അഞ്ജു ബോബി ജോര്‍ജിന്റെ പ്രതിഷേധത്തിന് പിന്നിലെന്ത്?

കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗത്തിനു പുറമേ ദേശീയ അത്‌ലെറ്റിക്‌സ് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന പദവികൂടി അഞ്ജു വഹിക്കുന്നുണ്ട്. കസ്റ്റംസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയ അഞ്ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നുള്ളതാണ് ചട്ടം. എന്നാല്‍ ചട്ടം ലംഘിച്ച് പകരം ബംഗളൂരു ആസ്ഥാനമായി തന്റെയും ഭര്‍ത്താവിന്റേയും പേരില്‍ തുടങ്ങിയ അഞ്ജു ബോബി സ്‌പോര്‍ട്‌സ് അക്കാദമി നോക്കി നടത്തുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനിടെ കേരളത്തില്‍ വന്നുപോകുന്ന അഞ്ജുവിന്റെ വിമാനയാത്രകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുമാണ്.

അഞ്ജു ബോബി ജോര്‍ജിന്റെ പ്രതിഷേധത്തിന് പിന്നിലെന്ത്?

കായിക മന്ത്രി ഇപി ജയരാജന്‍ തന്നെ അധിക്ഷേപിച്ചുവെന്ന് കാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും രാജ്യത്തെ പ്രമുഖ കായികതാരവുമായ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിയോട് വാക്കാല്‍ പരാതി ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ ചിരിച്ചുകൊണ്ട് തന്റെ കാബിന്‍ വിട്ടുപോയ അഞ്ജു തനിക്കെതിരെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന നിലപാടിലാണ് ഇപി ജയരാജന്‍. മുഖ്യമന്ത്രിയോട് അഞ്ജു പരാതി പറഞ്ഞതായി തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു കഴിഞ്ഞു.


മന്ത്രി ഇപി ജയരാജന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ അഞ്ജുവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഈ രീതിയിലെത്തിയതെന്നാണ് സൂചന. സര്‍ക്കാര്‍ മാറുമ്പോള്‍ നിയമന പദവി മാറ്റങ്ങള്‍ സ്വാഭാവികമായും നടക്കുന്ന ഒന്നാണ്. എന്നാല്‍ അഞ്ജു ബോബി ജോര്‍ജിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അഞ്ജുവിനെ സംബന്ധിച്ച് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചില ആരോപണങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സ്ഥാനമാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

2015 നവംബര്‍ 27 നാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. യുഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിൽ പ്രസിഡന്റായി സ്ഥാനമേറ്റ പത്മിനി തോമസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജുവിനെ തല്‍സ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ഭരണകാലത്ത് പത്മിനി തോമസിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ കായിക മേഖലയിലുണ്ടാക്കിയ ചെറുതല്ലാത്ത കളങ്കം രാജ്യം അറിയപ്പെടുന്ന കായിക താരത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ മാറിക്കിട്ടുമെന്ന ഉദ്ദേശ്യവും സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഞ്ജുവിനെപ്പോലുള്ള വ്യക്തിയെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ ശ്രമിക്കില്ല എന്ന കണക്കുകൂട്ടലും സര്‍ക്കാര്‍ നടത്തി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മുഴുവന്‍ സമയ പ്രവര്‍ത്തനമായിരിക്കേ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബാംഗ്ലൂരില്‍ നിന്നും വന്നുപോകുന്ന അഞ്ജുവിന്റെ രീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് താല്‍പര്യമില്ല. ബംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായി ജോലി നോക്കുന്ന അഞ്ജു മാസത്തില്‍ മുഴുവന്‍ സമയവും അവിടെത്തന്നെയായിരിക്കുമെന്നുള്ള കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അത്തരത്തില്‍ ജോലിക്കിടയില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ മാത്രം സംസ്ഥാനത്തിന്റെ കായിക രംഗത്തെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുള്ള അഞ്ജുവിന്റെ നിലപാടിനെ ഇപി ജയരാജന്‍ കൂടിക്കാഴ്ചയില്‍ തള്ളിക്കളഞ്ഞതായാണ് സൂചന.

കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗത്തിനു പുറമേ ദേശീയ അത്‌ലെറ്റിക്‌സ് ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന പദവികൂടി അഞ്ജു വഹിക്കുന്നുണ്ട്. കസ്റ്റംസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഈ പദവിയിലെത്തിയ അഞ്ജു മുഴുവന്‍ സമയവും ക്യാമ്പില്‍ കാണണമെന്നുള്ളതാണ് ചട്ടം. ശമ്പളം നൽകുന്നതാകട്ടെ, കസ്റ്റംസും. എന്നാല്‍ ചട്ടം ലംഘിച്ച് പകരം ബംഗളൂരു ആസ്ഥാനമായി തന്റെയും ഭര്‍ത്താവിന്റേയും പേരില്‍ തുടങ്ങിയ അഞ്ജു ബോബി സ്‌പോര്‍ട്‌സ് അക്കാദമി നോക്കി നടത്തുകയാണ് അവര്‍ ചെയ്യുന്നത്. ഇതിന് നിയമപരമായ നിലയിൽ തന്നെ പലയിടത്തുനിന്നും ഫണ്ടിങ്ങും ലഭിക്കുന്നുണ്ട്. കായികതാരം പിടി ഉഷയുടെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ ചുവടുപിടിച്ചാണ് അഞ്ജുവും അക്കാദമി തുടങ്ങിയത്. ഇതിനിടെ കേരളത്തില്‍ വന്നുപോകുന്ന അഞ്ജുവിന്റെ വിമാനയാത്രകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുമാണ്. ഇക്കാര്യവും ഇപി ജയരാജന്‍ അഞ്ജുവിനോട് കൂടിക്കാഴ്ചയില്‍ സംസാരിച്ചുവെന്നാണ് സൂചന. കസ്റ്റംസിൽ നിന്നു കൈപ്പറ്റുന്ന ശമ്പളത്തിനു പുറമേ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ പണം പറ്റുന്നതിലും പ്രശ്നമുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവും പരിശീലകനുമായ അജിത്ത് മാര്‍ക്കോസിനെ അസി. സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തിലുള്ള ഒഴിവില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാൻ പേപ്പർ വർക് തുടങ്ങിയത് വിവാദമായിരുന്നു. പ്രസ്തുത പദവിയിലിരുന്ന കായികതാരം ബോബി അലോഷ്യസ് ഒഴിഞ്ഞതിനു ശേഷമാണ് ഈ നീക്കം നടന്നത്. 80,000 രൂപ ശമ്പളമുള്ള തസ്തികയിലേക്കാണ് പിൻവാതിൽ നിയമനത്തിനു നീക്കമുണ്ടായത്.  ഇതേ തസ്തികയിലേക്ക് മുമ്പ് അജിത്ത് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 27ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജ് ചുമതലയേറ്റതോടെ വീണ്ടും നിയമനത്തിനുള്ള നീക്കം നടത്തിയതാണ് വിവാദമായത്.

ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനും കായിക മന്ത്രി ഇ പി ജയരാജനും അഞ്ജു ബോബി ജോർജ്ജിനോട് താല്‍പര്യമില്ല. കായിക വകുപ്പിന്റെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കായികലോകത്തിന്റെ പ്രതിനിധിയും സര്‍വ്വസമ്മതനുമായ ഒരു വ്യക്തിയെ നിയമിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം ഇന്നു നടന്ന യോഗത്തില്‍ ഇപി ജയരാജന്‍ അഞ്ജുവിനോട് പറഞ്ഞതായാണ് സൂചന. അതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കു മുന്നില്‍ പരാതിയെത്തിയതുവരെയുള്ള സംഭവങ്ങളുടെ തുടക്കവും.

അതേ സമയം മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസനെ തന്നെയാണ് പുതിയ സർക്കാരും സ്പോർട്സ് കൗൺസിലിന്റെ അമരത്തേക്കു പരിഗണിക്കുന്നത് എന്ന സൂചനയുണ്ട്. വി എസ് ഗവൺമെന്റിന്റെ കാലത്ത് ഇദ്ദേഹമായിരുന്നു, കൗൺസിൽ പ്രസിഡന്റ്. പി കെ കുഞ്ഞാലിക്കുട്ടി പ്രതിയായിരുന്ന ഐസ് ക്രീം പാർലർ പെൺവാണിഭക്കേസിൽ ആരോപണവിധേയനായിരുന്നു, ടി പി ദാസൻ. നേമത്ത് ഒ രാജഗോപാലിനോടു പരാജയപ്പെട്ട വി ശിവൻകുട്ടിയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

Read More >>