തന്നെ കാണാനില്ലെന്ന പരാതി; രാഹുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍ പോയതാണെന്ന് മുകേഷ്

കൊല്ലംകാരുടെ തമാശയായിട്ടെ പരാതിയെ കാണുന്നുള്ളുവെന്നും അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരുമെന്നും മുകേഷ് പറഞ്ഞു.

തന്നെ കാണാനില്ലെന്ന പരാതി; രാഹുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍ പോയതാണെന്ന് മുകേഷ്

തന്നെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി എംഎല്‍എ മുകേഷ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതി സ്വീകരിച്ച് കൊല്ലം വെസ്റ്റ് പൊലീസ് രസീത് നല്‍കിയതിനെതിരെയാണ് വെസ്റ്റ് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും മുകേഷും രംഗത്ത് എത്തിയത്. ഇതു സംബന്ധിച്ച് സിപിഐ(എം) സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തി്ടുണ്ട്.

തന്നെ കാണാനില്ലെന്ന പരാതിയില്‍ തമാശകലര്‍ത്തിയാണ് മുകേഷ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍ പോയതാണ് താനെന്ന് മുകേഷ് പറഞ്ഞു. നാലുമാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്തു പോയാലെ അംഗത്വം തരൂ എന്നുംപറഞ്ഞ് തന്നെ അവിടെ നിന്നു മടക്കി അയച്ചുവെന്നും മുകേഷ് പറഞ്ഞു. കൊല്ലംകാരുടെ തമാശയായിട്ടെ പരാതിയെ കാണുന്നുള്ളൂവെന്നും അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരുമെന്നും മുകേഷ് പറഞ്ഞു.


താന്‍ തത്കാലം എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുകേഷ് വെളിപ്പെടുത്തി. യുഡിഎഫുകാര്‍ കൂട്ടയടി നടത്തുന്നത് ഒഴിവാക്കാനാണ് ആ തീരുമാനമെന്നും മുകേഷ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി. നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയാല്‍ പൊലീസ് സ്വീകരിക്കുമോ എന്നും മുകേഷ് ചോദിച്ചു.

തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.