ഞങ്ങൾ അധികാരത്തില്‍ വരില്ലെന്നു കരുതിയോ, ഇനി കാത്തിരുന്നു കണ്ടോ: ഒളിംപ്യൻ അഞ്ജു ബോബി ജോര്‍ജിന് മന്ത്രി ഇ പി ജയരാജൻ്റെ ഭീഷണി

മന്ത്രിയുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും അഞ്ജു പറയുന്നു.

ഞങ്ങൾ അധികാരത്തില്‍ വരില്ലെന്നു കരുതിയോ, ഇനി കാത്തിരുന്നു കണ്ടോ: ഒളിംപ്യൻ അഞ്ജു ബോബി ജോര്‍ജിന് മന്ത്രി ഇ പി ജയരാജൻ്റെ ഭീഷണി

മന്ത്രി ഇ.പി.ജയരാജനെതിരെ ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്.  അഞ്ജു അടക്കം സ്‌പോര്‍ട്സ്  കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ച് കായിക മന്ത്രി ജയരാജന്‍ തട്ടിക്കയറിയെന്നും എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണി മുഴക്കിയതായുമാണ് പരാതി ഉയർന്നിരിക്കുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്നും അഞ്ജു പറഞ്ഞു.

കായികമന്ത്രിയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രിയെ കണ്ടശേഷമാണ് അഞ്ജു മടങ്ങിയത്. അഭിമാനം അടിയറ വച്ചു പുറത്തുപോകാന്‍ താനില്ലെന്ന് അഞ്ജു സൂചിപ്പിച്ചു. ബംഗ്‌ളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജു സംസ്ഥാനത്ത് പുതിയ കായിക മന്ത്രി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും അഞ്ജുവിനൊപ്പമുണ്ടായിരുന്നു.

മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാന്‍ഡ്‌ബോള്‍ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെത് മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു മന്ത്രിയെ ബോധ്യപ്പെടുത്തി. എന്നാൽ കൗണ്‍സിലിലെ സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതുകയായിരുന്നു.  ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു സൂചിപ്പിച്ചപ്പോഴാണ് മന്ത്രി ശകാരിച്ചത്.

കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് മന്ത്രി ആരോപിച്ചതായും അഞ്ജു പറയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗ്‌ളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും മന്ത്രി ചോദിച്ചു. ഞങ്ങൾ അധികാരത്തില്‍ വരില്ലെന്നു കരുതിയോ, ഇനി കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും ജയരാജൻ മുഴക്കി.

മന്ത്രിയുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും അഞ്ജു പറയുന്നു. സര്‍ക്കാര്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലെന്നും അഞ്ജുവിനെ കുറിച്ച് തങ്ങള്‍ക്കെല്ലാം അറിയാമെന്നും മുഖ്യമന്ത്രി ആശ്വസിപ്പിച്ചുവെന്നും അഞ്ജു വെളിപ്പെടുത്തി.

അതേ സമയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിക്കൊപ്പം ഓഫീസിലെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.