നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തടവിലുള്ള പ്രതിയ്ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ 25 ലക്ഷം നല്‍കാമെന്ന് ജഡ്ജിക്ക് വാഗ്ദാനം; വാഗ്ദാനത്തെ തുടര്‍ന്ന് ജഡ്ജി പിന്‍മാറി

ജസ്റ്റീസിന്റെ കോഴ വാഗ്ദാന വെളിപ്പെടുത്തല്‍ സംസ്ഥാന ഭരണ- നീതി നിര്‍വ്വഹണ സംവിധാനത്തെയൊന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ കൊഫെപോസ പ്രകാരം ചുമത്തിയ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായാല്‍ 25 ലക്ഷം നല്‍കാമെന്നായിരുന്നു ജസ്റ്റിസ് കെ.ടി. ശങ്കരന് ലഭിച്ച വാഗ്ദാനം.

നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തടവിലുള്ള പ്രതിയ്ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ 25 ലക്ഷം നല്‍കാമെന്ന് ജഡ്ജിക്ക് വാഗ്ദാനം; വാഗ്ദാനത്തെ തുടര്‍ന്ന് ജഡ്ജി പിന്‍മാറി

നെടുമ്പാശേരിയിലെ ശതകോടികളുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊഫെപോസ കേസില്‍ തനിക്കും കൈക്കൂലി വാഗ്ദാനം ലഭിച്ചെന്നു ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ വെളിപ്പെടുത്തല്‍. സംഭവത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് എ. ഹരിപ്രസാദും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. കേസ് ഇനി മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക.

ജസ്റ്റീസിന്റെ കോഴ വാഗ്ദാന വെളിപ്പെടുത്തല്‍ സംസ്ഥാന ഭരണ- നീതി നിര്‍വ്വഹണ സംവിധാനത്തെയൊന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ കൊഫെപോസ പ്രകാരം ചുമത്തിയ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായാല്‍ 25 ലക്ഷം നല്‍കാമെന്നായിരുന്നു ജസ്റ്റിസ് കെ.ടി. ശങ്കരന് ലഭിച്ച വാഗ്ദാനം. കരുതല്‍ തടങ്കല്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനെടുത്ത ഉടന്‍ തന്നെയാണ് ന്യായാധിപന്‍ വെളിപ്പെടുത്തല്‍ നടത്തിയതും.


കേസിലെ പ്രതികളിലൊരാളായ യാസിറിനുവേണ്ടിയാണ് കോഴ വാഗ്ദാനം ലഭിച്ചതെന്നും ജസ്റ്റീസ് സൂചിപ്പിച്ചു. അനുകൂല വിധിയുണ്ടായാല്‍ ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ നല്‍കാമെന്നും വേണമെങ്കില്‍ ബ്ലാങ്ക് ചെക്ക് നല്‍കാമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു. ഫോണ്‍ സംഭാഷണം അവിടെ അവസാനിച്ചു. പക്ഷേ തുടര്‍ന്ന് ഹര്‍ജികള്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ശങ്കരന്‍ വ്യക്തമാക്കുകയായിരുന്നു. കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമായ സാഹചര്യത്തില്‍ പിന്മാറുന്നുവെന്ന് ഉത്തരവില്‍ എഴുതി അദ്ദേഹം ഹര്‍ജികള്‍ തുടര്‍ന്ന് പരിഗണിക്കുന്നതില്‍നിന്ന് ഒഴിവാകുകയായിരുന്നു.

കൊച്ചി രാജ്യാന്തരവിമാനത്താവളം വഴി കോടിക്കണക്കിനു രൂപ വിലവരുന്ന 2000 കിലോയോളം സ്വര്‍ണം മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്തു സംഘത്തിനുവേണ്ടി രണ്ടുവര്‍ഷത്തിനിടെ കടത്തിയ വന്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ഒന്‍പതു പ്രതികള്‍ക്കെതിരേ കൊഫെപോസ ചുമത്തിയിരിക്കുന്നത്. വിമാനത്തില്‍നിന്നു വിമാനത്താവള ടെര്‍മിനലിലേക്കു യാത്രക്കാരെ കൊണ്ടുപോകുന്ന ബസിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച 12 കിലോ സ്വര്‍ണം കഴിഞ്ഞവര്‍ഷം മേയില്‍ കസ്റ്റംസിന്റെ പിടിയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണ്ണ കള്ളക്കടത്തിന്റെ വിവരങ്ങള്‍ ലോകമറിഞ്ഞത്.

വിമാനത്താവള ജീവനക്കാര്‍, മുന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണയോടെ നടത്തിയ കള്ളക്കടത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ പി.എ. നൗഷാദ് ആണു മുഖ്യപ്രതി. പി.എ. ഫൈസല്‍, എം.എം. സലീം, കെ.ബി. ഫസീല്‍, യാസിര്‍ ഇബ്നു മുഹമ്മദ്, എം.എസ്. സയ്ഫുദീന്‍, ജബീന്‍ കെ. ബഷീര്‍, ബിബിന്‍ സ്‌കറി, ഷിനോയ് മോഹന്‍ദാസ് എന്നിവര്‍ പ്രതികളുമാണ്. ഇവരില്‍ ഇനിയും പിടികിട്ടാനുള്ള ഫൈസല്‍ ഒഴിച്ചുള്ളവര്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാണ്. ഡല്‍ഹി ആസ്ഥാനമായ കേന്ദ്ര എക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ ഒന്‍പതുപേര്‍ക്കുമെതിരേ തടങ്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ചേര്‍ന്ന കൊഫെപോസ ഉപദേശക ബോര്‍ഡ് എട്ടുപേരുടേയും കരുതല്‍ തടങ്കല്‍ ശരിവച്ച് ഉത്തരവുമിറക്കിയിരുന്നു.