ക്യാമറയാണ് എന്റെ തോക്ക്; പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ തുറന്നുകാട്ടി പത്ത് വയസ്സുകാരി റിപ്പോര്‍ട്ടര്‍

'ക്യാമറയാണ് എന്റെ ആയുധം. തോക്കിനേക്കാള്‍ കരുത്ത് ക്യാമറയ്ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

ക്യാമറയാണ് എന്റെ തോക്ക്; പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ തുറന്നുകാട്ടി പത്ത് വയസ്സുകാരി റിപ്പോര്‍ട്ടര്‍

ഇത് ജന്ന ജിഹാദ് അയ്യാദ് എന്ന പത്ത് വയസ്സുകാരി. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തക. പലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ നബീ സലേഹ് സ്വദേശിയായ ഈ പത്തുവയസ്സുകാരിയെ കുറിച്ചാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ഇസ്രായേല്‍ അധിനിവേശത്തിന്റെ ക്രൂരതകളെ കുറിച്ച് സ്വയം അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് ലോകത്തെ അറിയിക്കുകയാണ് ജന്ന ജിഹാദ്.


ഏഴാം വയസ്സില്‍ സ്വന്തം ഗ്രാമത്തില്‍ സുഹൃത്തും അമ്മാവനും സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതോടെയാണ് ജന്ന സ്വയം മാധ്യമപ്രവര്‍ത്തക എന്ന വേഷം അണിയുന്നത്. മാതാവിന്റെ ഐഫോണിലാണ് ജന്നയുടെ വീഡിയോ റെക്കോര്‍ഡിംഗ്. പലസ്തീനിലെ ഇസ്രായേല്‍ അതിക്രമത്തെ കുറിച്ച് അമ്മാവനും ഫോട്ടോഗ്രാഫറുമായ ബിലാല്‍ തമീമി നിര്‍മിച്ച ഡോക്യുമെന്ററിയാണ് ജന്നയുടെ പ്രചോദനം.

പലസ്തീനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ പല മാധ്യമപ്രവര്‍ത്തകരും തയ്യാറാകുന്നില്ല. തുടര്‍ന്നാണ് വാര്‍ത്തകള്‍ സ്വയം ലോകത്തെ അറിയിക്കാന്‍ തീരുമാനിക്കുന്നത്. എന്റെ ഗ്രാമത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ലോകം അറിയണം.

തോക്കുകളും പീരങ്കിയും പട്ടാളവും പോലീസും അധിനിവേശവുമൊക്കെയാണ് എനിക്ക് ചുറ്റും കാണുന്നത്. ഞങ്ങളെ സ്വന്തം നാട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്യുന്നു.  ജന്ന പറയുന്നു.ജറുസലേം, ഹെര്‍ബണ്‍, നബ്‌ലൂസ്, ജോര്‍ദ്ദാന്‍ തുടങ്ങിയ ഇടങ്ങളിലെ വാര്‍ത്തകളെല്ലാം ഇതിനകം ജന്ന റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. മാധ്യമപ്രവര്‍ത്തക എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം പഠിക്കുകയാണ് ജന്നയുടെ സ്വപ്‌നം.

'ക്യാമറയാണ് എന്റെ ആയുധം. തോക്കിനേക്കാള്‍ കരുത്ത് ക്യാമറയ്ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.' ആത്മവിശ്വാസം തുളുമ്പുന്ന ജന്നയുടെ വാക്കുകള്‍.

മുതിര്‍ന്നതിന് ശേഷം സിഎന്‍എന്നിലോ ഫോക്‌സ് ന്യൂസിലോ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് ജന്നയുടെ ലക്ഷ്യം. ഈ രണ്ട് മാധ്യമസ്ഥാപനങ്ങളും തിരഞ്ഞെടുക്കാനുള്ള കാരണവും ജന്ന പറയുന്നു, സിഎന്‍എന്നും ഫോക്‌സ് ന്യൂസും പലസ്തീനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാറില്ല. അവിടെ ജോലിക്ക് കയറി പലസ്തീനെ കുറിച്ച് എനിക്ക് റിപ്പോര്‍ട്ട് ചെയ്യണം.

മകളെ കുറിച്ച് ഒരേ സമയം അഭിമാനവും ആശങ്കയുമാണ് ജന്നയുടെ മാതാവ് നവാല്‍ തമീമിക്ക്. ചെറിയ പ്രായത്തില്‍ തന്നെയുള്ള ജന്നയുടെ പ്രവര്‍ത്തിയിലും ധീരതയിലും താന്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇസ്രായേല്‍ സൈന്യം തന്റെ മകളെ ലക്ഷ്യം വെക്കുമോ എന്നാണ് ഈ അമ്മയുടെ പേടി.

അറബിയിലും ഇംഗ്ലീഷിലുമുള്ള ജന്നയുടെ റിപ്പോര്‍ട്ടുകള്‍ പലതും പല ന്യൂസ് ഏജന്‍സികളും എടുക്കാറുണ്ട് എന്നത് തന്നെ പലസ്തീനില്‍ ജന്ന ചെയ്യുന്നത് ചെറിയ കാര്യമല്ല എന്നതിന് ഉദാഹരണമാണ്.