ഒഴിവുദിവസത്തെ 'ഉപരിപ്ലവ' കളികൾ

കറുത്തവരും ദളിതരും അഭിമുഖികരിക്കുന്ന സാംസ്‌കാരികമായ സാമൂഹികവും സാമ്പത്തികവുമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ ചില ലളിത യുക്തിയിലൂടെ അവതരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന എല്ലാ തരം പ്രശ്‌നങ്ങളെയും ഈ സിനിമയിൽ കണ്ടെത്താനാവും. അതുകൊണ്ടു തന്നെ ഒഴിവു ദിവസത്തെ കളി ഉപരിപ്ലവമായ (peripheral) രാഷ്ട്രീയത്തെ മാത്രമേ മുന്നോട്ടു വെക്കുന്നുള്ളൂ. കെ കെ സിസിലു എഴുതുന്നു.

ഒഴിവുദിവസത്തെ

ഒഴിവു ദിവസം എപ്പോഴും മലയാളികൾക്ക് എപ്പോഴും ആഘോഷങ്ങളാണ്, പ്രത്യേകിച്ചു മലയാളി പുരുഷന്മാർക്ക് ഇലക്ഷൻ ഹർത്താൽ ഉത്സവങ്ങൾ അങ്ങനെ എന്നു വേണ്ട എല്ലാ ഒഴിവുകളും ആഘോഷമാണ്. എന്നാൽ എല്ലാ ആഘോഷങ്ങളിലിനിന്നു പുറന്തള്ളപ്പെടുന്ന വിഭാഗങ്ങൾ എപ്പോഴും ഉണ്ടാവും. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്റെ കുമ്പിളിൽ കണ്ണീരു എന്നു പണ്ട് പാടിയത് അതുകൊണ്ടാണ്.

എല്ലാ ആഘോഷങ്ങളിലും ഇത്തരം മാർജിനലൈസ്ഡ് ചെയ്യപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ടാവും സ്ത്രീകളും ദളിതരും കറുത്തവരും പാവപ്പെട്ടവരും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ എപ്പോഴും അടുക്കളയിലായിരിക്കും. പാചകം, അലക്കാനിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ, കുട്ടികളുടെ പരിചരണം ഇങ്ങനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പണികളുണ്ടാവും. ഒഴിവു ദിവസങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ, ചോയ്സുകൾ ഇല്ലാതാക്കപ്പെട്ടവർ, അവരെ അങ്ങനെ വിളിക്കാം

ആണുങ്ങൾക്കും സവർണർക്കും പണക്കാർക്കും മാത്രം റിസർവ് ചെയ്യപ്പെട്ടതാണ് ഒഴിവ് ദിനങ്ങൾ വേർതിരിവുകളുടെ ഇത്തരം കളികളാണ് മലയാളികളുടെ ഒഴിവു ദിവസങ്ങളിൽ അരങ്ങേറുന്നത്.

പലപ്പോഴും നാം തിരിച്ചറിയാതെ പോവുന്ന (സൗകര്യ പൂർവം അവഗണിക്കുന്ന) ഇത്തരം ഹിംസകളെ സൂക്ഷ്മമായ അവതാരിപ്പിക്കുകയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ഒഴിവു ദിവസത്തെ കളി' എന്ന സിനിമ.

സുഹൃത്തുക്കളായ ചിലർ ഒരു ഒഴിവു ദിവസത്തിൽ ആഘോഷിക്കാൻ ഒത്തുകൂടുകയും അന്നത്തെ ദിവസം അവർ ഒരു കളിയിൽ ഏർപ്പെടുകയുമാണ് ഇതാണ് ഈ സിനിമയുടെ പ്രമേയം. ഈ കളിക്കിടയിൽ നടക്കുന്ന സംഭവങ്ങൾ നമുക്കോരോരുത്തരുടെ ഇടയിലും നടക്കുന്ന കളിയായി ഈ സിനിമ അവതരിപ്പിക്കുന്നു. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കളി ദളിതരോടും, കറുപ്പിനോടും, സ്ത്രീകളോടും അരികു വൽക്കരിക്കപ്പെട്ട ജനതകളോടും ഉള്ള മനോനിലയാണ്. മാത്രമല്ല ഇതു ചൂഷണം ചെയ്യുന്ന വ്യവസ്ഥയാണ് അതിന്റെ മനോഘടനയാണ്, ജാതി ഘടനയാണ്. പരാജയം ഏറ്റു വാങ്ങി ഈ കളിയിൽ കളിക്കാൻ വിധിക്കപ്പെട്ടവരാണ് ഈ കളിയിലെ കള്ളൻ അവനു ഇവിടെ ചോയിസുകൾ ഇല്ല മറ്റൊരു പോം വഴിയുമില്ല അവൻ ഈ കളിയിൽ പങ്കെടുത്തെ മതിയാവൂ.

അടിച്ചമർത്തപ്പെടുന്ന ജാതിയുടെ പ്രശ്നങ്ങൾ പറയുമ്പോൾ ജാതി പറയരുത് എന്നു പറയുന്ന നമ്പൂതിരി താൻ നമ്പൂതിരിയാണെന്ന ആവർത്തിച്ചുറപ്പിച്ചു പറയുന്നതിലെ യുക്തി പറഞ്ഞാൽ ലഭിക്കുന്ന നേട്ടങ്ങളിലാണ് ജാതി ഇക്കാലത്തു പ്രവർത്തിക്കുന്നത് എന്നു കാട്ടിത്തരുന്നു അയാൾ ഈ കളിയിൽ ന്യായാധിപനാണ് എല്ലാ ശിക്ഷ കളിൽ നിന്നു ഒഴിവാക്കപ്പെടുന്ന ന്യായാധിപൻ. പോറ്റിയുടെ കോടതിയെ ഓർമ്മിപ്പിക്കന്നതാണ് ഈ ജന്മം കൊണ്ടു പതിച്ചു നൽകുന്ന സ്ഥാനോഹരണം. എല്ലാം പണം കൊണ്ടു അധികാരം കൊണ്ടും നേടിയെടുക്കാവുന്ന ഈ ലോകത്തു പണമുള്ളവൻ നേടുന്നു അവന്റെ വിജയാഘോഷമാണ് ഈ കളിയുടെ രസതന്ത്രം. വിവേചനത്തിന്റെ ഈ ആഘോഷങ്ങളും ആരുടേതാണ് ? കീഴാള ജീവിതത്തെ ദയാരഹിതമായി ചവിട്ടി മെതിക്കുന്ന വ്യവസ്ഥയുടെ യുക്തി രഹിതമായ കളി യുക്തിഭദ്രമായി അവതരിപ്പിക്കുകയാണ് 'ഒഴിവു ദിവസത്തെ കളി ' തന്റെ ചിത്രത്തിലൂടെ സനൽ ചെയ്യുന്നത്.

സവർണ്ണന്റെ രാഷ്ട്രീയമായ ഈ കളി തന്റെ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ കളിയുടെ രാഷ്ട്രീയം ദൃശ്യ ഭാഷകൾ ക്കപ്പുറത്തു വലിയ വലിയ രാഷ്ട്രീയഒച്ചകൾ (ഗ്രാൻഡ് നരേഷൻ ) മുഖരിതമാണ്. പലപ്പോഴും സിനിമയെ കാണികളിൽ നിന്നു അകറ്റിനിർത്തുന്നതായി കാണാം. അതു സിനിമാക്കകത്തെ ചില കളികളായി മാറുന്നു. ഏച്ചു കെട്ടിയതു പോലെ പല ഭാഗങ്ങളും മുഴച്ചുനിൽക്കുന്നുണ്ട് അതുകൊണ്ടു തന്നെ പശ്ചാത്തലവും പ്രമേയവും റിയലിസത്തോടു അടുത്തുനിൽക്കുമ്പോളും രാഷ്ട്രീയ വ്യായാമം കൊണ്ടു കാഴ്ചക്കാരനോട് അകന്നു നിൽക്കുന്നു.

കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിന് നടത്തുന്ന ശ്രമങ്ങളെല്ലാം പ്രത്യേകിച്ചു ആദ്യ പകുതി മുഴുവൻ പൊതു ബോധങ്ങളെ തൃപ്തി പെടുത്തുന്ന ഒന്നായി പരിണമിക്കുന്നു.

സ്ത്രീയുടെ അനുമതിയില്ലാത്തതെല്ലാം ബാലസംഗമാണുന്നു പറയുന്ന കഥാപാത്രങ്ങൾ സ്നേഹം വേണമെന്ന് പറയാതെ പോകുന്നത് യാദൃശ്ചികം മാത്രമാണോ? ആദ്യ പകുതിയിൽ സ്ത്രീ കഥാപാത്രമുണ്ടെങ്കിലും സ്ത്രീയോടുള്ള സമീപനങ്ങൾ ഈ കളിയിൽ ഇല്ലാതെ പോയത് എന്തുകൊണ്ടാണ് ? അടിയന്തരാവസ്ഥയുടെ ഭീകരത അനുഭവിച്ച അച്ഛന്റെ മകനായ കഥാപാത്രം സംഘി ചരിത്രം വായിച്ചവർക്കു ആർ എസ് എസു കാരനായി കരുതിയാൽ കുറ്റം പറയാൻ ആവുമോ? വലിയ വലിയ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കറുത്തവനും കീഴാളനുമായി ചിത്രീകരിക്കപ്പെട്ട ദാസൻ എന്ന കഥാപാത്രത്തിന് ഒരു കാര്യത്തിലും രാഷ്ട്രീയ അഭിപ്രായം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് ? കറുപ്പു അവന്റെ അപകർഷതാബോധം മാത്രമാണെന്ന പൊതു ബോധത്തെ ഉറപ്പിക്കാൻ മറ്റു സുഹൃത്തുക്കളോട് മാപ്പു പറയുന്ന ഒരു സീൻ ഉണ്ട് ഈ സിനിമയിൽ. കറുത്തവരും ദളിതരും അഭിമുഖീകരിക്കുന്ന സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ രാഷ്ട്രീയ പ്രശ്നങ്ങളെ ചില ലളിത യുക്തിയിലൂടെ അവതരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന എല്ലാ തരം പ്രശ്നങ്ങളെയും ഈ സിനിമയിൽ കണ്ടെത്താനാവും. അതുകൊണ്ടു തന്നെ ഒഴിവു ദിവസത്തെ കളി ഉപരിപ്ലവമായ (peripheral) രാഷ്ട്രീയത്തെ മാത്രമേ മുന്നോട്ടു വെക്കുന്നുള്ളൂ. എന്നാൽ ഈ കളി വെറും കളിയല്ല, ഭരണകൂട വ്യവസ്ഥ തന്നെയാണ്. അതു കേരള സമൂഹത്തിലെ സവർണ രാഷ്ട്രീയത്തിന്റെ കർശനമായ നിയമമാണ്