സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലാകുന്നു

ഒരു വിദ്യാർത്ഥിക്ക് ഉച്ച ഭക്ഷണത്തിന് ആറു രൂപ.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലാകുന്നു

കോഴിക്കോട് : പുതിയ സർക്കാർ അധികാരമേറ്റെടുത്ത ശേഷവും സ്കൂൾ ഉച്ചഭക്ഷണ ഫണ്ടിൽ മാറ്റം വരുത്തിയില്ല. ഒരു വിദ്യാർത്ഥിക്ക് ആറു രൂപയെന്ന 2012 ൽ നിശ്ചയിച്ച തുക തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ 27 ന് പൊതുവിദ്യഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഫണ്ടിൽ കാലാനുസൃതമായ മാറ്റം വരുത്തിയില്ലെങ്കിൽ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലാകും.


പലവ്യഞ്ജന സാധനങ്ങൾ, പാചക കൂലി ,മുട്ട ,വിറക്, പച്ചക്കറി , കയറ്റിറക്ക് കൂലി എന്നിവയെല്ലാം ചേർത്താണ് ഒരു വിദ്യാർത്ഥിക്ക് ആറു രൂപയെന്ന നിരക്ക് അനുവദിച്ചിരിക്കുന്നത്. ഈ തുച്ഛമായ തുക ഉപയോഗിച്ച് ഉച്ചഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സ്കുളുകളെ ഏൽപ്പിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.


സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾ ,അംഗീകാരമുള്ള പ്രീ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾ , ഭിന്ന ശേഷിയുള്ള കുട്ടികൾക്കായുള്ള സർക്കാർ അംഗീകൃത സ്കൂളുകളിലെ കുട്ടികൾ, ടെക് നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർക്കാണ് ഉച്ചഭക്ഷണം നൽകേണ്ടത്.


കുട്ടികളുടെ ഓർമശക്തി ,ബുദ്ധിശക്തി ആരോഗ്യവും കാത്തു സൂക്ഷിക്കുന്ന പോഷകാഹാരം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ചെറുപയർ , വൻ പയർ , കടല ,ഗ്രീൻ പീസ്,മുതിര,എന്നിവ മാറി മാറി നൽകണം. അരി ,ഗോതമ്പ് ഇല വർഗങ്ങൾ ,പച്ചക്കറി എന്നിവയും മെനുവിലുണ്ട് . ആഴ്ചയിൽ ഒരു ദിവസം മുട്ടയും പാലും നൽകണമെന്നുണ്ട്. വിപണിയിലെ വിലകയറ്റം മൂലം ഒരു കുട്ടിക്ക് ആറു രൂപ എന്ന നിലയിൽ ഭക്ഷണം നൽകൽ  അസാദ്ധ്യമാണ്. ഒരു മുട്ടക്ക് തന്നെ അഞ്ചു രൂപക്ക് മീതെയാണ് വില എന്നിരിക്കെ മുട്ടയും പാലും നൽകൽ നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

Read More >>