സംസ്ഥാനത്തെ വിലക്കയറ്റത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് ഭക്ഷ്യ മന്ത്രി

പച്ചക്കറിക്ക് പിന്നാലെ അരി വില വര്‍ധിപ്പിക്കാനുള്ള നീക്കം ഭക്ഷ്യവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിന് അരി നല്‍കില്ലെന്ന സമ്മര്‍ദ തന്ത്രം പയറ്റുകയാണ് ആന്ധ്രയിലെ മില്ലുടമകള്‍. ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിലക്കയറ്റത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു അനുഭവപ്പെടുന്ന അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. വിലക്കയറ്റത്തിനു പിന്നില്‍ ബോധപൂര്‍വമായ നീക്കമുണ്ടെന്നും ഇത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പച്ചക്കറി വിലവര്‍ധന തടയാന്‍ ഹോര്‍ട്ടികോര്‍പ്പ് ഇടപെടും. 30 ശതമാനംവരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പച്ചക്കറിക്ക് പിന്നാലെ അരി വില വര്‍ധിപ്പിക്കാനുള്ള നീക്കം ഭക്ഷ്യവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിന് അരി നല്‍കില്ലെന്ന സമ്മര്‍ദ തന്ത്രം പയറ്റുകയാണ് ആന്ധ്രയിലെ മില്ലുടമകള്‍. ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും തീവിലയാണിപ്പോള്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടിരട്ടിയിലധികമാണ് പലതിന്റെയും വില വര്‍ധിച്ചത്. അരിവിലയും ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് പതിനഞ്ചുരൂപയായിരുന്ന തക്കാളിയുടെ വില തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഉയര്‍ന്നു തുടങ്ങിയതാണ്. നിലവില്‍ എഴുപത് രൂപയാണ് തക്കാളിയുടെ വില. ബീന്‍സുള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

പച്ചക്കറിക്കൊപ്പം പഞ്ചസാര, ശര്‍ക്കര, പരിപ്പ് ഇനങ്ങള്‍ക്കും വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പഞ്ചസാരയുടെയും ശര്‍ക്കരയുടെയും വില 40 കടന്നു. ഉഴുന്നുപരിപ്പിന്റെയും തുവരപ്പരിപ്പിന്റെയും വിലയും ഉയര്‍ന്നു. ഉഴുന്നുപരിപ്പിന് കിലോയ്ക്ക് 180 രൂപയായി. ഒന്നാംതരത്തിന് വില ഇരുന്നൂറിന് മുകളിലാണ്. തുവരപ്പരിപ്പിന്റെ വില 150 ആയി. ഇതും ഒന്നാംതരത്തിന്റെ വില 200 ന് അടുത്താണ്.

ഭരണം മാറിയതിന് പിന്നാലെ സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഗൗരവത്തോടെയും അല്‍പ്പം സംശയത്തോടെയുമാണ് പെട്ടെന്നുണ്ടായ ഈ വിലക്കയറ്റത്തെ സര്‍ക്കാര്‍ കാണുന്നത്. ഉത്തരേന്ത്യയിലും തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന കനത്ത ചൂട് കാരണം പച്ചക്കറിയും മറ്റും വരവ് കുറഞ്ഞതാണ് കേരളത്തില്‍ വില വര്‍ധനക്ക് ഇടയാക്കിയത്.

Read More >>