പിഴവുകൾ വഴിമാറും; ചിലർ വരുമ്പോൾ: ബിലീവേഴ്സ് ചർച്ചിന്റെ മെഡിക്കൽ കോളജിന് മാനദണ്ഡം ലംഘിച്ചും അനുമതി

പരിശോധനാസമയത്ത് ഇൻപേഷ്യന്റ്സായി കിടത്തിച്ചികിത്സ ആവശ്യമില്ലാത്തവരെ പോലും അഡ്മിറ്റ് ചെയ്തിരുന്നു എന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തിയ അതേ ആശുപത്രിയിലാണ് മാനദണ്ഡം ലംഘിച്ച് നൂറ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനുള്ള അനുമതിയോടെ മെഡിക്കൽ കോളജ് അനുവദിച്ചിരിക്കുന്നത്

പിഴവുകൾ വഴിമാറും; ചിലർ വരുമ്പോൾ: ബിലീവേഴ്സ് ചർച്ചിന്റെ മെഡിക്കൽ കോളജിന് മാനദണ്ഡം ലംഘിച്ചും അനുമതി

പത്തനംതിട്ട: ഗോസ്പൽ ഫോർ ഏഷ്യ സ്ഥാപകനും ബിലീവേഴ്സ് ചർച്ച് ബിഷപ്പുമായ കെ പി യോഹന്നാന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ ആരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോടു ചേർന്ന് മെഡിക്കൽ കോളജ് തുടങ്ങാൻ മെഡിക്കൽ കൗൺസിൽ അനുമതി നൽകി. പരിശോധനാസമയത്ത് ഇൻപേഷ്യന്റ്സായി കിടത്തിച്ചികിത്സ ആവശ്യമില്ലാത്തവരെ പോലും അഡ്മിറ്റ് ചെയ്തിരുന്നു എന്ന് മെഡിക്കൽ കൗൺസിൽ കണ്ടെത്തിയ അതേ ആശുപത്രിയിലാണ് മാനദണ്ഡം ലംഘിച്ച് നൂറ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനുള്ള അനുമതിയോടെ മെഡിക്കൽ കോളജ് അനുവദിച്ചിരിക്കുന്നത്.


പരിശോധനാസംഘത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് നാരദാ ന്യൂസിനു ലഭിച്ചു.

kp-medical-02

പരിശോധകർ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയ ശേഷവും മെഡിക്കൽ കോളജ് ആരംഭിക്കാൻ അനുമതി നൽകിയത് വിവാദമാകുമെന്ന് ഉറപ്പാണ്. തിരുവല്ലയിലെ കുറ്റപ്പുഴയിലുള്ള ആശുപത്രിക്കാണ് എംബിബിഎസ് ബിരുദപഠനത്തിന് 100 സീറ്റ് അനുവദിച്ചിരിക്കുന്നത്.

മെഡിക്കൽ കൗൺസിലിന്റെ പരിശോധകസംഘം സന്ദർശനത്തിനെത്തിയപ്പോൾ 202 രോഗികളെ ആശുപത്രിയിൽ വിവിധ വാർഡുകളിലായി അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ ഇവരിൽ 45 പേർ ഔട്ട് പേഷ്യന്റ്സ് ആയി വന്നുപോകാൻ മാത്രമുള്ള അസുഖമുള്ളവരായിരുന്നു. ഇങ്ങനെ കൃത്രിമമായി പെരുപ്പിച്ച രോഗികളെക്കുറിച്ച് ‘not genuine’ എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാനദണ്ഡത്തിനു വിരുദ്ധമായി ചില മുറികളിൽ കട്ടിലുകൾ കൂട്ടിയിട്ട നിലയ്ക്കും കണ്ടു. ആവശ്യമായ യോഗ്യതയില്ലാത്ത ഡോക്ടർമാരെ ചില സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളിൽ നിയമിച്ചിരിക്കുന്നതായും മെഡിക്കൽ കൗൺസിൽ പരിശോധക സംഘം കണ്ടെത്തിയിരുന്നു.

മെഡിക്കൽ കൗൺസിൽ അനുശാസിക്കുന്നതിനേക്കാൾ കുറവ് ഡോക്ടർമാരും അദ്ധ്യാപകരുമായിരുന്നു സന്ദർശനം നടക്കുമ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്നത്. അദ്ധ്യാപകരിൽ 17.24%ന്റെ കുറവുണ്ടായിരുന്നു. ഡോക്ടർമാരിൽ 24.43 ശതമാനത്തിന്റെ കുറവും.

kp-medical-01

ഇത്രയും നെഗറ്റീവ് റിവ്യൂവിനു ശേഷവും മെഡിക്കൽ കോളജിന് അനുമതി ലഭിച്ചെങ്കിൽ അതിനു പിന്നിൽ എന്തായിരിക്കാം നടന്നത് എന്ന സംശയം ഉണരുകയാണ്.

Read More >>