നിശാക്ലബിലെ വെടിവെപ്പിന് മുന്‍പ് അക്രമി ഐഎസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് മാറ്റീന്റെ കുടുംബം. ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കിയ മാറ്റീനെ കഴിഞ്ഞ വര്‍ഷം തീവ്രവാദ ബന്ധം സംശയിച്ചതിനെ തുടര്‍ന്ന് എഫ്ബിഐ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.

നിശാക്ലബിലെ വെടിവെപ്പിന് മുന്‍പ് അക്രമി ഐഎസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം

ഫ്‌ളോറിഡ: ഒര്‍ലാന്റോയിലെ നിശാക്ലബില്‍ വെടിവെപ്പ് നടത്തുന്നതിന് മുന്‍പ് ആക്രമി ഒമര്‍ സിദ്ദിഖ് മാറ്റീന്‍ ഐഎസ് നേതാക്കളുമായി സംസാരിച്ചിരുന്നു എന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. 911 എന്ന നമ്പറിലേക്ക് വിളിച്ചാണ് ഒമര്‍ സംസാരിച്ചത്. എന്നാല്‍ ഇയാള്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ഐഎസിന്റെ ഏതെങ്കിലും ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായി തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഐഎസിനോടുള്ള വിധേയത്വം കാണിക്കാന്‍ വേണ്ടി മാത്രമാകും ആക്രമണത്തിന് മുന്‍പ് ഫോണ്‍ ചെയ്ത് സംസാരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് മാറ്റീന്റെ കുടുംബം. ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കിയ മാറ്റീനെ കഴിഞ്ഞ വര്‍ഷം തീവ്രവാദ ബന്ധം സംശയിച്ചതിനെ തുടര്‍ന്ന് എഫ്ബിഐ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ജിഫോര്‍എസ് എന്ന സെക്യൂരിറ്റി സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്നു. ഇയാള്‍ മാനസിക അസ്വാസ്ഥ്യവും  അക്രമ സ്വഭാവവും കാണിച്ചിരുന്നു എന്നും മുന്‍ ഭാര്യ പറഞ്ഞു.

ഒമര്‍ മറ്റീന്റെ പിതാവ് സിദ്ദിഖ് മറ്റീന്‍ അഫ്ഗാന്‍ താലിബാനെ പിന്തുണയ്ക്കുന്ന ആളാണെന്നാണ് പൊലീസ് ഭാഷ്യം. കാലിഫോര്‍ണിയയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന പയം ഇ അഫ്ഗാന്‍ എന്ന ചാനലില്‍ അവതാരകനായിരുന്നു സിദ്ദിഖ് മറ്റീന്‍. വിവിധ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് ദരി ഭാഷയില്‍ ആയിരുന്നു മറ്റീന്‍ ചാനല്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. പരിപാടിയില്‍ അഫ്ഗാന്‍ താലിബാനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് മറ്റീന്‍ സ്വീകരിച്ചിരുന്നു. വസീരിസ്ഥാനിലെ ഞങ്ങളുടെ സഹോദരങ്ങള്‍ എന്നു അഫ്ഗാന്‍ താലിബാന്‍ ഉയര്‍ന്ന് വരികയാണെന്നും ഒരു പരിപാടിക്കിടെ ഇയാള്‍ പറഞ്ഞിരുന്നു. പരിപാടിയുടെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.

എന്നാല്‍ മകന്റെ പ്രവര്‍ത്തിയില്‍ ഖേദമുണ്ടെന്നും അവന് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കുടുംബത്തിന് അറിവില്ലെന്നുമാണ് നിശാക്ലബ് വെടിവെപ്പിനെ കുറിച്ച് സിദ്ദിഖ് മറ്റീന്‍ പ്രതികരിച്ചത്. അക്രമത്തിന് മതവുമായി ബന്ധമില്ലെന്നും ലോകത്തോട് മുഴുവന്‍ മാപ്പ ്പറയുന്നു എന്നും പിതാവ് പ്രതികരിച്ചു.

ഇന്നലെ പുലര്‍ച്ച നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ അന്‍പത് പേരാണ് കൊല്ലപ്പെട്ടത്.  നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തോക്കുമായി ക്ലബില്‍ എത്തിയ അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.

Read More >>