സൗദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്തയാഴ്ച പ്രഖ്യാപിക്കും

നിതാഖാത്ത് നടപ്പാക്കിയ ശേഷവും തൊഴിലില്ലായ്മ നിരക്ക് 11.5 ശതമാനത്തില്‍ നില്‍ക്കുകയാണ്. പതിനഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സൗദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്തയാഴ്ച പ്രഖ്യാപിക്കും

ജിദ്ദ: മൊബൈല്‍ കടകളിലെ സൗദിവത്കരണം ശക്തമായി മുന്നോട്ടു നീങ്ങവേ, കൂടുതല്‍ മേഖലകളിലേക്ക് ലക്ഷ്യംവച്ച പരിഷ്‌കരിച്ച നിതാഖാത്ത് അടുത്തയാഴ്ച പ്രഖ്യാപിക്കും.


മൊബൈല്‍ ഫോണ്‍ മേഖലയിലെ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കണം നടപ്പാക്കുമെന്നും തൊഴില്‍- സാമൂഹിക വികസന മന്ത്രാലയ വകുപ്പ് അറിയിച്ചു.


ഇതിന്റെ ഭാഗമായി ഫാര്‍മസി മേഖലയില്‍ സൗദിവല്‍ക്കരണത്തിന് ഇതിനകം തുടക്കം കുറിച്ചു. സൗദി ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതിന് സ്വകാര്യ ഫാര്‍മസികളെ നിര്‍ബന്ധിക്കാന്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അനുമതി നല്‍കി. നിലവില്‍ ഈ മേഖലയില്‍ സൗദിവല്‍ക്കരണം പരിമിതമാണ്. സൗദിവല്‍ക്കരണത്തിന് അനുയോജ്യമായ പ്രധാനപ്പെട്ട മേഖലയാണ് ഫാര്‍മസി മേഖല. ഇതെല്ലാം കണക്കിലെടുത്താണ് സൗദിവല്‍ക്കരണത്തിന് സ്വകാര്യ ഫാര്‍മസികളെ നിര്‍ബന്ധിക്കുന്നതിന് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അനുമതി നല്‍കിയത്.കോണ്‍ട്രാക്ടിംഗ് മേഖല അടക്കം ഒരു മേഖലയെയും നിതാഖാത്തില്‍നിന്ന് ഒഴിവാക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി പറഞ്ഞു. എന്നാല്‍ ചില മേഖലകള്‍ക്ക് കുറഞ്ഞ തോതിലുള്ള സൗദിവല്‍ക്കരണമാണ് ബാധകമാക്കുക. ചില്ലറ വ്യാപാര മേഖലക്ക് കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സാധിക്കും. എന്നാല്‍ കരാര്‍ മേഖലക്ക് കൂടുതല്‍ സൗദികളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കടകളിലെ സമ്പൂര്‍ണ സൗദിവല്‍ക്കരണ തീരുമാനം തുടക്കം മാത്രമാണെന്നും കൂടുതല്‍ മേഖലകളില്‍ വൈകാതെ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുമെന്നും മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അദ്‌നാന്‍ അല്‍നഈം പറഞ്ഞു.

സൗദി പൗരന്മാരുടെ തൊഴില്‍ അവസ്ഥയുമായി ബന്ധപ്പെടുത്തി പരിഷ്‌കരിച്ച നിതാഖാത്ത് തൊഴില്‍, സാമൂഹിക മന്ത്രാലയം അടുത്തയാഴ്ച പ്രഖ്യാപിക്കും. സൗദികളുടെ ശരാശരി വേതനം, വനിതാ പങ്കാളിത്തം, സൗദികളുടെ തൊഴില്‍ സ്ഥിരത തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലെ സൗദിവല്‍ക്കരണ അനുപാതം കണക്കാക്കുന്ന രീതിയാണ് പരിഷ്‌കരിച്ച നിതാഖാത്തില്‍ നടപ്പാക്കുക. വ്യാജ സൗദിവല്‍ക്കരണം ഇല്ലാതാക്കാന്‍ ഇത് സഹായകമാകും.

സൗദി ജീവനക്കാരുടെ എണ്ണം മാത്രമല്ല, വേതനം, സ്ഥാപനത്തിലെ സേവന കാലം, തൊഴില്‍ ഇനം എന്നിവയെല്ലാം സ്ഥാപനങ്ങളുടെ സൗദിവല്‍ക്കരണ അനുപാതം കണക്കാക്കുന്നതിനെ സ്വാധീനിക്കും.

സ്വകാര്യ മേഖലയില്‍ 17 ലക്ഷം സൗദികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 4,77,000 പേര്‍ വനിതകളാണ്. തൊഴില്‍ ശേഷിയിലെ വനിതാ പങ്കാളിത്തത്തില്‍ താന്‍ സംതൃപ്തനല്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി പറഞ്ഞു. സൗദിയിലെ ആകെ തൊഴിലില്ലായ്മ 11.5 ശതമാനമാണ്. എന്നാല്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34 ശതമാനമാണ്. കൂടുതല്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നുണ്ട്.

നിതാഖാത്ത് നടപ്പാക്കിയ ശേഷവും തൊഴിലില്ലായ്മ നിരക്ക് 11.5 ശതമാനത്തില്‍ നില്‍ക്കുകയാണ്. പതിനഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ആകെ 40,000 സൗദികള്‍ക്കു മാത്രമാണ് തൊഴില്‍ ലഭിച്ചത്. ഇതിനു മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം.


Story by