അഞ്ജു ബേബി ജോർജിന് ഒരു തുറന്ന കത്ത്

മന്ത്രി അപമാനിച്ചെന്ന് പറയുന്ന അഞ്ജു ബേബി ജോർജിന് ഒരു തുറന്ന കത്ത്. ജഹാംഗീർ പാലായിൽ എഴുതുന്നു

അഞ്ജു ബേബി ജോർജിന് ഒരു തുറന്ന കത്ത്

ജഹാംഗീർ പാലായിൽ

പ്രത്യേകിച്ച് ഒരു കായിക നയമോ, പാഠപദ്ധതിയിൽ കായിക മേഖലയ്ക്കു വലിയ ഊന്നലോ ഒന്നുമില്ലാത്ത ഒരു പാവം സംസ്ഥാനത്ത് നിന്ന്, നമ്മുടെ രാജ്യത്തിൻറെ യശസ്സ് ഒളിമ്പിക്‌സ് വേദികളിലടക്കം, ആകാശത്തിന്റെ ഗരിമകളോളം ഉയർത്തിയ താങ്കളെ ആദരവോടെ തന്നെയാണ് കാണുന്നത്. കായിക മേഖലയെ സമുദ്ധരിക്കാൻ കാര്യമായി ഒന്നും ചെയ്യാത്ത ഒരു സർക്കാർ നിലനിൽക്കുകയും, ക്രിക്കറ്റാണ് എല്ലാം എന്ന് കരുതുന്ന വിഡ്ഢികളായ ഒരു ജനത രാജ്യത്ത് ഇപ്പോഴും നിൽക്കുകയും ചെയ്യുമ്പോൾ, താങ്കളെപ്പോലുള്ളവരുടെ രാജ്യത്തിനായുള്ള കഠിനാധ്വാനങ്ങളെ മതിക്കാതെ വയ്യ..!


ഒരു നിഷ്‌കളങ്കയായ കായിക താരം ആയതിനാലാണ് സ്വന്തം വീഴ്ചകളും, ഇത്രനാളും അനുഭവിച്ച അവിഹിതമായ ആനുകൂല്യങ്ങളും നഷ്ട്ടപ്പെടുന്ന ഘട്ടം വരുമ്പോൾ, എതിരാളിയുടെ വലിപ്പം അറിയാതെ സ്വന്തം വീഴ്ചകൾ അറിയാതെ താങ്കൾ തോൽക്കുമെന്നുറപ്പുള്ള ഒരു പോരിന്റെ ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. എന്നല്ല, ഇവിടെ അക്ഷരാർത്ഥത്തിൽ താങ്കൾ തോറ്റിരിക്കുന്നു; അപമാനിതയായിരിക്കുന്നു പ്രിയ സഹോദരീ...!

അരവയർ ഊണ്കാരും, പ്രവാസികളും, പട്ടിണിയുടെ വക്കത്തുനിന്നും രക്ഷപ്പെടാൻ പെടാപ്പാട് പെടുന്ന സംരംഭകരും, അന്യായമായ നികുതി നൽകുന്ന പാവം കൂലിപ്പണിക്കാരായ കുടിയന്മാരും നിറയ്ക്കുന്ന ഖജനാവിൽ നിന്ന് താങ്കളും, സ്വജനങ്ങളും നടത്തുന്ന കയ്യിട്ടുവാരൽ മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നം അല്ലേ മാഡം..?! അതിനു ഒരു മസാല നിറം നൽകാൻ മന്ത്രി അപമാനിച്ചു, ശകാരിച്ചു എന്നെല്ലാം പറയുന്നുണ്ടെങ്കിലും അതല്ലേ സത്യം..?!

1) ഒരു മാധ്യമത്തിന്റെ സഹായത്തോടെ താങ്കളുടെ കൊള്ളകൾ ചോദ്യം ചെയ്ത ഒരു മന്ത്രിയെ ഒറ്റപ്പെടുത്തി രക്ഷപ്പെടാൻ താങ്കൾ കാണിച്ച മിടുക്ക് സമാനതകളില്ലാത്തതാണ്. കോഴ ആരോപണങ്ങൾ നേരിട്ട ക്രിക്കറ്റ് താരങ്ങളോ, ദാവൂദ് ഇബ്രാഹിം മുതൽപ്പെരുമായി ബന്ധമുള്ള കായിക താരങ്ങളോ പോലും കാണിക്കാത്ത അതിബുദ്ധിയാണ് താങ്കൾ കാണിച്ചിരിക്കുന്നത്. സഖാവ് ജയരാജൻ ഇതിഹാസ താരം മുഹമ്മദാലിയുടെ അനുശോചനവുമായി ബന്ധപ്പെട്ടു ഒരു നാക്ക് പിഴയിൽ സോഷ്യൽ മീഡിയയിൽ (ഇവിടെ മാത്രം ) അൽപ്പം പ്രതിരോധത്തിലാണ് എന്ന് മനസ്സിലാക്കിയ താങ്കൾ വെടിപൊട്ടിക്കാൻ ഈ സമയം തിരഞ്ഞെടുത്തത് സ്വാഭാവികമാവില്ല. കൂടുതൽ കുടില ബുദ്ധിയുള്ളവരുടെ ഉപദേശം ഉണ്ടാകും എന്ന് തന്നെയാണ് ക്രിമിനലുകളുമായി ഇടപഴകുന്ന ഒരഭിഭാഷകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത്...!

2) കായികമന്ത്രി ജയരാജൻ താങ്കളോട് സംസാരിച്ച രീതിയിൽ പോളിഷ് ചെയ്ത വാക്കുകൾ ഉണ്ടായിരുന്നില്ല; ശരീര ഭാഷ ആകർഷകമായിരുന്നില്ല എന്നതെല്ലാം ഞാൻ സമ്മതിക്കുന്നു. (ഹൈബി ഈഡനും, പി സി വിഷ്ണുനാഥ്... തുടങ്ങിയവരും സരിതയോട് സംസാരിക്കുന്ന ഭാഷാ സൌകുമാര്യത കമ്യൂനിസ്ട്ടുകാർക്ക് ഉണ്ടാവണം എന്ന് വാശി പിടിക്കുന്ന ഒരാളല്ല ഞാൻ..! ) പക്ഷേ, അദ്ദേഹം പറഞ്ഞ വസ്തുതകളിൽ എന്താണ് അടിസ്ഥാനമില്ലാത്തത് എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അല്ലെങ്കിൽ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്താൻ താങ്കളെ വെല്ലുവിളിക്കുന്നു...സാധിക്കുമോ..?!

3) ഞാൻ മനസ്സിലാക്കിയിടത്തോളം താങ്കൾ അടുത്ത ഒളിമ്പിക്‌സിനു കുട്ടികളെ പ്രാപ്തരാക്കുന്ന (അതും ഇരുപതിൽ താഴെ ആളുകൾ മാത്രം; കൂടുതൽ ആളുകൾ ആയാൽ കാര്യക്ഷമത കുറയും എന്ന ന്യായം പറഞ്ഞുകൊണ്ട്) ഒരു വലിയ യത്‌നത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. താങ്കൾ ഇന്ത്യൻ കസ്റ്റംസ് വകുപ്പിലെ ഒരുദ്യോഗസ്ഥ കൂടിയാണ് എന്നതും ഞാൻ മനസ്സിലാക്കുന്നു. ഇത്രമേൽ തിരക്കുള്ള താങ്കൾ കേരള സ്‌പോട്‌സ് കൌൺസിൽ പ്രസിഡന്റ് സ്ഥാനം മലയാളിയുടെ നികുതിയിൽ നിന്ന് കയ്യിട്ടുവാരാൻ അല്ലാതെ മറ്റെന്തു ചേതോവികാരത്തിൽ ഏറ്റെടുത്തതാണ്..? സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനമായ തിരുവനന്തപുരത്തു താമസിക്കാതെ ബെങ്കലൂരുവിൽ നിന്ന് പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് വിമാന ടിക്കറ്റെടുത്ത് വിരുന്നുകാരിയെപ്പോലെ വരുന്ന താങ്കളോട് ഈ പണി ഇനി നടക്കില്ല എന്ന് ജനപക്ഷത്തു നിന്നുകൊണ്ട് ഒരു മന്ത്രി പറയുമ്പോൾ ഏതു ആകാശമാണ് ഇടിഞ്ഞു വീഴുന്നത് ?!

4) കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗത്തിനു പുറമേ ദേശീയ അത്ലെറ്റിക്സ് ക്യാമ്പിന്റെ കോ-ഓർഡിനേറ്റർ എന്ന പദവികൂടി താങ്കൾ വഹിക്കുന്നുണ്ട്. കസ്റ്റംസിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഈ പദവിയിലെത്തിയ താങ്കൾ മുഴുവൻ സമയവും ക്യാമ്പിൽ കാണണമെന്നുള്ളതാണ് ചട്ടം. എന്നാൽ ചട്ടം ലംഘിച്ച് പകരം ബംഗളൂരു ആസ്ഥാനമായി തന്റെയും ഭർത്താവിന്റേയും പേരിൽ തുടങ്ങിയ അഞ്ജു ബോബി സ്പോർട്സ് അക്കാദമി നോക്കി നടത്തുകയാണ് നിങ്ങൾ വർഷങ്ങളായി ചെയ്യുന്നത്. ഇതിനിടെ കേരളത്തിൽ വന്നുപോകുന്ന താങ്കളുടെ വിമാനയാത്രകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരുമാണ്. വസ്തുതകളല്ലേ ഇതെല്ലാം..?!

5) 2015 നവംബർ 27 നാണ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് എന്ന ദേശീയ താരമായ താങ്കൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റത്. യുഡിഎഫ് സർക്കാരിന്റെ തുടക്കത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റ പത്മിനി തോമസ് ആവശ്യത്തിലേറെ കട്ടുമുടിച്ച് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് താങ്കളെ തൽസ്ഥാനത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവരുടെ സമ്മർദ്ദത്തിൽ സംസ്ഥാന സർക്കാർ നിയമിച്ചത്. ഭരണകാലത്ത് പത്മിനി തോമസിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ അവ അന്വേഷിക്കുന്നതിനു പകരം, ഈ ആരോപണങ്ങൾ കായിക മേഖലയിലുണ്ടാക്കിയ ചെറുതല്ലാത്ത കളങ്കം രാജ്യം അറിയപ്പെടുന്ന കായിക താരത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ മാറിക്കിട്ടുമെന്ന വക്രബുദ്ധിയായിരുന്നു UDF സർക്കാരിനുണ്ടായിരുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ അഞ്ജുവിനെപ്പോലുള്ള വ്യക്തിയെ തൽസ്ഥാനത്തു നിന്നും മാറ്റാൻ ശ്രമിക്കില്ല എന്ന കണക്കുകൂട്ടലും UDF സർക്കാരിലെ ചില വിഡ്ഢികൾക്കുണ്ടായിരുന്നു. എന്നാൽ മുഴുവൻ പകൽക്കിനാവുകളും പൊളിഞ്ഞുവീണപ്പോൾ ചില സീരിയൽ നായികമാരെ നാണിപ്പിക്കുന്ന വിധത്തിൽ കഥകൾ മെനയുകയാണ് താങ്കൾ ചെയ്തത്. അതുപോലും ലൂപ്‌ഹോളുകൾ ഇല്ലാതെ ചെയ്യാൻ താങ്കൾക്കു പറ്റിയതുമില്ല..!

6) യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് താങ്കളുടെ സഹോദരനും കായികതാരം സിനിമോൾ പൗലോസിന്റെ ഭർത്താവും പരിശീലകനുമായ അജിത്ത് മാർക്കോസിനെ അസി. സെക്രട്ടറി ടെക്നിക്കൽ വിഭാഗത്തിലുള്ള ഒഴിവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് 80,000 രൂപ ശമ്പളത്തിൽ നിയമിക്കാൻ പേപ്പർ വർക് തുടങ്ങിയത് നിഷ്‌കളങ്കമായിരുന്നോ..?! അയോഗ്യത അന്ന് നടക്കാതെ പോയ അക്കാര്യം താങ്കൾ പ്രസിഡന്റ് ആയതിനു ശേഷം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമിച്ചത് സംസ്ഥാനത്തെ കായിക മേഖലയെ ഉദ്ധരിപ്പിക്കാൻ തന്നെയാണ് എന്ന് എത്ര നിഷ്‌കളന്കർ വിശ്വസിക്കും പ്രിയ മാഡം..?!

7) ഇനി മന്ത്രി ജയരാജൻറെ 'അപമര്യാദകളിലേക്ക് വന്നാൽ, തിരുവനന്തപുരം കേന്ദ്രമായ സ്‌പോട്‌സ് കൌൺസിലിനു ബാങ്കളൂർ നിന്ന് വിരുന്നു വരുന്ന ഒരു പ്രസിഡന്റ് സാധ്യമല്ല എന്ന് പറഞ്ഞത്, മുഴുവൻ സമയം കൌൺസിലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളാണ് പ്രസിഡന്റ് ആവാൻ അഭികാമ്യം എന്ന് പറഞ്ഞത്, പോക്കുവരവുകൾക്കായി താങ്കൾക്കു UDF സർക്കാർ പ്രത്യേക ഉത്തരവിലൂടെ നടപ്പിലാക്കിയ പ്രത്യേക വിമാനക്കൂലി പാവങ്ങൾ ജീവിക്കുന്ന ഈ സംസ്ഥാന സർക്കാരിന് താങ്ങില്ല എന്ന് പറഞ്ഞത്.....! ഇതൊക്കെയല്ലേ മാഡം, അപമാര്യാദകൾ..?!
(താങ്കൾ ക്ഷമിക്കണം, ഒരു സോളാർ സംരംഭകയെ ആലപ്പുഴയിലെ ബോട്ടിൽ മുതൽ നിലമ്പൂർ റോഡിലെ ഹോട്ടലിൽ വരെ പീഡിപ്പിച്ചവർ ഇറങ്ങിപ്പോയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ, മന്ത്രിമാരിലും, MLA മാരിലും പെട്ട ഭൂരിഭാഗം ആളുകൾക്കും പാതിരാവുകളിൽ സർക്കാർ ഫോണിൽ വിളിച്ചു രസിക്കുകയായിരുന്നു ജോലി എന്നതിനാൽ, 'അപമര്യാദയായി പെരുമാറുക' എന്നൊക്കെ കേട്ടാൽ മലയാളികൾ തെറ്റിദ്ധാരണകൾ സൃഷ്ട്ടിക്കും..! )

8) ഏറ്റവും ഒടുവിലായി ഒരൊറ്റകാര്യംകൂടി, മന്ത്രിയുടെ 'അപമര്യാദകൾ' കഴിഞ്ഞു എത്രയേറെ മണിക്കൂറുകൾ കഴിഞ്ഞാണ് താങ്കൾ പത്രക്കാരെ കാണുന്നത്, മുഖ്യമന്ത്രിയോട് പരാതി പറയുന്നത്? മേൽപ്പറഞ്ഞ പ്രകാരം ചില തൽപ്പര കക്ഷികൾ ഗൂഡാലോചന നടത്തി ബാക്കി സീനുകളുടെ തിരക്കഥ എഴുതുന്നത് വരെ താങ്കൾ കാത്തിരുന്നു എന്ന് മനസ്സിലാക്കാൻ മിനിമം കോമൺ സെൻസ് മതിയെന്ന് താങ്കൾക്കു അറിയുമോ എന്തോ...?

എന്തായാലും ഓൺലൈൻ ലോകത്തെ UDF ഗുണ്ടാവിഡ്ഢികൾ തീർക്കുന്ന കോപ്പി പേസ്റ്റ് പ്രതിരോധം കൊണ്ട് താങ്കൾ കൂടുതൽ അപഹാസ്യയാകും എന്ന് ഉറപ്പുതരട്ടെ...! ചില സോഷ്യൽ മീഡിയ ട്രോളുകളിൽപ്പെട്ടു സഖാവ് ജയരാജൻ അൽപ്പം പ്രതിരോധത്തിൽ ആകുമ്പോൾ, സഖാവ് ജയരാജൻ 'പറിക്കുന്ന ആണിയെല്ലാം വേണ്ടാത്തതാണ്' എന്ന പൊതുബോധം സോഷ്യൽ മീഡിയയെ ഉപയോഗിച്ച് നിർമ്മിക്കാനോക്കെ താങ്കൾ അടക്കമുള്ളവർ ഇനിയും പലവട്ടം ജനിക്കണം മാഡം, നിങ്ങൾ ഒളിമ്പിക്‌സ് മെഡലല്ല, നോബേലും, ഓസ്‌ക്കാരും എല്ലാം നേടിയാലും...!
ഇനി മേലാൽ താങ്കളുടെ പ്രയത്‌നങ്ങളിൽ, ശുഭചിന്തകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു....! അത്രമേൽ വലിയ ആകാശം നിറയെ നന്ദി..സ്‌നേഹം....

Story by
Read More >>