ കീഴ്സ്വത്വങ്ങളായി സങ്കൽപ്പിക്കുകയും അതു പ്രകാരം അടിച്ചമർത്തിവെക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ജാതി/ലിംഗ/വർഗ സ്വത്വ പ്രതിനിധാനങ്ങളായി ഭാര്യയും ഒളിയിടത്തെ തൊട്ടുകൂട്ടൽ വെപ്പുകാരിയും പിളരുന്നുവെന്ന് സാരം.

മാംസള ശരീരമെന്ന നിലക്ക് തനിക്ക് വേണ്ടപ്പോൾ പ്രാപിക്കാനായി കീഴടങ്ങാൻ വിധേയപ്പെട്ടവളാണ് ഭാര്യ. എന്നാൽ, ഒളിയിടത്തെ ആഘോഷവേളകളിൽ താൻ തന്നെ അന്യഥാ പ്രകീർത്തിക്കുകയും പ്രാക്ടീസ് ചെയ്യുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന സദാചാരം തല്ക്കാലം മാറ്റി വെച്ചു കൊണ്ട് പണം കൊടുത്തോ ബലം പ്രയോഗിച്ചോ വശംവദയാക്കുമ്പോൾ കീഴ്പ്പെടുന്നവളായിരിക്കണം തൊഴിലാളി/ദളിത്/ഒ ബി സി സ്ത്രീ എന്ന പ്രതീക്ഷയും തീരുമാനവും അയാളുടേതായുണ്ട്. ഇത് ഉറപ്പിക്കുന്നതിനു വേണ്ടിയാണ് അയാൾ മറ്റനവധി കാര്യങ്ങളിൽ അയാളോട് യോജിക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്യുന്ന വിനയനോട് തർക്കിക്കുന്നത്. വിനയൻ സ്വയം രൂപീകരിക്കുന്ന മാതൃകാ പ്രതിനിധാനത്തിന്റെയും രാഷ്ട്രീയ ശരികൾ സങ്കീർണമായി പരിശോധിക്കപ്പെടേണ്ടതാണ്. കുടുംബം എന്ന സുരക്ഷിത ഒളിയിടത്തിന് പുറത്തു കടന്ന് തെരഞ്ഞെടുപ്പു പോലെ, നിയമനിർവഹണ സംവിധാനം മറ്റു രീതിയിൽ തിരക്കിലായിരിക്കെ അത്തരം ശക്തികളുടെ(പോലീസ്, എക്സൈസ്, വാട്ടർ അതോറിറ്റി വിജിലൻസ്) സർവൈലൻസിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി മദ്യപാനസദിരിൽ സൃഷ്ടിക്കപ്പെടുന്ന ആണാഹ്ലാദ ഒളിയിടത്തിന്റെ കപട സാഹസികതയിലേക്കാണ് അയാൾ മറ്റുള്ളവരോടൊപ്പം പലായനം ചെയ്യുന്നത്.

അവിടെ കണ്ടു മുട്ടുന്ന കീഴാള/തൊഴിലാളി സ്ത്രീയെ ലൈംഗികമായി പ്രാപിക്കാനാവുമോ എന്ന്, അയാളുടെ തന്നെ വ്യാഖ്യാന പ്രകാരം ജനാധിപത്യപരമായി അറ്റെംപ്റ്റ് ചെയ്തു നോക്കി പരാജയമടഞ്ഞതിനു ശേഷമാണ് പങ്കാഹ്ലാദസുഹൃത്തിനോട് സൂക്ഷ്മ രാഷ്ട്രീയമേഖലയിൽ തർക്കത്തിലേർപ്പെടുന്നത്. ഇതേ രാഷ്ട്രീയ ശരിക്കാരൻ, പിന്നീട് ദളിതൻ/കറുത്ത തൊലി നിറമുള്ളയാളോട് അതിനിഷ്ഠൂരമായി പെരുമാറുമ്പോൾ ആ ആൾക്കൂട്ട ആഹ്ലാദത്തിൽ നിർദയം പങ്കാളിയാകുകയും ചെയ്യുന്നു.

പ്ലാവിൽ കയറി ചക്ക ഇടുക, കോഴിയെ കൊല്ലുക തുടങ്ങിയ ജോലികൾ, ദളിത്/കറുപ്പ് ശരീരമുള്ള ദാസനാണ് ചെയ്യേണ്ടത് എന്ന പൊതുബോധം മറ്റുള്ള എല്ലാവരും പങ്കിടുന്നുണ്ട്. അത് നടപ്പാക്കുകയും ചെയ്യുന്നു. കായികമായി അധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യാനായി കീഴാള ജാതിയും ശരീരവുമുള്ളവർ എപ്പോഴും സന്നദ്ധരായി ഉണ്ടാവണമെന്നാണ് സവർണ ജാതി പുരുഷത്വത്തിന്റെ ആഗ്രഹം. ഈ ആഗ്രഹമാണ് ചിത്രത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വെളിവാകുന്നത്. പിന്നീട്, മദ്യലഹരി കൊഴുക്കുമ്പോൾ നാലു പേരും ചേർന്ന് കളിക്കുന്ന വിചിത്രവും മാരകവുമായ കളിയിലാകട്ടെ ദാസൻ എന്ന ഈ ദളിത്/കറുപ്പ്/തൊഴിലാളി ശരീരമുളള ആളെ കള്ളൻ എന്ന് മുദ്ര കുത്തുന്നു, അഥവാ അപ്രകാരം കണ്ടെത്തുന്നു. കളിനിയമങ്ങൾ ഇപ്രകാരമാണെന്ന് ശീർഷകത്തിൽ വിവരിക്കുന്നുണ്ട്.
നമ്മൾ കളിക്കുന്നവരെല്ലാം പരസ്പരം സമ്മതിച്ചും സഹകരിച്ചും പൂർണ ഗൗരവത്തോടെ മാത്രം ഏർപ്പെടുന്ന കളിയാണിത്.

ഈ കളിയിൽ നിന്നും കളിക്കുന്നവർക്കും കാണുന്നവർക്കും രസം ഉണ്ടാകുന്നതിനാൽ കളിയിൽ കള്ളം പാടില്ല.

രാജാവ് മന്ത്രി, പോലീസ്, കള്ളൻ, എന്നിങ്ങനെ നാലു തുണ്ടുകൾ കുലുക്കിയിട്ടാണ് കളി തുടങ്ങുക. തുണ്ടിൽ പേരെഴുതുമ്പോഴും കുലുക്കിയിടുമ്പോഴും ദൈവനാമത്തിൽ സത്യം, സത്യം സത്യമെന്ന മൂന്നു വട്ടം മനസ്സിൽ പറയേണ്ടതാണ് പോലീസ് എന്ന് തുണ്ട് കിട്ടിയ ഭാഗ്യവാൻ കള്ളൻ എന്ന തുണ്ട് കിട്ടിയ ദൗർഭാഗ്യവാനെ പിടികൂടണം. രാജാവിനെ കള്ളനെന്ന് വിളിച്ചാൽ അഞ്ച് അടിയും മന്ത്രിയെ കള്ളനെന്ന് വിളിച്ചാൽ മൂന്ന് അടിയും പോലീസിനു ശിക്ഷ കിട്ടും. കള്ളനെ പിടിച്ചു കഴിഞ്ഞാല രാജാവ് കള്ളനെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നതോടെ കളി അവസാനിക്കും.

തീർച്ചയായും കളിയുടെ അവസാനമാണ് ആരാണു കള്ളൻ എന്ന് മനസ്സിലാക്കപ്പെടുന്നത്. ഇത് ആഖ്യാനത്തിന്റെ ഒരു കളിയാണ്. സിനിമക്കാധാരമായ ഉണ്ണി ആറിന്റെ കഥയിലും അങ്ങിനെയാണ്. അത് ഒരു ഉദ്വേഗം സൃഷ്ടിക്കൽ മാത്രമല്ല. മറ്റുള്ളവരെല്ലാം എന്തുകൊണ്ട് കള്ളന്മാരല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ്. അതായത്, ജാതിപരവും വർണപരവും വർഗപരവും ലിംഗപരവുമായ അവരുടെ അവസ്ഥകൾ തന്നെ അവരെ കള്ളൻ എന്ന സംശയത്തിനോ തീർപ്പിനോ വിധേയരാക്കാതെ സുരക്ഷിതരാക്കുന്നു. അശോകൻ എന്ന പൊലീസ് ധർമപാലനെയാണ് ആദ്യമായി കള്ളനെന്നു പറയുന്നത്. കഥയിൽ നിന്ന്: ധർമപാലനാണ് കള്ളനാവാൻ സാധ്യത. സി പി രാമസ്വാമി അയ്യരും ജയറാം പടിക്കലുമാണ് ധർമന്റെ ആരാധ്യ കഥാപാത്രങ്ങൾ. അടിയന്തിരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ ഫോട്ടോ പോക്കറ്റിലിട്ടാണ് നടക്കുന്നത്. ശ്രീരാമഭക്തൻ. പതിഞ്ഞ സംസാരം. കൈക്കൂലി കിട്ടുന്നതിലൊരു പങ്ക് എല്ലാ ദൈവങ്ങൾക്കുമായി വീതിക്കും.

ഒളിസേവ പാരമ്പര്യമായി കിട്ടിയ ശീലമായതിനാൽ താനുമത് അനുഷ്ഠിച്ചുവരുന്നു എന്ന ന്യായത്തിലാണ് എല്ലാ കുസൃതികളും ഒപ്പിക്കുന്നത്. കള്ളൻ ഇയാൾ തന്നെ, അശോകൻ തീരുമാനിച്ചു. സിനിമയിലെത്തുമ്പോൾ ഈ സ്വഭാവസവിശേഷതകളൊക്കെയും അയാൾ പേറുന്നുണ്ടെന്നൊന്നും വിവരിക്കുന്നില്ല. എന്നാൽ അതിൽ ചിലതിന്റെ സൂചനകളുണ്ടു താനും. അതിൽ പ്രധാനം അടിയന്തിരാവസ്ഥയുടേതാണ്. ധർമൻ വിനയനെ ചൂണ്ടി പറയുന്നതിപ്രകാരമാണ്: ഇയാള് (വിനയന്) സർക്കാരുദ്യോഗസ്ഥനല്ലേ. 11 മണിക്കല്ലേ ആപ്പീസില് പോകുന്നത്.അന്നങ്ങിനെയായിരുന്നില്ല. പൊലീസുകാരൻ തോട്ടി പട്ടാളക്കാരൻ എല്ലാവരും അവരവരുടെ പണി ചെയ്യും. അതായത്, അയാളൊരു അടിയന്തിരാവസ്ഥാ അഭിമാനി ആണെന്നർത്ഥം. മാത്രമല്ല, താൻ നോട്ടക്കാണ് വോട്ടിട്ടത് എന്നും ധർമൻ അഭിമാനത്തോടെ തുറന്ന് പറയുന്നുണ്ട്. സംവരണ വിരുദ്ധരും അരാഷ്ട്രീയവാദികളുമായ ജാതി പുരുഷന്മാർക്ക് അവരുടെ സമ്മതിദാനാവകാശം ഇഷ്ടത്തോടെ നിർവഹിക്കാനായി ഭരണകൂടം അടുത്ത കാലത്ത് സൃഷ്ടിച്ച ഒരു ഒളിയിടവും വെളിയിടവുമാണ് നോട്ട എന്ന ഓപ്ഷൻ. സനൽ കുമാർ ശശിധരൻ തന്നെ ഒരഭിമുഖത്തിൽ പറയുന്നതുപോലെ, തെരഞ്ഞെടുപ്പിലെ വോട്ടിടൽ എന്നത് പലർക്കും ഒരു കളിയാണ്.

ബഹുഭൂരിപക്ഷത്തിന് അങ്ങിനെയാണോ അല്ലയോ എന്നതറിയില്ല. എന്നാൽ, മുകളിൽ വിവരിച്ച തരക്കാർക്ക് അതു തന്നെയാണെന്നുറപ്പ്. അത്തരക്കാർക്ക്, ഏതെങ്കിലും ദളിതരോ തൊഴിലാളികളോ സ്ത്രീകളോ ന്യൂനപക്ഷക്കാരോ ആയ സ്ഥാനാർത്ഥികൾക്ക് വോട്ടിടേണ്ട `അശുദ്ധികരവും അപവിത്രവുമായ' കർത്തവ്യം നിർവഹിക്കാതെ രക്ഷപ്പെടാനാവുന്നു എന്നതാണ് നോട്ടയുടെ സുരക്ഷ. അരുവിക്കരയിൽ തുടങ്ങിയ ശുദ്ധിയുടെയും നൈർമല്യത്തിന്റെയും പവിത്രതയുടെയും വോട്ടിടൽ നേമത്ത് എങ്ങിനെയാണ് പര്യവസാനിച്ചതെന്നും നാം കണ്ടു കഴിഞ്ഞു.

ഇതേ ധർമനെ തന്നെ വിനയൻ കളിയാക്കുന്ന തൊട്ടടുത്തുള്ള മറ്റൊരു സന്ദർഭത്തിൽ പൊതുബോധത്തിന്റെ അധികാര ബലതന്ത്രങ്ങൾ നേരെ കീഴ്മേൽ മറിയുന്നതും കാണാം. ഇവിടെ വിനയൻ എന്ന സർക്കാരുദ്യോഗസ്ഥൻ, ധർമൻ എന്ന ഗൾഫുകാരനെയാണ് കീഴടക്കുന്നത്. ഇവിടെ ചെയ്യാൻ കഴിയാത്ത ജോലി ഗൾഫിൽ പോയി ചെയ്തിട്ട് പ്രസംഗിക്കുന്നവരാണ് ഗൾഫുകാർ എന്ന, അതിനാൽ അധമത്വം ആരോപിക്കപ്പെടുന്നവർ എന്ന സൂചനയാണിവിടെ പ്രകടമാവുന്നത്. പ്രാദേശികതയുടെ ഒരു വർണാശ്രമവും ഇവിടെ പ്രയോഗവത്ക്കരിക്കപ്പെടുന്നുണ്ട്. കടൽ കടന്നു പോകുന്നവർ ഭ്രഷ്ടരാക്കപ്പെടേണ്ടവരാണ് എന്ന പഴയ സവർണ ചിന്താഗതിയുടെ ലാഞ്ഛന പോലും ഗൾഫുകാരെയും മറ്റു പ്രവാസികളെയും കളിയാക്കുന്ന മനോഭാവത്തെ നിർണയിക്കുന്നുണ്ട്. ഗൾഫുകാരൻ/സർക്കാർ ജീവനക്കാരൻ എന്ന ഈ പിളർപ്പിൽ, പക്ഷെ സമന്വയിക്കുന്നത് കേരളത്തിലെ തൊഴിലാളി അധ്വാനത്തോട് വിമുഖനാണ് എന്ന വലതുപക്ഷ പൊതുബോധമാണെന്നത് ഇതിനിടയിലും വെളിവാകുന്നുമുണ്ട്.

കഥാപാത്രങ്ങളുടെ കൂട്ടായ്മയും കാട്ടുവസതിയിലേക്കുള്ള പലായനവും എന്നതു പോലെ, ഒറ്റയൊറ്റ കഥാപാത്രങ്ങളുടെ മനസ്സും മാനസിക സഞ്ചാരങ്ങളും ഒളിയിടങ്ങളായിട്ടാണ് ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഒളിയിടത്ത്/ഒളിയിടങ്ങളിൽ നിങ്ങൾക്ക് മറ്റൊന്നും പേടിക്കാതെ സ്വതന്ത്രരാകാനും ഉല്ലസിക്കാനും സാധിക്കും എന്നാണ് സങ്കൽപം. ഭരണകൂടത്തിന്റെയും ആൾക്കൂട്ട സദാചാരത്തിന്റെയും കുടുംബവാഴ്ചാക്രമങ്ങളുടെയും നിയമങ്ങൾ ഈ ഒളിയിടങ്ങളിൽ നിങ്ങൾക്ക് പാലിക്കേണ്ടതില്ല എന്നാണ് സുരക്ഷാപാക്കേജ്. പക്ഷെ, അതേ ഭരണകൂടം/ആൾക്കൂട്ടം/കുടുംബം ജാതിയുടെയും ആണത്തത്തിന്റെയും ബലതന്ത്രമായി നിങ്ങളെ പിന്തുടരുകയും വരിഞ്ഞു മുറുക്കുകയും ചെയ്യുന്നു എന്നതാണ് കളിയെ കാര്യമാക്കുന്ന പ്രത്യയശാസ്ത്രം. ഈ പ്രത്യയശാസ്ത്രത്തിലൂടെ രാഷ്ട്രത്തെ വ്യാഖ്യാനിക്കുന്നു എന്നതാണ് ഒഴിവുദിവസത്തെ കളിയുടെ നിർണായകവും കാലികവുമായ പ്രാധാന്യം.