മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ അയച്ചാല്‍ 50000 രൂപ പിഴ

നാട്ടു കൂട്ടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റ് സ്‌കൂളില്‍ ചേര്‍ത്ത കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇവിടെയെത്തിച്ചു. ഇത്തരത്തില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കാനുള്ള ശ്രമം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ സഹകരണത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള ആലോചനയിലാണ് നാട്ടുസഭ

മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍  അയച്ചാല്‍ 50000 രൂപ പിഴ

ബേക്കല്‍: കാസര്‍ഗോഡ് ജില്ലയിലെ ബേക്കലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ നിലനിര്‍ത്താര്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍. ബേക്കലിലെ സര്‍ക്കാര്‍ ഫിഷറീസ് എല്‍ പി സ്‌കൂള്‍ സംരക്ഷിക്കാനാണ് നാട്ടുകൂട്ടം ഇടപെടല്‍ നടത്തിയത്. മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിടുന്ന രക്ഷിതാക്കളില്‍ നിന്ന് 50000 രൂപ പിഴയായി ഈടാക്കാനാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം. കുട്ടികള്‍ ആരും എത്താത്തതിനാല്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണ് ഈ സ്‌കൂള്‍.


ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നപ്പോള്‍ ഒന്നാം ക്ലാസില്‍ ആരും പ്രവേശനത്തിന് എത്തിയിരുന്നില്ല. ക്ലാസ് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒന്‍പത് വിദ്യാര്‍ത്ഥികള്‍ പുതുതായി വന്ന് ചേര്‍ന്നു. രണ്ടാം ക്ലാസിലേക്ക് രണ്ട് കുട്ടികളുമാണ് അധികമായി വന്ന് ചേര്‍ന്നത്.നാല് അധ്യാപകരാണ് സ്‌കൂളിലുള്ളത്. കുട്ടികള്‍ കുറവായതിനാല്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂള്‍ സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്. ഇംഗ്ലീഷ് മീഡിയത്തില്‍ മക്കളെ ചേര്‍ന്ന രക്ഷിതാക്കളില്‍ നിന്ന് 50000 രൂപ പിഴ ഈടാക്കാന്‍ നാട്ടുകൂട്ടമാണ് തീരുമാനം എടുത്തത്. നാട്ടുസഭയുടെ തിരുമാനം നോട്ടീസ് വിതരണം ചെയ്ത്  പ്രചരിപ്പിക്കുകയും ചെയ്തു. പുതുതായി സ്‌കൂളിലയക്കുന്ന കുട്ടികളെ ഗവ.ഫിഷറിസ് സ്‌കൂളില്‍ ചേര്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ വീടുകള്‍തോറും കയറിയിറങ്ങി നിര്‍ദേശിക്കുകയും ചെയ്തു. ഇത് അനുസരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പിഴ ചുമത്താനും നിശ്ചയിച്ചു.

തീരപ്രദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 70 വര്‍ഷങ്ങള്‍ മുന്‍പാണ് സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂള്‍ ആരംഭിച്ചത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി ഇപ്പാള്‍ ആകെയുള്ളത് 53 കുട്ടികള്‍ മാത്രമാണ്. ഇവര്‍ക്ക് നാല് അധ്യാപകരും. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത് 15 കുട്ടികളായിരുന്നു. അതിന് മുമ്പത്തെ വര്‍ഷം ഒമ്പതും. അഞ്ച് വര്‍ഷത്തോളമായി ഈ സ്ഥിതി തുടരുകയാണ്. സാമ്പത്തിക ശേഷിയുള്ള തീരവാസികള്‍ മക്കളെ കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലയക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിലാണ് നാട്ടുസഭയുടെ ഇടപെടലുണ്ടായത്.

നാട്ടു കൂട്ടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റ് സ്‌കൂളില്‍ ചേര്‍ത്ത കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇവിടെയെത്തിച്ചു. ഇത്തരത്തില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കാനുള്ള ശ്രമം നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.  രക്ഷിതാക്കളുടെ സഹകരണത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള ആലോചനയിലാണ് നാട്ടുസഭ. പിഴയായി സ്വരൂപിക്കുന്ന തുക സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാനാണ് തിരുമാനം.

വിദ്യാര്‍ത്ഥികള്‍ ഇല്ലെന്ന കാരണം പറഞ്ഞ സംസ്ഥാനത്തിന്റെ പല ജില്ലകളിലുള്ള സ്‌കൂളുകള്‍ അടച്ചു പൂട്ടുമ്പോഴാണ് ബേക്കലില്‍ നാട്ടുകാര്‍ തന്നെ സ്‌കൂളിന് പുതു ജീവന്‍ നല്‍കുന്നത്.

Read More >>