പരിസ്ഥിതി ദിനത്തിലെ സര്‍ക്കാരിന്റെ സൗജന്യ വൃക്ഷത്തൈകള്‍ ഇടത് യുവജനസംഘടനള്‍ക്ക് മാത്രം; സിപിഐയുടെ വകുപ്പില്‍ മുഖ്യമന്ത്രിയുടെ കൈകടത്തൽ?

പരിസ്ഥിതി ദിനം വെറും ചടങ്ങ് , വൃക്ഷത്തൈകൾ ആര്‍ക്ക് കൊടുക്കണം എന്നത് സംബന്ധിച്ച ഔചിത്യമില്ല. ഇടതു നേതാക്കള്‍ നല്കിയ വാക്ക് പാലിക്കാന്‍ വനം വകുപ്പ് പരിസ്ഥിതി സംഘടനകളുടെ സൗജന്യ വൃക്ഷത്തൈകള്‍ വെട്ടിക്കുറച്ചതായി ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് സിപിഐ ഭരിക്കുന്ന വനംവകുപ്പിന്റെ അധികാരത്തിൽ കൈകടത്തിയതായും വെളിപ്പെടുത്തൽ.

പരിസ്ഥിതി ദിനത്തിലെ സര്‍ക്കാരിന്റെ സൗജന്യ വൃക്ഷത്തൈകള്‍ ഇടത് യുവജനസംഘടനള്‍ക്ക് മാത്രം; സിപിഐയുടെ വകുപ്പില്‍ മുഖ്യമന്ത്രിയുടെ കൈകടത്തൽ?

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിനൊത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്ന ഇടത് നേതാക്കളുടെ വാക്കു പാലിക്കാന്‍ വനം വകുപ്പ് പരിസ്ഥിതി സംഘടനകള്‍ക്കു നല്കുന്ന സൗജന്യ വൃക്ഷത്തൈകളുടെ എണ്ണം വെട്ടിക്കുറച്ചതായി ആരോപണം.

പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയ്‌നിന്റെ ഭാരവാഹി സ്വാമി സംവിദാനന്ദാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പില്‍ നിന്ന് സൗജന്യമായി 14 ജില്ലകളിലും മരം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അത് ഡിവൈഎഫ്‌ഐ, എഐവൈഎഫ് തുടങ്ങിയ ഇടത് യുവജനസംഘടനകള്‍ക്ക് മാത്രമാണ് ലഭിച്ചത് എന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. ഈ വര്‍ഷം വലിയതോതില്‍ മരങ്ങള്‍ ആവശ്യപ്പെട്ടത് രണ്ട് ഇടത് യുവജനസംഘടനകളും ഗ്രീന്‍വെയിനും മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അനുമതിക്കായി പോയ ആ ഫയലുകളില്‍ ഇടത് സംഘടനകളുടെ ഫയല്‍ മാത്രമാണ് മടങ്ങിവന്നതെന്നും സംവിദാനന്ദ് പറയുന്നു. വര്‍ഷം മുഴുവന്‍ മരങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ മാറ്റി നിര്‍ത്തിയാണ് ഈ നടപടി. ഗംഗാനദീതട സംരക്ഷണത്തിനായി മോദി ഗവൺമെന്റുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ഗ്രീൻവെയ്ൻ.


മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടൽ പ്രകാരമാണ് സൗജന്യവൃക്ഷത്തൈ വിതരണം ചില സംഘടനകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയത് എന്ന് വനംവകുപ്പ് മന്ത്രി അഡ്വ രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് ഭട്ടുമായി സ്വാമി സംവിധാനന്ദ് നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നിന്നു വ്യക്തമാണ്. ഇതിന്റെ ഓഡിയോ ഫയൽ നാരദാ ന്യൂസിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഘടകകക്ഷിയായ സിപിഐ ഭരിക്കുന്ന വകുപ്പില്‍ മുഖ്യമന്ത്രി എങ്ങിനെ കൈകടത്തി എന്നതും ചര്‍ച്ചയാവുകയാണ്.

പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയിനിന് സൗജന്യമായി വൃക്ഷത്തൈകള്‍ ലഭിക്കാന്‍ ഇത്തവണ തടസ്സങ്ങളുണ്ട് എന്ന ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ വഴി വനംവകുപ്പു മന്ത്രിയെ സമീപിച്ചിരുന്നു. അനുകൂല നിലപാട് ലഭിക്കാത്തതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളായ കാനം രാജേന്ദ്രനെയും പന്ന്യന്‍ രവീന്ദ്രനെയും സമീപിച്ചു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ഇടതു സംഘടനകള്‍ക്കു മാത്രമാണ് മരത്തൈകള്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് എന്നാണ് തങ്ങള്‍ക്കു ലഭിച്ച സൂചനയെന്നും സംവിദാനന്ദ് പറയുന്നു.

പരിസ്ഥിതി ദിനത്തില്‍ നടാന്‍ കൂടുതല്‍ മരങ്ങള്‍ സൗജന്യമായി ലഭിക്കണം എന്നു ചൂണ്ടിക്കാട്ടി അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അത് അനുമതിക്കായി ഉന്നതതലങ്ങളിലേക്ക് അയക്കുകയാണ് പതിവ്. ഗ്രീന്‍വെയ്‌നിന്റെ അപേക്ഷ സര്‍ക്കാറില്‍ നിന്നുള്ള ഉത്തരവിനായി അയച്ചിട്ടുണ്ട് എന്ന് സോഷ്യല്‍ ഫോറസ്റ്ററി സ്റ്റേറ്റ് ഇന്‍ഫോര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ സജീഷ് നാരദാന്യുസിനോട് പ്രതികരിച്ചു. സ്‌ക്കൂളുകള്‍ക്കും യുവജനസംഘടനകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പുറമേ പത്രമാദ്ധ്യമങ്ങള്‍ക്കും 2 ലക്ഷം തൈകള്‍ വരെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ അനുസരിച്ചു നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും ഇത്തരത്തില്‍ അപേക്ഷ നല്‍കിയ മാദ്ധ്യമങ്ങള്‍ക്കും വലിയതോതില്‍ മരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എല്ലാ തവണത്തേയും പോലെ ഇത്തവണയും സൗജന്യമായി വൃക്ഷത്തൈകള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയെന്നും അതിനെത്തുടര്‍ന്നു മരം ലഭിച്ചതായും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എംഎല്‍എയും നാരദാ ന്യുസിനോട് പറഞ്ഞു.

എല്‍ഡിഎഫ് വന്നിട്ടും ഒട്ടും ശരിയായില്ല

2015ലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത് ആലപ്പുഴ ജില്ലയിലെ ഗ്രീന്‍വെയ്‌നിന്റെ കോ ഓര്‍ഡിനേറ്ററേ ആയിരുന്നു. ഇത്തവണത്തെ വനമിത്ര പുരസ്‌കാരവും ഗ്രീന്‍വെയിന്‍ പ്രവര്‍ത്തകനായിരുന്നു. യൂത്ത് ലീഗിനും കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങള്‍ക്കും വീതം വെച്ച ശേഷമാണ് സൗജന്യ വൃക്ഷത്തൈകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നത്.

2014 ലെ പരിസ്ഥിതി ദിനത്തില്‍ ഗവണ്മെന്റ് ഓര്‍ഡര്‍ എസ് എ 2 /1952 /2014 ഡേറ്റ് 26/5/2014 പ്രകാരം ഗ്രീന്‍ വെയിന് രണ്ട് ലക്ഷം മരങ്ങള്‍ അനുവദിച്ചിരുന്നു. വൃക്ഷത്തൈകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വലിയ വാഹനങ്ങളും വിളിച്ച് എല്ലാ ജില്ലകളിലും സോഷ്യല്‍ ഫോറസ്ട്രീ ഓഫീസില്‍ ഗ്രീന്‍വെയ്‌നിന്റെ പ്രവര്‍ത്തകര്‍ എത്തി. അന്ന് മരം കിട്ടാതെ വണ്ടിക്കാശ് നഷ്ടപ്പെട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ ആണ് അടുത്ത വര്‍ഷം സ്വന്തമായി നഴ്‌സറികള്‍ ആരംഭിച്ച് ഗ്രീന്‍വെയിന്‍ മരങ്ങള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത് എന്ന് സംവിദാനന്ദ് പറയുന്നു. കഴിഞ്ഞ വര്‍ഷം വനം വകുപ്പ് മേലധികാരികള്‍ നേരില്‍ വിളിച്ച് ഈ വര്‍ഷം മുതല്‍ ശരിയാകും എന്ന് ഉറപ്പ് നല്കിയെങ്കിലും അതത്ര ശരിയായില്ല.

സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരങ്ങള്‍ നടുന്നതു തൊട്ട് വളര്‍ച്ച വരെയുളള എല്ലാ കാര്യങ്ങളും തങ്ങളുടെ ഗ്രീന്‍ ആപ് മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ കേരളത്തിനും ഇന്ത്യയ്ക്കും മാതൃകയായി മാറ്റണം എന്ന് ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ഇത്തവണ സര്‍ക്കാരില്‍ നിന്നും മരങ്ങള്‍ വാങ്ങാന്‍ തയ്യാറായത്. 50 പൈസ വീതം കൊടുത്ത് മരം വാങ്ങാനാവില്ല എന്നു ഗ്രീന്‍വെയിന്‍ ഉറപ്പിച്ച് പറഞ്ഞപ്പോഴാണ് എസ് എ 2/599/2016/ എന്ന ഫയല്‍ മറ്റ് രണ്ട് ഫയലുകള്‍ക്കൊപ്പം സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തിയത്. അവിടെ നിന്നും ആ ഫയല്‍ സെക്രട്ടറി ഒപ്പിട്ടു തിരികെ സോഷ്യല്‍ഫോറസ്റ്ററിയില്‍ എത്തേണ്ടതാണ്. പക്ഷെ സംഭവിച്ചത് അവിടെ നിന്നും ആ ഫയല്‍ നേരെ പിണറായി വിജയന്റെ ഓഫീസിലേക്ക് പോയി തിരികെ വന്നപ്പോള്‍ ഡി വൈ എഫ് ഐ, എഐ വൈ എഫ് എന്നിവര്‍ക്കുള്ളത് മാത്രമാണ് അനുവദിച്ചത് എന്നും സംവിദാനന്ദ് ആരോപിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടമുന്‍പ് തെരഞ്ഞെടുപ്പ് വരണാധികാരിയുടെ നിരോധനം മൂലം വൃക്ഷത്തൈകള്‍ നടാനാകാതെ വന്നപ്പോഴാണ് ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഒരു വൃക്ഷത്തെ നടുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ഇതിന് തൊട്ട് പിന്നാലെ നിരവധി ഇടതു നേതാക്കള്‍ ഈ പ്രഖ്യാപനവുമായി രംഗത്തെത്തി. തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലും ധാരാളം വൃക്ഷത്തൈകൾ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ വച്ചുപിടിപ്പിച്ചിരുന്നു. ഇതാവാം, വൻതോതിൽ വൃക്ഷത്തൈകൾ പരിസ്ഥിതി സംഘടനകൾക്കു വിതരണം ചെയ്യുന്നതിനുള്ള തടസ്സം.

ഹരിത കേരളം 2016

ഇത്തവണ പരിസ്ഥിതി ദിനത്തില്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം മരങ്ങള്‍ സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്യുമെന്ന് സോഷ്യല്‍ ഫോറസ്റ്ററി സ്റ്റേറ്റ് ഇന്‍ഫോര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ സജീഷ് നാരദാന്യുസിനോട പറഞ്ഞു. ജില്ലാ ഓഫീസര്‍ക്കാണ് ചുമതല. ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്താണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇത്തവണ പദ്ധതിയുടെ എട്ടാം പതിപ്പാണ് നടപ്പിലാക്കുന്നത്.

എന്റെ മരം, നമ്മുടെ മരം, എന്നീ പദ്ധതികളാണ് അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടപ്പിലാക്കുന്നത്. യുവജനസംഘടനകള്‍,ക്ലബുകള്‍ എന്നിവയ്ക്കും സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പൊതുജനങ്ങള്‍ക്ക് 2 രൂപ നിരക്കിലും മതസ്ഥാപനങ്ങള്‍ക്ക് 50 പൈസ നിരക്കിലും വിതരണം ചെയ്യും. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍സര്‍ക്കാരേതര ഭൂമി, പാതയോരങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, പുഴ, തോട്, തടാകം പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ആഞ്ഞിലി, വേപ്പ്, അശോകം, ബദാം, കണിക്കൊന്ന, കൂവളം, മഹാഗണി, മാവ്, നെല്ലി, ഞാവല്‍, പ്ലാവ്, തേക്ക്, താന്നി, വേങ്ങ തുടങ്ങിയ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇത്തവണത്തെ ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍ കൊല്ലത്ത് പുനലൂര്‍ സെന്റ് ജോസഫ് സ്‌ക്കൂളില്‍ വനം വകുപ്പ് മന്ത്രി അഡ്വ രാജു ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനം ഞായറാഴ്ച ആയതിനാല്‍ മറ്റ് ജില്ലകളിലെ പരിപാടികള്‍ തിങ്കളാഴ്ച നടക്കും.

ആഘോഷത്തോടെ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ പിന്നീട് രക്ഷപ്പെടുന്നില്ല

എല്ലാ പരിസ്ഥിതി ദിനത്തിലും വിതരണം ചെയ്യുന്ന വൃക്ഷത്തൈകളില്‍ എത്രയെണ്ണം ശരിയാംവണ്ണം നട്ടുപിടിപ്പിച്ചെന്നോ സംരക്ഷിച്ചെന്നോ പരിശോധിക്കാന്‍ സംവിധാനമില്ലാത്തത് മൂലം ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ ലക്ഷ്യം കാണാതെ പാഴാവുകയാണ് എന്നാണ് ഗ്രീന്‍വെയ്‌നിന്റെ ആരോപണം. എന്റെ മരം, നമ്മുടെ മരം, ഹരിതതീരം, വഴിയോര തണല്‍, ഹരിതകേരളം ഇങ്ങനെ നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും ഈ മരങ്ങളില്‍ പകുതിയും സംരക്ഷിക്കപ്പെടാറില്ല. ദേശീയ വന നയത്തിന്റെ ആദ്യഘട്ടം വഴിയോര തണല്‍ പദ്ധതിയായിരുന്നു. ചുമട്ടുതൊഴിലാളികളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും നടപ്പാക്കിയെന്ന് അവകാശപ്പെട്ട പദ്ധതിയില്‍ വച്ച മരങ്ങളൊന്നും വഴിയോരങ്ങളില്‍ കാണാനില്ല.

എന്റെ മരം, നമ്മുടെ മരം എന്നീ പദ്ധതികളിലൂടെ 52,69,000 തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യ്തിരുന്നു. ഇതില്‍ എത്ര ശതമാനം അതിജീവിച്ചുവെന്നതില്‍ വനംവകുപ്പിന് കൃത്യതയില്ല. ഹരിതതീരം പദ്ധതിയിലൂടെ 22,52,000 തൈകള്‍ കടലോരങ്ങളിലും നട്ടു. ഹരിതകേരളം പദ്ധതി പ്രകാരം പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു തൈ നട്ടത്. തൈകളുടെ പരിചരണം, പരിപാലനം എന്നീ പ്രവൃത്തികളുടെ ചുമതല തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായിരുന്നു. എന്നാല്‍ പരിസ്ഥിതി ദിനത്തില്‍ തൈ നട്ടതൊഴിച്ചാല്‍ തുടര്‍പരിചരണമൊന്നും ഉണ്ടായില്ല.

കേരളത്തില്‍ ഈ ദിവസം ചുരുങ്ങിയത് 8 ലക്ഷം മരങ്ങളുടെ അന്ത്യയാത്രാ ദിനമാണ് എന്നും സംവിദാനന്ദ് പറയുന്നു. അറുപത് ലക്ഷത്തിനുമേല്‍ മരങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതില്‍ പകുതിയോടടുത്ത് വളര്‍ച്ചയെത്താത്തതാണ്. വളര്‍ച്ചയെത്താത്ത മരങ്ങള്‍ നടുമ്പോള്‍ അതില്‍ നിന്നും എത്രയെണ്ണം അതിജീവിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളു. പരിസ്ഥിതി ദിനം കഴിഞ്ഞാല്‍ സ്‌കൂളുകളില്‍ നടുന്ന മരങ്ങളില്‍ പകുതിയും പിന്നാമ്പുറങ്ങളില്‍ നശിച്ചുകിടക്കുകയാണ് പതിവ്. പലപ്പോഴും തീര്‍ത്തും വിതരണത്തിനു ഉപയോഗിക്കാന്‍ പറ്റാതെ വൃക്ഷത്തൈകള്‍ ഉപേക്ഷിക്കുന്ന പതിവുമുണ്ട്. പരിസ്ഥിതിയെന്നാല്‍ മരം മാത്രമല്ല. ആഗോളതാപനത്തിന് മരമാണ് മറുപടി എന്നു പറയുമ്പോഴും മണ്ണില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് ചുറ്റുപാടും പ്‌ളാസ്റ്റിക് മാലിന്യം നിറഞ്ഞ് കിടന്നാലും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഗ്രീന്‍വെയിന്‍ ഓര്‍മ്മപ്പെടുത്തുന്നു.