ആനക്കൊമ്പ് കേസ് അട്ടിമറിച്ചു; മോഹന്‍ലാലിനെയും തിരുവഞ്ചൂരിനെയും പ്രതികളാക്കി മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. എന്നാല്‍ സംഭവത്തില്‍ എഫ്ഐആര്‍ ഇടാനോ മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കാനോ വനംവകുപ്പോ പൊലീസോ തയ്യാറായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ആനക്കൊമ്പ് കേസ് അട്ടിമറിച്ചു; മോഹന്‍ലാലിനെയും  തിരുവഞ്ചൂരിനെയും പ്രതികളാക്കി മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

നടന്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍ നടപടിയുണ്ടായില്ലെന്ന് കാട്ടി മുന്‍മന്ത്രി തിരുവഞ്ചൂരിനെയും മോഹന്‍ലാലിനെയും പ്രതികളാക്കി മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. അഴിമതി നിരോധന നിയമ പ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായും മോഹന്‍ലാല്‍ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ എ പൗലോസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.


മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരാണ് ഹര്‍ജിയിലെ മറ്റ് പ്രതികള്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് ഈ മാസം 22ലേക്ക് മാറ്റി.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. എന്നാല്‍ സംഭവത്തില്‍ എഫ്ഐആര്‍ ഇടാനോ മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കാനോ വനംവകുപ്പോ പൊലീസോ തയ്യാറായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്ന് പറയുമ്പോഴും അത് നിയമപരമായി കുറ്റകരമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മോഹന്‍ലാലിന്റെ തന്നെ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുമാണ് കണ്ടെടുത്തതെന്നും നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണെന്നും കഴിഞ്ഞ 50 മാസമായി ഇഴഞ്ഞുനീങ്ങുന്ന കേസിലൂടെ മോഹന്‍ലാലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നുവരുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

Read More >>