ആഷിക് അബുവും ലാൽ ജോസും മാതൃക കാട്ടി, ഇനി പ്രേക്ഷകരുടെ ഊഴം

ഒഴിവു ദിവസത്തെ കളി തീയറ്ററുകളിൽ എത്തിക്കുന്ന ആഷിക് അബുവും ലെൻസ് തീയറ്ററുകളിൽ എത്തിക്കുന്ന ലാൽ ജോസും മാതൃക കാട്ടിയതായി സംവിധായകൻ സജിൻ ബാബു. ഇനി പ്രേക്ഷകരുടെ ഊഴമാണെന്നും പരമാവധി ആളുകൾ തീയറ്ററിൽ പോയി ചിത്രം കാണണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സജിൻ ബാബു അഭ്യർത്ഥിച്ചു.

ആഷിക് അബുവും ലാൽ ജോസും മാതൃക കാട്ടി, ഇനി പ്രേക്ഷകരുടെ ഊഴം

സജിൻ ബാബു

ഹോളിവുഡ് സിനിമകൾ അരങ്ങുവാഴുന്ന അമേരിക്ക ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും സ്വതന്ത്ര (independent) സിനിമകൾക്ക് തിയറ്ററുകൾ ലഭിക്കുകയും, കാണാൻ ആളുകൾ ഉണ്ടാകുകയും, അത്തരം സിനിമകൾ നല്ല രീതിയിൽ തന്നെ കളക്ഷൻ നേടുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ രീതിയിൽ തിയറ്ററുകളിൽ എത്തിച്ച സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. അതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് നാഗരാജ് മഞ്ചുലെയുടെ ''സായറാത്'' എന്ന മറാത്തി ചിത്രം. മഹാരാഷ്ട്രയ്ക്ക് പുറത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റിലീസ് ചെയ്ത ആ സിനിമയുടെ ആദ്യ ആഴ്ചയിലെ കളക്ഷൻ തന്നെ നാല്പതു കോടിക്ക് മുകളിലായിരുന്നു.


തമിഴ്‌നാട്ടിൽ പോലും ഒരുവശത്ത് സൂപ്പർ താര ചിത്രങ്ങൾ വിജയിക്കുമ്പോൾ താരങ്ങൾ ഇല്ലാത്ത നല്ല ചിത്രങ്ങൾ മറ്റൊരു വശത്ത് ആളെക്കൂട്ടി വിജയിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ് പല പ്രധാന ഫിലിം ഫെസ്ടിവലുകളിലും പങ്കെടുക്കുന്ന ചിത്രങ്ങൾ കണ്ടിട്ട് ആമിർ ഖാൻ, ധനുഷ് തുടങ്ങിയ താരങ്ങളും, കിരൺ റാവു, വെട്രിമാരൻ തുടങ്ങിയ സംവിധായകരും ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനും പ്രൊമോട്ട് ചെയ്യാനുമായി മുന്നോട്ടു വരുന്നു എന്നത്.

വർഷങ്ങൾക്ക് മുന്നെതന്നെ മാർട്ടിൻ സ്‌കോർസേസെയെ (Martin Charles Scorsese) പോലുള്ള ഹോളിവുഡ് സംവിധായകർ പല നല്ല ഇറാനിയൻ, മെക്‌സിക്കൻ ചിത്രങ്ങളും കണ്ടെത്തി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങളുടെ ഫലമായി ഉന്നതമായ സിനിമ സംസ്‌ക്കാരമുണ്ടെന്നു നമ്മൾ മേനിനടിക്കുന്ന കേരളത്തിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് തീയറ്ററുകൾ കിട്ടുക എന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. അഥവാ കിട്ടിയാൽ തന്നെ അവാർഡ് സിനിമ ഓടുന്ന സിനിമാശാലകളുടെ ഒന്നര കിലോമീറ്റർ മാറിയെ ആളുകൾ നടക്കാറുമുള്ളൂ. അവാർഡ് കിട്ടി എന്ന് കേട്ടാൽ ആ പരിസരത്ത് പോകേണ്ടെന്നും, കണ്ടാൽ മനസ്സിലാകാത്ത സിനികളാണ് ഇവയെന്നും ധരിച്ചു ജനങ്ങൾ മാറിനിൽക്കുന്നതിൽ നമ്മുടെ സിനിമാ നിരൂപകൻമാർ വഹിച്ച പങ്ക് എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ച് വിലയിരുത്തേണ്ടിയിരിക്കുന്നു.

ഒരു പക്ഷെ ഈ സിനിമകൾ സാധാരണ പ്രേക്ഷകർ കാണാൻ ഇടവന്നിരുന്നുവെങ്കിൽ കുറച്ചുപെരുടെയെങ്കിലും മനോഭാവം മാറിയേനെ. മാറി വരുന്ന മാനദണ്ഡങ്ങൾ കാണുമ്പോൾ അവാർഡ് കിട്ടേണ്ടുന്ന സിനിമകൾക്ക് ഇനി അതിനു പോലും അവസരം ലഭിക്കുമോ എന്നതും സംശയമാണ്. ഈയവസരത്തിൽ ഒന്നോർക്കേണ്ടത് സിനിമയെ സാംസ്‌ക്കാരികമായി ഉന്നതിയിലെത്തിക്കാനായി സർക്കാരിന് സ്വന്തമായി പ്രദർശനശാലകളും ചലച്ചിത്ര അക്കാദമി എന്ന സ്ഥാപനവും ഉള്ള എത്ര സംസ്ഥാനങ്ങൾ ഇന്ത്യയിൽ വേറെ ഉണ്ട് എന്നതാണ്. എൻറെ അഭിപ്രായത്തിൽ 98ൽ ചലച്ചിത്ര അക്കാദമി ഉണ്ടായതിനു മുൻപും ശേഷവും എത്ര മലയാള സിനിമകൾ കേരളത്തിനു പുറത്തോ, ഇന്ത്യക്ക് വെളിയിലോ പോയി വിജയിച്ചുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

അക്കാദമി ഫെസ്റ്റിവലുകൾ മാത്രം സംഘടിപ്പിക്കാനായിരുന്നുവെങ്കിൽ ലോകത്തിലെ മറ്റെല്ലാ പ്രധാന ഫെസ്റ്റിവൽ സംഘാടകരും ചെയ്യുന്നതുപോലെ ഓഫീസ് വർഷത്തിൽ (ഫെസ്റ്റിവൽ അടുക്കുമ്പോൾ) രണ്ടോ മൂന്നോ മാസം പ്രവർത്തിച്ചാൽ മതിയാവുമല്ലോ. മറ്റു മാസങ്ങളിൽ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന തുക മാത്രം മതി അടൂർ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന ഒരു വർഷത്തിലെ നല്ല പത്ത് സിനികൾക്ക് സബ്‌സിഡി കൊടുക്കാൻ. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഒരുമിച്ച് റിലീസ് ചെയ്ത എൻറെ 'അസ്തമയം വരെ'യും (Unto the Dusk), സുദേവൻറെ ക്രൈം നമ്പറിനും(CR NO: 89) മാറി വന്ന കെ എസ് എഫ് ഡി സി ചെയർമാൻ ശ്രീമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യം സർക്കാർ തീയറ്ററുകൾ തരാമെന്നേറ്റിട്ട് പിന്നീട് കഴിയില്ല എന്ന് പറയുകയും, അവസാനം ഞങ്ങൾ ഓഫീസിൽ കുത്തിയിരുന്നു സമരം നടത്തുമെന്ന് പറഞ്ഞതിൻറെ ഫലമായി നിവൃത്തിയില്ലാതെ തീയറ്ററുകൾ തരികയും, നല്ലൊരു ശതമാനം പ്രേക്ഷകർ ഈ കാണുകയും ചെയ്തതിൻറെ ഫലമായി ഇപ്പോൾ സർക്കാർ തീയറ്ററുകൾ മാത്രം ഇത്തരം സിനിമകൾക്ക് കിട്ടി തുടങ്ങുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി ചെറിയ രീതിയിൽ നടന്നു വരുന്ന പലരുടെയും ഒറ്റപ്പെട്ട പ്രവർത്തനത്തിൻറെ ഭാഗമായി ഇപ്പോൾ ആഷിക് അബുവും, ലാൽ ജോസുമൊക്കെ നല്ല സിനിമകൾക്ക് സഹായവുമായി മുന്നോട്ടു വന്നു തുടങ്ങി എന്നത് സന്തോഷം തരുന്നു. ഈ വരുന്ന പതിനേഴാം തിയതി മുതൽ 2015-ലെ സംസ്ഥാന അവാർഡ് ജൂറി ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്ത സനൽ കുമാർ ശശിധരൻറെ 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രം ആഷിക് അബുവും, പല ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ച് നല്ല അഭിപ്രായം നേടിയ ജയപ്രകാശ് രാധാകൃഷ്ണൻറെ 'ലെൻസ്' എന്ന തമിഴ് ചിത്രം ലാൽ ജോസും തീയറ്ററുകളിൽ എത്തിക്കുകയാണ്.

വരും കാലങ്ങളിൽ ഇത്തരത്തിലുള്ള നല്ല ചിത്രങ്ങൾ ഉണ്ടാകാനും, പുതുതായി ഈ മേഖലയിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാർക്ക് പ്രചോദനമേകാനും, വ്യക്തികളെക്കാൾ അവരുടെ സിനിമകൾക്ക് പ്രാധാന്യം കിട്ടുവാനും, സമാന്തര സിനിമയെന്നോ, വാണിജ്യ സിനിമയെന്നോ ലേബൽ ചെയ്ത് മാറ്റിനിർത്താതെ മലയാളത്തിലെ എല്ലാ സംവിധായകരും, സിനിമാ പ്രവർത്തകരും, സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരും, അതിലുപരിയായി കേരളത്തിലെ പ്രബുദ്ധരായ എല്ലാ സിനിമാപ്രേക്ഷകരും ഒറ്റക്കെട്ടായി സനലിന്റെ സിനിമയെന്നോ, ജയപ്രകാശിന്റെ സിനിമയെന്നോ നോക്കാതെ നല്ല സിനിമയ്ക്കായി നിലകൊള്ളൂമെന്ന് പ്രത്യാശിക്കുന്നു. അവാർഡ് സിനിമയല്ലേ വല്ല ഫിലിം സൊസൈറ്റിയുടെ സ്‌ക്രീനിങ്ങും വരുമ്പോൾ ഫ്രീയായി കാണാം എന്നുള്ള മനോഭാവം മാറ്റിവച്ച് മുൻവിധികളില്ലാതെ നല്ലൊരു മാറ്റത്തിനായി, എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ ഈ സിനിമകൾ പോയി കാണുമെന്നുള്ള പ്രതീക്ഷയോടെ... ഒരു എളിയ സിനിമാപ്രവർത്തകൻ,

സജിൻ ബാബു

(സജിൻ ബാബു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്)