പാലക്കാട്ട് സിപിഐഎമ്മിന് ശക്തിയില്ല; കിട്ടേണ്ട വോട്ട് കിട്ടിയിട്ടുണ്ടെന്നും തോൽവി മുൻകൂട്ടി അറിഞ്ഞിരുന്നു എന്നും എൻഎൻ കൃഷ്ണദാസ്

മൂന്നാം സ്ഥാനത്തേക്ക് എത്താനുള്ള വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയത്. അതു കൊണ്ടാണ് മൂന്നാം സ്ഥാനത്തായത്. പിന്നെ പാലക്കാട് ഞാനല്ല മൂന്നാമത് പോയത്, സിപിഐഎമ്മാണ്. അത് സിപിഐഎം പരിശോധിക്കും.

പാലക്കാട്ട് സിപിഐഎമ്മിന് ശക്തിയില്ല; കിട്ടേണ്ട വോട്ട് കിട്ടിയിട്ടുണ്ടെന്നും തോൽവി മുൻകൂട്ടി അറിഞ്ഞിരുന്നു എന്നും എൻഎൻ കൃഷ്ണദാസ്

പാലക്കാട്:  സംസ്ഥാനത്ത് ഇടത് തരംഗം വീശിയപ്പോഴും പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിന് സംഭവിച്ച തെറ്റ് ഇത്തവണ തിരുത്തുമെന്നു  പറഞ്ഞാണ് ഇടതുമുന്നണി സിപിഐഎമ്മിന്റെ ശക്തനായ നേതാവ് എന്‍ എന്‍ ക്യഷ്ണദാസിനെ രംഗത്തിറക്കിയത്. നാലു തവണ പാലക്കാട് നിന്ന്  പാര്‍ലിമെന്റിലേക്ക് വിജയിച്ച എന്‍ എന്‍ ക്യഷ്ണദാസ് തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍  രണ്ടാം സ്ഥാനം മൂന്നിലേക്ക് താഴ്ത്തി. കഴിഞ്ഞ തവണത്തെക്കാള്‍ 7.6 ശതമാനം വോട്ട് കുറഞ്ഞു. 35.81 ശതമാനം 28.20 ശതമാനമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്തിയില്ല. പാലക്കാട് ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ജയിക്കാന്‍ പോകുന്നുവെന്ന പ്രതീതി ഉയര്‍ത്തി വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ രണ്ടാമതും പാലക്കാട് നിന്ന്  വിജയിച്ചത്. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ എന്‍ ക്യഷ്ണദാസ് നാരദ ന്യൂസിനോട് സംസാരിക്കുന്നു.


ഇടതു മുന്നണിക്കു ശക്തമായ അടിവേരുണ്ടായിട്ടും പാലക്കാട്ട് മൂന്നാം സ്ഥാനത്തേക്കു പോകാനുള്ള കാരണം?

മൂന്നാം സ്ഥാനത്തേക്ക് എത്താനുള്ള വോട്ടു മാത്രമാണ് പാര്‍ട്ടിക്കു കിട്ടിയത്. അതു കൊണ്ടാണ് മൂന്നാം സ്ഥാനത്തായത്. പിന്നെ പാലക്കാട് ഞാനല്ല മൂന്നാമതു പോയത്, സിപിഐഎമ്മാണ്.  അത് സിപിഐഎം പരിശോധിക്കും. പരിശോധിക്കുന്നുണ്ട്.

പാലക്കാട് എല്‍. ഡി. എഫിന്റെ ശക്തി കേന്ദ്രമായിരുന്നില്ലെ?


ഒരിക്കലുമല്ല. പാലക്കാട് പുതിയ മണ്ഡലമായതിനു ശേഷം എല്‍ ഡി എഫ് ജയിച്ചിട്ടില്ല.

എല്‍. ഡി .എഫിന്റെ വോട്ട്   മറ്റേതെങ്കിലും പാര്‍ട്ടിക്ക് ചോര്‍ന്നിട്ടുണ്ടോ?

എല്‍ ഡി എഫിന് അത്ര വോട്ടേ പാലക്കാടുള്ളു. അത് കിട്ടിയിട്ടുണ്ട്. ഇനി പ്രവര്‍ത്തിച്ചു വോട്ട്    വര്‍ദ്ധിപ്പിക്കണം. കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങി ചെല്ലണം. അടിത്തറ ശക്തിപ്പെടുത്തി വോട്ട്    വര്‍ദ്ധിപ്പിക്കണം.

പാര്‍ട്ടിക്കുള്ളിലെ എന്തെങ്കിലും പ്രശ്നങ്ങളോ വിഭാഗീയതയോ വോട്ടു കുറയാന്‍ കാരണമായിട്ടുണ്ടോ?


അങ്ങിനെയെങ്കില്‍ അവര്‍ ( പാര്‍ട്ടി ) പ്രവര്‍ത്തനത്തിന് വരില്ലല്ലോ. പാര്‍ട്ടിയാണല്ലോ പ്രവര്‍ത്തനം നടത്തിയത്. നമ്മുടെ കയ്യിലെ പൈസ കൊണ്ടൊന്നും അല്ലല്ലോ. അങ്ങിനെയുണ്ടെങ്കില്‍ ഈ വോട്ട്    എങ്ങിനെ കിട്ടും? എല്‍ ഡി എഫ് ജയിക്കണമെന്നാഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കുറവായിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ നിശ്ചയിക്കുന്നതല്ലേ, ജനാധിപത്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിനായിരുന്നല്ലോ ഭൂരിപക്ഷം.  പാലക്കാട് എല്‍ ഡി എഫിന് അടിത്തറയില്ലെങ്കില്‍ അതെങ്ങനെ സംഭവിച്ചു?


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്  കോണ്‍ഗ്രസ് ആയിരുന്നില്ല. കോണ്‍ഗ്രസിനോടു ആഭിമുഖ്യമുള്ള പലരും കോണ്‍ഗ്രസിനു വോട്ട് ചെയ്തില്ല. അതു കൊണ്ടാണ് എല്‍ ഡി എഫിനു ഭൂരിപക്ഷം കിട്ടിയത്.

പാലക്കാട്-  മലമ്പുഴ മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടു  ശതമാനം ഇടതു മുന്നണിക്ക് കുറഞ്ഞില്ലേ?


മലമ്പുഴയില്‍ യു ഡി എഫിന്റെ വോട്ടാണു കുറഞ്ഞത്. ഇടതു മുന്നണിക്ക് കുറഞ്ഞിട്ടില്ല. പക്ഷെ പാലക്കാട് പാര്‍ട്ടിക്കു വോട്ടു ശതമാനത്തില്‍ കുറവു വന്നിട്ടുണ്ട്.

പാലക്കാട് ജയിക്കില്ല എന്നു കരുതി തന്നെയാണോ മത്സരിച്ചത്?

പാലക്കാട് എല്ലാ വിധത്തിലും പിന്നിലായിരുന്നു. ഞങ്ങളുടെ കണക്കിലും വിവിധ സര്‍വേകളിലും യു ഡി എഫ് ജയിക്കുമെന്നാണ് വന്നിരുന്നത്. ജയപ്രതീക്ഷ ഇല്ലായിരുന്നു.

മൂന്നാം സ്ഥാനമാണോ പ്രതീക്ഷിച്ചിരുന്നത്?


ഒരിക്കലുമല്ല. രണ്ടാമത് എത്തുമെന്നാണ് കരുതിയത്. ബി ജെ പി ക്ക് 38000 വോട്ടുകള്‍ കിട്ടുമെന്നായിരുന്നു പാര്‍ട്ടി കണക്ക്. അത് രണ്ടായിരത്തോളം വോട്ട് വര്‍ദ്ധിച്ചു. പാര്‍ട്ടിക്കു കുറയുകയും ചെയ്തു. ആ വ്യത്യാസത്തിലാണ് പാര്‍ട്ടി മൂന്നാമതെത്തിയത്. 40000 വോട്ടാണ് പ്രതീക്ഷിച്ചിരുന്നത്.

മറ്റിടത്തെല്ലാം ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇടതു മുന്നണിക്ക് കിട്ടിയപ്പോള്‍ പാലക്കാട് കിട്ടാതെവന്നോ?

ന്യൂനപക്ഷങ്ങളുടെ വോട്ട്  എന്നും യു ഡി എഫിനാണ്. ന്യൂനപക്ഷത്തിന്റെ വലിയൊരു വിഭാഗം വോട്ട് കോണ്‍ഗ്രസിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയമായി കോണ്‍ഗ്രസിനോടാണു ന്യൂനപക്ഷങ്ങള്‍ക്ക് ആഭിമുഖ്യം.

സ്ഥാനാര്‍ത്ഥി മികവ്  വോട്ടിംഗിനെ ബാധിക്കുമോ?

ഒരിക്കലുമില്ല. അതാത് മുണികള്‍ക്കു കിട്ടുന്ന വോട്ട് അതാത് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടും. പാലക്കാട് എം എല്‍ എയെ ഷാഫിയെ വിലയിരുത്താനൊന്നും എനിക്ക് നേരമില്ല.

ഇടതുപക്ഷം മാത്രം ജയിച്ചു വന്നിരുന്ന തൃത്താലയില്‍ കഴിഞ്ഞ തവണയും ഇത്തവണയും കോണ്‍ഗ്രസിലെ വിടി ബല്‍റാം വിജയിച്ചത് സ്ഥാനാര്‍ത്ഥി മികവല്ലേ?

അക്കാര്യം അറിയില്ല. പാലക്കാട് തോറ്റതും മൂന്നാം സ്ഥാനത്തു പോയ കാര്യവും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.

Story by
Read More >>