ഒറ്റപ്പാലം കോടതിയിലെ മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട സംഭവം; അക്രമം നടത്തിയത് സിപിഐഎമ്മാണെന്ന് ജന്മഭൂമി

ആയുധ ധാരികളായ സിപിഐഎമ്മുകാരില്‍നിന്നു പ്രതിരോധത്തിന് ശ്രമിച്ച ബിജെപി പ്രവര്‍ത്തകരുടെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേയെന്നു വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ ഗൂഢാലോചനയും നടന്നുവെന്നും പത്രം പറയുന്നു.

ഒറ്റപ്പാലം കോടതിയിലെ മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ട സംഭവം; അക്രമം നടത്തിയത് സിപിഐഎമ്മാണെന്ന് ജന്മഭൂമി

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിസരത്ത് ആര്‍എസ്എസ് നടത്തിയ അക്രമങ്ങളെ സിപിഎമ്മിന്റെ പേരിലാക്കി ബിജെപി മുഖപത്രം ജന്മഭൂമി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കോടതി വളപ്പില്‍ സിപിഐഎം നടത്തിയ ആക്രമണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതെന്ന് ജന്മഭൂമി പറയുന്നു. ആയുധധാരികളായ സിപിഐഎമ്മുകാരില്‍നിന്നു പ്രതിരോധത്തിന് ശ്രമിച്ച ബിജെപി പ്രവര്‍ത്തകരുടെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേയെന്നു വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ ഗൂഢാലോചനയും നടന്നുവെന്നും പത്രം പറയുന്നു.


നെല്ലായയില്‍ സിപിഎം നടത്തിയ ആക്രമണങ്ങള്‍ക്ക് ബദലായി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകരെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഐഎം ആസൂത്രിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അറസ്റ്റിലായവര്‍ക്കൊപ്പം കോടതിയിലെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുകയും സംഭവം മാദ്ധ്യമപ്രവര്‍ത്തകരെ ബിജെപി ആക്രമിയ്ക്കലായിരുന്നുവെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഏഷ്യാനെറ്റ്, ലോക്കല്‍ കേബിള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിക്കു പറ്റി. ക്യാമറ തകര്‍ന്നു. ഏഷ്യാനെറ്റിന്റെ ശ്യാംലാലിനാണ് പരിക്ക് പറ്റിയെന്നും ജന്മഭൂമി പറയുന്നു.

BJP

പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത് ഒരു സിപിഎം പ്രവര്‍ത്തകന്റെ മകനായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ജീവനക്കാരനായ ഇയാള്‍ ഡ്യൂട്ടിയിലില്ലാതെ സ്ഥലത്തെത്തി മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. കോടതി വളപ്പില്‍ നേരത്തേതന്നെ ഒത്തുചേര്‍ന്നിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ഇയാളുടെ ചെയ്തികള്‍. അവരില്‍ ചിലര്‍ അപ്പപ്പോള്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റുവഴി ആര്‍ക്കോ അയച്ചുകൊടുക്കുന്നുമുണ്ടായിരുന്നു. മുമ്പ് തളിപ്പറമ്പില്‍ അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സിപിഎം നേതാക്കള്‍ കൊലചെയ്തപ്പോള്‍ ഇങ്ങനെ ഫോട്ടോ തിരിച്ചറിയല്‍ നടത്തിയിരുന്നുവെന്നും ജന്മഭൂമി എടുത്തു പറയുന്നുണ്ട്.

പ്രവര്‍ത്തകരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതു ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ ടിവി ചാനല്‍ പ്രവര്‍ത്തകരാണെന്ന് അവര്‍ അവകാശപ്പെടുകയും ക്യാമറ എവിടെ, തിരിച്ചറിയല്‍ കാര്‍ഡുണ്ടോ തുടങ്ങിയ മറു ചോദ്യങ്ങള്‍ക്ക് തെറിവിളിനടത്തുകയുമായിരുന്നു. തുടര്‍ന്ന്, സംഘടിതരായെത്തിയ സിപിഎമ്മുകാര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. പ്രതിരോധിയ്ക്കാനൊരുങ്ങുമ്പോള്‍ ഏഷ്യാനെറ്റ്, ലോക്കല്‍ കേബിള്‍ ടിവി പ്രവര്‍ത്തകരെ പ്രതിരോധമറയായി മുന്നില്‍നിര്‍ത്തി സിപിഎമ്മുകാര്‍ ആക്രമണം തുടര്‍ന്നു.

ഏഷ്യാനെറ്റ് ക്യാമറാമാനെ മറയാക്കി ആക്രമണം നടത്തിയ സിപിഐഎമ്മുകാരോടുള്ള ആര്‍എസ്എസിന്റെ പ്രതികരണമാണ് പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പത്രം പറയുന്നു. കഴിഞ്ഞ ദിവസം ഷൊര്‍ണ്ണൂര്‍ എംഎല്‍എ: പി.കെ. ശശി പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് വന്‍ വിവാദവും വിമര്‍ശനവുമായപ്പോള്‍ അതില്‍നിന്നു ശ്രദ്ധ തിരിയ്ക്കാനാണ് ഒറ്റപ്പാലം കോടതി വളപ്പില്‍ സിപിഐഎം ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നാണ് പത്രഭാഷ്യം.

Read More >>