കോണ്‍ഗ്രസ് ഭരണകാലങ്ങളില്‍ ജയിലിലടക്കപ്പെട്ടത് 261 ആദിവാസി കുട്ടികളെ

2002 ല്‍ വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ നടന്ന ഭൂസമരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുത്ത 167 കുട്ടികളും 2011ലെ ഭൂസമരത്തില്‍ പങ്കെടുത്ത 94 ആദിവാസി കുഞ്ഞുങ്ങളുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജയിലിലടയ്ക്കപ്പെട്ടത്. കൂടാതെ 2011ല്‍ 522 സ്ത്രീകളെയും പ്രസ്തുത സര്‍ക്കാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചിരുന്നു.

കോണ്‍ഗ്രസ് ഭരണകാലങ്ങളില്‍ ജയിലിലടക്കപ്പെട്ടത് 261 ആദിവാസി കുട്ടികളെ

കണ്ണൂര്‍ തലശ്ശേരിയില്‍ കൈക്കുഞ്ഞിനൊപ്പം ദളിത് യുവതികള്‍ ജയിലില്‍ പോകേണ്ടിവന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഭരണകാലങ്ങളില്‍ ജയിലിലടച്ചത് 94 ആദിവാസി കുട്ടികളെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് 2002 ല്‍ വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ നടന്ന ഭൂസമരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുത്ത 167 കുട്ടികളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് 2011ലെ ഭൂസമരത്തില്‍ പങ്കെടുത്ത 94 ആദിവാസി കുഞ്ഞുങ്ങളുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിലിലടച്ചത്. കൂടാതെ 2011ല്‍ 522 സ്ത്രീകളെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചിരുന്നു.


തലശ്ശേരിയില്‍ സിപിഐ(എം) ഓഫീസില്‍ അക്രമം നടത്തിയ കുറ്റത്തിന് റിമാന്‍ഡ് ചെയ്യപ്പെട്ട ദളിത് യുവതികളുടെ പ്രശ്‌നം കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയപരമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പഴയകാലം അവരെ തിരിഞ്ഞുകൊത്തുന്നത്. തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി അന്ന് സമരം നടത്തിയവരെ സര്‍ക്കാര്‍ ജയിലിലടച്ചപ്പോള്‍ അതില്‍ ഗര്‍ഭിണികള്‍ പോലുമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ഭൂസമരം നടത്തിയവര്‍ക്കെതിരെ അന്ന് യുഡിഎഫ് സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ആദിവാസികള്‍ വനഭൂമിയില്‍ അവകാശം സ്ഥാപിച്ച് കുടില്‍കെട്ടി സമരം നടത്തിയപ്പോള്‍ കൊടിയ പീഡനങ്ങള്‍ക്കിരയായതായും അന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുടില്‍കെട്ടിയവര്‍ക്കെതിരെ പോലീസ്- വനംവകുപ്പ് ദ്യോഗസ്ഥരുടെ കൊടിയ അക്രമമായിരുന്നു അരങ്ങേറിയത്. സമരഭൂമിയിലെ കുടിലുകള്‍ പൊളിച്ചുമാറ്റിയ പോലീസ് അന്ന് ഭക്ഷണസാധനങ്ങള്‍ വരെ ചവിട്ടിയെറിഞ്ഞത് വിവാദമായിരുന്നു.

തലശ്ശേരിയില്‍ നടുക്കുന്ന പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പോടെ തകര്‍ന്ന യുഡിഎഫ് സംവിധനം ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിന്റ ഊര്‍ജ്ജമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നതും പ്രവര്‍ത്തിക്കുന്നതുമെന്ന് ആരോപണങ്ങളുയരുന്നുണ്ട്. യുവതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് സിപിഐ(എം) നേതാക്കളായ ജംസീറിനും പി പി ദിവ്യയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. അത്തരത്തില്‍ പുകഞ്ഞുമറിയുന്ന സാഹചര്യത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ കാലങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉയര്‍ന്നുവരുന്നത്.