മുഹമ്മദലി; കായിക ലോകത്തെ രാഷ്ട്രീയ വിപ്ലവകാരി

കായിക രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ നിരവധി പ്രശസ്തരുണ്ട്. എന്നാൽ അവരിൽ പലരും ഭരണകൂടങ്ങളോടും വ്യവസ്ഥിതിയുമോടൊത്താണ് നടന്നത്. എന്നാൽ വ്യവസ്ഥിതിയോടും ഭരണകൂടത്തോടും കലഹിച്ച അപൂർവ്വം ചിലരിരൊരാളാണ് മുഹമ്മദലി. ഇടിക്കൂട്ടിൽ നിന്നുണ്ടാക്കിയ പെരും പെരുമയും മനുഷ്യസ്‌നേഹത്തിലേക്ക് തിരിച്ച് വിട്ട ഇദ്ദേഹം ജീവിതം കൊണ്ട് അടിവരയിടുന്നതും താനൊരു മഹാൻ തന്നെയെന്നതാണ്.

മുഹമ്മദലി; കായിക ലോകത്തെ രാഷ്ട്രീയ വിപ്ലവകാരി

ഉല്ലാസ് ദസ്തകർ

ഏപ്രിൽ 28, 1967 . അമേരിക്ക വിയറ്റ്‌നാമിനെതിരെ യുദ്ധത്തിലേർപ്പെട്ട കാലം. ചെറുപ്പക്കാർക്ക് സൈനിക സേവനം നിർബന്ധമായ രാജ്യമാണ് അമേരിക്ക. പട്ടാള റിക്ക്രൂട്ട്‌മെന്റെ് ക്യാമ്പിൽ തന്റെ പേര് വിളിച്ചപ്പോൾ മുന്നോട്ട് വരാതിരുന്ന മുഹമ്മദിയെന്ന ബോക്‌സർ രാഷ്ട്രീയ കായിക രംഗത്ത് ചർച്ചയായി. തന്റെ വിശ്വാസം തന്നെ യുദ്ധം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ മുഹമ്മദലി പിന്നീട് വിവേചനത്തിനും അനീതിക്കുമെതിരെയുള്ള പോരാട്ടത്തിലേക്ക് എത്തപ്പെടുകയായിരുന്നു.


'എന്റെ മന:സ്സാക്ഷി എന്റെ സഹോദരങ്ങളേയോ കൂടുതൽ കറുത്തവരായവരേയോ, പാവങ്ങളേയോ, വിശക്കുന്നവരേയോ, വലിയ ശക്തരായ അമേരിക്കക്ക് വേണ്ടി വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്നില്ല. ഞാൻ എന്തിനു വേണ്ടി അവരെ വെടിവെച്ചു വീഴ്ത്തണം? അവരെന്നെ നീഗ്രോ എന്നു വിളിച്ചിട്ടില്ല, എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല' അലിയുടെ ന്യായം അതായിരുന്നു. തിരിച്ചടി രണ്ടു ദിവസത്തിനുള്ളിൽ കിട്ടി. താൻ നേടിയ ചാമ്പ്യൻ പട്ടങ്ങളെല്ലാം നഷ്ടപ്പെട്ടു. 5 വർഷത്തെ തടവും 10,000 ഡോളർ പിഴയും. അപ്പീലിന്മേൽ സ്വതന്ത്രനാക്കപ്പെട്ട മുഹമ്മദലി ക്യാമ്പസ്സുകളിലേക്ക് നീങ്ങി. ചൂടു പിടിച്ച സംവാദങ്ങൾ. രണ്ടു പക്ഷത്തുമായി വിദ്യാർത്ഥികളും സമൂഹവും നിലയുറപ്പിച്ചു.

'എന്റെ ശത്രുക്കൾ വെള്ളക്കാർ തന്നെയാണ്, ജപ്പാനികളോ, വിയന്റാമികളോ അല്ല. എന്റെ സ്വാതന്ത്യത്തിന് നിങ്ങളെതിരാണ്. എന്റെ നീതിക്ക് നിങ്ങളെതിരാണ്. എന്റെ സമത്വത്തിന് നിങ്ങളെതിരാണ്. എന്റെ വിശ്വാസങ്ങൾക്ക് വേണ്ടി ഇവിടെ അമേരിക്കയിൽ നിങ്ങൾക്ക് നില കൊള്ളാനാവുന്നില്ല. ഞാൻ എവിടെയെങ്കിലും പോയി മെഡൽ വാങ്ങണമെന്ന് നിങ്ങളാഗ്രഹിക്കുന്നു, എന്നാലിവിടെ അമേരിക്കയിൽ എന്റെ കൂടെ നിൽക്കാൻ നിങ്ങൾക്കാവുന്നില്ല'. തന്നെ എതിർക്കുന്നവരോട് അദ്ദേഹം വിളിച്ചു പറഞ്ഞു. ലോകമെങ്ങും അദ്ദേഹത്തിന് ആരാധകരുണ്ടായി. ഇങ്ങ് കൊച്ചു കേരളത്തിലടക്കം. 'The Greatest' എന്ന് സ്വയം വിശേഷിപ്പികയും ശിഷ്ടകാലം അതിനനുപൂരകമായി ജീവിക്കുകയും ചെയ്ത മഹാൻ.

ലോകം അറിയപ്പെടുന്ന ബോക്‌സർ എന്നതിലുപരി മഹാനായ മനുഷ്യസ്‌നേഹിയും കൂടിയായിരുന്നു മുഹമ്മദ് അലി. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ രാഷ്ട്രിയത്തിൽ നിറഞ്ഞു നിന്ന അദ്ദേഹം അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാ ട്രമ്പിന്റെ ഇസ്ലാം മതവിശ്വാസികളെ അമേരിക്കയിൽ കയറാൻ അനുവദിക്കില്ല എന്ന പ്രസ്താവനക്കെതിരെ രംഗത്ത് വന്നു.

1942 ജനുവരി 17 നു അമേരിക്കൻ പട്ടണമായ കെന്റിക്കിയിലെ ലൂസ്വെല്ലിൽ കാഷ്യസ് മാർസെയിലസ് ക്ലേ സീനിയറിന്റേയും ഒഡേറ്റ ലീ ഗ്രാഡിയുടേയും പത്രനായി ജനിച്ചു, ക്ലേ കാഷ്യസ് മാർസിലസ് എന്ന മുഹമ്മദാലി. ഒരു പെയിന്ററായിരുന്ന പിതാവ് വാങ്ങിത്തന്ന തന്റെ പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയതിനെതുടർന്ന് പരാതി പറയാനെത്തിയത് പോലീസുകാരനായ ജോ മാർട്ടിന്റെ അടുത്ത്. അദ്ദേഹമാണ് ഇന്ന് ലോകപ്രശസ്തനായ ഈ ബോക്‌സറുടെ ബോക്‌സിഗിലെ കഴിവ് കണ്ടെത്തിയത്. 12ആം വയസ്സിൽ ബോക്‌സിങ്ങിലേക്ക് കടന്ന അദ്ദേഹം അമേച്വർ അത്‌ലറ്റിക് യൂണിയന്റെ ലൈറ്റ്, ഹെവിവെയിറ്റ് ചാമ്പ്യൻഷിപ്പ്, ദേശിയ ഗോൾഡൻ ഗ്ലൗസ് ഹെവി വെയിറ്റ് പട്ടം എന്നിവ സ്വന്തമാക്കി. 1960 ലെ റോം ഒളിമ്പിക്‌സിൽ ലൈറ്റ് ഹെവി വെയിറ്റ് വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ശേഷം ബോക്‌സിംഗ് തന്റെ തൊഴിലായി തീരുമാനിക്കുകയായിരുന്നു. സ്വന്തം കഴിവികളെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന് 'ലൂസ്വെൽ ലിപ്' എന്ന കളിപ്പേര് ചാർത്തപ്പെട്ടിരുന്നു.

മിയാമിയിലേക്ക് താമസം മാറിയ അദ്ദേഹം ആൽജലോ ഡ്യുൻഡിയുടെ പരിശീലനത്തിൻ കീഴിൽ പ്രോഫഷണൽ ബോക്‌സിങ്ങിലേക്ക് ചുവടു മാറി. പ്രശസ്തിക്കൊപ്പം വർണ്ണ വിവേചനത്തിനെതിരായ പോരാട്ടവും അലി തുടർന്നു. കറുത്തവർഗ്ഗക്കാരനായത് കൊണ്ട് ഒരു റെസ്‌റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിമ്പിക് സ്വർണ്ണമെഡൽ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചു.

അതേ വർഷം തന്നെ ട്യനെ ഹസ്‌കറെ (Tunney Husaker) ആറു റൗണ്ട് നീണ്ട മത്സരത്തിൽ തോല്പിച്ച് പ്രൊഫഷണൻ ബോക്‌സിങ്ങിൽ അരങ്ങേറ്റം കുറിച്ചു. ഏജന്റുമാരിൽ നിന്നും പ്രമോട്ടേഴ്‌സിൽ നിന്നും അകന്ന ആഷസ് ക്ലേ 'നേഷൻ ഓഫ് ഇസ്ലാം' എന്ന സംഘടനിയിലേക്കെത്തപ്പെട്ടു. മാൽക്കം എക്‌സ് എന്ന നേതാവിന്റെ സ്വാധീനത്തെ തുടർന്ന് ഇസ്ലാം മതം സ്വീകരിച്ചെങ്കിലും രഹസ്യമായി വെച്ചു, തന്റെ പ്രോഫഷണൽ ജീവിതവുമായി കെട്ടുപിണയാതിരിക്കാനായി. തൊട്ടടുത്ത വർഷമാണ് ഹെവി വെയിറ്റ് ചാമ്പ്യനായ സോണി ലിസ്റ്റൺ അദ്ദേഹവുമായി മത്സരത്തിന് സമ്മതിച്ചത്. പ്രശസ്തമായ 'ശലഭത്തെപ്പോലെ പൊങ്ങിക്കിടക്കുക. തേനീച്ചയെപ്പോലെ കുത്തുക'(Float like a butterfly. Sting like a bee) എന്ന പ്രയോഗവുമായി മത്സരവേദിയിലെത്തിയ അദ്ദേഹം ആറു റൗണ്ട് മത്സരത്തിൽ എതിരാളിയെ ഇടിച്ചു വീഴ്തിയതിനു ശേഷം ലോകത്തോട് വിളിച്ചു പറഞ്ഞു 'I am the greatest, I am the greatest, I am the king of the world'(ഞാനാനേറ്റവും മഹാനായായ വ്യക്തി. ഞാൻ ലോകത്തിന്റെ രാജാവാണ്').

അധികം വൈകാതെ തന്നെ കാഷ്യസ് ക്ലെ എന്ന അടിമപ്പേര് ഉപേക്ഷിക്കുന്നതായും മുഹമ്മദലി എന്ന പേരിലേക്ക് മാറുന്നതായും പ്രഖ്യാപിച്ച അദ്ദേഹം താനൊരു ഇസ്ലാം മതവിശ്വാസിയായ വിവരം പ്രഖ്യാപിച്ചു. നാഷൺ ഓഫ് ഇസ്ലാം തലവൻ ഇലിജാ മുഹമ്മതിന്റെ കാർമ്മികത്വത്തിൽ ഈയൊരു പരിവർത്തനം നടക്കുമ്പോൾ വയസ്സ് വെറും 22. സ്‌പോർട്‌സ് ആരാധകരെ മാത്രമല്ല ലോകത്തെ തന്നെ ഈ തീരുമാനം ഞെട്ടിച്ചു. തുടർച്ചയായി ആറു പ്രാവശ്യം അദ്ദേഹം ലോക ഹെവി വെയിറ്റ് കിരീടം നിലനിർത്തി. അതിൽ ലിസ്റ്റണുമായ ഒരു രണ്ടാം മത്സവും ഉൾപ്പെടും. അപ്പോഴായിരുന്നു വിയറ്റ്‌നാം യുദ്ധത്തിന്റെ വരവും അലിയുടെ ചരിത്ര പ്രസിദ്ധമായ പിന്മാറ്റവും. ലോകമാകെ യുദ്ധ വിരുദ്ധ നായകനായും, കറത്തവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു പടയാളിയായും അദ്ദേഹത്തെ വാഴ്ത്തി. നാലു വർഷത്തെ നിയമപ്പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്.

നീണ്ട നിയമപ്പോരാട്ടത്തിന്റെ അവസാനകാലത്ത് മുഹമ്മദലിക്ക് ജോർജ്ജിയലെ ബോക്‌സിങ്ങ് ലൈസൻസ് കിട്ടികയും തുടർന്ന് 1970 ൽ അദ്ദേഹം റിങ്ങിൽ തിരിച്ചെത്തുകയും ചെയ്തു. അത്‌ലാന്റയിൽ ജെറി ക്ക്വാറിയുമായി നടന്ന മൂന്നു റൗണ്ട് മത്സരത്തിൽ മുഹമ്മദലി വിജയിച്ചു. ആറു മാസം കഴിഞ്ഞായിരുന്നു 'നൂറ്റാണ്ടിലെ മത്സരം' എന്ന് വിശേഷിക്കപ്പെട്ട മാഡിസൺ സ്‌കയർ ഗാർഡനിൽ നടന്ന മത്സരം. ജൊ ഫ്രെയ്‌സറായിരുന്നു എതിരാളി. 15 റൗണ്ട് മത്സരത്തിൽ മുഹമ്മദാലി തോല്വിയറിഞ്ഞു. മുഹമ്മദലിയുടെ ആദ്യത്തെ തോൽവി. ലോകം പകച്ചു പോയ ദിവസം. 1971 മാർച്ച് 8. ഏതാനും മാസങ്ങൾക്ക് ശേഷം ജൂണിൽ മുഹമ്മദലിയെ സ്വതന്ത്രനാക്കിയ ഉത്തരവെത്തി. 1974 ൽ ജോർജ്ജ് ഫോർമാനോണ് തോറ്റ ഫ്രേസറുമായി അലി വീണ്ടും ഏറ്റുമുട്ടി. ഇത്തവണ വിജയം അലിയോടൊപ്പമായിരുന്നു. ഈ ജയം ഹെവി വെയിറ്റ് ചാമ്പ്യൻഷിപ്പിലെ ഫോർമാന്റെ എതിരാളിയായി അലിയെ പ്രതിഷ്ടിച്ചു. അതേ വർഷം നടന്ന പ്രസിദ്ധമായതും 'The Rumble in the Jungle' എന്നറിയപ്പെട്ടതുമായ 8 റൗണ്ട് മത്സരത്തിൽ ഫോർമാനെ ഇടിച്ചു വീഴ്ത്തിയ മുഹമ്മദലി വീണ്ടും ചാമ്പ്യനായി. 'rope-a-dope' എന്ന് പിന്നിട് പ്രസിദ്ധമായ ടെക്‌നിക്കാണ് അലി പ്രയോഗിച്ചത്. അതും ബോക്‌സിംഗ് വേദികളിൽ ചർച്ചയായി. 1975 ൽ ഫ്രേസറുമായി ഒരിക്കൽ കൂടി ഏറ്റുമുട്ടി. 'Thrilla in Manila' എന്നറിയപ്പെടുന്ന ഈ മത്സരം ബോക്‌സിംഗ് റിംഗിലെ എക്കാലത്തേയും മികച്ച മത്സരമായി വിലയിരുത്തപ്പെടുന്നു, പതിനഞ്ച് റൗണ്ട് നടന്ന ഈ മത്സരത്തിൽ വിജയം അലിക്കൊപ്പമായിരുന്നു.

1978 വരെ അലിയുടെ വിജയക്കുതിപ്പ് തുടർന്നു. ലിയോൺ സ്പിങ്ക്‌സ് എന്ന ചെറുപ്പക്കാരനോട് തോല്പിക്കുന്നത് വരെ. 1979 ൽ അദ്ദേഹം വിരമിച്ചെങ്കിലും 1980 ൽ തിരിച്ചെത്തി. ലാരി ഹോംസിനോട് പരാജയപ്പെട്ട അലി തൊട്ടടുത്ത വർഷം കനേഡിയനായ ട്രെവർ ബെർബിക്കുമായും പരാജപ്പെട്ടതോടെ ബോക്‌സിംഗ് ലോകത്ത് നിന്ന് വിടവാങ്ങി. തൊട്ടടുത്ത വർഷം പാർക്കിംഗ്‌സൺ രോഗത്തിന്റെ പിടിയിലയതായി ലോകമറിഞ്ഞു.

ബോക്‌സിംഗ് രംഗത്ത് നിന്ന് വിടവാങ്ങിയെങ്കിലും രാഷ്ട്രീയത്തിൽ അലി നിറഞ്ഞു നിന്നു. 1985 ൽ ലബനലിലും 1990 ൽ ഇറാഖിലും അമേരിക്കൻ ബന്തികളുടെ മോചനത്തിനായി ഇടപെട്ടു, 1996 ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സ് ദീപം കൊളുത്താനെത്തിയത് മുഹമ്മദലി ആയിരുന്നു.

ഒരു പാട്ടുകാരൻ കൂടിയായിരുന്ന അലി. ലിസറ്റണുമായുള്ള പോരാട്ടത്തിനു മുമ്പ് മൂന്നു ദിവസം ആഘോഷമായി നടത്തിയ ബൗട്ടിനു വേണ്ടി തയ്യാറാക്കിയ 'ഐ ആം ദ ഗ്രേറ്റസ്റ്റ് ' എന്ന ആൽബമിറക്കി. സ്വന്തമായ വരികൾ. സ്വന്തമായ റ്റൂൺ. അലിയുടെ രാഷ്ടിയത്തിൽ പെട്ട് മാർക്കറ്റിൽ നിന്ന് പിൻവലിക്കപ്പെട്ട ഈ ഗാനത്തിന് ശേഷം 1976 ൽ 'അലി ആൻഡ് ഹിസ് ഗാങ് വേഴ്‌സസ് ട്രൂത്ത് ഡിക്കേ' എന്ന ആൽബവുമായി തിച്ചെത്തി. തോമസ് ഹൗസർ 'Muhammad Ali - His Life and Times' എന്ന പേരിൽ ജീവചരിത്രം എഴുതിയിട്ടുണ്ട്. 'ഐ അം അലി' എന്ന ഡോക്യമെന്ററിയും പ്രസിദ്ധമാണ്.

കായിക രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ നിരവധി പ്രശസ്തരുണ്ട്. എന്നാൽ അവരിൽ പലരും ഭരണകൂടങ്ങളോടും വ്യവസ്ഥിതിയുമോടൊത്താണ് നടന്നത്. എന്നാൽ വ്യവസ്ഥിതിയോടും ഭരണകൂടത്തോടും കലഹിച്ച അപൂർവ്വം ചിലരിരൊരാളാണ് മുഹമ്മദലി. ഇടിക്കൂട്ടിൽ നിന്നുണ്ടാക്കിയ പെരും പെരുമയും മനുഷ്യസ്‌നേഹത്തിലേക്ക് തിരിച്ച് വിട്ട ഇദ്ദേഹം ജീവിതം കൊണ്ട് അടിവരയിടുന്നതും താനൊരു മഹാൻ തന്നെയെന്നതാണ്. ലോകം കണ്ട എക്കാലത്തേയും മികച്ച ബോക്‌സർക്ക്, ഒരു നല്ല മനുഷ്യസ്‌നേഹിക്ക് ആദരാഞ്ജലികൾ.

Read More >>