ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി...

മാല്‍ക്കം എക്‌സും മുഹമ്മദലിയും ഇടക്കാലത്തു ജീവിച്ചതു കൊണ്ടാണ് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്ന ആളാണ് ഒബാമ എന്നു സൂചിപ്പിക്കുന്നതാണ് മുഹമ്മദലിയുടെ വിയോഗാനന്തരം ഒബാമ എഴുതിയ നീണ്ട അനുശോചന ലേഖനം പോലും. ഒബാമയുടെ ഓഫീസിലും അലിയുടെ കയ്യുറകളും ചിത്ര പടങ്ങളും സൂക്ഷിക്കപ്പെട്ടു.

ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി...

റഫീക്ക് തിരുവള്ളൂർ

ചരിത്രത്തില്‍ ജീവിച്ചവര്‍ വിട വാങ്ങുമ്പോള്‍ ചരിത്രത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വിട കൊടുക്കുന്നുമുണ്ട്. ഇന്നാണു മുഹമ്മദലി ക്ലേ എന്ന ഇതിഹാസത്തിനുള്ള ലോകത്തിന്റെ വിട നല്‍കല്‍. ഇന്നലെയായിരുന്നു ലൂയിസ് വില്ലേ നഗരത്തിലെ മുഹമ്മദലി സെന്ററില്‍, ഫ്രീഡം ഹാളിലും, ജീവിച്ചിരിക്കേ തന്നെ അദ്ദേഹത്തിന്റെ അറിവോടെ തയ്യാറാക്കിയ ദ ബുക്കില്‍ രേഖപ്പെടുത്തിയ പ്രകാരമുള്ള മരണാനന്തര അനുഷ്ടാനങ്ങള്‍. ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ സുന്നി ഇമാം സയ്യിദ് ശാക്കിറാണ് അലിയുടെ ഇസ്ലാം മതചാര പ്രകാരമുള്ള അന്തിമോപചാരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ജനാസ നിസ്‌കാരത്തിനും നേതൃത്വം നല്‍കിയത്. ഇന്നു ഒരിക്കല്‍ തിരസ്‌കരിച്ച ലൂയിസ് വില്ലേ നഗരവും അവിടത്തെ ജനതയും അലിയുടെ ഭൂമിയിലെ അവസാന നിമിഷങ്ങള്‍ ആഘോഷമാക്കും. നഗരത്തിലെ കുട്ടികള്‍ വര്‍ണ വിവേചനമില്ലാതെ അയാം അലി ഫെസ്റ്റിവല്‍ ആഘോഷിക്കുകയാണ്. കുഴിച്ചു മൂടാനാകാത്ത പോരാട്ടങ്ങളുടെയും പോരിശകളുടെയും ഒരാഘോഷം മണ്ണില്‍ ബാക്കി വച്ചാണ് മുഹമ്മദ് അലി ഇന്ന് മണ്ണോടു ചേരുന്നത്. മൃതദേഹം വഹിച്ചുള്ള ലൂയിസ് വില്ലെ നഗര പ്രദക്ഷിണം, നഗരത്തിലെ മുഹമ്മദലി ബോല്‍വേഡിലൂടെ ആരാധകരുടെ ആദര സമര്‍പ്പണം, കെന്റക്കിയിലെ കെ.എഫ്.സി സ്ഥാപകന്‍ കേണല്‍ സാണ്ടേഴ്‌സ് ഉള്‍പ്പടെ പ്രശസ്തര്‍ അന്തിയുറങ്ങുന്ന ഉദ്യാനത്തില്‍ കബറടക്കം. ശേഷം കെന്റക്കി ഹാളില്‍ അമേരിക്കയില്‍ നിന്ന് ബില്‍ ക്ലിന്റണ്‍ മുതല്‍ തുര്‍ക്കിയില്‍ നിന്നും റജ്ബ് ഉര്‍ദുഗാന്‍ വരേയും പങ്കെടുക്കുന്ന, മാല്‍ക്കം എക്‌സിന്റെ മകള്‍ അതാഉള്ള ഷഹബാസ് കവിത വായിക്കുന്ന അനുസ്മരണ ചടങ്ങുകള്‍. മുഹമ്മദലിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഉല്‍സവ പ്രതീതിയോടെ ആഘോഷമാക്കുകയാണ് അമേരിക്ക. ഏറ്റവും ജന പ്രീതിയുള്ള കായികതാരം, രാജ്യാന്തര പ്രാധാന്യമുള്ള സാംസ്‌കാരിക ചിഹ്നം, എല്ലാത്തിനും പുറമെ ലോകം ഏറെ സ്‌നേഹിച്ച റാഡിക്കല്‍ മുസ്ലിം. അലിയുടെ ജീവിതം ഇഴ കീറി പരിശോധിക്കുകയാണ് പാശ്ചാത്യവും പൗരസ്ത്യവുമായ മാധ്യമങ്ങളെല്ലാം.


മുഹമ്മദലിയെ അറിയാത്തവരില്ല. അറിയുന്നവരാകും അറിയാത്തവരേക്കാള്‍ ഏറെ എന്നതുറപ്പ്. കേരളം തന്നെ അടുത്ത ഉദാഹരണം. കേരളത്തിലെ നബിദിനമാഘോഷിക്കുന്ന സുന്നികളായ മുസ്ലിംകള്‍ക്കെല്ലാം അലി സുപരിചിതനായിരിക്കും എന്നതുറപ്പ്. ഈ ലേഖകന്‍ ജനിച്ചു വളര്‍ന്ന കുഗ്രാമത്തില്‍ പോലും അലി മറ്റേതു കായിക താരത്തേക്കാളും അമേരിക്കക്കാരനേക്കാളും ലോക മുസ്ലിമിനെക്കാളും പ്രശസ്തനാണ്. ടി.വിയും പത്രവുമെത്താത്ത ഞങ്ങളുടെ വീടുകളിലേക്ക് സ്‌കൂളിലേക്കു വാങ്ങിയ നോട്ടുബുക്കുകളുടെ പുറം ചട്ടയിലൂടെ മുഹമ്മദലി ക്ലേയുടെ മുഖം വന്നു ചേര്‍ന്നു. എല്ലാ കൊല്ലവും നബിദിന യോഗങ്ങളില്‍ മുഹമ്മദലി എന്ന പേരും അദ്ദേഹത്തെ കുറിച്ചുള്ള ഒരു കഥയും സ്മരിക്കപ്പെട്ടു പോന്നു. നബി ദിന യോഗങ്ങളില്‍ പ്രസംഗിച്ച ഉസ്താദുമാരും കുട്ടികളും ഒന്നൊഴിയാതെ മുഹമ്മദലിയുയെ കഥ ആവര്‍ത്തിക്കുമായിരുന്നു. കറുത്തവര്‍ക്കും നായകള്‍ക്കു പ്രവേശനമില്ല എന്നു ബോര്‍ഡു വെച്ച ഹോട്ടലില്‍ നിന്നും ഇറങ്ങി നേരെ പോയി മുസ്ലിം ആകുകയായിരുന്നു അലി എന്നവര്‍ ഉറപ്പായും വിശ്വസിച്ചു. അമേരിക്കയെ പ്രഖ്യാപിത ശൈത്താന്‍ എന്ന പോലെ വെറുത്തപ്പോഴും കേരളത്തിലെ സാധാരണക്കാരായ, എഴുത്തും വായനയുമില്ലാത്ത മുസ്ലിം സ്ത്രീപുരുഷന്മാര്‍ പോലും മുഹമ്മദലിയെ സ്‌നേഹിച്ചു. അമേരിക്കയെ ശൈത്താന്‍ എന്നു തന്നെ ഇറാനിലെ ആയത്തുള്ള ഖുമൈനി വിളിച്ച കാലവുമായിരുന്നു അത്. ഫറോവയുടെ വീട്ടില്‍ മൂസാ നബി എന്ന പോലെ അമേരിക്ക വളര്‍ത്തിയ നൂറ്റാണ്ടിന്റെ മുസ്ലിമായി അലി സ്വീകരിക്കപ്പെട്ടു. മലബാര്‍ കലാപാനന്തരം സ്ഥാപിക്കപ്പെട്ട കോഴിക്കോട്ടെ ജെ.ഡി.റ്റി ഇസ്ലാമില്‍ മുഹമ്മദലി ആഘോഷമായെത്തി തിരിച്ചു പോയി. പെലെയും മറഡോണയുമൊക്കെ വിളിച്ചാല്‍ കേരളത്തിലും വരുമെന്ന് അതിനു തക്ക ശേഷിയുള്ളവര്‍ ആലോചിക്കുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പായിരുന്നു അത്.

നാഷന്‍ ഓഫ് ഇസ്ലാം എന്ന അമേരിക്കയില്‍ രൂപം കൊണ്ട കറുത്തവരുടെ ഇസ്ലാമിനെയും അതിന്റെ നായകന്‍ എലിജാ മുഹമ്മദിനെയും ആദ്യം നാഷന്‍ ഓഫ് ഇസ്ലാമിലേക്കും പിന്നെ സുന്നി ഇസ്ലാമിലേക്കും എത്തിച്ചേര്‍ന്ന മാല്‍ക്കം എക്‌സിനെയും അറിയാത്തവരും മുഹമ്മദലിയെ അറിഞ്ഞു. ലോകം മുഴുക്കെ മുഹമ്മദലിക്കു കിട്ടിയ ഈ സ്വീകാര്യത പല അളവുകളില്‍ പ്രകടമായിരുന്നു. അലി ഇടിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ എത്രയോ അറബ് മുസ്ലിംകള്‍ ജയിക്കുന്ന കുരിശു യുദ്ധത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. അലി എന്ന നാമധേയം ഇസ്ലാമിക പൈതൃകത്തില്‍ ജ്ഞാനത്തിന്റെയും തന്ത്രജ്ഞതയുടെയും പ്രതീകമാണ്. സമീപ ഭൂത കാലത്തെ ലോക ഇസ്ലാമിന് ഒരലിയെ വേണമായിരുന്നു. മുഹമ്മദലി ക്ലേ എന്ന അമേരിക്കക്കാരന് ആ അലിയാകാനുള്ള ഭാഗ്യമുണ്ടായി. അമി ഗുഡ്മാനുമായുള്ള സംഭാഷണത്തില്‍ മുഹമ്മദലി കംപ്ലീറ്റ് എന്ന പുതിയ പുസ്തകമെഴുതിയ ഇഷ്മയേല്‍ റീഡ് പറയുന്ന പ്രകാരമാണു സംഗതികളെങ്കില്‍ മേല്‍ പറഞ്ഞതിനുള്ള നിര്‍ഭാഗ്യമുണ്ടായി. മുഹമ്മദലി നേടിയ ഈ പ്രശസ്തിയെയും പ്രസക്തിയെയും അടിവരയിടുന്ന അനുഭവങ്ങള്‍ അറേബ്യയിലൂടെ സഞ്ചരിച്ച അമേരിക്കന്‍ മുസ്ലിമായ മൈക്കല്‍ വുള്‍ഫ് പങ്കുവച്ചിട്ടുണ്ട്. അതിപ്രകാരമാണ്.

'മൂന്ന് അമേരിക്കക്കാരുടെ പേരാണ് ഇടക്കിടെ കേള്‍ക്കുന്നത്. അവര്‍ മൂന്നു പേരും കറുത്തവരാണ്. മുഹമ്മദലിയാണ് ഒന്നാമന്‍. അദ്ദേഹത്തെ എല്ലാവരും ബഹുമാനിച്ചു. ആദ്യമായി, അലിയുടെ തെളിയിക്കപ്പെട്ട പാടവവും രണ്ടാമതായി ഇസ്‌ലാം അമേരിക്കയില്‍ ഏറെ കേളികേട്ടിട്ടില്ലാത്ത സമയത്ത് അത് ജീവിതമാര്‍ഗമായി അദ്ദേഹം തെരഞ്ഞെടുത്തതുമാണ് കാരണം. ഇസ്‌ലാമിന് അമേരിക്കയില്‍ പുതിയ അന്തസ്സുണ്ടാക്കി, അന്നോളം പലരും മുസ്‌ലിം എന്നാല്‍ ഒരുതരം തുണിയുടെ പേരാണെന്നു പോലും കരുതിയിരുന്നു. മുഹമ്മദലി തൊള്ളായിരത്തി എഴുപതുകളിലാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇപ്പോള്‍ പൂര്‍ണമായും ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം ജീവിക്കുന്നു. പ്രശസ്തിയില്‍ രണ്ടാമന്‍ മാല്‍ക്കം എക്‌സ് ആണ്. ഇവിടെ അദ്ദേഹം അറിയപ്പെടുന്നത് അല്‍ഹാജ് മലിക് ശഹ്ബാസ് എന്നാണ്. ചെറുപ്പകാലത്തെ കുറ്റകൃത്യങ്ങളുടെയും അക്രമത്തിന്റയും വഴിവിട്ട പാതയുടെ അവസാനത്തോടെ തന്നെ മാല്‍ക്കം എക്‌സ് ഇസ്‌ലാമില്‍ താല്‍പര്യം കാട്ടിത്തുടങ്ങിയിരുന്നു. അബ്ദുല്‍ഖാദിര്‍ മാല്‍ക്കമിനെ 'തെരുവുപിള്ളേരുടെ വിളക്ക്' എന്നു വിളിച്ചു. അത്രയേറെ പ്രശ്‌നങ്ങളില്‍നിന്ന് മാല്‍ക്കമിന് നടന്നു കയറാനായെങ്കില്‍ ഒരു പതിനഞ്ചുകാരന് തീര്‍ച്ചയായും മയക്കുമരുന്നുകളില്‍ നിന്നും ലഹരിപദാര്‍ഥങ്ങളില്‍നിന്നും രക്ഷപ്പെടാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വായിക്കാനറിയാവുന്ന ഹാജിമാരില്‍ അധികപേരും മാല്‍ക്കം എക്‌സിന്റെ ആത്മകഥ വായിച്ചിരിക്കുന്നു.

അലക്‌സ് ഹാലിയാണ് മൂന്നാമന്‍. ആത്മകഥയെഴുതാന്‍ മാല്‍ക്കം എക്‌സിനെ സഹായിച്ചയാള്‍. ഹാലി അത്ര പ്രശസ്തനല്ല. റൂട്ട്‌സ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണ്. അതിനെ പല ഹാജിമാരും നിശിതമായി വിമര്‍ശിച്ചു. ചിലരതിനെ തീര്‍ത്തും ഒരു കല്‍പിതകഥയായി കണ്ടു. ഹാലിയുടെ കുടുംബത്തെ പറ്റി റൂട്ട്‌സ് എന്ന പുസ്തകത്തില്‍ വിവരിക്കുന്ന പകുതി കാര്യങ്ങളുടെയും നിജസ്ഥിതി അറിയുക അസാധ്യമാണെന്നാണ് അബ്ദുല്‍ഖാദിറിന്റെ അഭിപ്രായം. തെക്കന്‍ അമേരിക്കയില്‍നിന്നുള്ള പലരും റൂട്ട്‌സ് വായിച്ച ശേഷം സമയവും പണവും ചെലവാക്കി അവരുടെ പ്രപിതാക്കളെ ആഫ്രിക്കയില്‍ പോയി തെരഞ്ഞു. പക്ഷേ, അവര്‍ക്കൊന്നും തന്നെ കാര്യമാത്ര പ്രസക്തമായ വിവരമൊന്നും കിട്ടിയതുമില്ല. നിങ്ങളൊരു 'സ്മിത്തോ' 'ഗുഡോ' 'ഹാലിയോ' ആണെങ്കില്‍ വര്‍ഷങ്ങള്‍ പിറകോട്ട് അന്വേഷിച്ചാല്‍ ഒരു പരുത്തികര്‍ഷകനില്‍ അത് ചെന്നു മുട്ടും. ഹാലി വീണ്ടും പിറകോട്ടുപോയി. ചില വായനക്കാര്‍ അസൂയപ്പെട്ടു, മറ്റു ചിലര്‍ വഴിവിട്ടുപോയി.

ഗാംബിയയില്‍നിന്നുള്ള ഒരു ഹാജി വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് റൂട്ട്‌സ് ഇഷ്ടപ്പെട്ടില്ല. പെരുന്നാളിന് കുടുംബസമേതം വഹാ ഹോട്ടലിലേക്ക് താമസം മാറിയതാണ് അദ്ദേഹം. പേര് 'കഒരമകിന്റെ'. ലണ്ടനില്‍ ജീവിക്കുന്ന കച്ചവടക്കാരന്‍. വര്‍ഷംതോറും രണ്ടു തവണ അദ്ദേഹം മക്കയില്‍ വരുന്നു. ആഫ്രിക്കന്‍ ചുവയുള്ള ബ്രിട്ടീഷ് ഇംഗ്ലീഷാണ് സംസാരഭാഷ. അയാള്‍ മറ്റൊരു കഥയാണ് പറഞ്ഞത്. 'കഒരമകിന്റെ' അറുപതുകളിലെത്തിയ വിദ്യാസമ്പന്നനാണ്. ഹാലിയുടെ യഥാര്‍ഥ പ്രപിതാമഹനായി റൂട്ട്‌സ് എന്ന നോവലില്‍ അവതരിപ്പിക്കപ്പെടുന്ന 'ഒമോറൊ കുണ്ടകിന്റെ'യുമായി കുടുംബപരമായി കണ്ണിചേര്‍ക്കപ്പെട്ട ആള്‍ കൂടിയാണദ്ദേഹം. കിന്റെ പരമ്പരയില്‍നിന്നുള്ള കഒരമയുടെ അഭിപ്രായത്തില്‍ ഹാലി അവരുടെ കുടുംബ ചരിത്രത്തെ ആകപ്പാടെ കീഴ്‌മേല്‍ മറിച്ചു. ഗവേഷണത്തിനായി ഗാംബിയയില്‍ എത്തിയ ഹാലി അതേ കുടുംബത്തില്‍പെട്ട 'സിമോണ്‍ കിന്റെ' എന്നയാളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ പലതും തരംതാഴ്ന്നതാണ്.

''എന്തുകൊണ്ടാണ് നിങ്ങള്‍ തരംതാഴ്ന്നതെന്ന് പറയുന്നത്''ഞാന്‍ ചോദിച്ചു.

കഒരമയുടെ അഭിപ്രായത്തില്‍ സിമോണിന്റെ പരമ്പര ചെന്നെത്തുന്നത് ഒരു കൊല്ലനെ വിവാഹം ചെയ്ത കിന്റെ രാജകുമാരിമാരിലൊരാളിലാണ്. തലമുറകള്‍ കണ്ണിചേരുന്നിടത്ത് ഇതൊരിടര്‍ച്ചയായാണ് കഒരുമ കാണുന്നത്. ഹാലി യഥാര്‍ഥ കഥ കേട്ടതേയില്ല.

'എങ്ങനെയാണ് അത് അയാള്‍ക്ക് കേള്‍ക്കാനാവുക?' ഹാലി ബാഞ്ചൂള്‍ വരെ കടല്‍മാര്‍ഗവും അവിടെനിന്ന് കരമാര്‍ഗം ജൂഫുറെയിലേക്കും പോവുകയാണ് ചെയ്തത്. അദ്ദേഹം പ്രധാന കുടുംബാംഗങ്ങളോട് സംസാരിച്ചില്ല. അവരുടെ ഗ്രാമം വളരെ അകത്തോട്ട് മാറിയായിരുന്നു.

ഹാലിയുടെ പുസ്തകരചനക്കും ഇരുപതു വര്‍ഷം മുമ്പ് ഞാന്‍ ആഴ്ചകളോളം ഗാംബിയ പുഴയില്‍ ചെലവഴിച്ചിട്ടുണ്ട്. അബ്ദുല്‍ഖാദിറും ജോണും അവരവരുടെ മുറികളിലേക്ക് പോയി. ഞങ്ങള്‍ പാതിരാവോളം ഇരുന്ന് വര്‍ത്തമാനം പറഞ്ഞു.'

(മൈക്കല്‍ വുള്‍ഫിന്റെ, ദി ഹജ്ജ്, ഏന്‍ അമേരിക്കന്‍ പ്രില്‍ഗ്രിമേജ് ടു മക്ക എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തില്‍ നിന്ന്)

കാഷ്യസ് ക്ലേ എന്ന കുട്ടിയെ റിംഗിലേക്കെത്തിച്ചത് ഒരു കാണാതായ സൈക്കിളായിരുന്നു. സൈക്കിള്‍ കളഞ്ഞു പോയതു പറയാന്‍ ചെന്ന കുട്ടിയെ ശത്രുവിനെ ഇടിച്ചു പരത്തുന്ന കളിയിലേക്കും അതിനുള്ള പരിശീലന ക്ലബിലേക്കും എത്തിച്ചത് ഒരു പോലീസുകാരന്‍. ബോക്‌സിംഗില്‍ ഉയര്‍ന്നെത്താവുന്ന ഉന്നതങ്ങളൊക്കെ കീഴടക്കിയ അലി തന്നെ പറഞ്ഞതു പോലെ, ബോക്‌സിംഗ് അത്ര പ്രധാനപ്പെട്ട കാര്യമായിരുന്നില്ല. എന്നെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരുപാധി മാത്രമായിരുന്നു അത്. ലോകത്തിനു പരിചയപ്പെടുത്തപ്പെട്ട അലി പില്‍ക്കാലത്തു സ്‌നേഹവും ആദരവും വാരിക്കൂട്ടിയതും പ്രതിരോധത്തിന്റെ രൂപകമായതും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലൂടെയായിരുന്നു. 1964 ഫെബ്രുവരി 25നായിരുന്നു സോണി ലിസ്റ്റന്‍ എന്ന അതികായനായ പോരുകാരനെ തറപറ്റിച്ചു കൊണ്ട് കാഷ്യസ് ക്ലേ എന്ന അല്‍ഭുതത്തിന്റെ പിറവി. സോണി ലിസ്റ്റണ്‍ എന്ന തടിമാടനെ ഇക്കിളിപ്പെടുത്താന്‍ വന്ന ഒരു ധിക്കാരിയായ പയ്യന്റെ തമാശ കാണാന്‍ വന്നവര്‍ ശരിക്കും അന്നമ്പരന്നു മടങ്ങി. ആ അമ്പരപ്പുളവാക്കല്‍ ജീവിതത്തിലുടനീളം മുഹമ്മദലി നിലനിര്‍ത്തി. മഹാ വിജയം കഴിഞ്ഞ് ഏറെ നാള്‍ കഴിയും മുമ്പേ ക്ലേ എന്ന തന്റെ പേരിലെ വാല്‍ മുറിച്ചു കൊണ്ടായിരുന്നു അത്. കാഷ്യസ് ക്ലേ കാഷ്യസ് എക്‌സായി. റിങ്ങിനു പുറത്തെ ഇടികള്‍ കൊണ്ടും ലോകത്തെ വിറപ്പിക്കാന്‍ തുടങ്ങുകയായിരുന്നു അലി. സോണി ലിസ്റ്റണെ പരാജയപ്പെടുത്തുന്ന അലിയുടെ മല്ലയുദ്ധം കാണാന്‍ ഒരാള്‍ മിയാമി ബീച്ചിലെ കണ്‍വന്‍ഷന്‍ ഹാളില്‍ എത്തിയിരുന്നു. അധികമാരും അതാ കാലത്തു ശ്രദ്ധിച്ചില്ല. സോണി ലിസ്റ്റണെ മലര്‍ത്തിയിടിച്ച മാച്ചു കഴിഞ്ഞ് അലിയുടെ ഫോട്ടോയെടുത്തതും ആ അപരിചിതനായിരുന്നു. ആ കൂട്ടുകാരനായിരുന്നു മാല്‍ക്കം എക്‌സ്. അലിയെ കുറിച്ച് കറുത്തവരും വെളുത്തവരും ചെക്കന്‍ മരണത്തിന്റെ കരാറില്‍ ഒപ്പിട്ടല്ലോ എന്നു കളിയാക്കിയ ആ മല്‍സരം പോലെ ആ സൗഹൃദവും ചരിത്രത്തിലെ വഴിത്തിരിവായി.

നിങ്ങള്‍ ജനിച്ചോ മരിച്ചോ എന്നതല്ല. ജീവിതം കൊണ്ടെന്തു പ്രവര്‍ത്തിച്ചു എന്നതാണു മുഖ്യം എന്നു പറഞ്ഞ അമേരിക്കയുടെ തന്നെ മറ്റൊരു ഒളിമ്പ്യന്‍ ജോണ്‍ കാര്‍ലോസിന്റെ വാക്കുകളെ അലിയുയെ ജീവിതവും പ്രാവര്‍ത്തികമാക്കി. ജോണും മാല്‍ക്കം എക്‌സിന്റെ പ്രസംഗങ്ങള്‍ കേട്ടാണ് ജീവിതത്തില്‍ എന്തെങ്കിലും ആയി മാറണമെന്ന് തീരുമാനിച്ചത്. നീന്തി ലോകത്തെ ജയിക്കാനായിരുന്നു ജോണിന്റെ നിയോഗം. 1968ലെ ഒളിമ്പിക്‌സില്‍ സ്വര്‍ണം. കുട്ടിക്കാലത്തെ പട്ടിണിക്കിടെ മോഷ്ടിച്ചെടുക്കുന്ന ഭക്ഷണപ്പൊതികളുമായുള്ള നീണ്ട പരക്കം പാച്ചിലുകളെ ഓര്‍മ്മിക്കുന്നുണ്ട് ജോണും. പോലീസ് പിടിക്കാതിരിക്കാനുള്ള ഓട്ടത്തില്‍ കൂട്ടുകാരൊക്കെ പിടിക്കപ്പെടും. താന്‍ മാത്രം ബാക്കിയാകും. മനുഷ്യന്റെ രക്ഷപ്പെടാനുള്ള സ്വഭാവികമായ ത്വര എന്നതിനപ്പുറം തന്റെ അന്നത്തെ ഓട്ടത്തില്‍ കായികമായ ശേഷി ഉള്ള കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്ന് പിന്നീട് ഓര്‍മ്മിക്കുന്നുണ്ട് ജോണ്‍ കാര്‍ലോസ്.

കറുത്തവരും സഹിക്കുന്നവരുമായ ഈ മനുഷ്യരുടെ നിലനില്‍പിന്റെ രാഷ്ട്രീയമാണ് പിന്നെ അലിയായും ലോകമറിഞ്ഞത്. മാല്‍ക്കം എക്‌സും മുഹമ്മദലിയും ഇടക്കാലത്തു ജീവിച്ചതു കൊണ്ടാണ് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്ന ആളാണ് ഒബാമ എന്നു സൂചിപ്പിക്കുന്നതാണ് മുഹമ്മദലിയുടെ വിയോഗാനന്തരം ഒബാമ എഴുതിയ നീണ്ട അനുശോചന ലേഖനം പോലും. ഒബാമയുടെ ഓഫീസിലും അലിയുടെ കയ്യുറകളും ചിത്ര പടങ്ങളും സൂക്ഷിക്കപ്പെട്ടു. നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രവാചക പട്ടം കെട്ടിയ എലിജാ മുഹമ്മദിന്റെ പ്രബോധനങ്ങളാണ് അലിയെ രൂപപ്പെടുത്തിയത്. ഇസ്ലാമിന്റെ തെറ്റായ വ്യാഖ്യാനമാണ് നാഷന്‍ ഓഫ് ഇസ്ലാമിന്റേതെന്ന് ആദ്യം മനസ്സിലാക്കുന്നത് മാല്‍ക്കം എക്‌സാണ്. മാല്‍ക്കം എക്‌സിനു ശേഷം, എലിജാ മുഹമ്മദിന്റെ മരണത്തിനും ശേഷമാണ് അലിയും നാഷന്‍ ഓഫ് ഇസ്ലാം ഉപേക്ഷിക്കുന്നത്. ഏറെക്കുറെ ലൂയിസ് ഫറാഖാന്റെയും എലിജാ മുഹമ്മദിന്റെ പുത്രന്‍ വാരിസുദ്ദീന്‍ മുഹമ്മദിന്റേയും രണ്ടു പക്ഷങ്ങളായി എന്‍.ഒ.ഐ ക്ഷയിച്ചു തുടങ്ങുന്നതിന്റെ തുടക്കത്തില്‍. അതിനിടെ മാൽക്കം വധിക്കപ്പെട്ടു. മാല്‍ക്കം എക്‌സുമായുള്ള സൗഹൃദം ഇടക്കാലത്തു മുറിഞ്ഞു പോയതാണ് തന്റെ ജീവിതത്തിലെ തനിക്കു തന്നെ സഹിക്കാനാകാത്ത ആത്മ വഞ്ചനയെന്ന് തുറന്നു പറയാനും അലി ധൈര്യപ്പെട്ടു. നാഷന്‍ ഓഫ് ഇസ്ലാം ബന്ധം അലിക്ക് ബോക്‌സിംഗ് റിംഗിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയതു പോലെ അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തിനെതിരായ, ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന അലിയുടെ നിലപാട് അദ്ദേഹത്തെ ദേശ ദ്രോഹിയുമാക്കി. പില്‍ക്കാലം പക്ഷേ, അലിയെ ശരിവെക്കുന്നതായി മാറി. റെബലില്‍ നിന്നും അമേരിക്കയുടെ ഹീറോ ആയും അലി രൂപാന്തരപ്പെട്ടു.

മുസ്ലിം ലോകത്തിന്റെ ഹീറോയായുള്ള അലിയുടെ മാറ്റവും ഇതിനു പിന്നാലെയാണ്. ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചു എത്തിച്ചേര്‍ന്ന ഉന്നതവും സുഖകരവുമായ ഇടങ്ങളില്‍ നിന്നും സ്വയം ശരിയെന്നു കണ്ടെത്തുന്ന അടുത്ത ഘട്ടത്തിലേക്ക് ത്യജിച്ചു സഹിച്ചും സഞ്ചരിക്കാനുള്ള മനോബലമാണ് മാല്‍ക്കം എക്‌സിന്റെയും മുഹമ്മദ് അലിയുടെയും ജീവിതത്തിലെ ഒരു ഗുണപാഠം. അതാണവരുടെ മഹത്വവും. സ്വയം ശരിയെന്നുറപ്പായാലും നമ്മള്‍ ജവിത വഴിയില്‍ മടിച്ചു നില്‍ക്കുക, നഷ്ടപ്പെടാനിരിക്കുന്നവയെ ചൊല്ലിയുള്ള ആധിയിലാണ്. മുഹമ്മദലി നഷ്ടപ്പെടുന്നവയെ ചൊല്ലിയുള്ള ആധികളില്ലാതെ തന്റെ ശരികളുടെ വഴിക്കു നടന്നു. ഇപ്പോള്‍ ലോകം അലിക്കു നല്‍കുന്ന ആദരവിന്റെ ഹേതു അതു കൂടെയാണ്. വിജയ ശില്‍പികളായ താരങ്ങളെ ജനങ്ങള്‍ ചുമലിലേറ്റിയാണ് ആനയിക്കുക, പക്ഷെ, അലിയുടെ കാര്യത്തില്‍ മറിച്ചാണുണ്ടായത്. അലിയുടെ ചുമലില്‍ ഞങ്ങള്‍ ആനയിക്കപ്പെടുകയായിരുന്നു എന്നു പറയുന്നൂണ്ട്, കാല ക്രമത്തില്‍ രൂപാന്തരം സംഭവിച്ച മുഹമ്മദലിയുടെ രാഷ്ട്രീയത്തെ കുറിച്ച് സിവില്‍ റൈറ്റ്‌സ് ലീഡറായ ജെസ്സി ജാക്‌സണ്‍. അലി തന്നെ ഒരിക്കല്‍ പറഞ്ഞതു പോലെ, ഞാനാണ് അമേരിക്ക, നിങ്ങള്‍ തിരിച്ചറിയാത്ത ഒരു ഭാഗമാണത് എന്നേയുള്ളൂ. മുഹമ്മദലിയുടെ വര്‍ണവും വംശവും കൂടെ ചേര്‍ന്നതാണ് അമേരിക്കയെന്നും, മുഴു ലോകമെന്നും തിരിച്ചറിയപ്പെട്ട ഒരു കാലത്താണ് അലിയുടെ മരണം. മുഹമ്മദലി കാലത്തിന്റെ സൃഷ്ടിയായിരുന്നു, തന്റെ തന്നെ അര്‍ത്ഥങ്ങള്‍ കൊണ്ട് കാലത്തെ കവച്ചു വെച്ചൂ അദ്ദേഹം. കളിയിലും അദ്ദേഹം കളിക്കപ്പുറമുള്ള അര്‍ത്ഥങ്ങള്‍ വിതച്ചു. കറുത്ത വര്‍ഗം എന്ന സ്വന്തം പക്ഷത്തെയും അദ്ദേഹം ജീവിതം കൊണ്ട് മാറ്റിയുഴുതു. വര്‍ണ വെറിക്കെതിരെ മാത്രമല്ല, വര്‍ണ വെറിക്കിരയായവര്‍ ചമച്ച വെറുപ്പിന്റെ രാഷ്ട്രീയ തത്വസംഹിതയെയും അലി സ്‌നേഹം കൊണ്ടു മറികടന്നു. മുഹമ്മദ് അലി ഇടിച്ചു പിടിക്കാന്‍ നോക്കിയ ലോകം വളരെയേറെ മാറിയിരിക്കാം, ആ മാറ്റത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തീര്‍ച്ചയായും അലിയുമുണ്ടായിരുന്നു എന്നു ലോകം ഇപ്പോള്‍ തലയാട്ടുന്നു.

നിങ്ങള്‍ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്, ഞങ്ങളിതാ ഈ മുഹമ്മദലിയെ പോലെയാണെന്ന് സ്ഥാപിക്കാനുള്ള മുസ്ലിം ലോകത്തിന്റെ ശ്രമമായിരുന്നു പലപ്പോഴും മുഹമ്മദലിയോടുള്ള ആദരവായും പ്രശസ്തിയായും പരിണമിച്ചത്. സായുധ രൂപം ധരിച്ച അമേരിക്കയിലെ ബ്ലാക്ക് നാഷണലിസം ഉയര്‍ത്തിയ ഭീതിയെയും ലോകമെങ്ങും പൊട്ടിമുളച്ച തിവ്ര ഇസ്ലാമിക സംഘങ്ങളുണ്ടാക്കിയ ഭീകരതയെയും മറികടക്കാന്‍ ഈ യുക്തി വ്യാപകമായി ഉപയോഗപ്പെടുത്തപ്പെട്ടു. എല്ലാ നഗരങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അവയുടെ ഇംഗിതം വെളിപ്പെടുത്തുന്ന ചിഹ്നങ്ങളെ ആവശ്യം വരും. മുഹമ്മദലി അങ്ങനെയാണ് ആഗോള ഇസ്ലാമിന്റെ ചിഹ്നമായത്. അതേ സമയം മതത്തിന്റെ മൗലികതയെ സ്വയം ധരിക്കുകയും തീവ്രരൂപങ്ങളെ എതിര്‍ക്കുകയും ഇതര മതങ്ങളെ സവിശേഷ ശ്രദ്ധയോടെ ആദരിക്കുകയും ചെയ്യുന്ന ഒരാത്മീയത മുഹമ്മദലി പുലര്‍ത്തിപ്പോരുകയും ചെയ്തു. അലിയുടെ ജൈത്ര യാത്രകള്‍ക്കു തുടക്കമായ ദിവസം താറുമാറായിപ്പോയ ജീവിതമായിരുന്നു സോണി ലിസ്റ്റന്റേത്. പ്രതാപങ്ങളെല്ലാം കെട്ടടങ്ങി ലിസ്റ്റണ്‍ ചരിത്രത്തിന്റെ അരികിലായി.1970ഇല്‍ മരണം.ലാസ്‌വെഗാസ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങളുടെ സഞ്ചാരപാതയുടെ താഴെയുള്ള ഒരു ശ്മശാനത്തിലാണു ലിസ്റ്റന്റെ അന്ത്യവിശ്രമം. 'ഒരു മനുഷ്യന്‍' എന്നു മാത്രം രേഖപ്പെടുത്തിയ ആ കല്ലറ അതു വഴിയുള്ള യാത്രയിലെല്ലാം മുഹമ്മദ് അലി സന്ദര്‍ശിച്ചു. തനിക്കു ലോകത്തെ ഇളക്കിമറിക്കാന്‍ കാരണക്കാരനായ മനുഷ്യന്റെ ആത്മാവിനോടുള്ള അലിയുടെ ആധ്യാത്മിക നീതിയായിരുന്നു അത്. ചുരുക്കത്തിൽ, തുടക്കത്തില്‍ എലിജാ മുഹമ്മദിലും പിന്നീട് മാല്‍ക്കം എക്‌സിലുമാണു മുഹമ്മദ് അലി എന്ന വന്മരത്തിന്റെ വേരുകളുള്ളത്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെയോ ഉസാമ ബിന്‍ ലാദന്റെയോ നിഴലുകളുമായി അതിനൊട്ടും അടുപ്പവുമില്ല. ചരിത്രത്തിന്റെ എണ്ണമറ്റ സാധ്യതകളില്‍ നിന്നുള്ള കാലത്തിന്റെ തെരഞ്ഞെടുപ്പായിരുന്നു അലി. അലിയുടെ തെരഞ്ഞെടുപ്പുകളായിരുന്നു അലിയുടെ ജീവിതം. അത് അവസാനം സൂഫി ഇസ്ലാമിലും ഹസ്രത്ത് ഇനായത്ത് ഖാനിലും എത്തിച്ചേര്‍ന്നിരുന്നു എന്നാണ് മകള്‍ ഹന അലി ഇപ്പോള്‍ പറയുന്നത്. മരണമെത്തിയ നേരത്തു അലിയുടെ അരികെയിരുന്നു കലിമ ചൊല്ലിക്കൊടുത്ത മകളാണവര്‍.

കുരിശു യുദ്ധങ്ങൾക്കും, ഓട്ടോമൻ സുൽത്താന്മാരുടെ തിരോധാനത്തിനും ശേഷം, അറേബ്യയിലെ ഇസ്ലാമിനു പെട്രോ ഡോളർ ഇന്ധനമായിത്തീർന്ന പോലെ മധ്യ പൌരസ്ത്യ ദേശങ്ങൾക്കു പുറത്ത് ഇസ്ലാം കണ്ടെത്തിയ ഇന്ധനങ്ങളിൽ വിലയേറിയതായിരുന്നു മുഹമ്മദ് അലി. എണ്ണവിലയിലെ അസ്ഥിരത ഉണ്ടാക്കുന്ന സാമ്പത്തിക മാന്ദ്യം പോലെ തന്നെ പതുക്കെ പ്രകടമായേക്കാം അലിയെ പോലുള്ള ചിഹ്നങ്ങളുടെ അഭാവം ഉണ്ടാക്കുന്ന സാംസ്കാരിക മാന്ദ്യവും.