ഒഡിഷയിലെ ജയ്പൂർ

ഒഡിഷയിലെ ജയ്പൂരിലേക്ക് നടത്തിയ യാത്ര- ബിനീഷ് ബാലചന്ദ്രൻ എഴുതുന്നു

ഒഡിഷയിലെ ജയ്പൂർ

ബിനീഷ് ബാലചന്ദ്രൻ

കണ്ടും കേട്ടും മടുത്ത സ്ഥലങ്ങളിൽ വീണ്ടും പോകാൻ വയ്യ. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ അവധി വീണ്ടും, എങ്ങോട്ട് പോകും എന്നാലോചിച്ചപ്പോളാണ് ജയ്പൂർ മനസിലേക്ക് വന്നത്, ഇത് രാജസ്ഥാൻ ജയ്പൂർ അല്ല ഒഡിഷയിൽ ആണ് ഈ ജയ്പൂർ. പണ്ടെപ്പോളോ അരക്കു ട്രിപ് പോയപ്പോൾ jaypure -120 Km എന്നൊരു സൈൻ ബോർഡ് കണ്ടിരുന്നു. ആ ഒറ്റ ബോർഡ് ആണ് ഈ യാത്രക്ക് ആധാരം.

ആന്ധ്ര ഊട്ടി എന്നറിയപ്പെടുന്ന അരക്കു വാലി ആന്ധ്രായിലെ അറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ആണ്. വിശാഖപട്ടണത്തു നിന്ന് 120 Km യാത്ര ഉണ്ട് അരക്കുവിലേക്ക്. നേരത്തെ പല തവണ അരക്കു വാലിയിൽ വന്നിട്ടുള്ളതാണ്. പത്തു ഹയർ പിൻ വളവുകൾ ഉള്ള കാട്ടു പാതയിലൂടെ മല കയറി വേണം അരക്കു എത്താൻ. വഴിയിൽ ബോറ കേവ്‌സും കാണാം.


സമയം ഉച്ച തിരിഞ്ഞിരിക്കുന്നു നല്ല വിശപ്പുണ്ട്.

odisha_jaipurഅരക്കുവിൽ കിട്ടുന്ന ഒരു തരം ട്രൈബൽ ഫുഡ് ആണ് ബാംബൂ ചിക്കൻ. വെട്ടി എടുത്ത മുളം കുറ്റിക്കുള്ളിൽ പ്രകൃതിദത്തമായ മസാലക്കൂട്ടുകളും ചിക്കനും ഇട്ട് ആ മുള തീയിൽ ചുട്ട് ആണ് ബാംബൂ ചിക്കൻ ഉണ്ടാക്കുന്നത്.

മൂന്നു മണി കഴിഞ്ഞിരിക്കുന്നു, ജയ്പൂർ എത്തണം ഞാൻ വണ്ടി സ്റ്റാർട് ചെയ്തു.

ഒഡിഷ യിലെ ഒരു സ്ഥലം ആണ് എന്നതും ഫോറെസ്‌റ് റെയ്ഞ്ചിൽ കൂടി ഉള്ള റോഡ് ആണ് എന്നതും ഒഴിച്ചാൽ ജയ്പൂരിനെ പറ്റി എനിക്കൊന്നും അറിയില്ല. ഹൈവേ വഴിയും ജയ്പൂർ പോകാം, കാടിന്റെ ഭംഗി കണ്ടു ഉള്ള റൈഡ് ആണ് ഈ യാത്രയുടെ ജീവൻ, അതാണ് അരക്കു വഴി തിരഞ്ഞെടുക്കാൻ കാരണം.

മഴപെയ്തു തോർന്ന കാട്ടു വഴിയിലൂടെ, തണുത്ത കാറ്റ് കൊണ്ടുള്ള ബൈക്ക് യാത്ര.. ചിലയിടങ്ങളിൽ ബൈക്കിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനും ഇല്ല.

ഇടക്ക് ഒരു ഒഡിഷ രജിസ്‌ട്രേഷൻ ജീപ്പ കണ്ടു, പിന്നീട് കണ്ട മൈൽ കുറ്റികളിൽനിന്നും ഒഡിഷയിൽ എത്തി എന്നു മനസിലായി. കാട് മാറി ചെറിയ ഗ്രാമങ്ങൾ കാണുന്നു, കാട്ടിലൂടെയുള്ള യാത്ര ഒരു ആഘോഷമാക്കി വന്ന എനിക്ക് അതൊരു പുതിയ അനുഭവം ആയി.

odisha_jaipur2ഒരു ചെറിയ കടയുടെ മുന്നിൽ വണ്ടി നിർത്തി. മണി അഞ്ചു കഴിഞ്ഞു ഒരു ചായ കിട്ടിയിരുന്നെങ്കിൽ... ഭാഗ്യം സാധനം ഇവിടെ കിട്ടും.

പ്രത്യേക തരത്തിൽ വസ്ത്രം ധരിച്ചിരിക്കുന്ന ആളുകൾ ആണിവിടെ... ഗ്രാമം എന്നു പറഞ്ഞാൽ കേരളത്തിലെ പോലെ പരിഷ്‌ക്യത ഗ്രാമങ്ങൾ അല്ല... കളിമൺ ഭിത്തിയും പുല്ലു മേഞ്ഞ മേൽക്കൂരയും ആണ് എല്ലാ വീടുകൾക്കും. കടകളും അങ്ങനെ തന്നെ. അപൂർവമായി ചില ജീപ്പുകൾ കാണാം ആളുകളെ തിക്കി നിറച്ച ആ ജീപ്പുകളാണ് അവിടത്തെ ആകെയുള്ള ട്രാൻസ്പോർട് സെറ്റപ്പ്.

ചായക്ക് 4 രൂപ ,വിലക്കയറ്റത്തിന്റെ നാട്ടിൽ നിന്ന് വന്ന ഞാൻ അത്ഭുതപ്പെട്ടു... ചായ കുടിച് തീർത്തു വണ്ടി സ്റ്റാർട് ചെയ്തു ഇനി 50 km കൂടി ഉണ്ട് ജയ്പൂർ എത്താൻ.

വണ്ടിയുടെ ഫ്രണ്ട് ടയർ തീരാറായതാണ്, മാറ്റണം എന്നു കരുതി ഇരുന്നതാണ്. ഈ ഒരു യാത്രകൂടി കഴിഞ്ഞിട്ട് മാറ്റം എന്ന് വെറുതെ മനസ്സിൽ തോന്നി. ഇതിപ്പോ റോഡിന്റെ ഭാവം മാറിവരുന്നു. റോഡ് പതിയെ ഓഫ് റോഡ് ആയി. ഗ്രാമങ്ങൾ മാറി വീണ്ടും കാട് കയറുന്നു. മഴ പെയ്തു തോർന്ന വഴിയിൽ ചക്രങ്ങൾ ഒരു കല്ലിൽ നിന്ന് വേറൊരു കല്ലിലേക്ക് ചാടി മുന്നോട്ട് നീങ്ങി. ടയർ മാറ്റമായിരുന്നു എന്നു വെറുതെ ആണെങ്കിലും തോന്നിപ്പോയി.

odisha_jaipur6വഴി മോശമാണ് ഇരുട്ടും വീണുതുടങ്ങി വിചാരിച്ച വേഗത്തിൽ പോകാൻ പറ്റില്ല. മഴയിൽ കാട്ടുമരങ്ങളുടെ ചുവന്ന പൂക്കൾ വീണ വഴികളിലൂടെ ഞാൻ ജയ്പൂർ എത്തി.

വിചാരിച്ചതുപോലെ തന്നെ ഒരു ചെറിയ പട്ടണം ആണ് ജയ്പൂർ. കാടിനോട് ചേർന്ന പ്രദേശം ആയതിനാൽ നല്ല തണുപ്പാണ് ഇവിടെ. അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങൾ എന്നെ ജയ്പ്പൂരിലേക്ക് സ്വാഗതം ചെയ്തു.

ഒരു ലോഡ്ജ് റൂം സംഘടിപ്പിച്ചു. ഉപ്പും എരിവും തൊടാതെ ഉണ്ടാക്കിയ ആഹാരം ആണോ ഇവര് കഴിക്കുന്നത് ? മനസ്സറിഞ്ഞു ഒന്നും കഴിക്കാൻ തോന്നിയില്ല. രാത്രി എങ്ങനെയോ കഴിച്ചു കൂട്ടി.

odisha_jaipur5ഗുപ്‌തേശ്വർ, ഇവിടെ ലോഡ്ജിൽ നിന്നും കിട്ടിയ പേരാണ്. ഗുപ്‌തേശ്വർ ഒരു ഗുഹാ ക്ഷേത്രം ആണ്, ഒരു ഗുഹയിൽ രൂപപ്പെട്ട ശിവലിംഗം പിന്നീട് ക്ഷേത്രം ആയി മാറി. കാടിന്റെ മടിത്തട്ടിലൂടെ വീണ്ടും യാത്ര. 70 Km ദൂരെ കാടിനുള്ളിൽ ആണ് ഗുപ്‌തേശ്വർ.

അൻപതു മീറ്ററോളം പടവുകളിലൂടെ മുകളിലേക്ക് കയറണം. അവിടെ ഒരു ഗുഹാമുഖം കാണാം. അതിനുള്ളിലേക്ക് ഇറങ്ങാനും പടവുകൾ ഉണ്ട്. ഒരാൾക്ക് കഷ്ടിച്ചു ഇറങ്ങി ചെല്ലാം, ആകത്തു വിശാലമായ ഗുഹയാണ്. ശിവലിംഗത്തിന്റെ രൂപത്തിൽ വലിയൊരു കല്ലു അതിനുള്ളിൽ... അതാണു ഗുപ്‌തേശ്വർ.

odisha_jaipur1ഫോട്ടോഗ്രാഫി അനുവദിക്കില്ലാത്തതുകൊണ്ട് ഫോട്ടോസ് എടുക്കാൻ സാധിച്ചില്ല.

വഴിയിൽ ഒഡിഷ ട്രൈബ്‌സ് വില്ലേജ്‌സ് ഉണ്ട് എന്നു കേട്ടു, എങ്കിൽ അവരുടെ ജീവിത രീതി കൂടി കണ്ട് മടങ്ങാം എന്നു തീരുമാനിച്ചു. കാടിനുള്ളിൽ ഒരു ഡിവിയേഷൻ..

മാർക്കറ്റ് എന്നു തോന്നിക്കുന്ന ഒരു സ്ഥലത്തേക്കാണ് ഞാൻ ബൈക്ക് ഓടിച്ചു കയറി ചെന്നത്. പ്രാകൃതമായി വസ്ത്രം ധരിച്ച സ്ത്രീകൾ അവിടെ ഇരുന്ന് കഴവടം ചെയ്യുന്നു. വർണ ശബളമാണ് അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ. മൂക്കിൽ മൂന്നും നാലും വലിയ സ്വർണ വളയങ്ങൾ ധരിച്ചിരിക്കുന്നു.

ഉപ്പു മുതൽ സൈക്കിൾ പമ്പ് വരെ അവിടെ കിട്ടും. വെറുതെ പറഞ്ഞതല്ല. അവരുടെ അവിടുത്തെ പ്രധാന വാഹനം സൈക്കിൾ ആണ്. ചില ജീപ്പുകളും കാണാം. അതാകട്ടെ അകത്തു ആളു നിറഞ്ഞാൽ മുകളിലും കയറ്റും.

അവരുടെ ആ ലോകത്തേക്ക് ഷോർട്‌സും ടീഷർട്ടും ധരിച്ചു ബുള്ളറ്റിൽ ചെന്ന് കൈയിൽ ക്യാമറയും ആയി നടക്കുന്ന ഞാൻ എന്ന ജീവിയെ അത്ഭുതത്തോടെ അവർ നോക്കുന്നത് ഞാൻ കണ്ടു.

odisha_jaipur3ആഴ്ചയിൽ ഒരിക്കൽ ആണ് അങ്ങനെ അവിടെ ചന്ത ഉണ്ടാകാറ്. അവരവർ വിളയിക്കുന്ന പച്ചക്കറികൾ വിൽക്കുന്നവരും, വസ്ത്രങ്ങൾ കച്ചവടം ചെയ്യുന്നവരും ഒക്കെ ഉണ്ട് അവിടെ. ലഞ്ച് ഇവിടെ തന്നെ, ഞാൻ ഉറപ്പിച്ചു. ചോറും തൈരിൽ കാന്താരിയും തേങ്ങയും അരച്ച ഒരു വിഭവവും.. നല്ല രുചി, നന്നായി കഴിച്ചു.

മുന്നോട്ട് പോയപ്പോൾ കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകൾ കണ്ടു. കറണ്ട് എത്തിപ്പെടാത്ത ആ പ്രദേശത്തു സ്‌കൂളുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. മിട്ടായി കഴിക്കുന്ന ലാഘവത്തോടെ കഞ്ചാവ് പുകച്ചു തള്ളുന്ന ആരോഗ്യവതികൾ ആയ വൃദ്ധ സ്ത്രീകളും, പുരുഷന്മാരും ക്യാമറയും ആയി നിന്ന എന്നെ അവർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ഒരുപാട് കാട് കണ്ടു, ഉൾഗ്രാമങ്ങളിലെ മണ്ണിൽ പണിയെടുക്കുന്ന പച്ച മനുഷ്യരെ കണ്ടു, മനുഷ്യൻ ചൊവ്വയിൽ എത്തിയിട്ടും ഇന്റെർനെറ്റോ മൊബൈലോ കാണാത്ത മണ്ണിന്റെ മക്കളെ കണ്ടു, ഇനി തിരിച്ചു പോകണം.

വണ്ടി തിരിച്ചു. വഴിയിൽ ഒരു വലിയ മരത്തണലിൽ വിശ്രമിച്ചു. മനസു നിറയെ എന്തെല്ലാമോ നിറഞ്ഞു നിന്നു. സമയം പോയതറിഞ്ഞില്ല. വീണ്ടും ജയ്പൂർ. രാവിലെ മടങ്ങാം. അതേ റൂമിൽ വീണ്ടും ഉറങ്ങി. ഹൈവേയിൽ കൂടി പോയാൽ 300 km ഉണ്ട് തിരിച് . 5 മണിക്കൂർ, അല്ലങ്കിൽ വന്ന വഴി മല കയറി ഇറങ്ങാം. കണ്ടു നിറഞ്ഞ മനസും, ചിത്രങ്ങൾ പകർത്തിയ ക്യാമറയുമായി തിരിച്ചു മലകയറാൻ തീരുമാനിച്ചു. അതേ തിരക്കുകൾ നിറഞ്ഞ ജീവിത യാഥാർഥ്യങ്ങളിലേക്ക്.