കാന്തപുരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്

പ്രമുഖ ലീഗ് നേതാക്കളൊന്നും കാന്തപുരം വിഭാഗത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് ഇ.കെ. വിഭാഗത്തിന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പലപ്പോഴും രഹസ്യമായും പരസ്യമായും ചിലനേതാക്കള്‍ എ പി വിഭാഗവുമായി അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം ബന്ധങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.

കാന്തപുരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്

കോഴിക്കോട്: എപി സുന്നി വിഭാഗത്തിനെതിരെ കൂടുതല്‍ കടുത്ത നിലപാടുകളുമായി മുസ്ലിം ലീഗ്. നിയമ സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പിക്കു അനുകൂലമായി വോട്ടു ചെയ്തെന്ന ആരോപണവും  മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തെത്തിയതും   ഇ.കെ വിഭാഗം സുന്നികളുടെ എതിര്‍പ്പുമാണ് ലീഗിന്റെ നിലവിലെ  മനംമാറ്റത്തിനു കാരണം. നേരത്തെ ഇ.കെ. വിഭാഗം സമസ്തയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ എ.പി. വിഭാഗവുമായി അടുത്ത ബന്ധം പുര്‍ത്തിയിരുന്ന ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇ.ടി. മുഹമ്മദ് ബഷീറിനുമൊക്കൊ ഏകാഭിപ്രായമാണ്.

അതിനു പുറമെ ദിവസങ്ങള്‍ക്കു മുന്‍പ് കാന്തപുരം വിഭാഗത്തിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കി ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് ചന്ദ്രികയില്‍ ലേഖനവും എഴുതിയിരുന്നു.

എന്നാല്‍, മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് അനുകൂലമായ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നാണ് കാന്തപുരം വിഭാഗം  പറയുന്നു. മുസ്ലിംലീഗിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇതിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കുമെന്നുമാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം.

സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന എ.പി. വിഭാഗം എല്ലാകാലവും മുസ്ലീംലീഗിലെ ചില നേതാക്കളെ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്തുണ വെറും വിലപേശല്‍ തന്ത്രമായി മാത്രം ഉപയോഗപ്പെടുത്തുന്നതിനപ്പുറം കാന്തപുരം വിഭാഗത്തെകൊണ്ട് യാതൊരു പ്രയോജനമില്ലെന്നും ലീഗ് നേതൃത്വം വിലയിരുത്തി. അതോടൊപ്പം കാന്തപുരം വിഭാഗത്തെ സഹായിക്കുന്നതിലൂടെ എന്നും ലീഗിനൊപ്പം നില്‍ക്കുന്ന   ഇ.കെ. വിഭാഗം സമസ്തയിലെ പടലപ്പിണക്കങ്ങളും വോട്ട്‌ചോര്‍ച്ചകളും കണക്കുകൂട്ടിയാണു പാര്‍ട്ടി ശക്തമായ നിലപാടുമായി മുന്നോട്ടു വന്നത്.

പ്രമുഖ ലീഗ് നേതാക്കളൊന്നും കാന്തപുരം വിഭാഗത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് ഇ.കെ. വിഭാഗത്തിന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പലപ്പോഴും രഹസ്യമായും പരസ്യമായും ചിലനേതാക്കള്‍ എ പി വിഭാഗവുമായി  അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം ബന്ധങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലും തിരൂര്‍ മേഖലയിലും ഇ.കെ. സമസ്തയിലെ ഒരുവിഭാഗം സിപിഐഎമ്മുമായി അടുക്കാന്‍ ശ്രമിച്ചതും  എ.പി. വിഭാഗത്തെ എതിര്‍ക്കാന്‍ മറ്റൊരുകാരണമായി. സമസ്തയെ എതിര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാത്തതും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള സിപിഐഎമ്മിന്റെ ശക്തമായ നിലപാടുകളുമാണ് ഇ.കെ. വിഭാഗത്തിലെ ഹമീദ് ഫൈസി അമ്പലക്കടവിനേയും മറ്റു യുവനേതൃനിരയേയും മാറിചിന്തിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടു ഹമീദ് ഫൈസി പരസ്യ പ്രസ്താവനകള്‍ വരെ നടത്തിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭസഭയിലെ മൂന്ന് വാര്‍ഡുകളിലെ ഇ.കെ. വിഭാഗം ഭാരവാഹികള്‍ എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ നീക്കം നടന്നെങ്കിലും അവസാനഘട്ടം സമസ്തയിലേയും ലീഗിലേയും പ്രമുഖ നേതാക്കള്‍ ഇടപെട്ടു സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കുകയായിരുന്നു.

എ പി വിഭാഗത്തോട് ഇനിയും മൃദു സമീപനം സ്വീകരിച്ചാല്‍  അത് ലീഗിനെ ദോഷകരമാകമായി ബാധിക്കുമെന്നു സമസ്തയിലെ പ്രമുഖ നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളോടൊപ്പം തന്നെ മഞ്ചേശ്വരത്തെയും മണ്ണാര്‍ക്കാട്ടേയും വിഷയങ്ങളും ലീഗിനെ പ്രകോപിപ്പിക്കാന്‍ ഇടയാക്കി.

ഈ വിഷയങ്ങള്‍  ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്നത്. ഈ യോഗത്തിലെ തീരുമാന പ്രകാരമാണു ലീഗ് മുഖപത്രത്തിലും ഇ.കെ. സമസ്തയുടെ മുഖപത്രത്തിലും കാന്തപുരം വിഭാഗത്തിനെതിരെ ലേഖനം വന്നതും.

Story by
Read More >>