വിമാനത്താവളത്തിൽ ജോലിവാഗ്ദാനം ചെയ്ത് 'അവതാരം' പണം തട്ടിയതായി പരാതി

പാലോട് ഭരതന്നൂര്‍ സ്വദേശികളായ നാലുപേര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്താണു പ്രമോദ് അരലക്ഷം രൂപ കൈവശപ്പെടുത്തിയത്. ഭരതന്നൂര്‍ സ്വദേശികളായ വിദ്യാധരന്‍ ഉണ്ണിത്താന്‍, ജയലാല്‍, ദിപിന്‍, മനു എന്നിവരാണു കബളിപ്പിക്കപ്പെട്ടത്. ഇരുമുന്നണികളിലും തങ്ങള്‍ക്കു വേണ്ടപ്പെട്ട എംഎല്‍എമാരുണ്ടെന്ന് പ്രമോദ് തങ്ങളോട് പറയുകയായിരുന്നുവെന്ന് ഇവര്‍ അറിയിച്ചു.

വിമാനത്താവളത്തിൽ ജോലിവാഗ്ദാനം ചെയ്ത്

എംഎല്‍എമാരുമായുള്ള അടുപ്പത്തിന്റെ പേരിൽ ജോലി നല്‍കാമെന്ന് പറഞ്ഞ് അരലക്ഷം രൂപ തട്ടിയതായി പരാതി. എംഎല്‍എ ഹോസ്റ്റല്‍ പോലുള്ള അധികാര കേന്ദ്രങ്ങളില്‍ കറങ്ങി നടന്ന് മുതലെടുപ്പ് നടത്തുന്ന അവതാരങ്ങളെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ജോലിത്തട്ടിപ്പ് അരങ്ങേറിയത്.

പാലോട് ഭരതന്നൂര്‍ സ്വദേശികളായ നാലുപേര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലാണ് ജോലി വാഗ്ദാനം ചെയ്തത്. എംഎൽഎ ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായ പ്രമോദ് എന്നയാളാണ് തൊഴിൽപ്രതീക്ഷിച്ചെത്തിയ യുവാക്കകളിൽ നിന്ന് അരലക്ഷം രൂപ കവര്‍ന്നത്. ഭരതന്നൂര്‍ സ്വദേശികളായ വിദ്യാധരന്‍ ഉണ്ണിത്താന്‍, ജയലാല്‍, ദിപിന്‍, മനു എന്നിവരാണു കബളിപ്പിക്കപ്പെട്ടത്. ഇരുമുന്നണികളിലും തങ്ങള്‍ക്കു വേണ്ടപ്പെട്ട എംഎല്‍എമാരുണ്ടെന്ന് പ്രമോദ് തങ്ങളോട് പറയുകയായിരുന്നുവെന്ന് ഇവര്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിക്കാമെന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞിരുന്നത്. അതിന്‍പ്രകാരം വസ്ത്രങ്ങളടക്കമുള്ള മുന്നൊരുക്കങ്ങളോടെ നാലുപേരും നഗരത്തിലെത്തുകയായിരുന്നു. ഇവരെ എം.എല്‍.എ. ഹോസ്റ്റല്‍ വളപ്പില്‍ നിര്‍ത്തിയശേഷം സാറിനെ കണ്ടിട്ടുവരാമെന്നു പറഞ്ഞ് പ്രമോദ് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഒടുവില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനോട് പരാതി പറഞ്ഞതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് ഇവര്‍ക്ക് മനസ്സിലായത്.

ഭരതന്നൂര്‍ സ്വദേശിയായ കോണ്‍ഗ്രസ് പ്രാദേശികനേതാവാണ് ഇവര്‍ക്കു പ്രമോദിനെ പരിചയപ്പെടുത്തിയതെന്നാണ് വിവരം. കിളിമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ഇയാള്‍ക്കു ഓഫീസുള്ളതായും ഇവര്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു എം.എല്‍.എയുടെ മരുമകന്‍ വഴി ജോലി തരപ്പെടുത്താമെന്നാണു പ്രമോദ് ഉറപ്പുനല്‍കിയത്. ഒരാള്‍ക്കു 15,000 രൂപ വീതമാണു ജോലി തരപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. വിദ്യാധരന്‍, ജയലാല്‍ എന്നിവര്‍ മുഴുവന്‍ തുകയും മറ്റിരുവരും 10,000 രൂപ വീതവും നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.