ഒറ്റപ്പാലം ആക്രമണത്തിലെ മുഖ്യപ്രതി വിഷ്ണു സ്ഥിരം കുറ്റവാളി

2015 മെയ് 15 ന് ബീച്ച് പരിസരത്ത് അനധികൃതമായി കായിക പരിശീലനം നടത്തിയതിനെ ചോദ്യം ചെയ്ത അന്നത്തെ ഞാറയ്ക്കല്‍ സബ് ഇന്‍സ്‌പെക്ടറെ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയായിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും ഇക്കാര്യത്തില്‍ പോലീസല്ല ആര് തടഞ്ഞാലും പ്രശ്‌നമില്ലെന്നും വെല്ലുവിളിച്ചാണ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ അന്ന് എസ്‌ഐയെ മര്‍ദ്ദിച്ചത്. പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത അക്രമികള്‍ സബ് ഇന്‍സ്‌പെക്ടറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തിരുന്നു.

ഒറ്റപ്പാലം ആക്രമണത്തിലെ മുഖ്യപ്രതി വിഷ്ണു സ്ഥിരം കുറ്റവാളി

ഒറ്റപ്പാലത്ത് കോടതിവളപ്പില്‍ ബിജെപി- സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച പ്രതികളില്‍ പ്രമുഖന്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അയ്യപ്പന്‍ കോവില്‍ സ്വദേശി വിഷ്ണു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ്. ആര്‍എസ്എസ് പ്രാചാരകനായി ഒറ്റപ്പാലത്ത് കഴിയുന്ന വിഷ്ണുവിനെതിരെ എറണാകുളം ഞാറയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.


പാലക്കാട് ജില്ലയിലെ സിപിഎം സ്വാധീനകേന്ദ്രങ്ങളിൽ ബിജെപിക്ക് കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് തിരുവനന്തപുരം വട്ടിയൂർക്കാവു സ്വദേശിയായ വിഷ്ണുവിനെ ഒറ്റപ്പാലത്തു പ്രചാരകനായി നിയോഗിച്ചത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളെ അമർച്ച ചെയ്ത് ബിജെപിയുടെ മേൽ ആർഎസ്എസിന്റെ നിയന്ത്രണം പൂർണ്ണമായും ഉണ്ടെന്ന് ഉറപ്പിക്കുകയും ലക്ഷ്യമായിരുന്നു. പ്രശ്നസാധ്യതയുള്ള ഇടങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ നേതൃത്വം ഏൽപ്പിക്കുന്നത് ആർഎസ്എസിൽ പതിവാണ്. തിരുവനന്തപുരം കടകംപള്ളിയിൽ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ആർഎസ്എസ് - സിപിഎം സംഘർഷം ഉണ്ടായപ്പോഴും അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. കാസർഗോട്ടുനിന്നുവരെ അവിടെ ആളെ നിയോഗിച്ചായിരുന്നു, ഓപ്പറേഷൻ.

2015 മെയ് 15 ന് ബീച്ച് പരിസരത്ത് അനധികൃതമായി കായിക പരിശീലനം നടത്തിയതിനെ ചോദ്യം ചെയ്ത അന്നത്തെ ഞാറയ്ക്കല്‍ സബ് ഇന്‍സ്‌പെക്ടറെ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയായിരുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും ഇക്കാര്യത്തില്‍ പോലീസല്ല ആര് തടഞ്ഞാലും പ്രശ്‌നമില്ലെന്നും വെല്ലുവിളിച്ചാണ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ അന്ന് എസ്‌ഐയെ മര്‍ദ്ദിച്ചത്. പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത അക്രമികള്‍ സബ് ഇന്‍സ്‌പെക്ടറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഐപിസി 353, കെപിഎ 73 എന്നിവ പ്രകാരമാണ് അന്ന് ഞാറയ്ക്കല്‍ പോലീസ് വിഷ്ണുവിനെതിരെ കേസെടുത്തത്.

ഒറ്റപ്പാലം അക്രമസംഭവത്തിലെ പ്രതികളായ വിഷ്ണുവും പട്ടാമ്പി ഓമല്ലൂര്‍ സ്വദേശി മോനുവും ഒളിവിലാണ്. ആര്‍എസ്എസ് സംഘടനയുടെ സഹായത്തോടെയാണ് ഇവര്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം അവിടെ നില്‍ക്കുന്ന പോലീസുകാരോട് അക്രമികള്‍ സംസാരിച്ചുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. വിഷ്ണുവിനോട് കോടതിയുടെ സമീപത്ത് നിന്നിരുന്ന എസ് ഐ സംസാരിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ ഉച്ചക്ക് മൂന്നു മണിയോടെ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റപ്പാലം സിഐയെ കണ്ട് പ്രതിയുമായി എസ് ഐ സംസാരിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ എസ്‌ഐ നിഷേധിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും അതിനു ശേഷം അവിടെയെത്തിയ തന്റെ വാഹനത്തിലാണ് പരിക്കുപറ്റിയ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഒറ്റപ്പാലം എസ്‌ഐ നാരദാ ന്യൂസിനോട് പറഞ്ഞു.

കോടതിയിലേക്ക് പ്രതികളെ കൊണ്ടുവരുന്ന സമയത്ത് മുന്‍കൂട്ടി തീരുമാനിച്ചപോലെ ആര്‍എസ്എസുകാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സബ് ജയില്‍, സബ് കലക്ടര്‍, തഹസീൽ ഓഫിസുകള്‍ക്ക് മുന്നില്‍ നിന്നാണ് ഒറ്റപ്പാലം സി ജെ എം കോടതിയിലേക്ക് പോകാനുള്ള വഴി തുടങ്ങുന്നത് . ഇവിടെ നിന്ന് ഏകദേശം അമ്പത് മീറ്റര്‍ അപ്പുറമാണ് കോടതി . സാധാരണ പ്രതികളെ ഇവിടെ വാഹനം നിര്‍ത്തിയാണ് നടത്തി കൊണ്ടു പോകുക. മാസങ്ങള്‍ക്ക് മുമ്പ് കൊടും കുറ്റവാളി ആട് ആന്റണിയെ കൊണ്ടു വന്നപ്പോഴാണ് പോലീസ് വാഹനം ജയില്‍ വളപ്പിനകത്തേക്ക് കയറ്റി നിര്‍ത്തിയത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ചെര്‍പ്പുളശേരി പോലീസ് സ്വകാര്യ ജീപ്പില്‍ പ്രതികളെ കൊണ്ടു വന്നത് . ഇവര്‍ക്കു പുറകെ ആര്‍എസ്എസുകാര്‍ മറ്റൊരു ജീപ്പില്‍ ഉണ്ടായിരുന്നു. കോടതി വഴിയില്‍ വാഹനം നിര്‍ത്തി പ്രതികളെ ഇറക്കിയപ്പോഴാണ് മാധ്യമങ്ങള്‍ ദ്യശ്യം പകര്‍ത്താന്‍ തുടങ്ങിയത്. ബൈക്കില്‍ നാലു പേരാണ് വന്നതെങ്കിലും മൂന്നു പേരാണ് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത്. അക്രമം നടക്കുമ്പോള്‍ രണ്ട് പോലീസുകാര്‍ അവിടെ നിന്നിരുന്നുവെങ്കിലും അവര്‍ ഇടപെട്ടില്ല. അക്രമം കഴിഞ്ഞിട്ടും പ്രതികള്‍ അവിടെ നില്‍ക്കുകയായിരുന്നു. വിഷ്ണുവും മറ്റൊരാളും കോടതിക്ക് അടുത്തേക്ക് പോയശേഷം തിരിച്ചെത്തി ബൈക്കില്‍ കയറി ഭീഷണി മുഴക്കി സ്ഥലം വിടുകയായിരുന്നു.

അക്രമം നടത്തുമ്പോഴും 'ഒരു എംപിയും എം എല്‍ എയും ഇല്ലാത്ത സമയത്തും ഞങ്ങള്‍ വെട്ടിയിട്ടുണ്ട്, തീര്‍ത്തു കളയും' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പോകുമ്പോഴും പോലീസ് കാഴ്ച്ചക്കാരായി നോക്കി നിന്നു. സംഭവം നടന്ന ശേഷം ആദ്യം തടഞ്ഞു നിര്‍ത്തി ഭീഷണിയെടുത്തി എന്ന നിസാര വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്ത ശേഷമാണ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പോലീസ് ചുമത്താന്‍ തയ്യാറായത്.

എന്നാല്‍ പ്രതികള്‍ ആക്രമണം നടത്തിയെന്ന കാര്യം ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെആര്‍ പത്മകുമാര്‍ നിഷേധിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മനഃപൂര്‍വ്വം അക്രമം നടത്തിയിട്ടില്ലെന്നും സംഭവങ്ങളെ സിപിഐഎമ്മും പോലീസും ചേര്‍ന്ന് വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രതികളുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഒരുപോലെ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസ് പറയുന്നതുപോലെ വിഷ്ണു ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഇത്തരം കേസുകള്‍ സാധാരണമാണെന്നും എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കെതിരെയും ഇത്തരം ആരോപണം ഉണ്ടാകാറുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പാലക്കാട് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രൻ അപലപിച്ചു. അക്രമസംഭവത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്ര മാധ്യമങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമത്തിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നാരദ ന്യൂസിനോട് പറഞ്ഞു.

(With Inputs from Sukesh Imam)

Read More >>