നരകത്തിന്റെ അവകാശികള്‍

റഹ്മാനിയ എല്‍.പിയില്‍ ഒരു മൊയ്തു മാഷുണ്ടായിരുന്നു. തടിച്ചിട്ട്, ഇരു നിറത്തില്‍ നീരുള്ള കാലുകളും വെളുത്ത മുണ്ടും വെളുത്ത കുപ്പായവുമിട്ട മൊയ്തു മാഷ്. പാഠം നാല് ആരാമത്തിന്റെ രോമാഞ്ചത്തിലെ തോട്ടമുടമയെ ഞാന്‍ മൊയ്തു മാഷിന്റെ രൂപത്തിലാണു ഭാവന ചെയ്തിരുന്നത്. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കൊല്ലം മാഷ് പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിട്ട്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍. ആ കണക്കിനു മാഷു നരകത്തില്‍ പോകേണ്ടതാണു.

നരകത്തിന്റെ അവകാശികള്‍

റഫീഖ് തിരുവള്ളൂര്‍ഒന്നാം ക്ലാസ് ഓര്‍മകള്‍ ഒന്നുമില്ല, മൂന്നാം ക്ലാസ് നാലാം ക്ലാസ് ഒക്കെ കാണും. ഒരെണ്ണം എടുക്കട്ടെ..?

എല്‍.പിയില്‍ നാലും യു.പിയില്‍ ആദ്യത്തെ ഒരു ക്ലാസും മാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളൂ. അഞ്ചില്‍ നിന്നും ആറിലേക്കു ജയിച്ച എന്നെ കാണാതെ വിഷമിച്ചു പോയ ടീച്ചര്‍മാരും സഹപാഠികളുമുണ്ട്. പഠിച്ച സ്‌കൂള്‍ തറോപ്പൊയില്‍ റഹ്മാനിയ . പത്തുവരേയുണ്ട്. എല്‍.പി വേറെ വളപ്പിലായിരുന്നു. യു പിയും എച്ച് എസും തൊട്ട് തൊട്ടും. മദ്രസ നില കൊള്ളുന്ന അതേ കണ്ടത്തിലാണു എല്‍.പിയും. കുറേ ക്ലാസുകള്‍ ഒന്നു തന്നെയുമാണ്. മദ്രസ വിട്ടാല്‍ ഓല മേഞ്ഞ അതേ നീളന്‍ പുര കുറേ ഭാഗം സ്‌കൂളായി മാറും. മദ്രസയിലും സ്‌കൂളിലും ഒരേ സമയമാണു ചേര്‍ക്കുക. മദ്രസയില്‍ ചേര്‍ക്കുന്നതിനു തൊട്ടു മുമ്പായിരിക്കും മിക്കവാറും മാര്‍ക്കം ചെയ്യല്‍. സുന്നത്തു കല്യാണം എന്നുമുണ്ട് ആഘോഷപ്പേര്.  ഒന്നാം ക്ലാസ് നിറയെ ഉണ്ടാകുക പച്ചപ്പക്കികള്‍. എന്നു വച്ചാല്‍ മാപ്പിളക്കുട്ടികള്‍. ഉണക്കപ്പക്കികള്‍ക്ക് ഓരോ വളവപ്പുറം രണ്ട് എല്‍.പികള്‍ വേറെയുണ്ട്. ഒന്നു തോട്ടത്തില്‍ സ്‌കൂള്‍. മറ്റേത്,പേരു മറന്നു. ചെറിയ കണ്ടി എന്നാണെന്നു പാതി മെമ്മറി. കുട്ടിയായിരുന്ന വി.കെ കൃഷ്ണ മേനോന്‍ ആ സ്‌കൂളില്‍ ഒന്നിരിക്കുകയോ അക്ഷരം കൂട്ടി വായിക്കുകയോ ചെയ്തിട്ടുണ്ട്. കൃഷ്ണ മേനോന്റെ തറവാട്ടു വീട് ഞങ്ങള്‍ സ്‌കൂളിലേക്കു പോകുന്ന വഴിക്കുള്ള കോമത്ത് അമ്പലത്തിനു തൊട്ടപ്പുറത്തായിരുന്നു. ഞാന്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്ന 1986 ആകുമ്പോഴേക്കും അതു കുഴി തോണ്ടിപ്പോയിട്ടുണ്ട്. ടി.ജെ.എസ് ജോര്‍ജിന്റെ കൃഷ്ണ മേനോന്‍ ജീവചരിത്രത്തില്‍ ഞാനും കൂട്ടുകാരും സ്‌കൂളിലേക്കു നടന്ന വഴിയും കയറിയ ഒന്തവും എഴുതി പിടിപ്പിച്ചിട്ടുണ്ട്.


റഹ്മാനിയ എല്‍.പിയില്‍ ഒരു മൊയ്തു മാഷുണ്ടായിരുന്നു. തടിച്ചിട്ട്, ഇരു നിറത്തില്‍ നീരുള്ള കാലുകളും വെളുത്ത മുണ്ടും വെളുത്ത കുപ്പായവുമിട്ട മൊയ്തു മാഷ്. പാഠം നാല് ആരാമത്തിന്റെ രോമാഞ്ചത്തിലെ തോട്ടമുടമയെ ഞാന്‍ മൊയ്തു മാഷിന്റെ രൂപത്തിലാണു ഭാവന ചെയ്തിരുന്നത്. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കൊല്ലം മാഷ് പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിട്ട്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍. ആ കണക്കിനു മാഷു നരകത്തില്‍ പോകേണ്ടതാണു.

അന്നു ഞങ്ങള്‍ നരകത്തില്‍ പോകുന്നവരുടെ ലിസ്റ്റുണ്ടാക്കും. പൈങ്ങോട്ടായി ഉള്ള ഇസ്ഹാഖിനെ ആണു നരകത്തില്‍ അയക്കാന്‍ ആദ്യം തീരുമാനമായത്. ഞാനും അജ്മലും കുഞ്ഞിമ്മൂസയും ഫിറോസും കൂടിയാണു തീരുമാനിച്ചത്. ഹൈസ്‌കൂളിലെ യുവജനോത്സവ ദിവസങ്ങളില്‍ ഞങ്ങള്‍ എല്‍.പിക്കാര്‍ക്കും ഒഴിവ് കിട്ടും. വൈകുന്നേരം വരേ പാട്ടും ആട്ടങ്ങളും കാണാം. അടുത്ത പൊരയിലെ മൈമൂന ഇച്ചാച്ച പുയ്യോട്ടി ആയി ഒപ്പന കളിച്ച കൊല്ലം ഞാന്‍ രാത്രിയും യുവജനോത്സവത്തിനു നിന്നിട്ടുണ്ട്. അന്നു വീട്ടിലേക്ക് അവരുടെ കൂടെ മടങ്ങാമല്ലോ എന്നതു കൊണ്ട്. വീട്ടിലെത്തുന്നതിനു മുമ്പ് ഒരു പരദേവതാ ക്ഷേത്രവും ഒരു ഭജന മഠവുമുണ്ട് വഴിക്ക്. മൂന്നു കുളങ്ങളുമുണ്ട്. അഥവാ അഞ്ച് ഭയത്തിന്റെ ഉറവിടങ്ങള്‍. ഇസ്ഹാഖിനെ നരകത്തില്‍ വിടാന്‍ തീരുമാനമായത് ഹൈസ്‌കൂളില്‍ പഠിക്കുന്ന അവന്‍ നാടകത്തില്‍ അഭിനയിച്ച കൊല്ലമാണു. മൊയ്തു മാഷ് മത്സരിച്ച കൊല്ലം തന്നെയാണതും. നാടകം ഞങ്ങള്‍ കണ്ടിട്ടില്ല, പിറ്റേന്നു പറഞ്ഞു കേട്ടതാണ്. നരകത്തിലെ തീയില്‍ ഇസ്ഹാഖ് കത്തിപ്പോകുന്നതു ഉറക്കത്തില്‍ കണ്ടിട്ടു വരേ ഞാന്‍ കരഞ്ഞു ഞെട്ടി ഉണര്‍ന്നിട്ടുണ്ട്. ഇസ്ഹാഖ് ജമാഅത്തെ ഇസ്ലാമിക്കാരുടെ വീട്ടില്‍ നിന്നാണ് വരുന്നത്. അതു കൊണ്ടവനു നരകം നാടകം കൊണ്ടു മാത്രമല്ല, വഴി പിഴച്ചു പോയവനുമാണ്.

മൊയ്തു മാഷ് അങ്ങനെയല്ല. അതാണു കുഴപ്പമായതും. സ്‌കൂളില്‍ ഉച്ചക്കു കഞ്ഞിയും റവയും കിട്ടും. ചിലപ്പോള്‍ ചെറുപയറോ മമ്പയറോ ആയിരിക്കും. തുണ്ടിയില്‍ മൊയ്തീന്‍ എന്നയാളാണു കഞ്ഞിക്കാക്ക. ആ ഉപ്പാപ്പ വെക്കുന്ന കഞ്ഞിയാണു കഞ്ഞി, റവയാണു റവ, ചെറു-മണ്‍ പയറാണു പയര്‍. ഇതൊക്കെ ഞങ്ങളെ മൊയ്തു മാഷ് അടുത്തു നിന്നു കഴിപ്പിക്കും. തലയിലൊക്കെ തൊട്ട്, തടവി പുരയിലെ കാര്യങ്ങള്‍ ഒക്കെ ചോദിക്കും. ഞാന്‍ കരുതും എന്നോടാണ് ഏറ്റവും ഇഷ്ടം, ഉപ്പാനെ ഒക്കെ അറിയുന്നതു കൊണ്ടാണെന്ന്. എല്ലാ കുട്ടികളും ഇതു തന്നെ കരുതും. കളിക്കാന്‍ വിടുന്നതിനേക്കാള്‍ ഇഷ്ടം ഈ ഉച്ചക്കു വിടുമ്പോഴാണ്. തീറ്റ കിട്ടുന്നതും ഈ സ്‌നേഹം കിട്ടുന്നതും അപ്പോഴാണല്ലോ, പിന്നെ എനിക്കു വീട്ടിലെ അന്നപാനീയങ്ങളേക്കാള്‍ രുചിയും കിട്ടിയിരുന്നു.

കുട്ടികളുടെ തീറ്റയും കുടിയുമൊക്കെ ഒരു പാതിയായാല്‍ മാഷ് കിണറ്റിന്‍ കരയില്‍ പോയി ഒളു എടുക്കും. കയ്യും മുഖവും കാലുമൊക്കെ കഴുകുന്നതിന്റെ ഒരു സ്‌റ്റൈലന്‍ രീതിയുണ്ട്, മദ്രസയില്‍ നിന്നും ഉസ്താദ് പഠിപ്പിച്ച പോലെയൊന്നുമല്ല. ചെവിയും തലയും ഒരേ ജലം കൊണ്ടാണു തടവുക. ആ കൃത്യ ഭംഗി ഞാന്‍ നോക്കി നിന്നിട്ടുണ്ട്. അധികം വെള്ളമൊന്നും വേണ്ട, എന്നാല്‍ ജലമണികള്‍ കണം കയ്യിലൊക്കെ ഉരുണ്ടു നില്‍ക്കുന്നുമുണ്ടാകും. ശേഷം നാലാം ക്ലാസിലെ രണ്ടു ബെഞ്ചുകള്‍ പടിഞ്ഞാറോട്ട് കൂട്ടി ഇട്ട് മൊയ്തു മാഷ് നിസ്‌കരിക്കും. കുട്ടികള്‍ അപ്പോഴേക്കും കളിയുടെ പെരുക്കങ്ങളില്‍ എത്തിയിരിക്കും. അപ്പോള്‍ സ്‌കൂള്‍ മേല്‍ക്കൂരയോടെ തകര്‍ന്നു വീണാലും മാഷതൊന്നും അറിയാന്‍ പോകുന്നില്ല എന്ന മട്ടില്‍ ധ്യാന നിരതമായിട്ടാണാ നിസ്‌കാരം. അങ്ങനെ നിസ്‌കരിക്കുന്ന ഒരാളേ അന്നും ഇന്നും എന്റെ അറിവിലുള്ളൂ. കളരിക്കണ്ടിയിലെ തൂപ്പി എളാപ്പ. എളാപ്പ വാഴക്കു തടം കീറുമ്പോഴാകും ചിലപ്പോള്‍ വാങ്കു കൊടുക്കുന്നത്. അപ്പോള്‍ അവിടെ വച്ചാണു നിസ്‌കാരം. അതു വരേ കിളച്ചു കൊണ്ടിരുന്ന തൂപ്പി എളാപ്പ ആ സമയം ഒരു ബുദ്ധന്റെ ലുക്കിലേക്കു മാറും, കുപ്പായം കിട്ടിട്ടുമുണ്ടാകില്ല. ശരിക്കും ബുദ്ധന്‍.

ഫര്‍ളായ നിസ്‌കാരം ഇത്ര കണ്ട് ആദാആയി നിസ്‌കരിക്കുന്ന മൊയ്തു മാഷിനെ പടച്ചോന്‍ എന്തു ചെയ്യും എന്നതായിരുന്നു അന്നത്തെ ഒന്നാമത്തെ പ്രതിസന്ധി. നിസ്‌കാരവും സ്വര്‍ഗവും, അരിവാള്‍ ചുറ്റികയും നരകവും പിന്നെ മൊയ്തു മാഷും കുറച്ചൊന്നുമല്ല എന്റെ വിശ്വാസത്തെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ശരിക്കും സൈക്കിക്ക് പ്രതിസന്ധി. പിന്നീട് കാന്തപുരം ഉസ്താദ് അരിവാള്‍ സുന്നി ആയപ്പോഴൊന്നും അത്ര കണ്ട് ബേജാറായിട്ടില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാക്‌സ് പറഞ്ഞത് സത്യസന്ധമാണെന്നും അതു സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി ഉപയോഗിക്കുകയാണ് പലരുമെന്നും ലീഗു നേതാവയ യു.എ ബീരാനും മാവോയുടെ ബന്ധുക്കളിലാരോ ഒരാള്‍ ചൈനയിലെ പള്ളി ഇമാമായിരുന്നെന്ന് മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൌലവിയും പറഞ്ഞപ്പോളും ബേജാറായില്ല. മൊയ്തു മാഷിന്റെ കാര്യം സലാമത്താകുമല്ലോ എന്ന സന്തോഷമായിരുന്നു പകരം. മുട്ടാണിശ്ശേരി മൊഴിമാറ്റിയ ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ വായിച്ച കാലം മൊയ്തു മാഷിനെ ഇമാമാക്കി നിസ്‌കരിക്കാഞ്ഞതില്‍ വല്ലാത്ത നിരാശയും തോന്നി. മനുഷ്യന്റെ അധ്വാനത്തിന്റെ മൂല്യമാണ് ലാഭം എന്നു രണ്ടാളും രണ്ടു കാലങ്ങളിരുന്ന് എഴുതി എന്നതു വായിച്ചറിഞ്ഞപ്പോഴായിരുന്നു അത്.

മൊയ്തു മാഷുണ്ടാക്കിയതു കഴിഞ്ഞാലുള്ള എല്‍.പി സ്‌കൂള്‍ കാലത്തെ അടുത്ത പ്രതിസന്ധി റേഷന്‍ പീടികയായിരുന്നു. ഫിസിക്കല്‍ പ്രതിസന്ധിയായിരുന്നു അത്. തറോപ്പൊയിലിലെ ഞങ്ങളുടെ സ്‌കൂളിനു തൊട്ടായിരുന്നു ഒരു റേഷന്‍ പീടിക. എന്നാല്‍ ഞങ്ങളുടെ റേഷന്‍ പീടിക തിരുവള്ളൂരായിരുന്നു. സങ്കടം അതല്ല. കുങ്ങന്‍ കണ്ടിയിലെ തറവാട്ടു വളപ്പില്‍ രണ്ടു വീടുകളേ അന്നും ഇന്നും ഉള്ളൂ. ഒന്നു ഞങ്ങളുടെ, ഉപ്പാപ്പ കെട്ടിയ പൊര. മറ്റേത് ഉപ്പാപ്പാന്റെ അനിയന്‍ മൂസളാപ്പ കെട്ടിയ പൊര. മൂസളാപ്പാക്കു റേഷന്‍ പീടിക തറോപ്പൊയില്‍. ഞങ്ങള്‍ക്കു തിരുവള്ളൂര്‍. അവിടത്തെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിട്ടിട്ട് വേണമെങ്കില്‍ റേഷന്‍ പീടികയില്‍ പോക്കും കൂടി കഴിച്ച് വീട്ടിലേക്കു വന്നാല്‍ മതി. ചിലപ്പോള്‍ അവരുടെ വീട്ടിലെ ആരെങ്കിലുമൊക്കെ റേഷന്‍ പീടികയില്‍ വന്നിട്ടുമുണ്ടാകും. എനിക്കാകട്ടെ സ്‌കൂള്‍ വിട്ടു വന്നിട്ട് റേഷന്‍ പീടികയിലേക്കു വേറെ നടക്കണം. തിരുവള്ളൂരിനും തറോപൊയിലിനും നടുക്കാണു ഞങ്ങളുടെ വീടെന്നോര്‍ക്കണം. മൂസളാപ്പാന്റെ പൊരേലുള്ളവര്‍ നടക്കുന്നതിന്റെ ഇരട്ടി നടപ്പ്, മൂസെളാപ്പാന്റെ പൊരേല്‍ നിന്നും വരുന്ന റസിയാക്കും ഹാജറക്കും വേണമെങ്കില്‍ ഉച്ചക്കു ശേഷം കളിക്കാന്‍ വിടുമ്പോള്‍ റേഷന്‍ കാര്‍ഡ് കൊണ്ടു പോയി അട്ടിയില്‍ വെക്കാം. സ്‌കൂള്‍ വിടുമ്പോളേക്കും അവരുടെ കാര്‍ഡ് മുകളില്‍ വന്നിരിക്കും. സ്വര്‍ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതും നരകത്തിലേക്കുള്ളത് പൂവിരിച്ചതുമാണെന്നു നബി തങ്ങളും പറഞ്ഞിട്ടുണ്ട്. ആരാണു നരകത്തിന്റെയും സ്വര്‍ഗത്തിന്റെയും അവകാശികള്‍ എന്ന കാര്യത്തിലുള്ള തര്‍ക്കം തുടരും. മുസ്ലിംകളുടെ സ്വര്‍ഗമെന്നത് എത്തിപ്പെടാനുള്ള ഒരിടം അല്ല, അതൊരു യാത്രയാണെന്ന സിയാവുദ്ദീന്‍ സര്‍ദാറിന്റെ ഉപദേശം മാത്രം ഇടക്കു സമാധാനമാകും. ഈ നോമ്പു കാലത്തും ആ എല്‍.പി സ്‌കൂളായിരുന്നു ഒരു മാതിരി ഭേദപ്പെട്ട സ്വര്‍ഗം എന്നും തോന്നുമപ്പോള്‍..നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ.

Story by