7 കിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു

വയറില്‍ നിന്നും ഏഴുകിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 45 വയസുള്ള യുവതിയുടെ ജീവന്‍ രക്ഷിച്ചു.

7 കിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു


തിരുവനന്തപുരം: വയറില്‍ നിന്നും ഏഴുകിലോഗ്രാം ഭാരമുള്ള അത്യപൂര്‍വ മുഴ നീക്കം ചെയ്ത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 45 വയസുള്ള യുവതിയുടെ ജീവന്‍ രക്ഷിച്ചു. ലോകത്തില്‍ ഇതുവരെ 186 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള റിട്രോ പെരിറ്റോണിയല്‍ ലിംഫാന്‍ജിയോമ എന്ന മുഴയാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഈ മുഴ ഇടത് വൃക്കയെ തള്ളി വയറിന്‍റെ വലതു ഭാഗത്തേയ്ക്ക് മാറ്റുകയും പാന്‍ക്രിയാസ്, ആമാശയം എന്നിവയെ മുന്നിലുള്ള ഉദര ഭിത്തിയിലേക്ക് തള്ളുകയും ചെയ്ത ഗുരുതരമായ അവസ്ഥയില്‍ നിന്നാണ് ഡോക്ടര്‍മാര്‍ യുവതിയെ രക്ഷിച്ചെടുത്തത്.


പത്തനാപുരം സ്വദേശിനിയായ അംഗന്‍വാടി ഹെല്‍പ്പറുടെ വയറിനകത്ത് നിന്നാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ മുഴ നീക്കം ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി വയറില്‍ കാണപ്പെട്ട അമിത ഭാരക്കൂടുതലും അസ്വസ്ഥതയും കാരണം പല ആശുപത്രികളിലും ഈ യുവതി  ചികിത്സ തേടുകയുണ്ടായി. ആ ചികിത്സകളിലൊന്നിലും ഫലം കിട്ടാതെ വയര്‍ ക്രമാതീതമായി വളരുന്നതിനെ തുടര്‍ന്നാണ് യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയെത്തിയത്.

വിദഗ്ധ പരിശോധനയില്‍ വയറിന്‍റെ ഇടതു മുകള്‍ ഭാഗം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയൊരു മുഴയുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യമായി. തുടര്‍ന്ന് ജൂണ്‍ 2-ാം തീയതി യുവതിയെ അഡ്മിറ്റാക്കി. അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ കുടലുകളുടെ പുറകില്‍, വയറിന്‍റെ ഇടതുഭാഗത്തായി വലുപ്പമുള്ള മുഴ കണ്ടു.  തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ. സ്കാനിംഗിലും മുഴയുടെ വലിപ്പം സ്ഥിരീകരിച്ചു.


ജൂണ്‍ പതിനൊന്നാം തീയതി മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. ഏഴ് കിലോഗ്രാം ഭാരമുള്ള മുഴ കണ്ട് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ശസ്ത്രക്രിയാ സമയത്ത് ചെറുകുടലിനോട് ചേര്‍ന്ന് വേറെ രണ്ട് മുഴകള്‍ കണ്ടതിനെ തുടര്‍ന്ന് അതും കുടലിന്‍റെ ഭാഗത്തുവച്ച് മുറിച്ചു മാറ്റി കുടലിന്‍റെ അറ്റങ്ങള്‍ തമ്മില്‍ തുന്നിച്ചേര്‍ത്തു. തീവ്ര പരിചരണ വിഭാഗത്തില്‍  രോഗിയിപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.


മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ ജി., അഡീഷണല്‍ പ്രൊഫസര്‍ ഡോ. പി.കെ. തോമസ്, ഡോ. രാജ് മോഹന്‍, ഡോ. പ്രീത, ഡോ. അതുല്‍, ഡോ. പ്രശോഭ്, ഡോ. സുമന്‍, ഡോ. അരവിന്ദ് എസ്. ഗണപത്, ഡോ. മുസമ്മില്‍, ഡോ. റഷിം, ഡോ. ജിജോ, ഡോ. അനൂപ്, സിസ്റ്റര്‍ കാര്‍ത്തിക, അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. രാജന്‍ ബാബു, ഡോ. രജനി, ഡോ. ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് അതി സങ്കീര്‍ണമായ ശസ്ത്രക്രിയാ വിജയത്തിന് പിന്നില്‍